നിരവധി നിയമ കുരുക്കുകൾ, അഴിമതി ആരോപണങ്ങൾ, എന്നിരുന്നാൽ പോലും നിലവിലെ പ്രസിഡന്റിനേക്കാൾ സ്വാധീനമുള്ള തെരഞ്ഞെടുപ്പ് സ്ഥാനാർഥി. എന്നാൽ പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ച് ഈ അതികായന് നേരെ വെടിയുതിർത്തത് ഒരു 20 കാരനാണ്. അമേരിക്കയെ സംബന്ധിച്ച് ഈ പ്രായം അവരെ ഞെട്ടിക്കുന്നില്ലായിരിക്കാം, കാരണം എബ്രഹാം ലിങ്കനെ കൊലചെയ്തവർ തൂക്കിലേറ്റപ്പെടുമ്പോൾ 20 വയസ്സ് തികഞ്ഞിരുന്നില്ല. അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ വ്യവസായ കുടുംബത്തിലെ പ്രധാനിയായിരുന്ന റോബർട്ട് എഫ് കെന്നഡിയെ കൊലപ്പെടുത്തിയ സിർഹാന് പ്രായം 24 ആയിരുന്നു. Thomas Matthew Crooks shot Trump
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഞായറാഴ്ച പുറത്തുവിട്ട വിവരമനുസരിച്ച് പെൻസിൽവാനിയയിലെ ബട്ലറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെ പെൻസിൽവാനിയക്കാരനായ തോമസ് മാത്യു ക്രൂക്ക്സ് വെടിയുതിർക്കുകയായിരുന്നു. പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ കൊലപ്പെടുത്തുന്നതിന്റെ വക്കോളമെത്തിയ യുവാവിനെ സ്നൈപ്പർമാർ വെടിവച്ചു വീഴ്ത്തി. അക്രമണത്തിൽ ട്രംപിൻ്റെ വലതു ചെവിക്ക് പരിക്കേറ്റു. കൂടാതെ ട്രംപിന്റെ പിന്നിലായി വേദിയിലുണ്ടായിരുന്ന 50 കാരനായ അനുയായികളിലൊരാൾ വെടിയേറ്റു മരിച്ചു, മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റാലി നടന്നതിന് സമീപത്തെ കെട്ടിടത്തിനു മുകളിൽ നിന്നാണ് ഇയാൾ ട്രംപിന് നേരെ വെടിയുതിർത്തത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ട്രംപ് പ്രസംഗിക്കുന്നിടത്ത് നിന്ന് 150 യാർഡ് (140 മീറ്റർ) അകലെയായിരുന്നു കെട്ടിടം. ഇവിടെ നിന്ന് തന്റെ പിതാവ് നിയമപരമായി വാങ്ങിയ AR-15-രീതിയിലുള്ള സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ച് വെടി ഉതിർക്കുകയായിരുന്നു.
ആരാണ് തോമസ് മാത്യു ക്രൂക്ക്സ്
പെൻസിൽവാനിയയിലെ ബെഥേൽ പാർക്കിലായിരുന്നു തോമസ് മാത്യു ക്രൂക്ക്സ് താമസിച്ചിരുന്നത്. വോട്ടർ റജിസ്റ്ററിൽ നൽകിയ വിശദാംശങ്ങളനുസരിച്ച് റിപ്പബ്ലിക്കൻ പാർട്ടി അനുഭാവിയാണ്. ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്താനിരിക്കുകയായിരുന്നു. 2022-ൽ ബെഥേൽ പാർക്ക് ഹൈസ്‌കൂളിൽ നിന്നാണ് ക്രൂക്ക്‌സ് ബിരുദം നേടിയത്. സഹപാഠികൾക്കിടയിൽ ശാന്ത സ്വഭാവമുള്ള, പഠനത്തിനും മറ്റും മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിയായിരുന്നു ഇയാളെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഹൈസ്‌കൂൾ കൗൺസിലർ പറയുന്നതനുസരിച്ച് സഹാനുഭൂതിയോടെ പെരുമാറിയിരുന്ന എന്നാൽ അന്തർമുഖനായ ക്രൂക്ക്‌സിന് രാഷ്ട്രീയത്തിൽ ഗ്രാഹ്യമോ, താൽപ്പര്യമോ ഇല്ലായിരുന്നെന്ന് പറയുന്നു.
തോമസ് മാത്യു ക്രൂക്‌സിൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ വൈരാഗ്യമോ, അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളതായും വിവരം ലഭിച്ചിട്ടില്ല. സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് വിവരം ലഭിക്കാത്തതു മൂലം ഉദ്യോഗസ്ഥർക്ക് ഇയാളുടെ രാഷ്ട്രീയ ചായ്‌വ് കണ്ടെത്താനായിട്ടില്ല. മാത്രമല്ല, സ്‌കൂൾ കാലഘട്ടത്തിൽ ക്രൂക്ക്‌സ് റൈഫിൾ ടീമിനായി ശ്രമിച്ചിരുന്നുവെങ്കിലും നല്ല രീതിയിൽ ഷൂട്ട് ചെയ്യാതിരുന്നത് മൂലം അത് തുടരാൻ കഴിയാതിരുന്നതായി നിലവിലെ ടീം ക്യാപ്റ്റൻ വാർത്താ ഏജൻസിയായ എപിയോട് പറഞ്ഞു. കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്നതിലും ഗെയിമുകൾ കളിക്കുന്നതിലും ക്രൂക്സിന് അതീവ താല്പര്യമുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സഹപാഠികളിലൊരാൾ പറയുന്നു.
കൊലപാതക ശ്രമത്തിലൂടെ പുറത്തു വന്ന അമേരിക്കൻ രാഷ്ട്രീയം
ഡൊണാൾഡ് ട്രംപ് അതിജീവിച്ച വധശ്രമം അമേരിക്കൻ ജനാധിപത്യത്തെയല്ല ഉയർത്തി കാണിക്കുന്നതെന്ന് നയന്ത്രജ്ഞർ വിലയിരുത്തുന്നു. മറിച്ച് ഒരു രാഷ്ട്രത്തിന്റെ ഇരുണ്ട വശമാണ് തുറന്നു കാണിക്കുന്നത്. ന്യൂയോർക്ക് ടൈംസ് തങ്ങളുടെ ആമുഖത്തിൽ കുറിക്കുന്നത് ഇങ്ങനെയാണ്. ” സാംസ്കാരികവും രാഷ്ട്രീയവുമായ ധ്രുവീകരണം നേരിടുകയാണ് രാജ്യം. എളുപ്പത്തിൽ ആളുകൾക്ക് ലഭിച്ചു കൊണ്ടരിക്കുന്ന തോക്കുകൾ, പിടിമുറുക്കുന്ന ഇന്റർനെറ്റ് ഇവയെല്ലാം തന്നെ അമേരിക്കയെ വീണ്ടും അന്ധകാരത്തിലേക്ക് തള്ളി വിടുകയാണ്. ഇത്തരത്തിൽ തോക്കിനിരയാവുന്ന ആദ്യത്തെരാഷ്ട്രീയ നേതാവല്ല ട്രംപ്. എബ്രഹാം ലിങ്കൺ മുതലിങ്ങോട്ട് മരിക്കേണ്ടി വന്നവരും, ട്രംപിനെ പോലെ തലനാരിഴക്ക് രക്ഷപെട്ടവരും ഉണ്ട്. സമീപ വർഷങ്ങളിൽ രാഷ്ട്രീയ സ്പെക്ട്രത്തിലുടനീളം തീവ്രവാദ പ്രസ്ഥാനങ്ങളുടെ വളർച്ചയാണ് അമേരിക്ക നേരിട്ട് കൊണ്ടിരിക്കുന്ന ഭീഷണി. കൂണുപോലെ മുളച്ചുവരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഡാർക്ക് വെബും യുവാക്കളെയും യുവതികളെയും വല്ലാതെ സ്വാധീനിക്കുന്നുണ്ട്. തെറ്റായ വിവരങ്ങളുടെയും, ഗൂഢാലോചന സിദ്ധാന്തങ്ങളുടെയും പ്രചരണം, അവിശ്വാസം, അക്രമ പ്രവർത്തനങ്ങളുടെ പ്രോത്സാഹനം എന്നിവയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.Thomas Matthew Crooks shot Trump
Content summary; Who was Thomas Matthew Crooks, the man who shot at Donald Trump?