ഭാവിയെ പേടിച്ച് തെരുവിലിറങ്ങേണ്ടി വരുന്നൊരു തലമുറ; അവരെയാണ് ഇന്നത്തെ ഇന്ത്യയുടെ നേര്‍ചിത്രമായി ജന്തര്‍ മന്തറില്‍ കാണുന്നത്. അവര്‍ ഭരണകൂട അട്ടിമറിക്കോ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കോ മുതിരുന്നില്ല. പകരം ഒരേയൊരു ആവശ്യമേ ഉയര്‍ത്തുന്നുള്ളൂ: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കുകയും ഇരുപതോളം മിടുക്കരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത പരീക്ഷാ ക്രമക്കേടുകളുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക; അല്ലെങ്കില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുക.(ഈ യുവാക്കള്‍ ഭരണകൂടത്തിനെതിരായ കുറ്റപത്രമാണ്)
എന്നാല്‍ പ്രധാനമന്ത്രിയോ ബി.ജെ.പിയോ ഈ അലര്‍ച്ച കേള്‍ക്കുന്നില്ല. വിദ്യാര്‍ത്ഥികളേക്കാള്‍ തങ്ങള്‍ക്ക് പ്രധാനം ധര്‍മേന്ദ്ര പ്രധാനാണെന്ന് ഭരണകൂടം അടിവരയിടുന്നു. നൂറുകണക്കിന് യുവാക്കള്‍ തെരുവില്‍ തല്ലിച്ചതയ്ക്കപ്പെടുമ്പോഴും ഈ മന്ത്രിയെ സര്‍ക്കാര്‍ പൊതിഞ്ഞുപിടിക്കുകയാണ്.(ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍)
കാവിവത്കരിക്കപ്പെട്ട വിദ്യാഭ്യാസം, വര്‍ഗീയവത്കരിക്കപ്പെട്ട ചരിത്രം
2014-നു ശേഷം രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അജണ്ടകള്‍ കൃത്യമായി നടപ്പാക്കപ്പെടുകയാണ്. മുസ്ലിം ഭരണകാലഘട്ടത്തെയും മുഗള്‍ ചരിത്രത്തെയും പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്ത് കാവിവത്കരണത്തിന് കളമൊരുക്കി. എന്‍.സി.ഇ.ആര്‍.ടി, യു.ജി.സി തുടങ്ങിയ ഉന്നത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശവും ഗുണനിലവാരവും തകര്‍ത്തുകൊണ്ട് അയോഗ്യരെ ഉയര്‍ന്ന പദവികളില്‍ പ്രതിഷ്ഠിച്ചു. ഇതിന്റെ ദുരന്തഫലമാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത്.

ഈ തകര്‍ച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ് നീറ്റ് പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). ഭരണഘടനാ പദവിയില്ലാത്ത, സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന എന്‍.ടി.എയ്ക്ക് ജനങ്ങളോട് നേരിട്ട് ഉത്തരവാദിത്തമില്ല. സി.ബി.എസ്.ഇ, ഐ.ഐ.ടി തുടങ്ങിയ നിയമപരമായ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന പരീക്ഷകള്‍ 2017-ലാണ് എന്‍.ടി.എയ്ക്ക് കൈമാറിയത്. നീറ്റിന് പുറമെ ജെ.ഇ.ഇ, സിയുഇടി, യുജിസി-നെറ്റ് തുടങ്ങിയ സുപ്രധാന പരീക്ഷകളും ഇവരാണ് നടത്തുന്നത്.
2024-ലെ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വലിയ വിവാദങ്ങള്‍ക്കും സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. മുന്‍ ചോര്‍ച്ചകളില്‍ കടുത്ത നടപടി എടുക്കാത്തതാണ് തട്ടിപ്പുകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍, തട്ടിപ്പ് നടക്കുമ്പോള്‍ എന്‍.ടി.എ ഡയറക്ടര്‍ ജനറലായിരുന്ന സുബോധ് കുമാര്‍ സിംഗിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രമോഷന്‍ നല്‍കുകയാണ് ചെയ്തത്. വിവാദപരമായ ‘വ്യാപം’ അഴിമതിക്കാലത്ത് മധ്യപ്രദേശ് പി.എസ്.സി ചെയര്‍മാനായിരുന്ന പ്രദീപ് കുമാര്‍ ജോഷിയെ എന്‍.ടി.എ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനും അനുവദിച്ചു. പരീക്ഷാ തട്ടിപ്പില്‍ പിടിയിലായവര്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
സി.ബി.എസ്.ഇയുടെ പരീക്ഷാ നടത്തിപ്പിലും സമാന അഴിമതികള്‍ ആരോപിക്കപ്പെടുന്നുണ്ട്. അനുഭവസമ്പത്തുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ (ടിസിഎസ്) ഒഴിവാക്കി ‘കോംപാക്ട് എഡ്യൂടെക്’ എന്ന സ്ഥാപനത്തിന് കരാര്‍ നല്‍കിയതിന് പിന്നില്‍ വലിയ തിരിമറിയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ ചോര്‍ച്ചയിലും സി.ബി.ഐ അന്വേഷണത്തിലും കുടുങ്ങുന്നത് പതിവാണ്. ദശലക്ഷക്കണക്കിന് സര്‍ക്കാര്‍ ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോഴും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്.

ഈ സഹികെട്ട യുവതയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലും തെരുവിലും പോരാടുന്നത്. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്, അത് വിദ്യാഭ്യാസ മേഖലയിലെ ആര്‍.എസ്.എസ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടമായി പടരുമെന്ന് ഭയന്നാണ്.
എന്നാല്‍ പരീക്ഷാ അഴിമതികള്‍ക്ക് അപ്പുറം പ്രധാനെ സംരക്ഷിക്കാന്‍ മോദി-ഷാ കൂട്ടുകെട്ടിന് രാഷ്ട്രീയവും സാമ്പത്തികവുമായ മറ്റു ചില തന്ത്രപ്രധാന കാരണങ്ങളുമുണ്ട്:
കിഴക്കന്‍ മേഖലയിലെ ആധിപത്യവും ഒഡീഷ വിജയവും
24 വര്‍ഷമായി നവീന്‍ പട്‌നായിക് ഭരിച്ചിരുന്ന ഒഡീഷ ബി.ജെ.പി പിടിച്ചെടുത്തതിന് പിന്നിലെ മാസ്റ്റര്‍മൈന്‍ഡ് ധര്‍മേന്ദ്ര പ്രധാനായിരുന്നു. ‘ബംഗാള്‍-ഒഡീഷ-ജാര്‍ഖണ്ഡ്’ കോറിഡോറില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടാക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. ഇരുമ്പയിര്, കല്‍ക്കരി, ബോക്സൈറ്റ് തുടങ്ങിയ അപൂര്‍വ്വ ധാതുസമ്പത്ത് നിറഞ്ഞ കിഴക്കന്‍ വ്യവസായ മേഖലയില്‍ വന്‍കിട കോര്‍പ്പറേറ്റ് നിക്ഷേപങ്ങളുണ്ട്. ഭരണകൂടത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ ഗ്രൂപ്പുകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രധാനെപ്പോലൊരു വിശ്വസ്തന്‍ അത്യാവശ്യമാണ്.

എ.ബി.വി.പിയിലൂടെ വളര്‍ന്ന പ്രധാന്‍ ആര്‍.എസ്.എസിന്റെ ഏറ്റവും വിശ്വസ്തനായ നേതാവാണ്. സംഘപരിവാറിന്റെ വിദ്യാഭ്യാസ കാവിവത്കരണ അജണ്ടകള്‍ കൃത്യമായി നടപ്പാക്കുന്നത് അദ്ദേഹമാണ്. കൂടാതെ, 2014-21 കാലയളവില്‍ അദ്ദേഹം പെട്രോളിയം മന്ത്രിയായിരിക്കെ, പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസി വഴി 668 കോടി രൂപ ആര്‍.എസ്.എസ് ബന്ധമുള്ള സംഘടനകള്‍ക്ക് നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. (സംഘപരിവാറിലേക്ക് ഒഴുകുന്ന സി.എസ്.ആര്‍ ഫണ്ട്; 10 വര്‍ഷത്തിനിടെ ഒ.എന്‍.ജി.സി നല്‍കിയത് 668 കോടി)
പെട്ടെന്നൊരു ദേശീയ തിരഞ്ഞെടുപ്പ് മുന്നിലില്ലാത്തതിനാല്‍ നഗരപ്രദേശങ്ങളിലെ മധ്യവര്‍ഗ വോട്ടര്‍മാരുടെയോ യുവാക്കളുടെയോ പ്രതിഷേധം തങ്ങളെ ബാധിക്കില്ലെന്ന് ബി.ജെ.പി കരുതുന്നു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ കോര്‍ വോട്ട് ബാങ്ക് നിലനിര്‍ത്താമെന്ന വിശ്വാസവും അവര്‍ക്കുണ്ടാകും. അതുകൊണ്ട് ഇപ്പോള്‍ നടക്കുന്ന യുവജന പ്രതിഷേധങ്ങളെ അവര്‍ തള്ളിപ്പറയുകയും അടിച്ചമര്‍ത്തുകയും ചെയ്യും. രാഷ്ട്രീയ-സാമ്പത്തിക-വര്‍ഗീയ താല്പര്യങ്ങള്‍ക്ക് ഭരണകൂടം മുന്‍ഗണന നല്‍കുന്നതുകൊണ്ട് അവര്‍ ധര്‍മേന്ദ്ര പ്രധാനെ പൊതിഞ്ഞു പിടിക്കും.
Content Summary; Why is the Indian government refusing to accept Education Minister Dharmendra Pradhan’s resignation despite massive NEET paper leak protests?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.