ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കുറച്ച് കാലമായി വാര്‍ത്തകളില്‍ നിറയുന്നത് ജീവന് നേരിടുന്ന ഭീഷണിയുടെ പേരിലാണ്. അടുത്തിടെയാണ് സല്‍മാന്റെ വസതിയ്ക്ക് നേരെ വെടിവയ്പ് നടന്നത്. അതിന്റെ അലയൊലികള്‍ അവസാനിക്കും മുന്‍പ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുംബൈ പോലീസ്. നടനെ പന്‍വേല്‍ ഫാം ഹൗസിലേക്കുള്ള വഴിയില്‍ വച്ചും കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് സംഭവം. കൊലപാതകം ആസൂത്രണം ചെയ്ത നാല് പേരെ നവി മുംബൈ പോലീസ് പിടികൂടിയിട്ടുണ്ട്. നവി മുംബൈ ഓപ്പറേഷനില്‍ ഏകദേശം 16-17 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അജയ് കശ്യപ് എന്ന ധനഞ്ജയ് തപസിങ്, നഹ്വി എന്ന ഗൗരവ് ഭാട്ടിയ, വാപ്സി ഖാന്‍ എന്ന വസീം ചിക്ന, റിസ്വാന്‍ ഖാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറേക്കാലമായി സല്‍മാനെ ലക്ഷ്യമിട്ട് നടക്കുകയായിരുന്നുവെന്നാണ് വ്യക്തമായത്. ഇതിനായി പന്‍വേല്‍ ഫാം ഹൗസ് കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ താമസിച്ചിരുന്നതും. അവസരം കിട്ടുമ്പോള്‍ ആക്രമിക്കാനായിരുന്നു പദ്ധതി. പന്‍വേല്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ നിതിന്‍ താക്കറെയ്ക്ക് ബിഷ്ണോയി സംഘത്തിലെ അംഗങ്ങള്‍ പന്‍വേലില്‍ ക്യാമ്പ് ചെയ്യുന്നതിനെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. പിന്നാലെയാണ് കൊലപാതക ശ്രമം തകര്‍ത്തത്. സല്‍മാനെ ലക്ഷ്യം വച്ച് നടക്കുന്ന ബിഷ്‌ണോയ്ക്ക് മുംബൈയില്‍ വിവിധ ഇടങ്ങളിലായി സംഘങ്ങളുണ്ട്. നിലവിലെ വിവരം അനുസരിച്ച് പന്‍വേലിലും ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തലെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിവേക് പന്‍സാരെ പറഞ്ഞു. ആക്രമണത്തിന് ഉപയോഗിക്കേണ്ട എകെ 47 വാങ്ങാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോഗര്‍ എന്നയാളുമായും കശ്യപ് ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം, പ്രതികള്‍ കന്യാകുമാരിയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നത്. അറസ്റ്റിലായ നാല് പ്രതികളെയും ചോദ്യം ചെയ്തു വരികയാണെന്നും അവര്‍ക്ക് ബാന്ദ്ര ആക്രമണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2023 മുതലാണ് തുടര്‍ച്ചയായി സല്‍മാന്‍ ഖാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടത്. 2023 നവംബറില്‍ പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിനെ സംബോധന ചെയ്ത് ലോറന്‍സ് ബിഷ്‌ണോയി എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നും സല്‍മാന്‍ ഖാന് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. അതിന് മുന്‍പ്
ഏപ്രിലില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്നു. ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്നാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ഏപ്രില്‍ 10ന് രാത്രി ഒമ്പത് മണിക്ക് മുംബയ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വന്ന വധഭീഷണി കോളായിരുന്നു അത്. ജോധ്പൂരില്‍ നിന്നും റോക്കി ഭായ് എന്നാണ് വിളിച്ചയാള്‍ സ്വയം പരിചയപ്പെടുത്തിയത്. സംഭവത്തില്‍ മുംബയ് പൊലീസ് അന്വേഷണം ആരംഭിക്കുകയും താനെ സ്വദേശിയായ 16 വയസുകാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 2023 മാര്‍ച്ചില്‍, സല്‍മാന്‍ ഖാന്റെ മാനേജര്‍ക്ക് ഒരു ഭീഷണി ഇ – മെയില്‍ സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ ബിഷ്ണോയി, കാനഡ ആസ്ഥാനമായുള്ള ഗുണ്ടാ സംഘത്തിലെ ഗോള്‍ഡി ബ്രാര്‍, മോഹിത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
1998ല്‍ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രാജസ്ഥാനില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ വേട്ടയാടി കൊന്നിരുന്നു. ഈ കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ലോറന്‍സ് ബിഷ്ണോയി ഉള്‍പ്പെടുന്ന ബിഷ്ണോയി സമൂഹം കൃഷ്ണമൃഗങ്ങളെ വിശുദ്ധ മൃഗങ്ങളായാണ് കണ്ടിരുന്നത്. ശേഷമാണ് ലോറന്‍സ് ബിഷ്‌ണോയില്‍ നിന്ന് വധഭീഷണി ഉയര്‍ന്നത്.
English summary; Why has Salman Khan been on radar of gangsters?