ആരോഗ്യ രംഗത്ത് ലോകത്തിന് തന്നെ മാതൃകയാണ് കേരളം. എന്നിട്ടും കേരളത്തില്‍ എന്തുകൊണ്ട് എയിംസ് സ്ഥാപിതമാകുന്നില്ല. ഓരോ കേന്ദ്ര ബജറ്റ് വരുമ്പോഴും സംസ്ഥാനം ഏറ്റവുമധികം പ്രതീക്ഷിയോടെ കാത്തിരിക്കുന്നത് എയിംസ് അനുവദിക്കുമോയെന്നാണ്. പതിവ് പോലെ ഇത്തവണയും നിരാശ തന്നെ ഫലം.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്) അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കുമുണ്ട്. മറ്റേത് മേഖലകളെക്കാളും ആരോഗ്യരംഗത്ത് സ്വന്തമായ ചരിത്രം സൃഷ്ടിച്ചിട്ടുള്ള കേരളത്തിന് എയിംസ് എന്തുകൊണ്ട് അനുവദിക്കുന്നില്ല? രാഷ്ട്രീയ വിവേചനം ഒരു ജനതയുടെ ആരോഗ്യ സ്വപ്‌നങ്ങളെയാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്.
മൂന്നാം മോദി സര്‍ക്കാരില്‍ കേരളത്തിന്റെ പ്രതിനിധികളായി രണ്ട് കേന്ദ്രമന്ത്രിമാരുണ്ട്. ചരിത്രത്തിലാദ്യമായി ബിജെപിക്ക് കേരളത്തില്‍ നിന്നു ലോക്‌സഭ പ്രതിനിധിയെയും കിട്ടി. എന്നിട്ടും ബിജെപി സര്‍ക്കാരിന്റെ കേരളത്തോടുള്ള അയിത്ത മനോഭാവത്തിന് മാറ്റമൊന്നുമില്ല എന്ന രാഷ്ട്രീയ വിമര്‍ശനം കൂടി ഈ സാഹചര്യത്തില്‍ ഉയരുന്നുണ്ട്.
നിപ, കൊറോണ പോലുള്ള മഹാമാരികളെ ചെറുത്ത് നില്‍ക്കുന്ന ആരോഗ്യ കേരളം ഈ രാജ്യത്തിന് മാതൃകയാക്കാന്‍ ചികിത്സ രംഗത്തും പ്രതിരോധ സേവനങ്ങളിലും ഓട്ടേറ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരി ഭീഷണിക്കെതിരേ ഈ കൊച്ചു കേരളം നടത്തിയ പോരാട്ടം ആഗോളതലത്തിലാണ് ആദരിക്കപ്പെട്ടത്. ഏറ്റവും ഒടുവിലായി അമീബിക് മസ്തിഷ്‌ക ജ്വരം എന്ന ഗുരുതരമായ അസുഖം ചികിത്സിച്ച് സുഖപ്പെടുത്തിയതിന്റെ മികവും സ്വന്തമാക്കി. ഈ രോഗം ബാധിച്ചശേഷം രോഗവിമുക്തി നേടുന്ന ഇന്ത്യയിലെ ആദ്യത്തെ കേസ് ആയിരുന്നു കോഴിക്കോട് സ്വദേശിയായ 14 കാരന്റേത്. ഓര്‍ക്കണം, ഈ രോഗത്തിന്റെ മരണ നിരക്ക് 97 ശതമാനത്തോളമാണ്. ലോകത്ത് തന്നെ ആകെ 11 പേരാണ് ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിച്ചത്. ആ ക്രെഡിറ്റ് കേരളത്തിനും കൂടി ലഭിച്ചിരിക്കുന്നുവെന്നത് ഇന്ത്യക്ക് മൊത്തത്തില്‍ അഭിമാനിക്കാവുന്നതാണ്. മാരക രോഗങ്ങളും പകര്‍ച്ച വ്യാധികളും നിപയും കോവിഡും പോലുള്ള മഹാമാരികളും എളുപ്പത്തില്‍ ആക്രമിക്കുന്നൊരു നാട് തന്നെയാണ് കേരളവും. എന്നാല്‍ അതിന് മുന്നില്‍ പകച്ചു നില്‍ക്കാനല്ല, പൊരുതാന്‍ ശേഷിയുള്ള ആരോഗ്യ സംവിധാനമാണ് കേരളം കാലങ്ങള്‍ കൊണ്ട് നേടിയെടുത്തിരിക്കുന്നത്. വീഴ്ച്ചകളും പോരായ്മകളും ഇല്ലെന്നല്ല, അവ തിരുത്താനും മാതൃകയാക്കിക്കൊണ്ട് മുന്നേറാനും ഈ നാടിന് കഴിയുന്നതുകൊണ്ടാണ് ആരോഗ്യ രംഗത്തെ കേരള മാതൃക ലോകത്ത് ആഘോഷിക്കപ്പെടുന്നത്.
എന്നിട്ടും എന്തുകൊണ്ട് കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നു? സംസ്ഥാനത്തിന്റെ ഏറെ കാലമായുള്ള പ്രതീക്ഷയാണ് എയിംസ്. 2024-ല്‍ കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ അംഗീകാരം നല്‍കും എന്ന പ്രതീക്ഷയില്‍ കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരിക്ക് സമീപം കിനാലൂരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. ആവശ്യമായ സ്ഥലം കേരളത്തിന് ഇല്ല എന്ന കേന്ദ്രത്തിന്റെ വാദത്തിന് എന്താണ് പ്രസക്തി? ഇപ്പോഴുള്ളത് പോരെങ്കിലും ഇനിയും സ്ഥലം കണ്ടെത്താന്‍ സംസ്ഥാനം തയ്യാറല്ലേ, എതിരൊന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലോ? പിന്നെയെന്താണ് കേരളത്തിനുള്ള തടസം എന്നെങ്കിലും കേന്ദ്രസര്‍ക്കാരോ അതിന്റെ പ്രതിനിധികളോ വ്യക്തമായി പറയണം.
ഈ ബജറ്റില്‍ കേരളത്തിന് സഹായമാകുന്ന പദ്ധതികളൊന്നും തന്നെ ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് നിന്ന് രണ്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും അവഗണന മാത്രമാണ് ഉണ്ടായത്. നിര്‍മല സീതാരാമന്റെ ബജറ്റ് കൊണ്ട് ഗുണമുണ്ടായത് രണ്ടേ രണ്ട് സംസ്ഥാനങ്ങള്‍ക്കാണ്; ബിഹാറിനും ആന്ധ്രയ്ക്കും. മോദിയുടെ രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടിയുള്ള സഹായം ചെയ്യലായിരുന്നു ബജറ്റ് എന്നാണ് വിമര്‍ശനം.
കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഒന്നും തന്നില്ലെങ്കിലും ആരോഗ്യ വികസനത്തിന് സഹായിക്കാമായിരുന്നു. തൃശ്ശൂര്‍ എം.പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി, സംസ്ഥാനത്ത് എയിംസ് വരുമെന്ന് അവകാശപ്പെട്ട് എത്രമാത്രം പ്രസ്താവനകളാണ് നടത്തിയത്. അതെല്ലാം വെറും വാക്കായിരുന്നുവെന്ന് ബഡ്ജറ്റ് കഴിഞ്ഞതോടെ നാട്ടുകാര്‍ക്ക് ബോധ്യമായി. ”എയിംസ് കോഴിക്കോടിന് തന്നെ, കേരളത്തിന്റെ ചിരകാലസ്വപ്‌നമായ എയിംസ് യാഥാര്‍ഥ്യമാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍” എന്ന വാചകങ്ങളോടെ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പോസ്റ്റര്‍ സ്ഥാപിച്ചിരുന്നു. ഇത്തവണയും പ്രതീക്ഷ പോസ്റ്ററില്‍ മാത്രമായി ഒതുങ്ങിയെന്നു മാത്രം. സുരേഷ് ഗോപിയടക്കമുള്ള ബിജെപിക്കാര്‍ വാഗ്ദാനം ചെയ്തതും പറഞ്ഞു നടന്നതും ഒന്നും നടന്നില്ല. ഇപ്പോള്‍ വാദമായി പറയുന്നത്, സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്‍കിയില്ലെന്നതാണ്. അതിന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക് നല്‍കിയ മറുപടി കൃത്യമായിരുന്നു. ‘കിനാലൂരിലെ ഭൂമി ചുമന്ന് ഡല്‍ഹിയില്‍ കൊണ്ടു വന്നു തരണോ’ എന്നായിരുന്നു ഐസക്കിന്റെ ചോദ്യം.
സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴില്‍ 200 ഏക്കര്‍ സ്ഥലം എയിംസിനു വേണ്ടി ലഭ്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. 150 ഏക്കര്‍ മതിയോ എന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. ഇന്ത്യയില്‍ അനുമതി കിട്ടിയതും നിര്‍മാണത്തിലിരിക്കുന്നതുമായ 24 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുകള്‍ക്ക് എത്ര ഏക്കര്‍ ഭൂമി വീതമുണ്ടെന്ന് അദ്ദേഹം അന്വേഷിച്ചു നോക്കിയാല്‍ സ്വന്തം ചോദ്യത്തിനുള്ള ഉത്തരം കിട്ടും. അനുവദിക്കപ്പെട്ട മിക്ക സംസ്ഥാനങ്ങളും 150 ഏക്കര്‍ സ്ഥലത്താണ് എയിംസ് സ്ഥാപിച്ചിരിക്കുന്നത്. നൂറ് ഏക്കറില്‍ സ്ഥിതി ചെയ്യുന്നവയുമുണ്ട്. കണക്കുകള്‍ പരസ്യമാണ്.
എയിംസ് ഒരു സംസ്ഥാനത്ത് ആരംഭിക്കാന്‍ സര്‍ക്കാര്‍ ചില പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രധാനമായും, എയിംസ് സ്ഥാപിക്കാന്‍ ആവശ്യമായ ഭൂമിയാണ്. പൊതുവില്‍ പറയുന്നത് 200 ഏക്കര്‍ വരെയാണ്. എയിംസ് സ്ഥാപിക്കേണ്ട സ്ഥലം നഗരങ്ങളോടും പ്രധാന റോഡുകളോടും അടുത്തായിരിക്കണം. ഗതാഗത സൗകര്യങ്ങള്‍ ഉണ്ടാകണം. ആശുപത്രി, കോളേജ്, ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ സമഗ്രമായ രൂപരേഖ ഉണ്ടാവണം. എയിംസ് സ്ഥാപിക്കാനുള്ള ധനസഹായം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. പ്രതീക്ഷിക്കുന്ന തുക ബജറ്റില്‍ വകയിരുത്തണം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമാണ്. നിര്‍മാണം തുടങ്ങുന്നതിന് മുമ്പ് വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ മുന്‍കൈയെടുക്കണം. ഒപ്പം പൊതു ജനങ്ങളുടെ പിന്തുണയും ഉണ്ടാവണം. കേരളം ഇതിനെല്ലാം തയ്യാറാണ്.
സംസ്ഥാനത്തിന്റെ ആരോഗ്യ മേഖല മാത്രം പരിഗണിച്ചാല്‍ കേരളത്തില്‍ എയിംസ് അനിവദിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാണ്. ഇവിടുത്തെ ആരോഗ്യസേവനത്തില്‍ ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്താനാകും. കൂടിതല്‍ ചികിത്സാ സൗകര്യങ്ങളും മെച്ചപ്പെട്ട പരിചരണവും രോഗികള്‍ക്ക് നല്‍കാനാകും. വിവിധ വൈദ്യശാസ്ത്ര വിഭാഗങ്ങളില്‍, പ്രത്യകിച്ച് കാന്‍സര്‍, കാര്‍ഡിയോളജി, ഓര്‍ത്തോപെഡിക്ട് തുടങ്ങിയ മേഖലകളില്‍, വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. വൈദ്യശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് എയിംസിന്റെ നിലവാരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനും പരിശീലനത്തിനും അവസരം നല്‍കും. പുതിയ ഗവേഷണങ്ങള്‍ക്കും ആരോഗ്യവകുപ്പില്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും അവസരം ലഭിക്കും. പ്രാദേശിക ആരോഗ്യ വികസനം മെച്ചപ്പെടുകയും കേരളത്തിലേക്ക് കൂടുതല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരും ആരോഗ്യവിവര ശാസ്ത്രജ്ഞരും എത്തിച്ചേരാനുള്ള അവസരം വര്‍ദ്ധിക്കുകയും ചെയ്യും.
എയിംസ് സ്ഥാപിതമാവുന്നതിലൂടെ സമീപ പ്രദേശങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കും. കേരളം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേരളത്തിലെ എയിംസ് സന്ദര്‍ശിക്കാന്‍ എളുപ്പമാണ്. എയിംസ് വരുന്നതു വഴി കേരളത്തിലെ മറ്റു മെഡിക്കല്‍ കോളേജുകളുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനാകും. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യപരിചരണം ലഭിക്കും. കേരളം, മികച്ച ആരോഗ്യ സൂചികകളും വിദ്യാഭ്യാസ നിലവാരവും ഉള്ള സംസ്ഥാനമായതിനാല്‍, എയിംസ് വരുന്നത് ആരോഗ്യപരിപാലന രംഗത്ത് ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഈ നാടിനെ ലോകത്തിന് മുന്നില്‍ കൂടുതല്‍ ഉയരത്തില്‍ നിര്‍ത്താനുമാകും. Why has the central government repeatedly avoided setting up AIIMS in kerala
Content Summary; Why has the central government repeatedly avoided setting up AIIMS in kerala