February 19, 2025 |

ജോ ബൈഡെന്‍ എങ്ങനെയാണ് ട്രംപിന്റെ രാഷ്ട്രീയ മുതല്‍കൂട്ടാകുന്നത്

ബൈഡന്റെ പരാമര്‍ശങ്ങള്‍ എങ്ങനെയാണ് ട്രംപ് മുതലെടുക്കുന്നത്?

അമേരിക്കന്‍ രാഷ്ട്രീയപരിസരങ്ങളെ മത്സരാധിഷ്ഠിത സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ സമീപ തിരഞ്ഞെടുപ്പ് കാലയളവില്‍ വളരെ നിര്‍ണായകമായ ഒന്നാണ് പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം. 2024 ലെ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, ബൈഡന്റെ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും പലപ്പോഴും ട്രംപിന്റെ രാഷ്ട്രീയ അടിത്തറയെ ശക്തിപ്പെടുത്തുന്നതായി കാണാം. പാളിപ്പോകുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍ എതിരാളിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളെ എങ്ങനെ അനുകൂലമായി ബാധിക്കുന്നു എന്ന കാഴ്ച്ച കൂടിയാണത്. ഈയിടെ പുറത്തുവന്ന ബൈഡന്റെ ചില പരാമര്‍ശങ്ങളാണ് ഈ റിപോര്‍ട്ടില്‍ പരിശോധിക്കുന്നത്. പ്രതേകിച്ച്, ട്രംപ് അനുകൂലിയായ കൊമേഡിയനെതിരെ ബൈഡന്‍ നടത്തിയ വിവാദ പ്രസ്താവനയിലൂടെ എങ്ങിനെയാണ് ട്രംപിന്റെ തന്നെ ഒരു രാഷ്ട്രീയ മുതല്‍കൂട്ടായി ബൈഡന്‍ മാറിയത് എന്നുള്ള അന്വേഷണങ്ങളാണ് റിപോര്‍ട്ടിലുള്ളത്.

ബൈഡന്റെ പാരാമര്‍ശങ്ങളുടെ പശ്ചാത്തലം
വോട്ടോ ലാറ്റിനോ എന്ന വോട്ടവകാശ സംഘടനയുമായി നടന്ന സൂം മീറ്റിങ്ങിലാണ് ടോണി ഹിഞ്ച്ക്ലിഫ് എന്ന കൊമേഡിയന്റെ പോര്‍ട്ടോ റികോക്ക് എതിരായ വിദ്വേഷ പ്രചാരണത്തെ ബൈഡന്‍ വിമര്‍ശിക്കുന്നത്. ‘ട്രംപ് അനുകൂലികള്‍ മാലിന്യം കണക്കെ ചുറ്റിലും പടരുന്നു’ വെന്ന ബൈഡന്റെ പ്രസ്താവനയാണ് ട്രംപിന്റെ രാഷ്ട്രീയ അടിത്തറയെ അപമാനിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടതും വിവാദമായാതും. ഹിലരി ക്ലിന്റന്റെ ‘പരിതാപകരുടെ ബാസ്‌കറ്റ്’ എന്ന 2016 ലെ പ്രസ്താവനയുമായി ഇതിനെ ചേര്‍ത്തു വായിക്കാം. അന്ന് ഒരു വലിയ വിഭാഗം വോട്ടര്‍മാരെ അകറ്റി നിര്‍ത്തികൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തെ അത് പ്രതികൂലമായി ബാധിച്ചിരുന്നു.

ബൈഡന്റെ പ്രസ്താവനക്ക് ശേഷമുണ്ടായ രാഷ്ട്രീയ കലഹങ്ങള്‍ എല്ലാം വളരെ പെട്ടന്നുള്ളതായിരുന്നു. റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാര്‍ക്കും വലതുപക്ഷ മാധ്യമങ്ങള്‍ക്കും, ബൈഡനെ സാധാരണക്കാരായ അമേരിക്കക്കാരെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നേതാവായി ചിത്രീകരിക്കാനുള്ള അവസരം കൂടിയായിരുന്നു ഇത്. ഒരു പ്രചാരണ പരിപാടിയില്‍ സംസാരിച്ച സെനറ്റര്‍ മാര്‍ക്കോ റൂബിയോ, ബൈഡന്റെ അഭിപ്രായങ്ങളെ ദശലക്ഷക്കണക്കിന് ട്രംപ് അനുകൂലികള്‍ക്കെതിരായ നേരിട്ടുള്ള ആക്രമണമായും ഒരു വലിയ ജനവിഭാഗത്തോടുള്ള അപമാനമായും കണക്കാക്കികൊണ്ട് അതിനെ ഒരു ”ബ്രേക്കിംഗ് ന്യൂസ്” ആയി പ്രസ്താവിക്കുന്നുണ്ട്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

തെറ്റായ ആശയവിനിമയത്തിന്റ രാഷ്ട്രീയ ആഘാതങ്ങള്‍
തെറ്റായ ആശയവിനിമയവും പാളിച്ചകളും ചേര്‍ന്ന ബൈഡന്റെ പ്രസിഡന്‍സിയിലെ ഒരു ട്രെന്‍ഡ് ആയി അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെ കാണാം. ആ പാറ്റേണ്‍ ഡെമോക്രാറ്റിക് ആശയങ്ങളില്‍ നിന്നു വ്യതിചലിക്കുകയും ട്രംപിന്റെ പ്രചാരണങ്ങളെ പരോക്ഷമായി സഹായിക്കുകയും കൂടി ചെയ്യുന്നുണ്ട്. മാധ്യമങ്ങളിലൂടെ വിവിധങ്ങളായ ആഖ്യാനങ്ങള്‍ അതിവേഗം രൂപപ്പെടുകയും പടരുകയും ചെയ്യുന്ന ഒരു സാമൂഹിക പരിസ്ഥിതിയിലാണ് ബൈഡന്റെ പാളിച്ചകള്‍ ഇപ്പോള്‍ പ്രതിധ്വനിക്കുന്നത്. ട്രംപിന്റെ അനുയായികളെയല്ല, ഹിഞ്ച്ക്ലിഫിനെ മാത്രമാണ് താന്‍ പരാമര്‍ശിച്ചതെന്ന് ബൈഡന്‍ പിന്നീട് വ്യക്തമാക്കുന്നുണ്ടെങ്കിലും, നിലവില്‍ ഇതേപറ്റി ജനങ്ങളില്‍ രൂപപ്പെട്ട ആഖ്യാനങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടായില്ല. തന്റെ രാഷ്ട്രീയ മുന്‍ഗാമികളെ പോലെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയാണ് ബൈഡന്‍ എന്ന വാദത്തെ അത് ഊട്ടിയുറപ്പിക്കുകയും വോട്ടര്‍മാരുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം, പ്രസിഡന്‍സി കാലയളവില്‍ ബൈഡന്റെ അപ്രൂവല്‍ റേറ്റിംഗില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. നിലവില്‍ ഉണ്ടായിട്ടുള്ളത് പോലുള്ള സാഹചര്യങ്ങള്‍ കാര്യക്ഷമതയില്ലാത്ത, വേണ്ടത്ര തയ്യാറെടുപ്പുകളില്ലാത്ത ഒരു പ്രസിഡന്‍സി ആണ് ബൈഡന്റേത് എന്ന ധാരണകള്‍ക്ക് കാരണമാകുന്നുമുണ്ട്. തീര്‍ത്തും സങ്കീര്‍ണമായ ഒരു തെരഞ്ഞെടുപ്പില്‍, ഒരു ഭാഗത്ത് സംഭവിക്കുന്ന ഏതൊരു പാളിച്ചയും മറുഭാഗത്തിന് രാഷ്ട്രീയ ആയുധമാണ്. ട്രംപിനെ സംബന്ധിച്ച്, നിഷ്പക്ഷരായ വോട്ടര്‍മാര്‍ക്കും നിലവിലെ ഭരണത്തില്‍ നിരാശരായ ജനതക്കും മുന്‍പില്‍ ബൈഡന്റെ രാഷ്ട്രീയ അടിത്തറ തകര്‍ക്കാനുള്ള വാദങ്ങളെ പടച്ചുവിടാനുള്ള ആയുധം കൂടിയാണിത്.

കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്
തിരഞ്ഞെടുപ്പ് കാലത്തെ പൊതുബോധങ്ങളെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ബൈഡന്റെ പരാമര്‍ശങ്ങളോടുള്ള പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ പല കാഴ്ചപ്പാടുകളും എത്ര വേഗത്തിലാണ് മാറുന്നതെന്ന് വ്യക്തമാണ്. പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചുകൊണ്ട്, ട്രംപ് അനുകൂലികളോടുള്ള ബൈഡന്റെ അധിക്ഷേപത്തിന്റെ തെളിവായി അതിനെ സ്ഥാപിക്കാന്‍ ട്രംപിന്റെ കണ്‍സര്‍വേറ്റീവ് ഔട്ട്ലെറ്റുകള്‍ക്ക് സാധിച്ചു. മുന്‍ ഭരണകൂടം കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലടക്കമുള്ള പ്രശ്‌നങ്ങള്‍, സാമ്പത്തിക അസമത്വങ്ങള്‍, ട്രംപിന്റെ വിഭജന പ്രസ്താവനകള്‍ ഇത്തരത്തിലുള്ള ഒരുപാട് വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ഈ വിവാദം ട്രംപിനെ സഹായിച്ചു. കൂടാതെ, നിലവിലെ രാഷ്ട്രീയ കാലാവസ്ഥ ആഴത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട്. മാധ്യമങ്ങളിലൂടെ വരുന്ന ആഖ്യാനങ്ങള്‍ ‘നിങ്ങള്‍ – ഞങ്ങള്‍’ എന്ന ചേരി തിരിവുകളെ പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. ഇവിടെ ബൈഡന്റെ പ്രസ്താവനകള്‍ ഈ ചേരി തിരിവിന്റെ ഫ്രെയിമില്‍ എളുപ്പത്തില്‍ ചേര്‍ത്തുവയ്ക്കാവുന്നത് കൂടിയാകുമ്പോള്‍ അത് ട്രംപ് അനുകൂലികള്‍ക്ക് മുകളിലെ വരേണ്യത്വത്തിന്റെയും അധികാരത്തിന്റ്റെയും കൂടി ശബ്ദം ആയി വളച്ചൊടിക്കാനാവുന്നുണ്ട്. ഈ രാഷ്ട്രീയ തന്ത്രം ഫലപ്രാപ്തിയിലെത്തുന്നത് ഇതിന് മുന്നെയും ഡെമോക്രാറ്റിക് നേതാക്കളില്‍ നിന്നുണ്ടായിട്ടുള്ള മുന്‍കാല പ്രസ്താവനകളും ചേര്‍ത്തു വച്ചുകൊണ്ടുള്ള വാദങ്ങളിലൂടെ ആണ്. ഹിലരി ക്ലിന്റന്റെ ‘പരിതാപകരുടെ ബാസ്‌കറ്റ്’ പോലെയുള്ള പ്രസ്താവനകള്‍ ട്രംപ് അനുകൂലികളെ സംബന്ധിച്ച് ഡെമോക്രാറ്റുകള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ആയുധങ്ങളാണ്.

പ്രതിപക്ഷം ശക്തിപ്രാപിക്കുന്നത്
ബൈഡന്റെ പ്രസ്താവനകള്‍ ട്രംപിന്റെ അടിത്തറയെ ഊട്ടിയുറപ്പിക്കുന്നു എന്ന അവസ്ഥ ഈ തെരഞ്ഞെടുപ്പില്‍ തീരത്തും നിര്‍ണായകമായ വിഷയമാണ്. ട്രംപ് അനുകൂലികളെ സംബന്ധിച്ച്, അവര്‍ കൂടുതല്‍ ശക്തരായ ഡെമോക്രാറ്റുകളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നുവെന്ന തോന്നല്‍ തന്നെയാണ് അവരുടെ ട്രംപ് വിശ്വാസ്യതക്ക് പിന്നില്‍. ബൈഡന്റെ പരാമര്‍ശങ്ങളിലൂടെ അവരുടെ ആശങ്കകള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യമാണെന്ന ബോധവും ട്രംപിനെ പിന്തുണക്കാനുള്ള ഊര്‍ജവും ഉണ്ടാകുന്നുണ്ട്. നിലവിലെ ഭരണകൂടം അമേരിക്കന്‍ തൊഴിലാളിവര്‍ഗവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ല എന്ന വാദം ഉള്ളതുകൊണ്ട് തന്നെ, തികഞ്ഞ എലൈറ്റ് ക്ലാസ് ആയിട്ടും ട്രംപിന് ജനകീയ നേതാവ് എന്ന പരിവേഷത്തിലേക്ക് എത്താന്‍ സാധിക്കുന്നുണ്ട്.
2016ലും 2020ലും ട്രംപ് നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്വിംഗ് സ്റ്റേറ്റുകളില്‍ ഈ പ്രവണത വളരെ പ്രകടമാണ്. ഈ രാഷ്ട്ട്രീയ യുദ്ധക്കളങ്ങളില്‍, ബൈഡന്‍ സാധാരണക്കാരായ അമേരിക്കക്കാരെ വിലമതിക്കുന്നില്ല എന്ന വാദങ്ങള്‍ നിഷ്പക്ഷരായ വോട്ടര്‍മാരെയും ഡെമോക്രാറ്റിക് പാര്‍ട്ടിയാല്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങളേയും എളുപ്പത്തില്‍ മറുഭാഗത്തേക്ക് മാറ്റാന്‍ സഹായിക്കുന്നുണ്ട്. ബൈഡന്റെ പരാമര്‍ശങ്ങളെ രാഷ്ട്രീയ അവജ്ഞതയായി പൊതുവേ ചിത്രീകരിച്ചുകൊണ്ട് തന്റെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുള്ള ട്രംപിന്റെ കഴിവ്, കുറഞ്ഞ പോളിംഗ് ഉണ്ടാകുന്ന തിരഞ്ഞെടുപ്പ് സാഹചര്യങ്ങളില്‍ വളരെ നിര്‍ണായകമാണ്.

വോട്ടര്‍മാരെ ഭിന്നിപ്പിക്കുന്നതിലെ അപകടങ്ങള്‍
ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഏകീകരിക്കാനുള്ള ബൈഡന്റെ കഴിവിനെ നിലവില്‍ ഹിഞ്ച്ക്ലിഫിനെക്കുറിച്ച് നടത്തിയ പാരാമാര്‍ശങ്ങള്‍ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ലാറ്റിന്‍ ജനത നേരിടുന്ന വംശീയ പ്രതിസന്ധികള്‍ക്കെതിരെ ബൈഡന്‍ സംസാരിച്ചെങ്കില്‍ കൂടിയും, നിലവിലെ പ്രശ്‌നങ്ങള്‍ ട്രംപ് അനുകൂലികളെ മാത്രമല്ല വിഭജന പ്രസ്താവനകളോട് വിയോജിപ്പുള്ള ഒരുപാട് വോട്ടര്‍മാരിലും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സഹാനുഭൂതിയും, എല്ലാ ജനതയെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള രാഷ്ട്രീയ ചിന്തയും പരമപ്രധാനമായ രാഷ്ട്രീയ പരിതസ്ഥിതിയില്‍, വിദ്വേഷമോ വിഭജനമോ പോലുള്ള ആശയങ്ങള്‍ ബൈഡന്റെ തിരഞ്ഞെടുപ്പിലെ സാധ്യതകള്‍ക്ക് പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കും.

പ്രതിപക്ഷത്തിന് മുതലെടുക്കാന്‍ സാധിക്കുന്ന പാരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇനിയുള്ള പ്രചാരണങ്ങളില്‍ ബൈഡന്റെ ടീം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിവരും. വളരെ ചെറിയഭൂരിപക്ഷത്തില്‍ വിധി നിര്‍ണയിക്കപ്പെടാന്‍ സാധ്യതയുള്ള ഈ മത്സരത്തില്‍ ഇനി പാളിച്ചകള്‍ക്കുള്ള ഇടം കുറവാണ്. ഐക്യത്തിലും വിവേകത്തിലും അടിയുറച്ച ഒരു രാഷ്ട്രീയ വാദം രൂപപ്പെടുത്തുക എന്നതും അതേസമയം ട്രംപിന്റെ വാദങ്ങളെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതും ബൈഡന്റെ പ്രചാരണ തന്ത്രത്തിലെ നിര്‍ണായക ഘടകമാണ്.

ബൈഡന്റെ പാരാമര്‍ശങ്ങള്‍, പ്രതീക്ഷിക്കാത്ത പല രീതിയിലും ട്രംപിന്റെ ഇലക്ഷന്‍ തന്ത്രങ്ങളെ സഹായിക്കുകയും ബൈഡനെ തന്റെ പ്രചാരണത്തിന് മുതലെടുക്കാന്‍ പറ്റുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ധ്രുവീകരണത്തിന്റെ സമൂഹിക അന്തരീക്ഷത്തില്‍, ആശയവിനിമയത്തിലുണ്ടാകുന്ന പാളിച്ചകള്‍ ആയുധവല്‍ക്കരിക്കപ്പെടുന്നതെങ്ങനെയെന്നതിന്റെ ഉദാഹരണം കൂടിയാണിത്. ബൈഡന്റെ വാക്കുകളും വാക്കുകളിലെ പ്രശ്‌നങ്ങളും ഒക്കെ ട്രംപിനെ സഹായിക്കുന്ന 2024 ലെ ഇലക്ഷന്‍ പശ്ചാത്തലത്തില്‍, ശ്രദ്ധാപൂര്‍വമായ രാഷ്ട്രീയ ഇടപെടലുകളുടെ പ്രാധാന്യം കൂടി പരിശോധിക്കേണ്ടതുണ്ട്. വെറും രാഷ്ട്രീയ എതിര്‍കക്ഷികളല്ല ബൈഡനും ട്രംപും; ബൈഡന്റെ പാളിച്ചകള്‍ ട്രംപിന് അണികളെ കൂട്ടുവാനുള്ള സാധ്യതകള്‍ കൂടിയാണ് കൊടുക്കുന്നത്. ഈ രാഷ്ട്രീയ തന്ത്രത്തെ ഉപയോഗിക്കാനുള്ള ഓരോ കക്ഷികളുടെയും കഴിവും സാധ്യതയുമാകും വരുന്ന തിരഞ്ഞെടുപ്പിലെ വിജയം തീരുമാനിക്കുന്നത്.  Why Joe Biden is an Asset for Donald Trump in the 2024 Election

Content Summary; Why Joe Biden is an Asset for Donald Trump in the 2024 Election

×