March 26, 2025 |

ആരംഭശൂരത്വത്തിനുശേഷം ട്രൂഡോ എന്തിനാണിപ്പോള്‍ സ്വയം പ്രതിരോധിക്കുന്നത്?

ഇപ്പോള്‍ തന്റെ മുന്‍നിലപാടുകളില്‍ യൂടേണ്‍ എടുത്തിരിക്കുകയാണ് ട്രൂഡോ

ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ പരാമര്‍ശങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കലായിരുന്നു. ഇന്ത്യക്കെതിരായി കാനഡ ഉയര്‍ത്തിയ ആരോപണങ്ങളെ പിന്തുണക്കുന്ന കാതലായ തെളിവുകളുടെ അഭാവത്തില്‍ ട്രൂഡോയുടെ ആരോപണങ്ങളെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിശിതമായാണ് അപലപിച്ചത്. ട്രൂഡോയില്‍ നിന്നുണ്ടായ ‘ അശ്രദ്ധമായ പെരുമാറ്റം’ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് കാര്യമായ ക്ഷതമാണ് ഏല്‍പ്പിച്ചത്.

ഇപ്പോള്‍ തന്റെ മുന്‍നിലപാടുകളില്‍ യൂടേണ്‍ എടുത്തിരിക്കുകയാണ് ട്രൂഡോ. ”ഇന്ന് ഞങ്ങള്‍ കേട്ടത്, ഞങ്ങള്‍ സ്ഥിരമായി പറയുന്നതിനെ സ്ഥിരീകരിക്കുന്നു. ഇന്ത്യയ്ക്കും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും എതിരെ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും കാനഡ ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ല’-ട്രൂഡോയുടെ മലക്കം മറിയലിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നടത്തിയ പ്രതികരണമാണിത്. നയതന്ത്ര വീഴ്ചയുടെ ഉത്തരവാദിത്തം ട്രൂഡോയില്‍ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ സര്‍ക്കാര്‍ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നാണ്, വിദേശ ഇടപെടലുമായി ബന്ധപ്പെട്ടു ഹാജരായ ഹിയറിംഗില്‍ ട്രൂഡോ സമ്മതിച്ചിരിക്കുന്നത്. ”ആ ഘട്ടത്തില്‍ അത് പ്രാഥമികമായി എടുത്ത തന്ത്രമായിരുന്നു, വ്യക്തമായ തെളിവുകളില്ലായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ പറഞ്ഞത്, ‘നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും, സാഹചര്യങ്ങള്‍ നിരീക്ഷിക്കാമെന്നും’. ട്രൂഡോയുടെ ഈ പ്രസ്താവന പ്രധാനമന്ത്രിയുടെ സമീപനത്തിലുണ്ടായിരിക്കുന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. തനിക്കെതിരേ വിമര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിലപാടുകള്‍ മയപ്പെടുത്താന്‍ ട്രൂഡോ നിര്‍ബന്ധിതനായതായിരിക്കാം.

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ വലിയ തോതില്‍ വഷളായിട്ടുണ്ട്, പ്രത്യേകിച്ചും തങ്ങളുടെ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ പങ്കാളിയാണെന്ന് കനേഡിയന്‍ അധികാരികള്‍ ആരോപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍. ഈ ആരോപണങ്ങള്‍ ഇന്ത്യ പാടേ തള്ളിക്കളയുകയും, മറുപടിയെന്നോണം ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും കാനഡയിലെ നയതന്ത്ര സാന്നിധ്യം കുറയ്ക്കുകയും ചെയ്തു.

മോദി സര്‍ക്കാരിന്റെ കനേഡിയന്‍ എതിരാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് കൈമാറിയെന്നും ഇതുപയോഗിച്ച് ശത്രുക്കളെ ലക്ഷ്യമിട്ടെന്നുമായിരുന്നു ട്രൂഡോയുടെ ആരോപണം. ഈ വാദം രാജ്യങ്ങള്‍ക്കിടയിലെ പിരിമുറുക്കങ്ങള്‍ക്ക് ആക്കം കൂട്ടി. ‘ഞങ്ങള്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല” എന്നാണ് ട്രൂഡോ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും, കാനഡയുടെ പരമാധികാരത്തിന് വേണ്ടി നിലകൊള്ളുന്നതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും കാനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഈ നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ തന്നെ സ്വന്തം രാജ്യത്ത് ട്രൂഡോയ്‌ക്കെതിരേ വലിയ സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്. ലിബറല്‍ എംപിയായ സീന്‍ കേസി, ട്രൂഡോ രാജി വയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കാനഡക്കാരില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അതൃപ്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കേസി പറയുന്നത്. ”ഞാന്‍ ഉറക്കെയും വ്യക്തമായും പങ്കുവയ്ക്കുന്ന സന്ദേശം ട്രൂഡോയ്ക്കു പോകാന്‍ സമയമായി എന്നതാണ്’.

സ്വന്തം രാജ്യത്ത് കാര്യങ്ങള്‍ മാറിമറയുന്ന സാഹചര്യത്തില്‍, രാഷ്ട്രീയമായി പ്രതിരോധവഴികള്‍ തേടാനുള്ള ട്രൂഡോയുടെ ശ്രമങ്ങള്‍ പ്രകടമാണ്. വ്യക്തമായ തെളിവുകളുടെ അഭാവം ഉണ്ടെന്ന് അംഗീകരിക്കുകയും, ഇന്ത്യയുമായി സഹകരിച്ചുള്ള അന്വേഷണത്തിനായി ഇപ്പോള്‍ വാദിക്കുകയും ചെയ്യുന്നതിലൂടെ, തന്റെ സര്‍ക്കാരിനും കാനഡയുടെ അന്താരാഷ്ട്ര പിന്തുണയ്ക്കും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് ട്രൂഡോ ആവിഷ്‌കരിക്കുന്നത്.

ഇപ്പോള്‍ തുടരുന്ന ഭിന്നത ശ്രദ്ധാപൂര്‍വമായ നയതന്ത്ര ഇടപെടലിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നുണ്ട്. ഇന്ത്യയുമായുള്ള നയതന്ത്ര തകര്‍ച്ച ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, സ്വന്തം നാട്ടില്‍ നിന്നുണ്ടാകുന്ന തിരിച്ചടികളെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും ട്രൂഡോയുടെ തന്ത്രങ്ങള്‍ക്ക് പിന്നിലുണ്ട്. തന്റെ മേലുള്ള ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുകയും കാനഡയുടെ വിദേശനയം അതിന്റെ പൗരന്മാരുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതും ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മുന്നിലുള്ള വെല്ലുവിളികളാണ്.  Why Trudeau is Covering Himself After Initial Uproar

Content Summary; Why Trudeau is Covering Himself After Initial Uproar

×