2021 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനനിര്‍ണയ(ഡീലിമിറ്റേഷന്‍) പ്രക്രിയ നടത്തിയാല്‍, ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്കുള്ള വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അധിക ഗുണം കിട്ടുമെന്ന തെക്കേയിന്ത്യയുടെ ഭയമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കാതല്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ – പ്രത്യേകിച്ച് തമിഴ്‌നാട്, കേരളം, കര്‍ണാടക- ജനസംഖ്യാ വളര്‍ച്ച വിജയകരമായി നിയന്ത്രിച്ചവരാണ്. എന്നാല്‍ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഈ നേട്ടത്തിന് വലിയ വില നല്‍കേണ്ടിവരുമെന്നാണ് അവര്‍ ഇപ്പോള്‍ ഭയപ്പെടുന്നത്.
മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ചരിത്രം
ജനസംഖ്യയിലുള്ള ഏറ്റക്കുറച്ചിലുകള്‍ അടിസ്ഥാനമാക്കി ലോക്‌സഭാ സീറ്റുകളുടെ എണ്ണം ക്രമീകരിക്കുന്നതിനായി ഇന്ത്യയില്‍ മുന്‍പും ഡീലിമിറ്റേഷന്‍ പ്രക്രിയകള്‍ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്കും അനുസൃതമായി, പാര്‍ലമെന്റില്‍ ആനുപാതിക പ്രാതിനിധ്യം ഇത് ഉറപ്പാക്കുന്നു. ഇതിനുമുമ്പ് 1952, 1962, 1972, 2002 വര്‍ഷങ്ങളിലാണ് മണ്ഡല പുനര്‍നിര്‍ണയം നടന്നത്. 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള 543 ലോക്‌സഭാ സീറ്റുകളാണ് നിലവിലെത്. ഭരണഘടനയുടെ 42-ാമത് ഭേദഗതിക്ക് ശേഷം, അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയ 25 വര്‍ഷത്തേക്ക് മരവിപ്പിച്ചിരുന്നു. 2001 ല്‍ ഇത് 25 വര്‍ഷം കൂടി നീട്ടി. 2026 ലെ സെന്‍സസിന് ശേഷം അടുത്ത ഡീലിമിറ്റേഷന്‍ നടത്താനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 2021 അല്ലെങ്കില്‍ 2031 ലെ സെന്‍സസ് ഡാറ്റ അടിസ്ഥാനമാക്കിയായിരിക്കും ഇത് നടത്തുക. എന്നിരുന്നാലും, ഈ പ്രക്രിയയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കേണ്ട സെന്‍സസ്, കോവിഡ്-19 മഹാമാരി കാരണം 2021 മുതല്‍ അനിശ്ചിതമായി മാറ്റിവച്ചിരിക്കുകയാണ്. ഇത് മൊത്തം പ്രവര്‍ത്തിയെയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
ദക്ഷിണേന്ത്യയുടെ ഭയത്തിന് പിന്നില്‍?
തമിഴ്‌നാട്, കേരളം, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കൂടുതലാണ് എന്നതാണ് പ്രധാന പ്രശ്നം. വിവിധ പഠനങ്ങളുടെ പ്രവചനങ്ങള്‍ അനുസരിച്ച്, ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഡീലിമിറ്റേഷന്‍ നടത്തിയാല്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭയില്‍ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്, 2021 ലെ സെന്‍സസ് ഡാറ്റ അടിസ്ഥാനമാക്കിയാല്‍, കര്‍ണാടകയുടെ ലോക്‌സഭാ സീറ്റുകള്‍ 28 ല്‍ നിന്ന് 26 ആയും, ആന്ധ്രാപ്രദേശിന് 42 ല്‍ നിന്ന് 34 ആയും, കേരളത്തിന് 20 ല്‍ നിന്ന് 12 ആയും, തമിഴ്‌നാടിന്റെത് 39 ല്‍ നിന്ന് 31 ആയും കുറയാന്‍ സാധ്യതയുണ്ട്. ഇതിനു വിപരീതമായി, ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ച കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനും സാധ്യതയുണ്ട്. ഈ പൊരുത്തക്കേട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ സ്വാധീനവും കേന്ദ്ര സര്‍ക്കാരിലുള്ള സ്വാധീനവും നഷ്ടപ്പെടുമെന്ന ഗുരുതരമായ ആശങ്കകള്‍ക്ക് കാരണമാകുന്നു.
ഇത്തരൊമരു സാഹചര്യം അന്യായമായതാണെന്നാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ വാദിക്കുന്നത്. കാരണം ഈ തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ വിജയകരമായി നടപ്പിലാക്കിയവരാണ്. 1976ലെ ദേശീയ ജനസംഖ്യാ നയത്തിനുശേഷം, തമിഴ്‌നാട്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ജനസംഖ്യാ വളര്‍ച്ച കുറയ്ക്കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ മേഖലയിലെ തങ്ങളുടെ നേട്ടങ്ങള്‍, പ്രത്യേകിച്ച് രാജ്യത്തിന്റെ സുസ്ഥിര വികസനം, ആരോഗ്യം എന്നീ വിശാലമായ ലക്ഷ്യങ്ങളിലേക്ക് സംഭാവന നല്‍കുമ്പോള്‍, അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
പ്രോ-റാറ്റ അടിസ്ഥാനവും പ്രത്യാഘാതങ്ങളും
പരിധി നിര്‍ണയ പ്രക്രിയ ആനുപാതികമായി നടത്തിയാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെടില്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ഷാ പറയുന്നത്, സംസ്ഥാനങ്ങളിലുടനീളം ആനുപാതികമായി മാത്രമെ സീറ്റുകളുടെ മൊത്തത്തിലുള്ള വര്‍ദ്ധനവോ കുറവോ ഉണ്ടാകൂ എന്നാണ്. ഒരു സംസ്ഥാനത്തിനും അനുപാതമില്ലാതെ നഷ്ടം സംഭവിക്കില്ല എന്നാണ് ആശങ്ക പരിഹാരമായി ആഭ്യന്തര മന്ത്രി പറയുന്നത്. ഈ സമീപനം ഇപ്പോഴത്തെ പ്രശ്നത്തെ പൂര്‍ണമായി അഭിസംബോധന ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് അതിര്‍ത്തി നിര്‍ണയ പ്രക്രിയയ്ക്കായി സര്‍ക്കാര്‍ ഒരു യുക്തിസഹമായ ഫോര്‍മുല സ്വീകരിക്കണമെന്നാണ് ഭരണഘടനാ വിദഗ്ധനും ലോക്‌സഭ മുന്‍ സെക്രട്ടറി ജനറലുമായ പി.ഡി.ടി. ആചാരി നിര്‍ദ്ദേശിക്കുന്നത്. ഓരോ സംസ്ഥാനത്തിനും എത്ര സീറ്റുകള്‍ വേണമെന്ന് തീരുമാനിക്കുമ്പോള്‍ ജനസംഖ്യാ വളര്‍ച്ചയും നിയന്ത്രണവും കണക്കിലെടുക്കണമെന്ന് അദ്ദേഹം വാദിക്കുന്നു. ദക്ഷിണേന്ത്യയിലെപോലെ കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ കുറഞ്ഞ ജനസംഖ്യയുള്ള (ഉദാ: 10-12 ലക്ഷം) നിയോജകമണ്ഡലങ്ങള്‍ സൃഷ്ടിക്കണം, കൂടുതല്‍ ജനസംഖ്യയുള്ള വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ നിയോജകമണ്ഡലങ്ങള്‍ (ഉദാ: 20-25 ലക്ഷം)സൃഷ്ടിക്കണം. ഈയൊരു വ്യത്യസ്തമായ സമീപനമാണ് ആചാരി നിര്‍ദ്ദേശിക്കുന്നത്.
വിജയകരമായി നടപ്പാക്കിയ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ശിക്ഷിക്കാതെ തന്നെ ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഈ സമീപനം സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. രാജ്യത്തുടനീളമുള്ള വൈവിധ്യമാര്‍ന്ന ജനസംഖ്യാ യാഥാര്‍ത്ഥ്യങ്ങളെ ഈ പരിഹാരം നന്നായി പ്രതിഫലിപ്പിക്കുമെന്നും പിഡിടി ആചാരി ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയമായി തിരിച്ചടികള്‍
അതിര്‍ത്തി നിര്‍ണയ പ്രശ്നം വെറും സംഖ്യകളുടെ പ്രശ്നമല്ല; അതിന് കാര്യമായ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്നത് രാജ്യത്തിന്റെമേലുള്ള രാഷ്ട്രീയ സ്വാധീനം വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറാന്‍ കാരണമാകുമെന്ന് തെക്കേയിന്ത്യന്‍ നേതാക്കള്‍ ഭയപ്പെടുന്നു, പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ കൂടുതല്‍ സ്വാധീനമുള്ള ബിജെപിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നതില്‍. ജനസംഖ്യാടിസ്ഥാനത്തില്‍ മാത്രമാണ് അതിര്‍ത്തി നിര്‍ണയം നടത്തുന്നതെങ്കില്‍, ലോക്‌സഭയിലെ രാഷ്ട്രീയ പ്രബലതയില്‍ വലിയ മാറ്റമുണ്ടാകും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ സ്വാധീനം ലഭിക്കും. ഇത് വിഭവ വിഹിതത്തിലും രാഷ്ട്രീയ പ്രാതിനിധ്യത്തിലും അസന്തുലിതാവസ്ഥ ഉണ്ടാക്കും. ദേശീയ ലക്ഷ്യമായിരുന്ന ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സ്ഥിരമായി നടപ്പിലാക്കിയിട്ടുണ്ട്, എന്നാല്‍ രാജ്യത്തിന് നല്ല സംഭാവനകള്‍ നല്‍കിയതിന്റെ പേരില്‍ പാര്‍ലമെന്റില്‍ സീറ്റുകള്‍ നഷ്ടപ്പെടാനുള്ള സാധ്യതയാണ് കേരളം അടക്കമുള്ള തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളെ ഇപ്പോള്‍ നിരാശപ്പെടുത്തുന്നത്.
പ്രത്യേക പരിഗണനയുടെ ആവശ്യകത
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് കേരളം, 1976-ലെ ദേശീയ ജനസംഖ്യാ നയം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ജനസംഖ്യാ വളര്‍ച്ച നിയന്ത്രണത്തിലെ നേട്ടത്തിന് കേന്ദ്രസര്‍ക്കാരിന്റെ അഭിനന്ദനം നേടിയ ഈ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ അവരുടെ നേട്ടങ്ങള്‍ക്ക് ശിക്ഷിക്കപ്പെടാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
ഉദാഹരണത്തിന്, പത്താം ധനകാര്യ കമ്മീഷന്റെ കേരളത്തിന്റെ വിഹിതം 3.875% ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ 15-ാം ധനകാര്യ കമ്മീഷന്റെ വിഹിതം 1.925% ആയി കുറഞ്ഞു. പൊതുജനാരോഗ്യ, ക്ഷേമ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ അധിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും, ജനസംഖ്യാ വളര്‍ച്ച നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് വിഭവ വിഹിതത്തില്‍ പ്രത്യേക പരിഗണന നല്‍കാത്ത ഒരു പ്രവണതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇത് അങ്ങേയറ്റം അന്യായമായ സമീപനമാണെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കള്‍ വാദിക്കുന്നു. ദേശീയ നയങ്ങള്‍ വിജയകരമായി നടപ്പിലാക്കിയതിന് കേന്ദ്രം ഈ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിനുപകരം അവര്‍ക്ക് പ്രതിഫലം നല്‍കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ജനസംഖ്യ കുറവായതിന്റെ പേരില്‍ തങ്ങള്‍ തഴയപ്പെടുന്നു. ഇത് ഫണ്ടുകളും രാഷ്ട്രീയ പ്രാതിനിധ്യവും കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു എന്നൊക്കെയാണ് ദക്ഷിണേന്ത്യയുടെ പരാതികള്‍.
അതിര്‍ത്തി നിര്‍ണയ പ്രശ്നം വെറുമൊരു സാങ്കേതിക വിഷയമല്ല; രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. തമിഴ്‌നാട്, കേരളം, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം, ഏറ്റവും പുതിയ സെന്‍സസ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഡീലിമിറ്റേഷന്‍ പ്രക്രിയ പാര്‍ലമെന്റിലെ അവരുടെ പ്രാതിനിധ്യം കുറയ്ക്കുന്നതിന് ഭീഷണിയാകുന്നു, ഇത് ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്നതില്‍ അവര്‍ നേടിയ നേട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായിപ്പോകും. Why south Indian states oppose delimitation?
Content Summary; Why south Indian states oppose delimitation
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.