‘എല്‍ ഐ സി’ എന്തുകൊണ്ട് ‘ എല്‍ ഐ കെ’ ആയി; വിഘ്‌നേഷ് ശിവന്‍ വെളിപ്പെടുത്തുന്നു

എല്‍ ഐ സി എന്ന പേരില്‍ തന്നെയായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്

VIgnesh Shivan- LiK Movie

വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി’ (എല്‍ ഐ കെ). ഈ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. അതെന്താണെന്ന് ഇപ്പോള്‍ സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘പോസ്റ്റ്-കട്ട് ക്ലാരിറ്റി’ക്ക് നല്‍കിയ അഭിമുഖത്തിലാണ്, വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ ഐ സി) നല്‍കിയ നിയമപരമായ നോട്ടീസിനെക്കുറിച്ച് വിഘ്നേഷ് ശിവന്‍ സംസാരിച്ചത്.

ആദ്യം ‘ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍’ എന്ന അര്‍ത്ഥത്തില്‍ ‘എല്‍ ഐ സി’ എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നത്. എന്നാല്‍ ഈ പേര് ഉപയോഗിക്കുന്നതിനായി 112 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് യഥാര്‍ത്ഥ എല്‍ഐസി കമ്പനി നോട്ടീസ് അയക്കുകയായിരുന്നു. അത്രയും വലിയ തുക നല്‍കാന്‍ സാധിക്കാത്തതിനാല്‍ പേര് മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. തുടര്‍ന്ന് എല്‍ ഐ പി, എല്‍ ഐ ടി, എല്‍ ഐ കെ, എല്‍ ഐ എഫ് എന്നിങ്ങനെ നിരവധി ഓപ്ഷനുകള്‍ ആലോചിച്ചെങ്കിലും ഒടുവില്‍ എല്‍ ഐ കെ എന്ന പേര് ഉറപ്പിക്കുകയായിരുന്നു. ‘കോര്‍പ്പറേഷന്‍’ എന്നതിന് പകരം ‘കമ്പനി’ എന്ന് മാറ്റിയതോടെയാണ് സിനിമയ്ക്ക് പുതിയ ഐഡന്റിറ്റി ലഭിച്ചത്. ചിത്രത്തില്‍ എല്‍ഐകെ ആപ്പ് നിര്‍മ്മിച്ച വ്യക്തിയായി വേഷമിട്ട എസ്.ജെ. സൂര്യയും ഈ വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ വിഘ്നേഷിനൊപ്പമുണ്ടായിരുന്നു.

ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു ഈ സിനിമയുടെ നിര്‍മ്മാണ വഴികള്‍. 2019-ല്‍ ശിവകാര്‍ത്തികേയനെ നായകനാക്കി ലൈക പ്രൊഡക്ഷന്‍സിന്റെ കീഴിലായിരുന്നു ചിത്രം ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ബജറ്റ് പ്രശ്നങ്ങള്‍ കാരണം അത് മുടങ്ങിപ്പോയി. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2023-ല്‍ പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ചിത്രം വീണ്ടും സജീവമാക്കി. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും വിഘ്നേഷ് ശിവന്‍-നയന്‍താര ദമ്പതികളുടെ റൗഡി പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 2023 ഡിസംബറില്‍ പൂജയോടെ ‘ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍’ എന്ന പേരില്‍ തന്നെയായിരുന്നു തുടക്കം. പിന്നാലെ എത്തിയ നിയമക്കുരുക്കിനെത്തുടര്‍ന്ന് 2024 ജൂലൈയിലാണ് ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ (എല്‍ ഐ കെ) എന്ന പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

2040-ല്‍ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. മനുഷ്യര്‍ തങ്ങളുടെ പ്രണയബന്ധങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്ന ‘എല്‍ ഐ കെ’ എന്ന ഡേറ്റിംഗ് ആപ്പിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സാങ്കേതികവിദ്യയില്‍ വിശ്വസിക്കുന്ന നായികയും പ്രണയത്തിന്റെ സ്വാഭാവികതയില്‍ വിശ്വസിക്കുന്ന നായകനും തമ്മിലുള്ള സംഘര്‍ഷമാണ് ഇതിന്റെ പ്രമേയം. പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ചിത്രത്തില്‍ കൃതി ഷെട്ടിയാണ് നായിക. യോഗി ബാബു, സീമാന്‍, ഗൗരി കിഷന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ഏപ്രില്‍ 10-ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 35.57 കോടി രൂപ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

Content Summary: Why Vignesh Shivan changed his movie’s title from ‘LIC’ to ‘LIK’: The Tamil director reveals the backstory

This post was last modified on April 16, 2026 9:26 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment