അമേരിക്കയെ ആശങ്കയിലാക്കി ലോസ് ആഞ്ചൽസിൽ വീണ്ടും കാട്ടുതീ പടരുന്നു. കാലിഫോർണിയയിലെ വടക്കുഭാഗത്തുള്ള കാസ്റ്റൈക് തടാകത്തിന് സമീപമാണ് കാട്ടുതീ റിപ്പോർട്ട് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ ഏകദേശം 39 ചതുരശ്ര കിലേമീറ്റർ വനം കത്തിനശിച്ചു. Wildfire in Los Angeles
കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നതിനാൽ കാലിഫോർണിയ നിവാസികളായ 31000ത്തിലധികം പേരെ ഇതിനോടകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. കൂടാതെ 23000 പേരോട് വീടുകളൊഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിർദേശം നൽകിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് തീപടർന്നു തുടങ്ങിയത്. തീ ഇതിനകം വൻതോതിൽ പടർന്നുപിടിച്ചിട്ടുണ്ടെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹെലികോപ്റ്ററുകളും വിമാനങ്ങളും അഗ്നിശമന സേനയും തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. പ്രദേശത്ത് ശക്തമായ കാറ്റ് വീശിയടിക്കുന്നതിനാൽ കാസ്റ്റൈക് തടാകത്തിനു സമീപം കുന്നുകളിൽ തീ ആളി പടരുകയാണ്. പ്രദേശം മുഴുവൻ പുകപടലങ്ങൾ മൂടിയിരിക്കുന്നു.
മണിക്കൂറുകൾക്കുള്ളിൽ 9640 ഏക്കറിലധികം വനം കത്തി നശിച്ചു എന്നാണ് പ്രാദേശിക ഭരണകൂടം അറിയിക്കുന്നത്. തീ അന്തർസംസ്ഥാനത്തേക്ക് പടരുവാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് കാറ്റ് 42 മൈൽ വരെ ഉയരുകയും വ്യാഴാഴ്ചയോടെ 60 മൈൽ വരെ തീവ്രമാകുകയും ചെയ്യുമെന്നും കുറച്ച് ദിവസത്തേക്ക് സ്ഥിതി ഗുരുതരമായി തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തീപിടുത്തത്തിൽ നിന്നും രക്ഷപ്പെടാൻ നിവാസികൾ നെട്ടോട്ടമോടുകയാണ്. അതിനിടെ, അടുത്തിടെ കാട്ടുതീ നാശം വിതച്ച പസഫിക് പാലിസേഡ്‌സ്, അൽതഡെന പ്രദേശങ്ങളിലെ ചില താമസക്കാർക്ക് വീടുകളിലേക്ക് മടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ലോസ് ആഞ്ചൽസ്, വെഞ്ചുറ കൗണ്ടികളിൽ ഗുരുതരമായ തീപിടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ അഗ്നിശമന ഉദ്യോഗസ്ഥർ ഹോട്ട്‌സ്‌പോട്ടുകൾ നിരീക്ഷിക്കുകയാണ്.
തീപിടുത്തത്തിൽ ഉയർന്ന ചാരം കാരണം വായുവിൻ്റെ ഗുണനിലവാരവും ആശങ്കാജനകമാണ്. ലോസ് ആഞ്ചൽസ് മേയർ കാരെൻ ബാസ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ താമസക്കാരോട് അഭ്യർത്ഥിച്ചു. അതേസമയം ചാരത്തിൽ കനത്ത ലോഹങ്ങൾ പോലുള്ള ദോഷകരമായ വസ്തുക്കൾ അടങ്ങിയിരിക്കാമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഈ മാസം ആദ്യം ആരംഭിച്ച പാലിസേഡ്‌സ്, ഈറ്റൺ തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള കാട്ടുതീയിൽ 28 പേർ കൊല്ലപ്പെടുകയും 14,000 കെട്ടിടങ്ങൾ നശിക്കുകയും 22 പേരെ കാണാതാവുകയും ചെയ്തു. Wildfire in Los Angeles
Content summary: Wildfire in Los Angeles Forces Over 50,000 to Evacuate
Los Angeles Wildfire evacuation