ലോസ് ഏഞ്ചൽസിൽ കാട്ടുതീ പടരുന്നതായി റിപ്പോർട്ട്. പസിഫിക് പാലിസേഡ്സിൽ നിന്നാരംഭിച്ച കാട്ടുതീ ലോസ് ഏഞ്ചൽസിൽ പടരുകയാണ്. ഏകദേശം 2,900ത്തോളം ഏക്കറിലാണ് കാട്ടുതീ പടർന്ന് പിടിച്ചിരിക്കുന്നത്. നിരവധി വീടുകൾ ചാരമാവുകയും നൂറുകണക്കിന് വാഹനങ്ങൾ നശിക്കുകയും ചെയ്തു. പ്രദേശത്ത് നിന്ന് 30,000ത്തോളം പേരെ ഒഴിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ബുൾഡോസറുകൾ എത്തിച്ച് വാഹനങ്ങൾ നീക്കം ചെയ്യുന്നുണ്ട്. los angeles wildfire
ജനങ്ങളെ ഒഴിപ്പിക്കലിനിടെയുണ്ടായ ഗതാഗതക്കുരുക്കിനെ തുടർന്ന് നിരവധിപേർ തങ്ങളുടെ കാറുകൾ ഉപേക്ഷിച്ച് ഓടിപ്പോവുകയായിരുന്നു. നിരവധി ഹോളിവുഡ് താരങ്ങളുടെ താമസസ്ഥലമായ പസഫിക് പാലിസേഡിൽ, കുറഞ്ഞത് 2,921 ഏക്കറെങ്കിലും തീപിടുത്തത്തിൽ നശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തന്റെ വീട് ഇപ്പോഴും അവിടെയുണ്ടോയെന്ന് തനിക്ക് അറിയില്ലെന്ന് നടൻ ജെയിംസ് വുഡ്സ് പറഞ്ഞു. തീപിടുത്തത്തിന്റെ സമയത്ത് കാറിനുള്ളിലായതിനാൽ എന്റെ സുഹൃത്തുക്കൾക്ക് രക്ഷപ്പെടാനായില്ല. നിങ്ങളുടെ വസ്തുക്കളിലല്ല മറിച്ച് ജീവന് പ്രാധാന്യം നൽകുവെന്നും സുരക്ഷിതരായിരിക്കൂവെന്നും നടൻ സ്റ്റീവ് ഗുട്ടൻബർഗ് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. തീപിടുത്ത സമയത്ത് ഗതാഗതക്കുരുക്ക് ഉണ്ടായതോടെ പലരും തങ്ങളുടെ വാഹനങ്ങളിൽ പെട്ട് പോവുകയായിരുന്നു.
ചില പ്രദേശങ്ങളിൽ സാന്താ അന കാറ്റ് മണിക്കൂറിൽ 60 കി.മീ വേഗതയിൽ വീശുന്നതിനാൽ കാട്ടുതീ കൂടുതൽ വഷളാകുമെന്ന് അധികൃതർ അറിയിച്ചു. വരണ്ട സാഹചര്യവും കുറഞ്ഞ ഈർപ്പവും സ്ഥിതി അതീവ അപകടകരമാക്കുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം.
ഗവർണർ ഗാവിൻ ന്യൂസോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കാലിഫോർണിയയിലുടനീളം കാട്ടുതീയെ നേരിടാൻ അഗ്നിശമന സേനാംഗങ്ങൾ, ട്രക്കുകൾ, വിമാനങ്ങൾ എന്നിവ വിന്യസിച്ചു.
ഭയാനകമായി പടർന്ന് പിടിച്ച തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ അപകട സ്ഥലത്ത് എത്തിയിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 6:30 ഓടെയാണ് പസഫിക് പാലിസേഡ്സ് തീപിടിത്തമുണ്ടായത്. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുരാതന ഗ്രീസിലെയും റോമിലെയും പ്രശസ്തമായ കലകളുടെ ശേഖരമുള്ള മാലിബുവിലെ ഹിൽടോപ്പ് മ്യൂസിയമായ ഗെറ്റി വില്ലയ്ക്ക് സമീപമാണ് തീ അപകടകരമായ രീതിയിൽ പടർന്നത്. los angeles wildfire
Content summary: Wildfires in Los Angeles, 30,000 evacuated; A state of emergency has been declared
los angeles wild fire pacific palisades