April 20, 2025 |
Share on

പെരുമ്പാവൂരിലെ തൊഴില്‍ പീഡനവും, വിദ്യാര്‍ത്ഥി രാഷ്ട്രീയ നിരോധനത്തിനും പൊന്മാനും കയ്യടിക്കുന്ന മലയാളിയും

ഇന്ന്, സമരം എന്ന് കേട്ടാല്‍ മുഖം ചുളിക്കുന്ന ഒരു വലിയ വിഭാഗം നമ്മുടെ നാട്ടിലുണ്ട്. നമ്മളെങ്ങിനെ ഇവിടെയെത്തി എന്ന അറിവില്ലായ്മ കൊണ്ടാണത്

കേരളത്തിലൊന്നും സംഭവിക്കില്ല എന്ന് പലരും കരുതിയിരുന്ന രീതിയിലുള്ള ഒരു തൊഴില്‍ പീഡനം പെരുമ്പാവൂര്‍ നടന്നു എന്ന്, ഏപ്രില്‍ തുടക്കത്തില്‍, വിഷ്വലുകളടക്കം ന്യൂസ് മലയാളം ചാനല്‍ ബ്രേക്ക് ചെയ്തു. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് ഫ്രാഞ്ചൈസിയായ കെല്‍ട്രോ എന്ന സ്ഥാപനത്തില്‍, ജീവനക്കാരെ കഴുത്തില്‍ ചങ്ങല കെട്ടി നായ്ക്കളെപ്പോലെ നടത്തുന്നതിന്റെയും, അടിവസ്ത്രത്തില്‍ നിറുത്തുന്നതിന്റെയും വിഷ്വലുകള്‍ നമ്മള്‍ ഞെട്ടലോടെ കണ്ടു. ഇവിടെയിതൊന്നും നടക്കില്ല എന്നുള്ള ബോധ്യങ്ങള്‍ ദൃശ്യങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നു വീണു. നിലവില്‍ അവിടെയുള്ള ജീവനക്കാരില്‍ ചിലര്‍ വന്നു അവിടെ പീഡനമില്ലെന്നു പറഞ്ഞു. തൊഴിലിടത്തെ പീഡനം സഹിക്കാനാകാതെയാണ് കെല്‍ട്രോയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശി സുബീഷ് ജീവനൊടുക്കിയതെന്ന വെളിപ്പെടുത്തലുമായി അമ്മ സിന്ധു രംഗത്തെത്തി. ടാര്‍ഗറ്റ് അച്ചീവ് ചെയ്തില്ലെങ്കില്‍ ഉപ്പ് വച്ച് അതിന്മേല്‍ നിര്‍ത്തിക്കുക, മുട്ടിലിഴയിക്കുക, ഷൂ പോളിഷ് ചെയ്യിക്കുക കൂടാതെ ശിക്ഷയുടെ ഭാഗമായി, ജോലി ചെയ്യുന്ന ആണ്‍കുട്ടികളുടെ അടിവസ്ത്രം കഴുകേണ്ടി വന്നിട്ടുണ്ടെന്നും ബ്രഷ് ഇല്ലാതെ കൈ ഉപയോഗിച്ച് ക്ലോസറ്റ് വൃത്തിയാക്കേണ്ടി വന്നിട്ടുണ്ടെന്നും തിരുവനന്തപുരം സ്വദേശിനിയായ യുവതി പറഞ്ഞതായി ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു. സ്വാഭാവികമായും മറ്റ് മാധ്യമങ്ങളും അതേറ്റെടുത്തു. മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.

എന്ത് കൊണ്ടാണ് ഈ വാര്‍ത്ത നമ്മളില്‍ പലര്‍ക്കും ഞെട്ടലുണ്ടാക്കിയത് എന്നറിയാമോ? ഒരുപാട് കാരണങ്ങളുണ്ട്, വിശദമായി പറയാം. റിസര്‍വ് ബാങ്കിന്റെ 2022 ലെ കണക്കുകളനുസരിച്ചു ദിവസ വേതനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കേരളമാണ്. നിര്‍മ്മാണ മേഖലയിലെ ഒരു ദിവസ വേതനക്കാരന് കേരളത്തില്‍ ഒരു ദിവസം ലഭിക്കുന്നത് 837.3 രൂപയാണ്, രണ്ടാമത് 519 രൂപ ലഭിക്കുന്ന ജമ്മു & കശ്മീരും, മൂന്നാമത് 478 രൂപ ലഭിക്കുന്ന തമിഴ്നാടുമാണ്. മധ്യപ്രദേശില്‍ 267 രൂപയും, ഗുജറാത്തില്‍ 296 രൂപയും, മഹാരാഷ്ട്രയില്‍ 362 രൂപയുമാണ് തൊഴിലാളിക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇങ്ങോട്ടേക്ക് ഒഴുകുന്നതും. സ്വാഭാവികമായും കൂലി കുറവുള്ള സ്ഥലങ്ങള്‍ നിക്ഷേപര്‍ക്ക് താല്പര്യമുള്ളതായിത്തീരുന്നു. അതുകൊണ്ട് തന്നെ 72,000 കോടി രൂപയിലധികം വരുന്ന ഏറ്റവും ഉയര്‍ന്ന മൊത്ത സ്ഥിര മൂലധന രൂപീകരണം (GFCF) ഗുജറാത്ത് റിപ്പോര്‍ട്ട് ചെയ്തു, 69,900 കോടി രൂപയിലധികം വരുന്ന മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുമെത്തി. അതായത് ഇന്ത്യയില്‍ കൂലിപ്പണി ചെയ്തു ജീവിക്കുന്ന ഒരാള്‍ക്ക് ഏറ്റവുമധികം വേതനം കിട്ടുന്ന സ്ഥലമായി കേരളം മാറിയതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ആരും കനിഞ്ഞു തളികയില്‍ വച്ചു കൊണ്ട് വന്നു തന്നതല്ല, ഒരു ജനത സമരം ചെയ്തു പോരാടി നേടിയെടുത്തതാണ്.

work place harassment in kerala

ഇന്ന്, സമരം എന്ന് കേട്ടാല്‍ മുഖം ചുളിക്കുന്ന ഒരു വലിയ വിഭാഗം നമ്മുടെ നാട്ടിലുണ്ട്. നമ്മളെങ്ങിനെ ഇവിടെയെത്തി എന്ന അറിവില്ലായ്മ കൊണ്ടാണത്. ഇന്നീ കാണുന്ന കേരളമൊക്കെ ഉണ്ടാകുന്നതിനും മുന്‍പേയുള്ളസമരചരിത്രമാണ് നമ്മുടെ നാടിനുള്ളത്. പലപ്പോഴും അടിത്തട്ടില്‍ നിന്നാണ് മാറ്റത്തിനായുള്ള ശബ്ദമുയരുക.

വര്‍ഷം 1914, ഊരൂട്ടമ്പലത്തിലെ സ്‌കൂളില്‍ പഞ്ചമി എന്ന ദളിത് പെണ്‍കുട്ടിയെ അയ്യങ്കാളിയും കൂട്ടരും പ്രവേശിപ്പിച്ചു. ദലിത് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളില്‍ പ്രകോപിതരായ ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാര്‍ സ്‌കൂള്‍ കത്തിച്ചാണ് പ്രതിഷേധിച്ചത്. ഇതിനെത്തുടര്‍ന്ന്, ആദ്യത്തെ സംഘടിത തൊഴിലാളി സമരം നമ്മുടെ നാട് കണ്ടു; ദളിതന് അക്ഷരം പഠിക്കാന്‍ വേണ്ടി. ഞങ്ങളുടെ കുട്ടികളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നെല്‍വയലുകളില്‍ മുട്ടിപ്പുല്ലു മുളപ്പിക്കും എന്ന അയ്യങ്കാളിയുടെ പ്രസിദ്ധമായ പ്രഖ്യാപനത്തെ തുടര്‍ന്നാണ് തൊഴിലാളി സമരം ആരംഭിച്ചത്. 1913 ജൂണ്‍ മുതല്‍ 1914 മെയ് വരെ സമരം നീണ്ടു, തരിശ്ശു കിടന്ന പാടങ്ങള്‍ കൂടുകയും,ഇങ്ങനെ പോയാല്‍ സ്വന്തം അന്നം മുട്ടുകയും ചെയ്യും എന്ന സ്ഥിതിയായപ്പോള്‍, സവര്‍ണ്ണ മേധാവിത്വം തൊഴിലാളികള്‍ക്ക് മുന്നില്‍ മുട്ടു മടക്കി. നമ്മുടെ നാടിന്റെ സമരചരിത്രം പറഞ്ഞു തുടങ്ങേണ്ടത് ഇവിടുന്നാണെന്നു തോന്നുന്നു. നവോഥാനം ഉഴുതു മറിച്ച മണ്ണിലാണ് സമരത്തിന്റെ വിത്തുകള്‍ വീണത്, ആ നല്ല മണ്ണില്‍ അത് നൂറു മേനിയായി വിളഞ്ഞു.

വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ച ബ്രിട്ടനിലാണ് ആദ്യം ട്രേഡ് യൂണിയന്‍ നിലവില്‍ വന്നത്. ആദ്യം അവയെ ക്രിമിനല്‍ സംഘങ്ങളായാണ് മുതലാളിമാര്‍ കണ്ടിരുന്നത്. വ്യാവസായിക വിപ്ലവത്തിന്റെ അലകള്‍ ബ്രിട്ടീഷ് ഇന്ത്യയിലും എത്തിയിരുന്നു. 1890 കളില്‍ കല്‍ക്കട്ടയിലെ കോട്ടണ്‍ മില്ലുകളില്‍ നടന്ന സമരങ്ങളെത്തുടര്‍ന്നാണ് ഇന്ത്യയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് തുടക്കമായത്. കേരളത്തില്‍, ആലപ്പുഴയിലെ കയര്‍ വ്യവസായശാലകളിലാണ് ഏറ്റവുമധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. കേരളത്തിലെ ട്രേഡ് യൂണിയന്റെ ആദ്യ രൂപങ്ങളും അവിടെയാണ് ഉദയം ചെയ്തത്. മുതലാളിമാര്‍ നിയമിക്കുന്ന മേസ്തിരി അഥവാ മൂപ്പന്‍ ആയിരുന്നു ഫാക്ടറിയിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധിത പിരിവും ഇവരില്‍ പലരും നടത്തിയിരുന്നു. പായ നെയ്ത്തുകാരനായ ഒരു സാധുതൊഴിലാളിയെ മര്‍ദിച്ചകമ്പനി മാനേജരെ വാടപ്പുറം ബാവയെന്ന (പി.കെ. ബാവ) തൊഴിലാളി ഖരാവോ ചെയ്തു. പി.കെ. ബാവ ഒരു പോംവഴി തേടി 1920 മാര്‍ച്ച് 15ന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ എത്തിയ ശ്രീനാരായണ ഗുരുവിനെ സമീപിച്ചു. ‘തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക, ആ സംഘത്തിന്റെ ശക്തിയില്‍ അവര്‍ കരുത്തുള്ളവരും സ്വതന്ത്രരും ആകട്ടെ’ എന്നാണ് ഗുരു പറഞ്ഞത്. തുടര്‍ന്ന് ബാവ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ തുടങ്ങി, ഇതില്‍ നിന്ന് പിന്തിരിയുന്നതിനായി,ഒറ്റു കൊടുക്കുന്നതിനായി വാടപ്പുറം ബാവക്ക് പാരിതോഷികമായി ഒരു കയര്‍ കമ്പനിവരെ നല്‍കാമെന്ന് വാഗ്ദാനമെത്തി. പക്ഷെ ബാവ അതിലൊന്നും വീഴാതെ മുന്നോട്ട് പോയി.

ആലപ്പുഴ ആറാട്ടുവഴിക്കുസമീപമുള്ള എമ്പയര്‍ കയര്‍ വര്‍ക്‌സിലെ മുന്നൂറോളം തൊഴിലാളികളെ വിളിച്ചുകൂട്ടി അവിടത്തെ മൂപ്പനായിരുന്ന ബാവ ആദ്യത്തെ ട്രേഡ് യൂണിയന്‍ സ്ഥാപിച്ചു. 1922 മാര്‍ച്ച് 31ന് ആലപ്പുഴ പട്ടണത്തിലെ പ്രശസ്തമായ കളപ്പുര ക്ഷേത്രത്തിന് സമീപം കേരളത്തിലെ ആദ്യ തൊഴിലാളി സംഘടന രൂപം കൊണ്ടു. ഗുരുവിന്റെ ശിഷ്യന്‍ സത്യവ്രത സ്വാമി യോഗസ്ഥലത്തെത്തി, ”ഇന്നിവിടെ രൂപംകൊള്ളുന്ന തൊഴിലാളി പ്രസ്ഥാനം ലോക പ്രശസ്ത സംഘമായി വളര്‍ന്ന് അഭിവൃത്തി പ്രാപിക്കട്ടെ” എന്ന ഗുരു നല്‍കിയ സന്ദേശമറിയിച്ചു. അങ്ങനെ വാടപ്പുറം ബാവ സ്ഥാപക സെക്രട്ടറിയായി ലേബര്‍ യൂണിയന്‍ ജന്മം കൊണ്ടു. പിന്നീട് ബ്രിട്ടീഷ് ഉടമസ്ഥതയിലായിരുന്ന കമ്പനികളായ വോള്‍കാട്ട് ബ്രദേഴ്സ്, ഡേറാസ്മെയില്‍, വില്യം ഗുഡേക്കര്‍, ആസ്പിന്‍ വാള്‍, പിയേഴ്സ് ലെസ്ലി എന്നീ കയര്‍ കമ്പനികളിലെ തൊഴിലാളികളെ ഉള്‍പ്പെടുത്തി മാസങ്ങള്‍ക്കകം സംഘടന വിപുലീകരിക്കുകയും, പേര് തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍എന്നാക്കി മാറ്റുകയും ചെയ്തു. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷനിലൂടെയാണ് പി. കൃഷ്ണപിള്ള, ആര്‍. സുഗതന്‍, കെ.വി. പത്രോസ്, ടി.വി. തോമസ്, പി. കേശവദേവ്, കെ.കെ. കുഞ്ഞന്‍ തുടങ്ങിയവര്‍ട്രേഡ് യൂണിയന്‍ നേതാക്കളായത്. പിന്നീട് സംഘടന ഇടത് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി.

trade union strike

ഇങ്ങനെ വളരെ ശക്തമായ തൊഴിലാളി സംഘടനകളുണ്ടായിരുന്നത് കൊണ്ടും, അവര്‍ സജീവമായി തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നത് കൊണ്ടുമൊക്കെയാണ് രാജ്യത്തെ ഏറ്റവുമുയര്‍ന്ന വേതനം എന്നൊക്കെയുള്ള നേട്ടങ്ങളിലേക്ക് കേരളമെത്തിയത്. പോകെപ്പോകെ പലരും ഈ സമരചരിത്രങ്ങള്‍ മറന്നു. സിനിമയും പല മാധ്യമങ്ങളും, അവയുടെ മൂലധന താല്പര്യങ്ങളും ചേര്‍ന്ന് സമരം എന്നതൊരു അശ്ലീലമാണെന്നും, ഇന്നാട്ടില്‍ നിന്ന് വികസനത്തിനെ ഓടിക്കാനിറങ്ങുന്ന ദുര്‍ഭൂതമാണ് ട്രേഡ് യൂണിയനുകള്‍ എന്നുമുള്ള ഒരു വ്യാജ ബോധ്യങ്ങള്‍ ഇവിടെ പ്രസരിപ്പിക്കുന്നതില്‍ വിജയിച്ചു. സമരങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിച്ചിരുന്നവരുടെ വരും തലമുറയെക്കൊണ്ട് പോലും, സമരം തെറ്റാണ് എന്ന് വിശ്വസിപ്പിക്കുന്നതില്‍ ഈ പ്രൊപ്പഗണ്ടകള്‍ വിജയിച്ചു. അവകാശങ്ങള്‍ പൊരുതി വാങ്ങിയ ഇടത് വലത് ട്രേഡ് യൂണിയനുകളെ വെറും ഗുണ്ടാസംഘങ്ങളായി കാണിക്കുന്ന വരവേല്‍പ്പ് പോലെയുള്ള സിനിമകള്‍ ആഘോഷിക്കപ്പെട്ടു. ഉപരി, മധ്യ വര്‍ഗ്ഗങ്ങള്‍ അവയെ ആഘോഷിച്ചു. മൊത്തത്തില്‍, രാഷ്ട്രീയം എന്നുള്ളത് തന്നെ ഒരശ്ലീലമാണ് എന്ന് പറയുന്നത് വരെയെത്തി കാര്യങ്ങള്‍. മക്കള്‍ രാഷ്ട്രീയത്തിലൊന്നും പെട്ട് ‘പിഴച്ചു പോകാതെ’ കരിയറിസ്റ്റുകളാകാന്‍ മാതാപിതാക്കള്‍ ആഗ്രഹിച്ചു. സത്യാനന്തര കാലഘട്ടത്തില്‍ കോടതിയും,കലാലയ രാഷ്ട്രീയം നിരോധിച്ചു ഈ അലകള്‍ക്കൊപ്പം നിന്നു.

സത്യത്തില്‍, ഏതെല്ലാം വഴിയാണ് മുതലാളിത്തം നമ്മളെ ബ്രെയിന്‍വാഷ് ചെയ്യുന്നത് എന്നതിനുദാഹരണമായിരുന്നു ഈ സംഭവങ്ങള്‍. സിനിമ ഉണ്ടാക്കിയ വ്യാജ ബോധ്യങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. തൊഴിലാളിയെ ചൂഷണത്തിന് വിട്ടു കൊടുത്തു മൂലധന നിക്ഷേപം സ്വീകരിക്കാതിരുന്ന കേരളം, നിക്ഷേപക സൗഹൃദമല്ലെന്ന് ആക്ഷേപിക്കപ്പെട്ടു. ഈ ആരോപണത്തിന് വലിയൊരു കാരണം, ബ്യൂറോക്രസിയും, ചുവപ്പുനാടയും ആയിരുന്നുവെങ്കിലും, കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ട കാരണം ട്രേഡ് യൂണിയന്റെ സാന്നിധ്യമായിരുന്നു. ഗ്ലോബലൈസേഷന് ശേഷം തൊണ്ണൂറുകളില്‍ വന്ന പുതു തൊഴിലുകളില്‍ ഇതിന്റെയൊക്കെ ഫലങ്ങള്‍ കണ്ടു തുടങ്ങി. ഇവയില്‍ ട്രേഡ് യൂണിയനുകളുടെ സാന്നിധ്യം കുറഞ്ഞു വന്നു.

ഈയൊരു പശ്ചാത്തലത്തില്‍ നിന്ന് കൊണ്ടായിരിക്കണം, പെരുമ്പാവൂരില്‍ എച്ച്പിഎല്‍- ല്‍ നടന്ന തൊഴില്‍ പീഡനത്തെ കാണേണ്ടത്. ഈ വാര്‍ത്ത പുറത്ത് വന്നു അല്‍പ്പസമയത്തിനുള്ളില്‍ തന്നെ അങ്ങോട്ടേക്കൊരു പ്രതിഷേധ പ്രകടനം നടത്തിയ സംഘടന സിഐടിയു ആയിരുന്നു എന്നത് മറന്നു കൂടാ. ഒരു നൂറ്റാണ്ടിലേറെക്കാലം കൊണ്ട്, ഇന്നാട്ടിലെ തൊഴിലാളി നേടിയെടുത്ത രാഷ്ട്രീയബോധ്യമായിരുന്നു അവിടെക്കണ്ടത്.2000 ന്ശേഷം ജനിച്ചവരില്‍, അതായത് നമ്മളിപ്പോള്‍ ജന്‍ സീയെന്നും, ജന്‍ ആല്‍ഫയെന്നും പറയുന്ന തലമുറ ”രാഷ്ട്രീയമെന്നാല്‍ അശ്ലീലം” എന്ന മുകളില്‍ പറഞ്ഞ പ്രചാരണ തന്ത്രങ്ങളുടെ മൂര്‍ദ്ധാന്യാവസ്ഥയില്‍ വളര്‍ന്നു വന്നവരാണ്. ഒരു ചുള്ളികൊമ്പായാല്‍ ഒടിക്കാം എന്നും ഒരു കെട്ട് ചുള്ളിക്കൊമ്പിനെ അങ്ങിനെ ഒടിക്കാനാവില്ല എന്നുമുള്ള സംഘടനയുടെ പ്രാഥമിക പാഠങ്ങള്‍ അവര്‍ക്ക് ചുറ്റുപാട് നിന്നാരും, മാതാപിതാക്കളോ ആരും പറഞ്ഞു കൊടുത്തിരുന്നുമില്ല. പകരം വ്യക്തിപരമായ വിജയം, കരിയറിലെ വിജയം, എന്ന ആശയങ്ങള്‍ പ്രചുര പ്രചാരം നേടി. തല്‍ഫലമായി തൊഴിലാളി സംഘടനകള്‍ കുട്ടികള്‍ക്കും കുട്ടികള്‍ തൊഴിലാളി സംഘടനകള്‍ക്കും അപരമായി മാറി. ഇതിന്റെയൊക്കെ ആകെത്തുക എന്തായിത്തീരും എന്നതാണ് നമ്മള്‍ പെരുമ്പാവൂരില്‍ കണ്ടത്. തങ്ങളെ ചൂഷണം ചെയ്യുന്ന സംവിധാനത്തിന് അനുകൂലമായി, ചൂഷണവിധേയരായ കുട്ടികളെക്കൊണ്ട് തന്നെ അവര്‍ സംസാരിപ്പിച്ചു. ഈ വാര്‍ത്ത വന്നപ്പോള്‍ എന്തിനവിടെ നില്‍ക്കണം, ഇറങ്ങിപ്പോരണം എന്ന് കമെന്റ് ബോക്‌സില്‍ വന്നു മുറവിളി കൂട്ടിയവരുണ്ട്. ഓര്‍ക്കുക, ഞാനും നിങ്ങളും, മാധ്യമങ്ങളും എല്ലാമടങ്ങിയ പൊതുസമൂഹമാണ്, പ്രതിഷേധം തെറ്റാണെന്നും, ട്രേഡ് യൂണിയന്‍ അവസരങ്ങളില്ലാതാക്കും എന്നൊക്കെ ചെറുതിലേ പ്രത്യക്ഷമായും പരോക്ഷമയും പറഞ്ഞു കൊടുത്തു കുട്ടികളെ പ്രതികരിക്കാത്തവരാക്കി മാറ്റിയത്.

ഇത്രയുമായിട്ടും മാധ്യമങ്ങളും സിനിമകളും പലപ്പോളും പൂര്‍വാധികം ശക്തമായി തൊഴിലാളി വിരുദ്ധ നിലപാടുകള്‍ തുടര്‍ന്നു. അതിനെന്നും ഇവിടെ കാഴ്ചകാരുണ്ടായിരുന്നു എന്നുള്ളതാണ്. ഈയടുത്തിടെ വലിയ വിജയം നേടിയ, ബേസില്‍ ജോസഫ് നായകനായ പൊന്മാന്‍ എന്ന സിനിമ നോക്കുക. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ മുതല്‍ ബേസില്‍ അവതരിപ്പിച്ച അജേഷ് എന്ന കഥാപാത്രത്തിനുള്ള വാഴ്ത്തുപാട്ടായിരുന്നു സോഷ്യല്‍ മീഡിയയിലധികവും. സിനിമയില്‍ തന്റെ മുതലാളിയുടെ മകന്റെ കയ്യില്‍ നിന്ന് അജേഷ് അടി വാങ്ങുന്ന ഒരു രംഗമുണ്ട്, അടി കിട്ടിയാലെന്താ, രണ്ട് ദിവസം സാവകാശം കിട്ടിയല്ലോ എന്ന് പറയുന്ന കഥാപാത്രം. ഓര്‍ക്കണം, 1980 ല്‍ അങ്ങാടി എന്ന സിനിമയില്‍, തൊഴിലാളിയെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയന്റെ കഥാപാത്രത്തിലൂടെ ടി ദാമോദരന്‍ പറഞ്ഞ ഡയലോഗ് ‘Maybe we are poor, coolies, trolley-pullers. But we are not beggars!’ എന്നായിരുന്നു. പൊന്മാനില്‍ മാരിയാനോയുടെ സംഭാഷണമുണ്ട്, കെട്ടീന്ന് ചെമ്മീനെടുത്താല്‍, ആദ്യം ദൈവമറിയും, പിന്നെ മുതലാളിയറിയും, പണി പോകുമ്പോ ഞാനുമറിയും. ദൈവത്താല്‍ ബന്ധിതമായ ഒരു സംവിധാനം! ”ചിലര്‍ അടിമകളാണ്, മറ്റ് ചിലര്‍ ഉടമകളും, അതൊരു ദൈവിക നിയമമാണ്.” ഒരുപാട് കാലം അടിമത്തത്തിനു സാധൂകരണമായി പലരും പറഞ്ഞ ഈ ആശയം ആ രംഗത്തില്‍ നല്ല ഭംഗിയായി വരുന്നു. അങ്ങാടിയില്‍ സ്വന്തം തലയുയര്‍ത്തി ഞങ്ങള്‍ തെണ്ടികളല്ല, എന്ന് സിനിമയില്‍ പറഞ്ഞതൊഴിലാളി, പതിറ്റാണ്ടുകള്‍ക്ക് ശേഷം സിനിമയില്‍ തൊഴിലുടമയുടെ കയ്യില്‍ നിന്ന് അടി വാങ്ങി, അനുസരണയോടെ നില്‍ക്കുന്നവനായും, ദൈവം അറിയുന്നത് മുതലാളി അറിയും എന്നും പറയുന്നവനായും വെള്ളിത്തിരയില്‍ വരുന്നു.

basil joseph-ponaman movie

ജി ആര്‍ ഇന്ദുഗോപന്റെ, നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിനെ ആസ്പദമാക്കി വന്ന ചിത്രമാണ് പൊന്മാന്‍. യഥാര്‍ത്ഥ സംഭവവുമായി ബന്ധമുള്ള കഥയാണ്.തന്റെ ജോലിയുടെ ഭാഗമായി സ്വര്‍ണ്ണം തിരികെ വാങ്ങാന്‍ പോകുന്ന ചെറുപ്പക്കാരന്‍ കാണാതാകുന്നു, പിന്നീടിന്നു വരെ അയാളെക്കുറിച്ച് യാതൊരു വിവരവുമില്ല, അയാള്‍ ജീവനോടെയുണ്ടോ എന്ന് പോലുമറിയില്ല. ഈ സംഭവത്തെ ഡെവലപ്പ് ചെയ്‌തെടുത്തതാണ് നോവല്‍. സീ, തൊഴിലിനോടുള്ള മുടിഞ്ഞ ആത്മാര്‍ത്ഥത കാരണം, ഇറങ്ങിപ്പുറപ്പെട്ട ഒരു ചെറുപ്പക്കാരന്‍ കാണാതായ ഒരു സംഭവമാണ്. ജീവനോടെയുണ്ടോ എന്ന് പോലുമറിയില്ല. സിനിമയില്‍ പക്ഷെ, ഇങ്ങനെ ജീവന്‍ അപകടത്തിലാക്കിയും പണിയെടുക്കുന്ന അജേഷ്, ധീരനായ നായകനാണ്. അജേഷാണ് തൊഴിലാളി, ഇങ്ങനെയാവണം തൊഴിലാളി എന്ന നിലയില്‍ അജേഷിനെയും തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന കളക്ഷന്‍ ഏജന്റുമാരെയും കണക്ട് ചെയ്തു സമൂഹമാധ്യമങ്ങളില്‍ വാഴ്ത്തുപാട്ടുകള്‍ ഇറങ്ങി. അടി കിട്ടുമ്പോള്‍ തടുക്കാതെ, അത് വാങ്ങിയിരിക്കുന്ന അജീഷിനെപ്പോലെ മുതലാളിഭക്തിയുണ്ടാവണം തൊഴിലാളിക്ക് എന്നല്ലാതെ എന്താണീ സിനിമ ഒരു തൊഴിലാളിയോട് പറയുന്നത്. ഇടതുപക്ഷത്തെ മൊത്തത്തിലും, അതിലെ പ്രവര്‍ത്തകനെ, ഒരു പണിക്കും പോകാത്തവനായും ചിത്രീകരിച്ചു അത്രമേല്‍ അപഹസിക്കുന്നുണ്ട് സിനിമ. അറിഞ്ഞോ അറിയാതെയോ, മുതലാളിത്ത ചൂഷണത്തിന് വിടുപണി ചെയ്തു കൊടുക്കുന്ന ഇത്തരം സിനിമകള്‍ ആഘോഷിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ തൊഴിലാളിയെ കഴുത്തില്‍ തുടലിട്ട് നടത്തിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ എന്ന് തോന്നുന്നു.

ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ എളുപ്പവഴികളൊന്നുമില്ല. കേന്ദ്ര തൊഴില്‍ വകുപ്പിന്റെ കണക്കുകളനുസരിച്ചു 90 % തൊഴിലാളികളും അസംഘടിത മേഖലയിലാണ്. സമരങ്ങളുടെ കാര്യം പറയുമ്പോള്‍, പഴയ കാലത്ത് നടക്കുമായിരുന്നു, ഇപ്പോളിതൊന്നും നടക്കില്ല എന്ന് പറയുന്ന ചില ‘നിഷ്‌കളങ്കരുണ്ട്’, അവരോട് 2023 ല്‍ മുതലാളിത്തതിന്റെ വാഗ്ദത്തഭൂമിയായ യു എസില്‍ നടന്ന ഒരു സമരത്തെക്കുറിച്ച് പറയാം. ഒരു ഭാഗത്ത് പതിറ്റാണ്ടുകള്‍ ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായിരുന്ന, ജനറല്‍ മോട്ടോര്‍സ്, ഫോര്‍ഡ്, സ്റ്റെല്ലാന്റിസ് എന്നിവരായിരുന്നു, മറുഭാഗത്ത് യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ് എന്ന തൊഴിലാളി സംഘടനയും. 46 ദിവസത്തെ പണിമുടക്കിനൊടുവില്‍ ആവശ്യങ്ങള്‍ നേടിയെടുത്ത്, കരാറുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെയാണ് സമരത്തിന് അവസാനമായത്. കാലമൊരുപാടായെങ്കിലും തൊഴിലാളികളോട് സംഘടിക്കാന്‍ മാര്‍ക്‌സ് പറഞ്ഞതിന് പ്രസക്തി കൂടുന്നതല്ലാതെ, കുറയുന്നില്ല.

trade union strikes

ഇരുട്ടി വെളുക്കുമ്പോള്‍ ചൂഷണം ചെയ്യപ്പെടുന്ന ആളുകള്‍ സംഘടിക്കണം എന്നില്ല. സംഘടിക്കാന്‍ പഠിക്കേണ്ടതുണ്ട്. കുട്ടികള്‍ അങ്ങനെ പഠിച്ചു വന്നൊരു കാലം കേരളത്തിനുണ്ടായിരുന്നു. സംഘടിക്കാനുള്ള വിദ്യാര്‍ത്ഥിയുടെ അവകാശം തല്ലിയുടച്ചു കളഞ്ഞത് 2003ല്‍ എ കെ ആന്റണി മന്ത്രിസഭയുടെ സ്‌കൂള്‍ രാഷ്ട്രീയ നിരോധനമായിരുന്നു. സ്‌കൂളുകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. രാഷ്ട്രീയം ഇറങ്ങിപ്പോയിടത്തേക്ക്, ജാതി, മത സംഘടനകള്‍ വിദ്യാലയങ്ങളില്‍കയറി വന്നെന്നും തന്റെ തീരുമാനം തെറ്റായിരുന്നുവെന്നും പതിറ്റാണ്ടിന് ശേഷം 2015 ല്‍ എ കെ ആന്റണി കുമ്പസാരം നടത്തി. അപ്പോളേക്കും വൈകിപ്പോയിരുന്നു. സോജന്‍ ഫ്രാന്‍സിസ് കേസില്‍ ക്യാമ്പസ്സില്‍ രാഷ്ട്രീയം നിരോധിക്കാന്‍ മാനേജ്‌മെന്റിനു അധികാരമുണ്ടെന്നു പറഞ്ഞ കോടതി അരാഷ്ട്രീയതയ്ക്ക് വളം വച്ചു കൊടുത്തെങ്കില്‍, 2006 ലെ ക്യാമ്പസ് രാഷ്ട്രീയ നിരോധനത്തോടെ അവകാശബോധം കുട്ടികളിലുണ്ടാക്കുന്ന സംഘടനാ സംവിധാനങ്ങളെ നീതിന്യായ വ്യവസ്ഥ, കുഴി വെട്ടി മൂടി. കലാലയങ്ങളില്‍ സമരവും രാഷ്ട്രീയവും വേണ്ട എന്ന് 2017 ലും ആവര്‍ത്തിച്ച ഹൈക്കോടതി, 2024 ആയപ്പോളേക്കും യാഥാര്‍ഥ്യബോധത്തിലേക്കെത്തുകയും ”കലാലയ രാഷ്ട്രീയം നിരോധിക്കാനാകില്ലെന്നും അതിലെ മോശം പ്രവണതകളാണ് തടയേണ്ടതെന്നും” പരാമര്‍ശിക്കുകയും സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു. സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഖാദര്‍ കമ്മറ്റിയും സ്‌കൂളിലെ സംഘടനാ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതെയെക്കുറിച്ച് പറഞ്ഞിരുന്നു.

പെരുമ്പാവൂര്‍ സംഭവം, കേവലമൊരു കമ്പനിയും അവിടുത്തെ മുതലാളിയും തമ്മിലുള്ള പ്രശ്‌നമല്ല, ഒരു തൊഴിലുടമ മാത്രമല്ല കുറ്റവാളിയും. രാഷ്ട്രീയം = അക്രമം എന്ന സമവാക്യം പ്രചരിപ്പിച്ച, മാധ്യമങ്ങളും, സിനിമയും, ലവലേശം ഉത്തരവാദിത്തബോധമില്ലാതെ വിദ്യാലയങ്ങളിലെ സംഘടനാ സ്വാതന്ത്ര്യം നിരോധിച്ച ഭരണകൂടവും, പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിക്ക് പോലും കലാലയങ്ങളില്‍ രാഷ്ട്രീയമായിസംഘടിക്കാന്‍ അവകാശമില്ല എന്ന് നിലപാടെടുത്ത കോടതികളും കൂടിയാണ് പെരുമ്പാവൂര്‍ തൊഴില്‍ ചൂഷണത്തിലെ കുറ്റവാളികള്‍. അതുകൊണ്ട് തന്നെ തുടങ്ങേണ്ടത് കതിരില്‍ നിന്നല്ല, തൊഴില്‍ ചൂഷണം നടക്കുന്ന സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് പരിശോധനകളും കടുത്ത നടപടിയുണ്ടാകണം, അതോടൊപ്പം ഇനി വരുന്ന തലമുറയോട്, ചെറിയ കുട്ടികളോടടക്കം, നമ്മളൊക്കെ പണ്ട് പഠിച്ച, ഒരു ചുള്ളിക്കമ്പായാല്‍ ഒടിക്കാമെന്നും, ഒരു കെട്ട് ചുള്ളിക്കമ്പായാല്‍ ഓടിക്കാനാവില്ല എന്നുമുള്ള പഴയ കഥ പറഞ്ഞു കൊടുക്കാം. എം എന്‍ വിജയന്‍ മാഷൊക്കെ പറയുന്ന പോലെ എല്ലന്മാര്‍ സംഘടിച്ചാല്‍ മല്ലനായിത്തീരും എന്ന് മനസ്സിലാക്കിയാല്‍, മുതലാളിത്ത ചൂഷണം എന്ന ഗോലിയാത്തിനെ, തൊഴിലാളി കവണയില്‍ കല്ല് വച്ചു തലയ്ക്കടിച്ചോളും. നമ്മള്‍ ചെയ്യേണ്ടതിത്ര മാത്രമാണ്, കുട്ടികളില്‍ നിന്ന് കവര്‍ന്നെടുത്ത, അവരുടെ കൂട്ടം കൂടാനുള്ള സ്വാതന്ത്ര്യം തിരിച്ചു കൊടുക്കുക. അല്ലെങ്കിലും അവരുടെ ആകാശങ്ങളെ പാഴ്മുറം കൊണ്ടടയ്ക്കാന്‍ നമ്മളാരാണ്…  Workplace harassment in Kerala stems from the erosion of worker unity due to apolitical attitude

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary; Workplace harassment in Kerala stems from the erosion of worker unity due to apolitical attitude

അരുൺ എയ്ഞ്ചല

അരുൺ എയ്ഞ്ചല

മുന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×