നഗരത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന് കൂടുതൽ വിലക്കുകൾ വന്നു തുടങ്ങിയതിൽ ആശങ്ക വളരുന്നുണ്ട്
ബ്രിട്ടീഷ് മാധ്യമപ്രവർത്തകന് ഹോങ്കോങ് വിലക്കേർപ്പെടുത്തി. ഫിനാൻഷ്യൽ ടൈംസ് മാധ്യമപ്രവർത്തകൻ വിക്റ്റർ മല്ലറ്റിനാണ് വിലക്ക്. ഇദ്ദേഹത്തിന്റെ വൽക്കിങ് വിസ പുതുക്കി നൽകാൻ ഒക്ടോബർ മാസത്തിൽ ഹോങ്കോങ് വിസമ്മതമറിയിച്ചിരുന്നു. ഇതിനു ശേഷം ഹോങ്കോങ്ങിലേക്ക് ഒരു സന്ദർശകനായി എത്തിച്ചേരാൻ മല്ലറ്റ് ശ്രമിക്കവെയാണ് രാജ്യത്തേക്ക് കടക്കുന്നത് വിലക്കിയുള്ള അറിയിപ്പ് വന്നത്.
മല്ലറ്റിനെ വിലക്കിയതിന്റെ കാരണം ഹോങ്കോങ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു ഹോങ്കോങ് സ്വാതന്ത്ര്യ പ്രവർത്തകന്റെ പ്രസ് ക്ലബ്ബ് പരിപാടി സംഘടിപ്പിക്കാൻ മല്ലറ്റ് മുന്നിട്ടിറങ്ങിയതിൽ അധികൃതർക്ക് ഇദ്ദേഹത്തോട് എതിർപ്പ് വളർന്നിരുന്നതായാണ് വിവരം.
നഗരത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന് കൂടുതൽ വിലക്കുകൾ വന്നു തുടങ്ങിയതിൽ ആശങ്ക വളരുന്നുണ്ട്. എന്നാൽ മല്ലറ്റിനെ വിലക്കിയതിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമൊന്നുമില്ലെന്നാണ് സുരക്ഷാ മന്ത്രി ജോണ്‍ ലീ പറയുന്നത്. എന്നാൽ എന്താണ് കാരണമെന്ന് വ്യക്തമാക്കാനും അദ്ദേഹം തയ്യാറായില്ല. ഇമിഗ്രേഷൻ പോളിസി സംബന്ധിച്ച കാര്യങ്ഹളുടെ രഹസ്യാത്മകത നിലനിർത്താനും മുൻവിധികളൊഴിവാക്കാനുമാണ് ഇതെന്നാണ് മന്ത്രി പറയുന്നത്.
ആംനെസ്റ്റി ഇന്റർനാഷണൽ ഈ പ്രശ്നത്തിൽ ഹോങ്കോങ്ങിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിൽ മാധ്യമസ്വാതന്ത്ര്യത്തെ സംബന്ധിച്ച ഒരു അപകട സൂചനയാണ് മല്ലറ്റിനെ തടഞ്ഞ സംഭവമെന്ന് ആംനെസ്റ്റി ആരോപിച്ചു.