മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയെ കാണാനില്ല. ഇസ്താംബൂളിലെ സൗദി കോൺസുലേറ്റ് സന്ദർശിച്ചതിനു ശേഷം ഇദ്ദേഹം തിരികെ വന്നില്ലെന്നാണ് വിവരം. തങ്ങളുടെ കോളമിസ്റ്റ് കൂടിയായ ജമാലിന്റെ തിരോധാനത്തിൽ വാഷിങ്ടൺ പോസ്റ്റ് കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. തങ്ങളുടെ പിന്റ്-ഓൺലൈൻ എഡിഷനുകളില്‍ കോളം ഒഴിച്ചിട്ടാണ് വാഷിങ്ടൺ പോസ്റ്റിന്റെ പ്രതിഷേധം.
ചൊവ്വാഴ്ചയാണ് ജമാൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലേക്ക് ചെന്നത്. ഉച്ചയോടെ അകത്തേക്ക് പോയ ജമാൽ പിന്നീട് തിരിച്ചു വരികയുണ്ടായില്ല. പുറത്ത് ജമാലിന്റെ പ്രതിശ്രുതവധു ഹാറ്റിസ് സെംഗിസ് അദ്ദേഹത്തെ കാത്തു നിൽപ്പുണ്ടായിരുന്നു. അർധരാത്രിയോളം ഇവർ കാത്തു നിന്നിട്ടും ജമാൽ തിരിച്ചെത്തിയില്ല.
ഒരു വിവാഹമോചന ഹർജി സമർപ്പിക്കാനാണ് ജമാൽ കോൺസുലേറ്റിലേക്ക് പോയത്. തനിക്ക് സുരക്ഷാ ആശങ്കകളുള്ളതായി ജമാൽ പറഞ്ഞിരുന്നതായി വിവരമുണ്ട്. തുർക്കി പറയുന്നതു പ്രകാരം ജമാൽ കോൺസുലേറ്റിനുള്ളിൽ തന്നെയുണ്ട്. എന്നാൽ സൗദി ഉദ്യോഗസ്ഥർ പറയുന്നത് ജമാൽ കോൺസുലേറ്റ് വളപ്പ് വിട്ടു പോയെന്നാണ്. തുർക്കിക്ക് കോൺസുലേറ്റിൽ പരിശോേധന നടത്താമെന്ന് സൗദി അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
അറബ് ലോകത്തു നിന്നുള്ള ഏറ്റവും പ്രമുഖരായ മാധ്യമപ്രവർത്തകരിൽ ഒരാളാണ് ജമാൽ ഖഷോഗ്ഗി. സൗദി അറേബ്യയുടെ കടുത്ത വിമർശകൻ കൂടിയാണിദ്ദേഹം. രാജ്യത്തിന്റെ കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനെ ധിക്കരിച്ച് നിലപാടെടുത്തിട്ടുള്ള ജമാലിനെ സൗദി നോട്ടമിട്ടിരുന്നുവെന്നാണ് സൂചന.
സൗദി ഭരണകൂടത്തിന്റേത് ചെറിയ വിമര്‍ശനങ്ങളോടു പോലുമുള്ള അസഹിഷ്ണുത: ജമാൽ ഖഷോഗി
‘എവിടെ ജമാൽ ഖഷോഗ്ഗി?’ എന്ന തലക്കെട്ടിൽ വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ ജമാൽ വെറുമൊരു കമന്റേറ്റർ മാത്രമായിരുന്നില്ലെന്ന് പറയുന്നുണ്ട്. സൗദി രാജകുടുംബ വൃത്തങ്ങളുമായി അടുത്ത ബന്ധമുള്ള അദ്ദേഹത്തിന് രാജകുടുംബം എന്ത് ചിന്തിക്കുന്നുവെന്നതിനെ കുറിച്ച് മറ്റാരെക്കാളും ധാരണയുണ്ടായിരുന്നെന്നും എഡിറ്റോറിയൽ പറഞ്ഞു. കഴിഞ്ഞ വർഷം കിരീടാവകാശിയായി മാറിയ മൊഹമ്മദ് ബിൻ സൽമാനെയാണ് ജമാലിന്റെ വിമർശനങ്ങള്‍ ഏറെ അസഹിഷ്ണുവാക്കിയിരുന്നതെന്നും എഡിറ്റോറിയൽ പറയുന്നു.
എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നതാണ് സൗദി കിരീടാവകാശിയുടെ രീതിയെന്നും ബ്ലോഗർമാരും മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരുമെല്ലാം ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ടെന്നും വാഷ്ങ്ടൺ പോസ്റ്റ് വിമർശനമുന്നയിച്ചു. ഡ്രൈവ് ചെയ്യാനുള്ള അവകാശത്തിനു വേണ്ടി പോരാടിയ സ്ത്രീകളെ ജയിലിലടച്ചതും സൽമാൻ രാജകുമാരനാണ്. ഡ്രൈവ് ചെയ്യാനുള്ള അവകാശം നൽകിയിട്ടും അവർക്ക് ശിക്ഷ അനുഭവിക്കേണ്ടി വരുന്ന കാര്യവും പത്രം ചൂണ്ടിക്കാട്ടി.
സൗദി സമാനമായ പ്രവർത്തനങ്ങൾ നേരത്തെയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ ലെബനീസ് പ്രധാനമന്ത്രി സാദ് ഹരീരി സൗദി അറേബ്യൻ സന്ദർശന വേളയിൽ രാജി വെച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇദ്ദേഹത്തെ സൗദി ഭീഷണിപ്പെടുത്തി രാജി വെപ്പിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഹരീരി സ്വന്തം രാജ്യത്ത് തിരിച്ചെത്തിയപ്പോൾ രാജി പിൻവലിക്കുകയും ചെയ്തിരുന്നു.
ബിൻ സൽമാൻ രാജകുമാരന്റെ ഏകാധിപത്യം
ഏകാധിപത്യ പ്രവണതകളുള്ളയാളാണ് ബിൻ സൽമാൻ രാജകുമാരനെന്ന് വ്യാപകമായ വിമർശനങ്ങളുണ്ട്. രാജകുമാരൻ തന്നെ അധ്യക്ഷനായി നിയമിക്കപ്പെട്ട ഒരു അഴിമതി വിരുദ്ധ കമ്മറ്റി മുഖാന്തിരമാണ് ആദ്യത്തെ വെട്ടിനിരത്തലുകൾ നടന്നത്. സല്‍മാന്റെ എതിരാളികളായ രാജ്യത്തെ പ്രമുഖര്‍ പലരും ഈ വെട്ടിനിരത്തലിൽ വീണു. രാജാവ് അബ്ദുള്ളയുടെ മകനും നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയുള്ള മന്ത്രിയുമായിരുന്ന മിതെബ് ബിന്‍ അബ്ദുള്ള രാജകുമാരനാണ് ഇവരിലൊരാൾ. ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്നും നീക്കം ചെയ്തു. ശതകോടിശ്വരനായ അല്‍ വലീദ് ബിന്‍ തലാലിനെയും സൽമാൻ ജയിലിലടച്ചു. പുരോഗമനകാരിയായി അറിയപ്പെട്ടിരുന്ന വാലിദിന്റെ അറസ്റ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.
https://www.azhimukham.com/foreign-mafia-rule-in-saudi/
https://www.azhimukham.com/world-saudiarabia-transition-from-dynasty-to-dictatorship/
https://www.azhimukham.com/international-saudi-king-salman-sacks-two-ministers-more-power-to-binsalman/