June 04, 2026 |
Share on

അമിതമായി വണ്ണം വെച്ച് ലെബനൻ പൗരന്മാർ; ബോധവൽക്കരണത്തിന് സർ‍ക്കാർ രംഗത്ത്

ലെബനൻ‌ പൗരന്മാരില്‍ നല്ലൊരു ശതമാനവും മണിക്കൂറുകളോളം ടെലിവിഷൻ കാണുന്നവരോ വീഡിയോ ഗെയിമുകൾ കളിക്കുന്നവരോ ആണ്.

രാജ്യത്ത് വർദ്ധിച്ചുവരുന്ന അമിതവണ്ണത്തിന്റെ തോത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വലിയൊരു കാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് ലെബനന്‍ സര്‍ക്കാര്‍. അമിതഭാരവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉയർത്തിക്കാട്ടി ആരോഗ്യമന്ത്രി ജമിൽ ജബക്കാണ് ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ടുപ്രകാരം മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലുമായി ഏറ്റവും കൂടുതല്‍ അമിതഭാരമുള്ളവരുള്ള ആറാം സ്ഥാനത്താണ് ലബനന്‍. കുവൈറ്റ്, ജോർദാൻ, സൗദി അറേബ്യ, ഖത്തർ, ലിബിയ എന്നീ രാജ്യങ്ങളാണ് ലെബനന് മുകളിലുള്ളത്. ‘നിങ്ങളുടെ ആരോഗ്യത്തിന് ഇത്ര ഭാരം താങ്ങാന്‍ കഴിയില്ല; ഭാരം അല്‍പം കുറയ്ക്കുക’ എന്ന തലക്കെട്ടോടെ ആരംഭിച്ച കാമ്പയിന്‍ കുട്ടികളെയും ചെറുപ്പക്കാരേയുമാണ് കൂടുതല്‍ ലക്ഷ്യമിടുന്നത്.

പ്രമേഹം, രക്താതിമർദ്ദം, ഹൃദയ രോഗങ്ങൾ, ക്യാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ചും അവ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും വെളിച്ചം വീശുകയാണ് ലെബനൻ അധികൃതർ. ‘ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളുടെ എണ്ണത്തിലുണ്ടായ വർധനവും, കൊഴുപ്പു കൂടിയതും സംസ്കരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപഭോഗം കൂടിയതുമാണ് ലബനനില്‍ അമിതവണ്ണവുമായി ബന്ധപ്പെട്ട അവസ്ഥ കൂടുതല്‍ വഷളാക്കിയത്’ എന്ന് കാമ്പെയ്ൻ കോർഡിനേറ്റർ ഡോ. അക്രം ഷാത്തി പറയുന്നു.

ജീവിതശൈലിയിലെ മാറ്റങ്ങളും ഒരു പ്രാധാന ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. ലെബനൻ‌ പൗരന്മാരില്‍ നല്ലൊരു ശതമാനവും മണിക്കൂറുകളോളം ടെലിവിഷൻ കാണുന്നവരോ വീഡിയോ ഗെയിമുകൾ കളിക്കുന്നവരോ ആണ്. 20 വയസ്സിനും അതിനു മുകളിലുമുള്ള ആളുകളിലെ അമിതവണ്ണത്തിന്റെ നിരക്ക് 20 മുതൽ 28 ശതമാനം വരെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ലെബനനിലെ എൻ‌ഡോക്രൈനോളജിസ്റ്റുകൾ ചെറുപ്പക്കാരിൽ പ്രമേഹ നിരക്ക് വർദ്ധിക്കുന്നത് കണ്ടുതുടങ്ങിയിട്ടുണ്ട്. കാരണം അമിതവണ്ണമാണ്. ഹോർമോൺ, ജനിതക കാരണങ്ങൾ ഉണ്ടെന്നത് വസ്തുതയാണ്. എന്നാൽ മിഡിൽ ഈസ്റ്റിലെയും ജിസിസി രാജ്യങ്ങളിലെയും പൌരന്മാരുടെ ദൈനംദിന ജീവിതശൈലിയിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. കായികാദ്ധ്വാനത്തിന്റെ അഭാവമാണ് അതില്‍ പ്രധാനം’ ഷാത്തി കൂട്ടിച്ചേര്‍ത്തു. ലബനനില്‍ മുന്‍പും ഇത്തരം കാംബയിനുകള്‍ നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ഏത്രത്തോളം ഫലവത്തായി എന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ അമിതവണ്ണത്തെക്കുറിച്ചുള്ള കൂടുതൽ അവബോധം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. അമിതവണ്ണം മൂലമുണ്ടാകുന്ന സങ്കീർണതകളെ ഭയന്ന് ആളുകള്‍ സ്വയം ഡോക്ടര്‍മാരെ കാണാനുള്ള തീരുമാനമെടുക്കുന്ന അവസ്ഥവരെ ഉണ്ടാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×