June 18, 2026 |
Share on

കാണാതായ മൂന്ന് വയസ്സുകാരിയെ കണ്ടെത്തി; രാത്രി മുഴുവന്‍ കുട്ടിയ്ക്ക് കാവലിരുന്നത് വളര്‍ത്തു നായ

ഫാറ്റ് ഹീത് എന്ന നായ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹീറോയാണ്

കാണാതായ മൂന്ന് വയസ്സുകാരിയ്ക്ക് ഒരു രാത്രി മുഴുവന്‍ കാവലിരുന്ന യോര്‍ക്ക്‌ഷെയര്‍ ടെറിയര്‍ മനുഷ്യന്റെ ഏറ്റവുമടുത്ത സുഹൃത്ത് നായയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. അമേരിക്കയിലെ മിസൗറിയിലുള്ള മൂന്ന് വയസ്സുകാരി റെമി ഇലിയട്ടിനെയാണ് വ്യാഴാഴ്ച രാത്രി കാണാതായത്.

പോലീസും കുട്ടിയുടെ മാതാപിതാക്കളും വ്യാപകമായ തിരച്ചിലാണ് നടത്തി വന്നത്. വെള്ളിയാഴ്ച രാവിലെ ഒരു ചോള വയലില്‍ നിന്നും കുട്ടിയെ കണ്ടെത്തുമ്പോള്‍ അവളുടെ പ്രിയപ്പെട്ട വളര്‍ത്തു നായ ഒപ്പമുണ്ടായിരുന്നു. ഫാറ്റ് ഹീത് എന്ന നായ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹീറോയാണ്. മിസൗറി സ്‌റ്റേറ്റ് ഹൈവേ പെട്രോള്‍ ആണ് വ്യാഴാഴ്ച 8.30ഓടെ കുട്ടിയെ കാണാനില്ലെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. ഏകദേശം 12 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയതായി അവര്‍ തന്നെ അറിയിക്കുകയും ചെയ്തു.

കൊതുകു കടി ഏറ്റതൊഴിച്ചാല്‍ കുട്ടിയ്ക്ക് മറ്റ് പരിക്കുകളൊന്നുമില്ലെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവള്‍ അവളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണെന്ന് റെമിയുടെ അമ്മ അറിയിച്ചു. ഇപ്പോള്‍ ട്വിറ്ററില്‍ ഫാറ്റ് ഹീതിന് ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ഏപ്രിലില്‍ ഓസ്‌ട്രേലിയയിലും സമാനമായ സംഭവമുണ്ടായിരുന്നു. കാണാതായ മൂന്ന് വയസ്സുകാരിയ്‌ക്കൊപ്പം അന്നും വളര്‍ത്തു നായ ഒരു രാത്രി മുഴുവന്‍ കാവലിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×