ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ ലോക സാംസ്‌കാരികോത്സവം നടത്തിയതിനെ തുടര്‍ന്ന് നശിപ്പിക്കപ്പെട്ട യമുനാതടം പൂര്‍വസ്ഥിതിയിലാക്കണമെങ്കില്‍ 42 കോടി രൂപ ചെലവു വരുമെന്ന് വിദഗ്ധ സമിതി. 10 വര്‍ഷത്തെ സമയം കൊണ്ടു മാത്രമേ ഇവിടം പൂര്‍വസ്ഥിതിയിലാക്കാനും അതോടൊപ്പം ജൈവവ്യവസ്ഥ തിരികെ കൊണ്ടു വരാനും കഴിയൂ എന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഹരിത ട്രിബൂണലിന്റേയും പരിസ്ഥിതി സംഘടനകളുടേയും എതിര്‍പ്പിനെ മറികടന്ന് രവിശങ്കറും കൂട്ടരും യമുനാ തീരത്ത് പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പരിപാടിയുടെ ഉത്ഘാടകന്‍. ആയിരക്കണക്കിന് പേരാണ് അന്ന് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടി നടന്ന സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെങ്കില്‍ 28.7 കോടി രൂപയും ഇവിടുത്തെ ജൈവ ആവാസ വ്യവസ്ഥയുടെ പുനരധിവാസത്തിന് 13.3 കോടി രൂപയും ആവശ്യമായി വരുമെന്നാണ് ഏഴംഗ വിദഗ്ദ്ധ സംഘം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഏകദേശ കണക്ക് മാത്രമാണെന്നും ഇതിലും കൂടിയ ചെലവ് വരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞത് 10 വര്‍ഷം കൊണ്ടു മാത്രമേ ഇത് സാധ്യമാകൂ എന്നും റിപ്പോര്‍ട്ട് പറയുന്നു.
സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഉപയോഗിച്ചും സ്ഥലം സന്ദര്‍ശിച്ചുമാണ് കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി ശശി ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ഓഗസ്റ്റില്‍ സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍, പരിപാടിയെ തുടര്‍ന്ന് യമുനാ തടത്തിലെ മുഴുവന്‍ സ്വാഭാവിക ആവാസവ്യവസ്ഥയും ഇല്ലാതായെന്നും മരങ്ങള്‍, കുറ്റിച്ചെടികള്‍, പുല്ല് എന്നിവ മുഴുവന്‍ വെട്ടി മാറ്റുകയും സ്ഥലം നികത്തുകയും ചെയ്തെന്നും വ്യക്തമാക്കിയിരുന്നു. അതോടൊപ്പം, ജല ആവാസ വ്യവസ്ഥയും നശിപ്പിച്ചു. ഉറവകള്‍ മണ്ണിട്ട് അടച്ചു കളഞ്ഞതായും സമിതി കണ്ടെത്തിയിരുന്നു.
യമുനയുടെ ഇരു കരയിലുമായി 420 ഏക്കര്‍ സ്ഥലമെങ്കിലുമാണ് പരിപാടിയുടെ പേരില്‍ നശിപ്പിച്ചത് എന്നാണ് സമിതി പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. യമുനാ തടത്തിന്റെ സ്വാഭാവിക ഘടന മുഴുവനായി മാറിപ്പോയതായും ഇവിടുത്തെ പരിസ്ഥിതി മുഴുവനായി തകരാറിലായതായും സമിതി പറയുന്നു. രണ്ടു രീതിയില്‍ ഈ സ്ഥലം പുര്‍വ സ്ഥിതിയിലാക്കാനുള്ള നിര്‍ദേശങ്ങളാണ് സമിതി വച്ചിട്ടുള്ളത്. ഇവിടുത്തെ ചതുപ്പു നിലം പുന:സ്ഥാപിച്ചും വിവിധ ജല ഉറവകളെ തമ്മില്‍ ബന്ധിപ്പിച്ചുമുള്ളതാണ് ഒന്ന്. ജൈവ പുനരധിവാസത്തിന് ജല ആവാസ വ്യവസ്ഥ തിരികെ കൊണ്ടു വരണമെന്നും തണ്ണീര്‍ത്തടങ്ങളില്‍ വളരുന്ന സസ്യങ്ങളും മത്സ്യങ്ങളുമുള്‍പ്പെടെയുള്ളവയെ തിരികെ എത്തിക്കണമെന്നും സമിതി പറയുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക പരിപാടികളും സംഗീത പരിപാടികളുമാണ് യമുനാതടം നികത്തിയുള്ള ഈ വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്. ഇതിനായി വമ്പന്‍ സ്‌റ്റേജ് ഒരുക്കുക മാത്രമല്ല, പ്രധാന റോഡില്‍ നിന്ന് മണ്ണിട്ടു നികത്തി വേദി വരെ വാഹനങ്ങള്‍ എത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു. സൈന്യത്തെ ഉപയോഗിച്ച് യമുനയ്ക്ക് കുറുകെ താത്ക്കാലിക പാലവും നിര്‍മിച്ചിരുന്നു.
ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനും പരിപാടിക്ക് അനുമതി നല്‍കിയ ഡല്‍ഹ ഡവലപ്‌മെന്റ് അതോറിറ്റിയും ഈ തുക നല്‍കുമെന്നാണ് കരുതുന്നതെന്ന് യമുനാതടം ഇത്തരമൊരു പരിപാടിക്ക് തെരഞ്ഞെടുക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയ യമുനാ ജിയേ അഭിയാന്‍ സംഘടനയുടെ കണ്‍വീനര്‍ മനോജ് മിശ്ര പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തങ്ങള്‍ക്ക് കിട്ടുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കിയത് തങ്ങളെ അപമാനിക്കാനാണെന്ന നിലപാടാണ് ആര്‍ട്ട് ലിവിംഗിന്റേത്. തങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദ സംഘടനയാണെന്നും പരിസ്ഥിതിക്ക് തങ്ങള്‍ യാതൊരു കോട്ടവും വരുത്തിയിട്ടില്ലെന്നും യഥാര്‍ത്ഥത്തില്‍ വിവിധ പരിസ്ഥിതി സൗഹാര്‍ദ പദ്ധതികളിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അവര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. തങ്ങള്‍ ഗൂഡാലോചനയുടെ ഇരകളാണെന്നും സത്യം പുറത്തു വരുന്നതുവരെ പൊരുതുമെന്നും അവര്‍ പറയുന്നു.
പരിപാടിയുടെ പേരില്‍ ആഗോള തലത്തില്‍ തന്നെ തങ്ങള്‍ക്ക് പ്രശംസ ലഭിച്ചതായാണ് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, യുകെ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യെ മുതല്‍ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെ അഭിനന്ദന സന്ദേശങ്ങള്‍ അയച്ചവരില്‍ ഉള്‍പ്പെടുന്നു എന്ന് സംഘടന പറയുന്നു.