പഞ്ചാബിൽ നിന്നും ഓസ്ട്രേലിയയിലേക്ക് പോകുകയായിരുന്ന മൂന്ന് യുവാക്കളെ ഇറാനിൽ വെച്ച് കാണാതായതായി റിപ്പോർട്ട്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘമാണ് യുവാക്കളെ കടത്തിക്കൊണ്ട് പോയതെന്ന് ഇവരുടെ കുടുംബം ആരോപിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഹോഷിയാപൂർ സ്വദേശിയായ അമൃത്പാൽ സിങ്ങ്, നവാൻഷെഹർ സ്വദേശിയായ ജസ്പാൽ സിങ്ങ്, സംഗ്രൂർ സ്വദേശിയായ ഹുസൻപ്രീത് സിങ്ങ് എന്നിവരെയാണ് കാണാതായത്. യുവാക്കളുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് ഹോഷിയാർപൂരിൽ നിന്നുള്ള രണ്ട് ട്രാവൽ ഏജന്റുമാരായ ധീരജ് അത്വാൾ, കമൽ അത്വാൾ എന്നിവർക്കെതിരെ പഞ്ചാബ് പോലീസ് കേസെടുത്തിട്ടുണ്ട്. സെക്ഷൻ 143 , സെക്ഷൻ 318(4), സെക്ഷൻ 61(2) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇറാൻ വഴിയാണ് യുവാക്കൾ ഓസ്ട്രേലിയയിലേക്ക് പോയത്. മെയ് 11 മുതൽ 17 വരെ വീഡിയോ കോളിങ്ങിലൂടെയാണ് അവരുമായി ബന്ധപ്പെട്ടിരുന്നതെന്നും അവസാനം കാണുമ്പോൾ അവർ രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു കാണപ്പെട്ടതെന്നും കുടുംബം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. വീഡിയോ കോളിലൂടെ അവർ സഹായത്തിനായി അഭ്യർത്ഥിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. 19 ലക്ഷത്തിലധികം രൂപയാണ് മൂന്ന് പേരിൽ നിന്നും ഏജന്റുമാർ വാങ്ങിയിരുന്നത്. കഴിഞ്ഞ മാസം ഏപ്രിൽ ഒന്നിന് ജസ്പാൽ സിങ്ങ് ആണ് ആദ്യം ദുബായിലേക്ക് പോയത്. ഒരു മാസം കഴിഞ്ഞ് അമൃത്പാലും ഹുസൻപ്രീതും ദുബായിലേക്ക് പോവുകയായിരുന്നു. അവിടെ നിന്നും മൂവരെയും പ്രത്യേക വിമാനത്തിൽ ടെഹ്റാനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ടെഹ്റാനിൽ വെച്ച് അജ്ഞാതരായ ചിലർ യുവാക്കളെ സമീപിക്കുകയും ഒരു ഇന്ത്യൻ ഏജന്റിന്റെ സഹായത്തോടെ അവരെ കടത്തിക്കൊണ്ടു പോവുകയാണെന്നും അറിയിക്കുകയായിരുന്നു. യുവാക്കളെ വിട്ടുകിട്ടണമെങ്കിൽ ഒരാൾക്ക് 18 ലക്ഷം വീതം നൽകണമെന്നാണ് അജ്ഞാതർ പറയുന്നതെന്ന് യുവാക്കളുടെ കുടുംബം പറയുന്നു. പാകിസ്ഥാനിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയക്കാൻ കടത്തിക്കൊണ്ടുപോയവർ ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള യുവാക്കളുടെ വീഡിയോ കണ്ട് ഭയന്ന കുടുംബം ഹോഷിയാർപൂരിലുള്ള ഏജന്റുമാരെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. യുവാക്കൾ സുരക്ഷിതരാണെന്നാണ് ഏജന്റുമാർ അറിയിച്ചിരുന്നത്. എന്നാൽ മെയ് മൂന്നിന് യുവാക്കളുടെ ഫോൺ സ്വിച്ച്ഓഫ് ആവുകയായിരുന്നു. മാത്രമല്ല, ഏജന്റുമാർ തങ്ങളുടെ ട്രാവലിങ് ഏജൻസി അടച്ചുപൂട്ടുകയും ചെയ്തു. അന്നുമുതൽ അജ്ഞാതരായ ആളുകളിൽ നിന്നുള്ള ഫോൺ കോളുകളാണ് കുടുംബത്തിൽ ലഭിച്ചുകൊണ്ടിരുന്നത്. പണം നൽകിയാൽ മാത്രമേ അവരെ ജിവനോടെ വിടുകയുള്ളൂ എന്ന ഭീഷണിയും മുഴക്കിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
അമൃത്പാൽ സിങ്ങിന്റെ അമ്മ ഘട്ടമായി 18 ലക്ഷം രൂപ അയച്ചുവെന്ന് കുടുംബം വ്യക്തമാക്കി. തുടർന്ന് യുവാക്കൾ തിരികെയെത്താതെ വന്നതോടെയാണ് മൂവരുടെയും കുടുംബക്കാർ രാഷ്ട്രീയക്കാരെയും പോലീസിനെയും സമീപിക്കുന്നത്. തുടർന്ന് മെയ് 16 ന് ഹോഷിയാപൂർ മോഡൽ ടൗൺ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ടെഹ്റാനിലെ ഇന്ത്യൻ മിഷനും സംഭവത്തിൽ ഇടപെട്ടിട്ടുള്ളതായാണ് റിപ്പോർട്ടിൽ പറയുന്നത്.
Content Summary: 3 indians missing in iran; family alleges kidnapping
This post was last modified on May 29, 2025 5:32 pm
Leave a Comment