June 04, 2026 |
Share on

പാപത്തില്‍ നിന്ന് സുവിശേഷത്തിലെത്തിയ ‘മദ്രാസിലെ മോന്‍’

മധ്യതിരുവിതാംകൂറിനെ ഞെട്ടിച്ച കരിക്കന്‍വില്ല ഇരട്ട കൊലപാതകത്തിന് 45 വര്‍ഷം

ഇന്ത്യയുടെ ആ സ്വാതന്ത്ര്യദിന നാള്‍ ,1987 ഓഗസ്റ്റ് 15, ആ ചെറുപ്പക്കാരന്റെ സ്വാതന്ത്ര്യദിനം കൂടിയായിരുന്നു. അയാള്‍ പറഞ്ഞു; ‘സാത്താനെ സേവിച്ച 33 വര്‍ഷത്തെ എന്റെ നീണ്ട ജീവിതം ഇന്ന് അവസാനിച്ചു, എന്റെ യജമാനനായ യേശുക്രിസ്തുവിനെ ഞാന്‍ സേവിക്കാന്‍ തുടങ്ങി. എനിക്ക് ഒരു ബാങ്കും കൊള്ളയടിക്കേണ്ടി വന്നില്ല, പക്ഷേ ആ ദിവസം സ്വര്‍ഗ്ഗമെന്ന ബാങ്കിന്റെ എല്ലാ സമ്പത്തും എനിക്ക് അവകാശമായി ലഭിച്ചു.’

ഈ വചനങ്ങള്‍ ഒരു വിശ്വാസിയുടേതോ, കുഞ്ഞാടിന്റെതോ ആയിരുന്നില്ല. കേരളത്തെ നടുക്കിയ കരിക്കന്‍ വില്ലയിലെ ഇരട്ടക്കൊലപാതകത്തിലെ മുഖ്യ പ്രതിയായ 33 വയസുകാരന്‍ തിരുവില്ലാക്കാരന്‍ റെനി ജോര്‍ജിന്റെ വാചകങ്ങളായിരുന്നു. ഇത് പറഞ്ഞത് തിരുവല്ലയിലെ ഒരു സുവിശേഷ സദസ്സിലും.

ശിക്ഷയനുഭവിക്കുന്ന റെനി പരോളിലിറങ്ങി കാശിനായി ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതി അലോചിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു സുവിശേഷ വേല ചെയ്യുന്ന യുവാവ് അയാളെ വീട്ടില്‍ വന്ന് ഒരു പ്രാര്‍ത്ഥനാ യോഗത്തിലേക്ക് കൂട്ടി കൊണ്ടു പോയത്.

‘ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ നേടിയാലും അവന്റെ ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്താണ് പ്രയോജനം?’ ഒരിക്കല്‍ താന്‍ ക്രൂരമായ കൊലപാതകം ചെയ്ത അതേ പട്ടണത്തില്‍ വെച്ച് കേട്ട ആ സുവിശേഷ പ്രസംഗ വാചകത്തില്‍ പെട്ടെന്ന് അയാള്‍ക്ക് ദൈവ വിളി വന്നു. ആ നിമിഷം അയാള്‍ മാനസാന്തരം ചെയ്യപ്പെട്ടു. ഒരു കൊലപാതകിയായ അയാള്‍ ദൈവത്തിന്റെ സ്നേഹവും കൃപയും തിരിച്ചറിയുകയും
അന്ധകാരത്തില്‍ നിന്ന് രക്ഷയുടെയും സമാധാനത്തിന്റെയും ജീവിതത്തിലേക്കുള്ള വഴി പിന്നീട് കണ്ടെത്തുകയും ചെയ്തു.

‘മദ്രാസിലെ മോന്‍’ എന്ന് ജീവിതത്തിലും പിന്നീട് സിനിമയിലും അറിയപ്പെട്ട
റെന്നി ജോര്‍ജ് എന്ന യുവാവ്, ഒരു പാസ്റ്ററുടെ മകന്‍, കോളിളക്കം സൃഷ്ടിച്ച ഇരട്ട കൊലപാതക്കേസിലൂടെ കേരളം മുഴുവന്‍ അറിയപ്പെട്ട കഥയും അതിന് ശേഷം സംഭവിച്ച അസാധാരണമായ കഥാന്ത്യവുമാണ് കരിക്കന്‍വില്ല കൊലക്കേസിനെ അസാധാരണമാക്കിയത്.

45 വര്‍ഷം മുന്‍പ്, ഇതേ ദിവസം മധ്യ തിരുവിതാകൂറിനെ നടുക്കിയ ഇരട്ടക്കൊലപാതകമായിരുന്നു കരിക്കന്‍ വില്ല കൊലക്കേസ്. 1980 ഒക്ടോബര്‍ 6 ന്. തിരുവല്ല, മീന്തലക്കരയിലെ ഒരു വീട്ടില്‍ കെ.സി.ജോര്‍ജ് (63), ഭാര്യ റേച്ചല്‍ (കുഞ്ഞമ്മ – 56) എന്നിവയെയാണ് അതിദാരുണമായ നിലയില്‍ അവരുടെ വീടായ കരിക്കന്‍ വില്ലയില്‍ രാവിലെ ജോലിക്കെത്തിയ വീട്ടു ജോലിക്കാരി ഗൗരി കണ്ട് അത് വഴി ലോകമറിഞ്ഞത്. ഏറെ നാള്‍ കുവൈത്തില്‍ ജോലി ചെയ് മടങ്ങിയെത്തിയ, മക്കളില്ലാത്ത ഈ ദമ്പതികള്‍ക്ക് നാട്ടില്‍ ആരുമായും അധികം ബന്ധമുണ്ടായിരുന്നില്ല.

1979 ല്‍ ഐ.പി.എസ് പരിശീലനം കഴിഞ്ഞ് ലഭിച്ച ആദ്യത്തെ നിയമനമായിരുന്നു ചെങ്ങന്നൂരിലെ എ. എസ്. പി. യായി സിബി മാത്യൂസ് എന്ന എ ചെറുപ്പക്കാരനായ ആ പോലീസ് ഉദ്യോഗസ്ഥന്റെത്. പത്തനം തിട്ട ജില്ല അന്ന് രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ ആലപ്പുഴ ജില്ലയായിരുന്നു ആസ്ഥാനം. ഏറെ താമസിയാതെ തന്നെ സിബി മാത്യൂസ് തന്റെ സമര്‍ത്ഥമായ സേവനത്തില്‍ തന്റെ കീഴിലുള്ള മേഖലയിലെ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കി മികച്ച പോലീസ് മേധാവിയായി ഉയരാന്‍ തുടങ്ങി. എല്ലാ രാവിലെയും തന്റെ കീഴിലുള്ള പോലീസ് സ്റ്റേഷനിലുകളില്‍ ഫോണ്‍ ചെയ്ത് വിശേഷങ്ങള്‍ അന്വേഷിക്കുന്ന ഒരു സംവിധാനം അദ്ദേഹത്തിനുണ്ടായിരുന്നു. രാവിലെ തന്നെ വിളിച്ച് വിശേഷങ്ങള്‍ അറിയിക്കണമെന്ന നിര്‍ദ്ദേശം എ.എസ് പി എല്ലാ പോലീസ് സ്റ്റേഷനിലെ ചുമതലക്കാര്‍ക്കും നല്‍കിയിരുന്നു.

1980 ഒക്ടോബര്‍ 7 ന് രാവിലെ തിരുവല്ല പോലീസ് സ്റ്റേഷനില്‍ നിന്ന് അഡീഷണല്‍ എസ്. ഐ. ഗോപാലനാചാരിയുടെ വിളി വന്നു. മീന്തലക്കരയിലെ ഒരു വീട്ടില്‍ രണ്ടു പേരെ കൊന്നിട്ടിരിക്കുന്നു എന്നായിരുന്നു അശുഭകരമായവിശേഷം. ഉടനെ സി.ബി. മാത്യൂസ് അവിടെയെത്തി.

രാവിലെ വീട്ടു ജോലിക്കെത്തിയ ഗൗരിയാണ് ജോര്‍ജിനെയും റേച്ചലിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും കുത്തേറ്റിരുന്നു. റേച്ചലിന്റെ വയറ്റില്‍ കത്തി തറച്ച നിലയിലായിരുന്നു. മേശപ്പുറത്തു നാലു ചായക്കപ്പുകള്‍ കണ്ടു. റേച്ചലിന്റെ ആഭരണങ്ങള്‍, ജോര്‍ജിന്റെ റോളക്‌സ് വാച്ച്, ടേപ്പ് റിക്കോര്‍ഡര്‍, പണം എന്നിവ അപഹരിക്കപ്പെട്ടതായി പോലീസിന് മനസിലായി. വേലക്കാരി ഗൗരിയെ ചോദ്യം ചെയ്തപ്പോള്‍ കാര്യമായി ഒന്നും ലഭിച്ചില്ല. മേശപ്പുറത്തു നാലു ചായക്കപ്പുകളുണ്ടായിരുന്നു. റേച്ചല്‍ തന്നെയാണു ചായ കൊണ്ടുപോയി കൊടുത്തത് എന്നതിന്റെ സൂചന പോലീസിനു കിട്ടി.

വീടിനുള്ളില്‍ വാരിവലിച്ചിട്ടിരുന്ന രക്തം പുരണ്ട കടലാസുകളില്‍ പതിഞ്ഞ പുത്തന്‍ ഷൂസിന്റെ അവ്യക്തമായ പാടുകളാണ് അന്വേഷണ സംഘത്തിനു ലഭിച്ച ഏകസൂചന. കേരളത്തില്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ഇനം ഡിസൈനുള്ള വിദേശനിര്‍മ്മിതമായ ഷൂസിന്റെ ഹീലിനെക്കുറിച്ചായി സിബി മാത്യൂസിന്റെ ചിന്ത. ‘കവര്‍ച്ചക്ക് വേണ്ടിയുള്ള കൊലപാതകം’, സിബി മാത്യൂസ് മനസിലുറപ്പിച്ചു.

അതിനിടയില്‍ പത്രവാര്‍ത്തകളില്‍ പല കഥകളും പ്രചരിച്ചു. നാട്ടകം സിദ്ധന്റെ എന്ന ആളിന്റെ പണിയാണ് ഇത് എന്നായിരുന്നു ഒരു കഥ. പൊലീസ് കോണ്‍ഫറന്‍സില്‍ ഒരു ഡി.എസ്.പി വരെ ഇത് പറഞ്ഞു. ധാരാളം പണം സമ്പാദിച്ച ജോര്‍ജ് ദമ്പതികളുടെ വന്‍ സ്വത്തുവകകള്‍ തട്ടിയെടുക്കാന്‍ ബന്ധുക്കള്‍ നടത്തിയതാണെന്നായിരുന്നു മറ്റൊരു കഥ( ക്വട്ടേഷന്‍ എന്ന വാക്ക് അന്ന് പ്രചരിച്ചില്ല) ഷൂസിന്റെ പ്രിന്റില്‍ നിന്നും കൊല ചെയ്തത് ചെറുപ്പക്കാരാണെന്നും, ഉപയോഗിച്ച ആയുധങ്ങള്‍ വീട്ടിനകത്തുള്ളതാണെന്ന നിഗമനങ്ങള്‍ വീട്ടുകാരുടെ പരിചയത്തിലുള്ളവരാണെന്നും സിബി മാത്യൂസിന് മനസിലായി. ബന്ധുക്കളുമായി അകന്നു കഴിയുന്നവരാണെങ്കിലും വീട്ടില്‍ സന്ദര്‍ശകര്‍ വന്നെന്നും സ്ഥിരമായി അടച്ചിടുന്ന വാതില്‍ കൊല്ലപ്പെട്ട ദമ്പതികള്‍ തന്നെയാണ് തുറന്ന് കൊടുത്തതെന്നും അവര്‍ ഇരുന്ന് സംസാരിച്ചെന്നും മേശപ്പുറത്ത് ഇരുന്ന ഒഴിഞ്ഞ ചായ കപ്പുകള്‍ സൂചിപ്പിക്കുന്നു. അതോടെ സന്ദര്‍ശകരെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലായി പോലീസ്.

എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ ഹോട്ടലുകളും ലോഡ്ജുകളും ജ്വല്ലറികളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്ത സിബി മാത്യൂസ് നിര്‍ദേശം നല്‍കി. നാല് നാള്‍ കഴിഞ്ഞിട്ടും യാതൊരു തുമ്പും കിട്ടാതെ വന്നപ്പോള്‍ പോലീസ് സമര്‍ദ്ദത്തിലായി. പത്രങ്ങള്‍ വിമര്‍ശനങ്ങള്‍ ആരംഭിച്ചു. അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ നടന്ന തേര്‍വാഴ്ചയുടെ വിമര്‍ശനത്തിന്റെ ആഘാതത്തില്‍ നിന്ന് പോലീസ് സേന സാവധാനത്തില്‍ മോചിതരാകുന്നതേയുണ്ടായിരുന്നുളളൂ.

ജോലിക്കാരിയായ ഗൗരിയെ ഡി. വൈ. എസ്. പി. ബാല്‍ ഒരിക്കല്‍ കൂടി ചോദ്യം ചെയ്തപ്പോള്‍ സുപ്രധാനമായ ഒരു തുമ്പ് കിട്ടി. തലേ ദിവസം വൈകിട്ട് താന്‍ ജോലി കഴിഞ്ഞു പോകാന്‍ തുടങ്ങുമ്പോള്‍ നാലു പേര്‍ കാറില്‍ വന്നിരുന്നതായി ഗൗരി ബാലിനോട് വെളിപ്പെടുത്തി. വന്നവര്‍ക്കു ചായയുണ്ടാക്കാന്‍ റേച്ചല്‍ പറഞ്ഞിരുന്നു. ‘മദ്രാസിലെ മോന്‍’ ആണു വന്നതെന്നു റേച്ചല്‍ പറഞ്ഞതായും ഗൗരി വെളിപ്പെടുത്തി. ഈ മൊഴി അന്വേഷണം മദ്രാസിലേക്ക് നയിക്കാന്‍ കാരണമായി. കൊല്ലപ്പെട്ട ജോര്‍ജിന്റെ ഒരു ബന്ധു മദ്രാസില്‍ പഠിക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. കറുകച്ചാല്‍ സ്വദേശി റെനി ജോര്‍ജായിരുന്നു അത്.

മദ്രാസിലുള്ള തിരുവല്ലക്കാരനായ ചലചിത്ര നടന്‍ എം. ജി. സോമന്‍ വഴി പോലീസ് ഇയാളെ കുറിച്ച് അന്വേഷണം നടത്തി. ആര്‍മിയന്‍ സ്ട്രീറ്റിലെ ഒരു പഴയ ലോഡ്ജായ സല്‍ക്കാരയില്‍ സുഹൃത്തുക്കളോടൊത്ത് കുത്തഴിഞ്ഞ ജീവിതവുമായി അടിച്ച് പൊളിച്ചു നടക്കുന്ന റെനി ജോര്‍ജ് എന്ന ചെറുപ്പക്കാരനിലേക്ക് അന്വേഷണം എത്തി അതോട്ടെ ചിത്രം തെളിഞ്ഞു.

കൊല്ലപ്പെട്ട ജോര്‍ജ്ജ് ദമ്പതികളുടെ ബന്ധുവാണ് റെനി ജോര്‍ജ്. കോട്ടയത്ത് ഒരു അധ്യാപകനായിരുന്ന എം.സി. ജോര്‍ജിന്റെ ഏഴ് ആണ്‍മക്കളില്‍ ഒരുവന്‍. ജോര്‍ജ് തന്റെ അധ്യാപന ജോലി രാജിവച്ച് ‘എവരി ഹോം ക്രൂഡേസ്’ എന്ന സുവിശേഷ സഭ സ്ഥാപിച്ച് മിഷനറി പ്രവര്‍ത്തകനായി മാറിയിരുന്നു.

ഉടനടി കേരള പോലീസ് മദ്രാസില്‍ ചെന്ന് റെനി ജോര്‍ജിനെയും കൂട്ടുകാരേയും കസ്റ്റഡിയിലെടുത്തു. മൗറീഷ്യസ് സ്വദേശി ഹസന്‍ ഗുലാം മുഹമ്മദ്, മലേഷ്യന്‍ സ്വദേശി ഗുണശേഖരന്‍, കെനിയക്കാരനായ കിബ്ലോ ദാനിയേല്‍ എന്നീ റെന്നിയുടെ കൂട്ടുകാരുമാണ് പ്രതികളെന്നു വ്യക്തമായി. ആദ്യം ഓടി രക്ഷപ്പെട്ട കിബ്ലോ പിന്നെ പോലീസില്‍ കീഴടങ്ങി.

മദ്രാസില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് പഠിക്കാന്‍ പോയ റെനി പിന്നിട് മദ്യത്തിനും ലഹരിമരുന്നിനും അടിമയായി. പണമുണ്ടാക്കാന്‍ ചെറിയ മോഷണങ്ങളും നടത്തിവന്നിരുന്നതായി പൊലീസ് കണ്ടെത്തി. ആര്‍ഭാട ജീവിതം നയിക്കുന്നതിനായി കൊലപാതകം ആസൂത്രണം ചെയ്ത ഇവര്‍ ചെന്നൈയില്‍നിന്നു കാറോടിച്ചാണ് തിരുവല്ലയിലെത്തി കൊല നടത്തിയത്. കൊലപാതകത്തിനിടയില്‍ റെനിയുടെ കൈ കത്തികൊണ്ട് മുറിഞ്ഞു. മടങ്ങിപ്പോകുംവഴി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മുറിവ് തുന്നിക്കെട്ടിയിരുന്നെന്നും പോലീസ് കണ്ടെത്തി.

പ്രതികളെ കോട്ടയം സെഷന്‍സ് കോടതി 1982 ജനുവരി ഒന്നിനു ജീവപര്യന്തം തടവിനു ശിക്ഷിച്ചു. വിധിന്യായത്തിലെ ജഡ്ജിയുടെ വാചകങ്ങള്‍ ശ്രദ്ധയമായിരുന്നു. ‘ഈ ചെറുപ്പക്കാര്‍ ചെയ്ത കുറ്റകൃത്യം വധശിക്ഷയ്ക്ക് അര്‍ഹമാണ്, പക്ഷേ അവരുടെ പ്രായം കണക്കിലെടുത്ത്, പരിഷ്‌കൃതരായ വ്യക്തികളായി അവര്‍ ജയിലില്‍ നിന്ന് തിരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ ജീവപര്യന്തം തടവ് ശിക്ഷ അവര്‍ക്ക് നല്‍കുന്നു.’

1983 മാര്‍ച്ച് 21നു ഹൈക്കോടതി വിധി ശരിവച്ചു. പൂജപ്പുര ജയിലിലായിരുന്നു റെനിയുടെയും ഗുണശേഖരന്റെയും മുഹമ്മദിന്റെയും ശിക്ഷ. കെനിയക്കാരനായ കിബ്ലോയെ ഡല്‍ഹി തിഹാര്‍ ജയിലിലേക്കു മാറ്റി.

റെനി പരോളില്‍ ഇറങ്ങിയ കാലത്ത് മാനസാന്തരപ്പെട്ട് ആദ്യം സുവിശേഷകനായി. പിന്നീട് വിവാഹിതനായി. വധു ബഹ്‌റെനില്‍ നഴ്‌സായ മംഗലാപുരം സ്വദേശി ടീന. കൊലയാളിയായ റെന്നിക്കട്ടെ മനം മാറ്റത്തില്‍ വിശ്വാസം അര്‍പ്പിച്ച ടീന അയാളുടെ ജീവിത പങ്കാളിയാകാന്‍ തീരുമാനിക്കുകയായിരുന്നു. 1995 ജൂണ്‍ 23ന് പ്രതികള്‍ ശിക്ഷാ കാലവധി കഴിഞ്ഞ് പുറത്തിറങ്ങി. ഓഗസ്റ്റോടെ ഗുലാം മുഹമ്മദും ഗുണശേഖരനും കിബ്ലോയും സ്വന്തം നാട്ടിലേക്കു മടങ്ങി.

ജയില്‍ശിക്ഷ കഴിഞ്ഞു റെനി ജോര്‍ജ് പരിവര്‍ത്തനത്തിന്റെയും പ്രത്യാശയുടെയും ജീവിതം നയിച്ചു, ‘ജയില്‍ ഫെലോഷിപ്പ് ‘ എന്ന പുനരധിവാസ സംഘടന സ്ഥാപിച്ചു. തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി നടത്തുന്ന സ്ഥാപനമാണ്. അദ്ദേഹത്തിന്റെ പരിവര്‍ത്തനം പലര്‍ക്കും പ്രചോദനം നല്‍കുന്ന ഒരു കഥയാണ്. സാമൂഹിക ജീവിതത്തിന് യോഗ്യരല്ലെന്ന് കരുതപ്പെടുന്ന ആളുകളുടെ ജീവിതത്തില്‍ ഈ സ്ഥാപനം നല്ല മാറ്റങ്ങള്‍ വരുത്തുന്നു. ‘ഒരിക്കല്‍ കൊടും കുറ്റവാളിയായിരുന്ന ഈ മനുഷ്യന്‍ തടവുകാര്‍ക്കും കുറ്റവാളികള്‍ക്കും നല്‍കിയ സേവനത്തിന് അവാര്‍ഡുകളും അംഗീകാരങ്ങളും നേടി. ജയില്‍ മന്ത്രാലയത്തിന്റെ ഭാഗമായി ഇപ്പോള്‍ കുടുംബത്തോടൊപ്പം പ്രഷ്യസ് ചില്‍ഡ്രന്‍ ഹോമും ഒരു പുനരധിവാസ കേന്ദ്രവും നടത്തുന്നുണ്ട്.

പിന്നീട് തന്റെ മാനസാന്തര ജീവിതം സ്വന്തം വാക്കുകളില്‍ ഇങ്ങനെ പറയുന്നു. ‘1995-ല്‍ ഞാന്‍ ജയില്‍ മോചിതനായി, ഞാന്‍ ഭാര്യ ടീനയുമായി ചേര്‍ന്നു, കര്‍ണാടകയില്‍ ജയില്‍ പുനരധിവാസ സ്ഥാപനം ആരംഭിച്ചു. 1996-ല്‍ ദൈവം ഞങ്ങള്‍ക്ക് ഒരു മകളെ നല്‍കി അനുഗ്രഹിച്ചു. അവളുടെ പേര് റീമ, അവള്‍ക്ക് 22 വയസ്സ്. കര്‍ണാടകയിലെ തടവുകാരെ സന്ദര്‍ശിക്കാനും തടവുകാരുമായി സുവിശേഷം പങ്കിടാനും ദൈവം ഞങ്ങളെ സഹായിച്ചിട്ടുണ്ട്. തടവുകാരുടെ കുട്ടികളെ സഹായിക്കുന്നതിനായി ‘പ്രഷ്യസ് ചില്‍ഡ്രന്‍സ് ഹോം’ എന്ന പേരില്‍ ഒരു കുട്ടികളുടെ ഭവനം ആരംഭിക്കാന്‍ ദൈവം ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഒരു ചെറിയ വാടക വീട്ടില്‍ 15 കുട്ടികളുമായി അത് ഞങ്ങള്‍ ആരംഭിച്ചു, കെട്ടിടങ്ങളും ഡോര്‍മിറ്ററികളും എല്ലാം ഉള്ള മൂന്ന് ഏക്കര്‍ സൗകര്യം നല്‍കി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഞങ്ങള്‍ക്ക് എല്ലാ വര്‍ഷവും 150 കുട്ടികളുണ്ടായിരുന്നു. വീണ്ടും ജനിച്ച തടവുകാര്‍ മോചിതരായ ശേഷം പുറത്തുവരുമ്പോള്‍ അവരുടെ തൊഴില്‍ പരിശീലനത്തില്‍ സഹായിക്കാന്‍ ഒരു പുനരധിവാസ കേന്ദ്രം ആരംഭിക്കാന്‍ ദൈവം ഞങ്ങളെ സഹായിച്ചു. ഇതെല്ലാം സംഭവിച്ചത് യേശുക്രിസ്തു എന്റെ ജീവിതത്തിലുണ്ടായിരുന്നതുകൊണ്ടാണ്.’

‘കരിക്കന്‍ വില്ല കൊലക്കേസ് തെളിയിച്ചതിന്റെ പേരില്‍ മേലുദ്യോഗസ്ഥരുടെ വാക്കുകളില്‍ കിട്ടുന്ന അഭിനന്ദനത്തേക്കാള്‍ എത്രയോ വലുതാണ് റെനിയുടെ ജീവിതത്തിലെ മാറ്റം എനിക്ക് നല്‍കുന്നത്’; തന്റെ ആത്മകഥ ‘നിര്‍ഭയം’ ത്തില്‍ കേസ് തെളിയിച്ച, പിന്നീട് കേരള പോലീസില്‍ ഡി. ജി. പി യായി ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സി.ബി മാത്യൂസ് എഴുതി.

കരിക്കന്‍വില്ല കൊലപാതകത്തെ അടിസ്ഥാനമാക്കി മദ്രാസിലെ മോന്‍ എന്ന ചിത്രവും 1982 ല്‍ ഇറങ്ങി. തിരുവല്ല സ്വദേശിയായ മണി മല്യത്ത് ആയിരുന്നു രാഗം മൂവീസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചത്. അന്നത്തെ ഹിറ്റ് മേക്കര്‍ ശശികുമാറായിരുന്നു സംവിധാനം. തിരക്കഥ പി.എം നായര്‍. വിവാദത്തിന്റെ അകമ്പടിയോടെയായിരുന്നു വരവ്. ഏപ്രില്‍ ഒമ്പതിന് ഇറങ്ങേണ്ടിയിരുന്ന ചിത്രം ഓഗസ്റ്റ് 20 നാണ് തീയറ്ററില്‍ എത്തിയത് ജോര്‍ജായി കെ പി ഉമ്മറും റേച്ചലായി ഷിലയും. റെന്നിയായി അഭിനയിച്ചത് രവീന്ദ്രനുമായിരുന്നു. മോഹന്‍ലാലും സംവിധായകന്‍ തമ്പി കണ്ണന്താനവും രണ്ട് കഥാപാത്രങ്ങളായി അഭിനയിച്ചു. യഥാര്‍ത്ഥത്തില്‍ കരിക്കന്‍ വില്ല കേസ് അന്വേഷിച്ച ഒരു ഉദ്യോഗസ്ഥനായ ഡി.വൈ.എസ്. പി. കെ.എന്‍ ബാലും ഈ സിനിമയില്‍ അന്വേഷണ ഉദ്യോഗസ്ഥനായി ഒരു വേഷം ചെയ്തു. എറെ നാള്‍ പത്രതാളുകളില്‍ നിറഞ്ഞു നിന്ന കരിക്കന്‍വില്ല വീട് ഇന്ന് ഒരു സുവിശേഷ സഭയുടെ ഓഫീസാണ്.

യഥാര്‍ത്ഥ കൊലക്കേസിനെ ആസ്പദമാക്കി പുറത്ത് വന്ന ഭാര്യ(1962) അപരാധി (1977) എന്നിവക്ക് ശേഷം വന്ന ശ്രദ്ധനേടിയ മലയാള ചിത്രമാണ് മദ്രാസിലെ മോന്‍. പടത്തിന്റെ നിര്‍മ്മാതാവായ മണി മല്യയത്ത് നിര്‍മിച്ച ചിത്രമാണ് ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍’.

യാഥാര്‍ത്ഥ കൊലപാതകത്തെ മദ്രാസിലെ മോന്‍ എന്ന പേരില്‍ ചലചിത്രമാക്കിയ നിര്‍മ്മാതാവ് മണി മല്യത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു യഥാര്‍ത്ഥ കൊലപാതകത്തില്‍ പ്രതിയായി അകത്തു കിടന്നതും അറിയേണ്ട കഥാന്തര സംഭവമാണ്.

1988 ജൂലൈയില്‍ പ്രതിയായി ചലചിത്ര നിര്‍മ്മാതാവും തിരുവല്ലയിലെ ഒരു ടെക്സ്റ്റൈല്‍സ് ഉടമയുമായ മണിമല്യത്ത് അടവിച്ചിറ ജെയിംസ് കൊലക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടന്നു. പക്ഷേ പിന്നിട് കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.

Content Summary; 45 years of Karikkan villa double murder case. murder occurred in Thiruvalla, Kerala, on October 6, 1980, Reny George

Leave a Reply

Your email address will not be published. Required fields are marked *

×