അസാദിനു ശേഷമുള്ള സിറിയയുടെ ഭാവി ആരുടെ നിയന്ത്രണത്തിലായിരിക്കും? ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ (എച്ച്ടിഎസ്) നേതാവ് അബു മുഹമ്മദ് അല്‍-ജൊലാനിയാലാണ് കണ്ണുകളെല്ലാം. എന്നാല്‍ ജൊലാനിയുടെ അധികാരവാഴ്ച്ച, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും ഒപ്പം എച്ച് ടി എസ്സിന്റെ നിയമസാധുതയെക്കുറിച്ചും നിര്‍ണായക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള നുസ്ര ഫ്രണ്ടിന്റെ മുന്‍ നേതാവായ, അല്‍-ജൊലാനി, തന്നെയും തന്റെ ഗ്രൂപ്പിനെയും ഒരു ഭരണ ശക്തിയായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ബാഷര്‍ അല്‍-അസദിന്റെ പതനത്തിനുശേഷം സിറിയയില്‍ സ്ഥിരതയുള്ള ഒരു ഇസ്ലാമിക ഭരണം കൊണ്ടുവരാനുള്ള ലക്ഷ്യത്തിലാണ്.
പക്ഷേ, ജൊലാനിയുടെ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ തടസങ്ങളുണ്ട്. അല്‍-ഖ്വയ്ദയുമായി ബന്ധപ്പെട്ടുള്ള എച്ച്ടിഎസ്സിന്റെ രൂപീകരണം മാത്രമല്ല, അമേരിക്ക തലയ്ക്ക് 10 മില്യണ്‍ ഡോളര് വിലയിട്ടിട്ടുള്ള വിമതനേതാവുമാണ് ജൊലാനി. ഇക്കാരണങ്ങള്‍ തന്നെ ജൊലാനിയുടെ പാത വെല്ലുവിളികള്‍ നിറഞ്ഞതാക്കും.
എച്ച്ടിഎസ്സിന്റെ ഉത്ഭവം
ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ ചരിത്രം തുടങ്ങുന്നത്, 2011-ല്‍ അസദ് ഭരണകൂടത്തിനെതിരായ പ്രതിഷേധത്തോടെ ആരംഭിച്ച സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ ആദ്യ നാളുകളില്‍ നിന്നാണ്. തുടക്കത്തില്‍, ഈ സംഘം സിറിയയിലെ അല്‍-ഖ്വയ്ദയുടെ ഔദ്യോഗിക ശാഖയായ നുസ്ര ഫ്രണ്ടിന്റെ ഒരു ഉപ ശാഖയായിരുന്നു. സിറിയന്‍ ആഭ്യന്തര കലാപത്തില്‍ അധികം വൈകാതെ തന്നെ നുസ്ര ഫ്രണ്ട് ഒരു പ്രധാന ശക്തിയായി. അതിനവരെ സഹായിച്ചത്, അവരുടെ സൈനിക ബലവും, അതോടൊപ്പം ജിഹാദി പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധയുമായിരുന്നു. മുസ്ലിം ലോകം മുഴുവന്‍ ഇസ്ലാമിക നിയമം പൂര്‍ണമായി നടപ്പിലാക്കുക എന്നതായിരുന്നു ആ പ്രത്യയശാസ്ത്രബോധം. 2016-ല്‍, നുസ്ര ഫ്രണ്ട് ഔപചാരികമായി അല്‍-ഖ്വയ്ദയില്‍ നിന്ന് സ്വന്തം നിലയ്ക്ക് വിടുതല്‍ പ്രഖ്യാപിച്ചു. അതിനു പിന്നില്‍ അവര്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു. സിറിയന്‍ ജനതയുടെ മൊത്തത്തിലുള്ള പിന്തുണയായിരുന്നു ആ ലക്ഷ്യം. ആഗോള ജിഹാദിസ്റ്റ് അജണ്ടയില്‍ നിന്ന് സ്വയം അകലം പാലിക്കുകയാണെന്നു കാണിക്കാന്‍ ജബത്ത് ഫത്തേഹ് അല്‍-ഷാം അല്ലെങ്കില്‍ ‘ഫ്രണ്ട് ഫോര്‍ ദി കണ്‍ക്വസ്റ്റ് ഓഫ് ദി ലെവന്റ്’ എന്നവര്‍ സംഘടനയെ പുനര്‍നാമകരണം ചെയ്തു.
അടുത്ത വര്‍ഷം, അസദിന്റെ ക്രൂരമായ ഭരണത്തില്‍ നിന്ന് സിറിയയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി വിഭാഗങ്ങള്‍ ലയിച്ച് ഹയാത്ത് തഹ്രീര്‍ അല്‍-ഷാം രൂപീകരിച്ചു. സംഘടനയ്ക്ക് പുനര്‍നാമകരണം ചെയ്ത്, ജനങ്ങളുടെ പിന്തുണയ്ക്കുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും, അവരുടെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രം ജിഹാദിസത്തില്‍ തന്നെ ആഴത്തില്‍ വേരൂന്നിയതായിരുന്നു. എച്ച്ടിഎസ് രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളില്‍, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് നിയന്ത്രണം നേടിയെടുത്തു. സങ്കീര്‍ണവും അസ്ഥിരവുമായ സിറിയന്‍ ഭരണത്തില്‍, എച്ച്ടിഎസ്സിനെ കൂടുതല്‍ പ്രായോഗികവും രാഷ്ട്രീയമായി പ്രസക്തവുമായ ഒരു മുഖമാക്കി അവതരിപ്പിക്കാന്‍ നേതൃത്വം ശ്രമിച്ചു.
നേതൃത്വത്തിലേക്ക് ജൊലാനി
1982ല്‍ സൗദി അറേബ്യയില്‍ അഹമ്മദ് അല്‍-ഷറ എന്ന പേരില്‍ ജനിച്ച അബു മുഹമ്മദ് അല്‍-ജൊലാനിയാണ് എച്ച്ടിഎസ്സിന്റെ വളര്‍ച്ചയിലെ പ്രധാനി. സിറിയയിലെ അദ്ദേഹത്തിന്റെ ആദ്യകാല ജീവിതവും, 2003-ലെ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശത്തിനുശേഷമുള്ള ഇറാഖിലെ സാഹചര്യങ്ങളുമാണ് അദ്ദേഹത്തിന്റെ തീവ്രവാദ ജീവിതത്തെ രൂപപ്പെടുത്തിയത്. 2011ഓടെ, സിറിയയില്‍ നുസ്ര ഫ്രണ്ട് സ്ഥാപിക്കാന്‍ അല്‍-ഖ്വയ്ദ നേതാവ് അബൂബക്കര്‍ അല്‍-ബാഗ്ദാദി, അല്‍-ജൊലാനിയെ ചുമതലപ്പെടുത്തി. ജൊലാനിയുടെ നേതൃത്വത്തില്‍, അസദിന്റെ ഭരണത്തിനെതിരായ ഏറ്റവും ഫലപ്രദമായ പോരാട്ട ശക്തികളിലൊന്നായി നുസ്ര ഫ്രണ്ട് മാറി.
കാലക്രമേണ, അല്‍-ജൊലാനി തന്റെ ഗ്രൂപ്പിന്റെ ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. പ്രത്യേകിച്ചും, 2017 ന് ശേഷം. ആഗോള ജിഹാദി ലക്ഷ്യങ്ങളില്‍ നിന്നുമാറി സിറിയന്‍ ഭരണം പിടിച്ചെടുക്കുന്നതിലേക്കു മാത്രമായി ജൊലാനി എച്ച്ടിഎസ്സിന്റെ ശ്രദ്ധ മാറ്റി. രാജ്യ ഭരണം, മാനുഷിക സഹായം, സാമ്പത്തിക ആശങ്കകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, സിറിയക്കാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടാനാണ് അല്‍-ജൊലാനി ശ്രമിച്ചത്. പ്രത്യേകിച്ചും സിറിയയിലെ അവസാനത്തെ പ്രധാന വിമത ശക്തികേന്ദ്രമായ ഇദ്ലിബ് പോലെ എച്ച്ടിഎസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍. റാഡിക്കല്‍ ജിഹാദി ആവേശത്തില്‍ നിന്ന് അകന്നുള്ള ഈ മാറ്റം, മേഖലയില്‍ അധികാരം നിലനിര്‍ത്താനുള്ള എച്ച്ടിഎസിന്റെ അവസരത്തില്‍ നിര്‍ണായകമാണ്.
മിതവാദിയായ വ്യക്തിത്വം സ്വീകരിക്കാനുള്ള ഈ ശ്രമങ്ങള്‍ക്കിടയിലും, ഒരു ജിഹാദിസ്റ്റ് നേതാവെന്ന നിലയില്‍ തന്നെയാണ് അല്‍-ജൊലാനി ഇപ്പോഴും ലോകത്തിനു മുന്നില്‍ നില്‍ക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ സംഘം അന്താരാഷ്ട്ര ഉപരോധങ്ങളും എതിര്‍പ്പുകളും ഇപ്പോഴും നേരിടുന്നുണ്ട്. അമേരിക്ക അല്‍-ജൊലാനിയെയും എച്ച്ടിഎസിനെയും ആഗോള തീവ്രവാദികളായി പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍-ജൊലാനി എവിടെയാണെന്ന് വിവരം നല്‍കുന്നവര്‍ക്ക് 10 മില്യണ്‍ യു എസ് ഡോളറാണ് പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത്.
അസദിന് ശേഷമുള്ള സിറിയയില്‍ ജൊലാനിയുടെ പങ്ക്
സിറിയയുടെ അസദിന് ശേഷമുള്ള ഭാവി അല്‍-ജൊലാനിയിലേക്ക് കേന്ദ്രീകരിക്കുന്നത് ഒരേ സമയം കൗതുകകവും അനിശ്ചിതത്വവും നിറഞ്ഞതാണ്. അസദിന്റെ പതനത്തിനു ശേഷമുള്ള സിറിയയുടെ കൃത്യമായ പാത പ്രവചിക്കാന്‍ ഇനിയും സമയമുണ്ടെങ്കിലും, പരമ്പരാഗത ഇസ്ലാമിക ഭരണത്തെ ആധുനിക സ്റ്റേറ്റ് ക്രാഫ്റ്റുമായി സമന്വയിപ്പിക്കുന്ന ഒരു പുതിയ ഭരണരീതി സ്ഥാപിക്കാന്‍ ശ്രമിക്കാമെന്ന് അല്‍-ജൊലാനിയുടെ സമീപനം സൂചിപ്പിക്കുന്നത്.
ചരിത്രപരമായി, ഇസ്ലാമിക സാമ്രാജ്യങ്ങള്‍ മതപരമായ അധികാരത്തിന് ഊന്നല്‍ നല്‍കുന്ന വ്യത്യസ്തമായ ഭരണ മാതൃകകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് എച്ച്ടിഎസ്സിന്റെ ഭരണ തന്ത്രത്തെയും സ്വാധീനിച്ചേക്കും. സിറിയന്‍ ജനതയ്ക്കിടയില്‍, പ്രത്യേകിച്ച് സുന്നി ഭൂരിപക്ഷത്തിനിടയില്‍- ഇസ്ലാമിക തത്വങ്ങളോടുള്ള ഭക്തിയും പ്രതിബദ്ധതയും പ്രതിധ്വനിക്കുന്ന ഒരു മതനേതാവായി സ്വയം അവരോധിക്കാന്‍ അല്‍-ജൊലാനി ശ്രമിച്ചേക്കാം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, അസദിന്റെ മതേതര, സ്വേച്ഛാധിപത്യ ഭരണത്തിന് ധാര്‍മ്മിക ബദലായി സ്വയം അവതരിപ്പിച്ചുകൊണ്ട് സിറിയയുടെ ഭരണകൂട പ്രവര്‍ത്തനങ്ങളിലേക്ക് ഇസ്ലാമിക നിയമങ്ങളെ സംയോജിപ്പിക്കാന്‍ എച്ച്ടിഎസ് പ്രവര്‍ത്തിച്ചേക്കാം. ഇഡ്ലിബില്‍ അവര്‍ നടപ്പിലാക്കുന്ന നികുതി സമ്പ്രദായവും സാമൂഹിക ഇടപഴകലും പോലെയുള്ള എച്ചടിഎസ്സിന്റെ സ്ഥാപിതമായ ഭരണ സംവിധാനങ്ങള്‍, അസദിന് ശേഷമുള്ള സിറിയയുടെ മൊത്തം ഭരണത്തിന് മാതൃകയാക്കാനായിരിക്കും തയ്യാറെടുക്കുന്നത്.
അല്‍-ജൊലാനിയുടെ നേതൃത്വത്തില്‍ ഒരു പരിധിവരെ അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയേക്കാം. ഇത് സിറിയന്‍ പ്രദേശങ്ങളെ ഒരു പരിധിവരെ സ്വയംഭരണാധികാരം നിലനിര്‍ത്താന്‍ അനുവദിക്കാം. ആഭ്യന്തരയുദ്ധത്തിന്റെ അനന്തരഫലമായ അശാന്തി തടയാന്‍ ഇത് സഹായിക്കും, അതേസമയം പ്രധാന പ്രദേശങ്ങളില്‍ എച്ച്ടിഎസ് നിയന്ത്രണം നിലനിര്‍ത്തും. പ്രായോഗിക ഭരണത്തില്‍ കര്‍ശനമായ മത നിയമങ്ങളും കലര്‍ത്തുന്നതിലൂടെ, അല്‍-ജൊലാനിക്ക് സിറിയയിലെ വംശീയവും മതപരവുമായ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്ന് വലിയ പിന്തുണ നേടിയെടുക്കാനും കഴിയും.
ജൊലാനി നേരിടേണ്ട വെല്ലുവിളികള്‍
അസദിന് ശേഷമുള്ള സിറിയയുടെ നേതൃത്വത്തിലേക്കുള്ള അല്‍-ജൊലാനിയുടെ പാത അത്ര എളുപ്പമല്ല. രാജ്യത്തിന്റെ വലിയ ഭാഗങ്ങളില്‍ എച്ച്ടിഎസ്സിന് നിയന്ത്രണം ഉണ്ടെങ്കിലും, അവര്‍ക്ക് മുന്നില്‍ വലിയ തടസങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. അല്‍-ഖ്വയ്ദയിലെ വേരുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ചരിത്രം, എച്ച്ടിഎസിന് അന്താരാഷ്ട്ര അംഗീകാരവും നിയമസാധുതയും നേടുന്നത് ബുദ്ധിമുട്ടുണ്ടാക്കും. യുഎസ് ഗവണ്‍മെന്റിന്റെ 10 മില്യണ്‍ ഡോളര്‍ വിലയിട്ട് അല്‍-ജൊലാനിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്നത്, എച്ച്ടിഎസ് അഭിമുഖീകരിക്കുന്ന കാര്യമായ എതിര്‍പ്പിനെയാണ്, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന്- ഉയര്‍ത്തിക്കാട്ടുന്നത്. ഇതു കൂടാതെ, രാജ്യത്തുള്ള മറ്റു വിമത വിഭാഗങ്ങള്‍, കുര്‍ദിഷ് ഗ്രൂപ്പുകള്‍, തുര്‍ക്കി, റഷ്യ തുടങ്ങിയ വിദേശ ശക്തികള്‍ ഇപ്പോഴും പുലര്‍ത്തുന്ന സ്വാധീനം തുടങ്ങി സിറിയയുടെ ഇപ്പോഴും സങ്കീര്‍ണ്ണമായ രാഷ്ട്രീയ ഭൂപ്രകൃതിയെയും അല്‍-ജൊലാനിക്ക് നിയന്ത്രണത്തിലാക്കേണ്ടി വരും. അസദിന് ശേഷമുള്ള സിറിയയില്‍ സുസ്ഥിരവും ഏകീകൃതവുമായ ഒരു ഗവണ്‍മെന്റ് കെട്ടിപ്പടുക്കുന്നതിന്, ഈ വിവിധ ഗ്രൂപ്പുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. അല്‍-ജൊലാനിക്കും എച്ചടിഎസ്സിനും അത് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും അവരുടെ വിവാദപരമായ ഭൂതകാലം കണക്കിലെടുക്കുമ്പോള്‍.
അസദിന് ശേഷമുള്ള കാലഘട്ടത്തില്‍ സിറിയയെ നയിക്കാനുള്ള അല്‍-ജൊലാനിയുടെ ആഗ്രഹത്തില്‍ പ്രതിഫലിക്കുന്നത്, ഒരു ജിഹാദിസ്റ്റ് നേതാവില്‍ നിന്ന് രാഷ്ട്രീയ സ്വീകാര്യത തേടുന്ന കൂടുതല്‍ പ്രായോഗിക വ്യക്തിത്വത്തിലേക്കുള്ള പരിണാമമാണ്. സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ അധികാരം നിലനിര്‍ത്താന്‍ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ നേതൃത്വം അദ്ദേഹത്തെ അനുവദിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റെ വിവാദ ചരിത്രവും തീവ്രവാദ സംഘടനയെന്ന പദവിയും ആഭ്യന്തരവും അന്തര്‍ദേശീയവുമായ സ്വീകാര്യതയ്ക്ക് കാര്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അസദ് ഭരണകൂടത്തിന്റെ ചാരത്തില്‍ നിന്ന് ഉയരാന്‍ ശ്രമിക്കുന്ന സിറിയയുടെയും, അല്‍-ജൊലാനിയുടെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയുമെല്ലാം ഭാവി രൂപപ്പെടുത്തുന്നതില്‍ ഭരണം, പ്രാദേശിക സ്ഥിരത, സിറിയന്‍ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകത എന്നിവ വ്യക്തമായ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. Abu Mohammad Al Julani’s potential role in post assad Syria