ഐഎസ്ആര്‍ഒയില്‍ നിയമനം ലഭിച്ച മുസ്ലിം പെണ്‍കുട്ടിയെ അഭിനന്ദിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ സംഘപരിവാര്‍ അനുഭാവികളുടെ ആക്ഷേപ കമന്റുകള്‍. ‘ഒരു നിരീക്ഷകനെ കൂടി വയ്ക്കുന്നത് നല്ലതായിരിക്കും’ എന്നാണ് ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നത്. കമന്റ് ഇട്ടിരിക്കുന്നവരില്‍ ഭൂരിഭാഗം പേരുടെയും പ്രൊഫൈലുകള്‍ ലോക്ക് ആണെന്നതും ശ്രദ്ധേയമാണ്.
രാജ്യത്ത് വര്‍ഗീയതയുടെ വിത്ത് വിതയ്ക്കുന്ന സംഘപരിവാര്‍ അനുഭാവികളുടെ ന്യൂനപക്ഷ വിരോധം തന്നെയാണ് ഈ അഭിനന്ദന പോസ്റ്റിന് താഴെ കാണാന്‍ കഴിയുന്നത്. ‘അബ്ദുള്‍ കലാം സാറിനെയും മദനിയെയും ഒരുപോലെ കാണരുത്. കരുനാഗപ്പള്ളിയല്ല തിരുച്ചിറപ്പള്ളി. ഐഎസ്ആര്‍ഒ പൊളിച്ച് പാകിസ്ഥാനില്‍ കൊണ്ടുപോയി കൊടുക്കും. ലോകത്ത് നടക്കുന്നതൊക്കെ ഒന്നു ശ്രദ്ധിക്കൂ…’ എന്നാണ് മറ്റൊരാളുടെ കമന്റ്.
രാജ്യത്തെ മുസ്ലീം വിരുദ്ധത എത്രമാത്രമാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ഓരോ കമന്റും. ‘തന്ത്രപ്രധാന സ്ഥലങ്ങളിലൊന്നും ഈ വര്‍ഗത്തിനെ അടുപ്പിക്കരുത്’, ‘പേര്, വേഷം ഇത് കണ്ടാല്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നതാണ് ഓര്‍മ വരുന്നത്, മറക്കില്ല പുല്‍വാമ’, ‘ദീനിനു വേണ്ടി പണിയെടുക്കാതെ രാജ്യത്തിന് വേണ്ടി പണിയെടുക്കൂ’ എന്നൊക്കെയാണ് കമന്റുകള്‍.
ഒരു പെണ്‍കുട്ടി തന്റെ അധ്വാനം കൊണ്ട് പഠിച്ച് മികച്ച ഒരു സ്ഥാനത്ത് എത്തിയിട്ടും അവളെ അഭിനന്ദിക്കുന്നതിന് പകരം അവഹേളിക്കുന്ന നടപടിയാണ് സംഘപരിവാര്‍ അനുകൂലികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മുസ്ലീം സമുദായത്തില്‍ ജനിച്ചു എന്ന കാരണത്താല്‍ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്നതാണ് സംഘപരിവാര്‍ നിലപാട്. ഇത് രാജ്യത്തിന്റെ ഭരണഘടനയെ പോലും ചോദ്യമുനമ്പില്‍ നിര്‍ത്തുന്നതാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 20 നും 21 നുമായി പാകിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്ത് അറസ്റ്റിലായത് മൂന്നുപേരായിരുന്നു. യുപി സ്വദേശികളായ കുമാര്‍ വികാസ്, രവീന്ദ്ര കുമാര്‍ എന്നിവരാണ് മാര്‍ച്ച് 20 ന് അറസ്റ്റിലായത്. 21-ാം തീയതി പ്രതിരോധ സംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിന്റെ സീനിയര്‍ എഞ്ചിനീയര്‍ ദീപ് രാജ് ചന്ദ്ര അറസ്റ്റിലായി. ഇവര്‍ മൂന്നുപേരും ഹിന്ദുമതാനുഭാവികളാണെന്നതും ഈ അവസരത്തില്‍ നാം മറന്നുകൂടാ.
സമീപകാലത്ത് നടന്ന ഈ സംഭവങ്ങളും നമുക്ക് മുന്നിലുണ്ടായിട്ടും ഒരു മുസ്ലീം പെണ്‍കുട്ടി ഐഎസ്ആര്‍ഒയില്‍ ജോലിക്ക് പ്രവേശിക്കുന്നതില്‍ ആക്രോശിക്കുന്ന ഹിന്ദുത്വ അജണ്ട വര്‍ഗീതയുടെ നേര്‍സാക്ഷ്യമാണ്.abusive comments against muslim girl who got a job at isro
Content Summary: abusive comments against muslim girl who got a job at isro