June 04, 2026 |
Share on

ഹിദാൻബർഗ്: അദാനിക്ക് സെബിയുടെ ക്ലീന്‍ ചിറ്റ്‌

ആരോപണങ്ങൾ “അടിസ്ഥാനരഹിതമെന്ന് ഗൗതം അദാനി

യുഎസ് ഷോർട്ട് സെല്ലറായ ഹിദാൻബർഗ് റിസർച്ച് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). വിശദമായ അന്വേഷണത്തിൽ ഇൻസൈഡർ ട്രേഡിംഗ്, മാർക്കറ്റ് കൃത്രിമം, പൊതു ഓഹരി ഉടമസ്ഥാവകാശ നിയമങ്ങളുടെ ലംഘനം തുടങ്ങിയ ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് സെബി വ്യക്തമാക്കി.

അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി, രാജേഷ് അദാനി, അദാനി പോർട്‌സ് & എസ്ഇസെഡ്, അദാനി പവർ, അഡികോർപ്പ് എൻ്റർപ്രൈസസ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾക്കെതിരായ ആരോപണങ്ങളാണ് അന്വേഷണത്തിൽ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയത്.

ഹിദാൻബർഗ് ഉന്നയിച്ച തട്ടിപ്പ്, അന്യായമായ വ്യാപാര രീതികൾ, ഫണ്ട് വകമാറ്റൽ, അക്കൗണ്ടിംഗ് ക്രമക്കേടുകൾ തുടങ്ങിയ ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്ന് സെബി രണ്ട് പ്രത്യേക ഉത്തരവുകളിൽ അറിയിച്ചു.

ആരോപിക്കപ്പെട്ട ഇടപാടുകൾ യഥാർത്ഥ ബിസിനസ് ഇടപാടുകളാണ്. തട്ടിപ്പുകളോ RPT (Related-Party Transaction) വെളിപ്പെടുത്തൽ മാനദണ്ഡങ്ങളുടെ ലംഘനങ്ങളോ ആയി ഇവയെ കണക്കാക്കാനാവില്ലെന്ന് സെബി വ്യക്തമാക്കി. അന്വേഷണത്തിന് മുമ്പ് തന്നെ എല്ലാ വായ്പകളും പലിശയടക്കം പൂർണ്ണമായി തിരിച്ചടച്ചതായും കണ്ടെത്തി.

അദാനി ഗ്രൂപ്പ് കമ്പനികൾ മൈൽസ്റ്റോൺ ട്രേഡ്‌ലിങ്ക്‌സ്, റെഹ്‌വർ ഇൻഫ്രാസ്ട്രക്ചർ എന്നിവയെ ഇടനിലക്കാരായി ഉപയോഗിച്ച് ഫണ്ട് കൈമാറ്റം ചെയ്തെങ്കിലും, 2018-23 കാലഘട്ടത്തിൽ നിലവിലിരുന്ന നിയമങ്ങൾ അനുസരിച്ച് ഇത് നിയമവിരുദ്ധമല്ലായിരുന്നു. 2023 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ മുൻകാല പ്രാബല്യത്തോടെ ബാധകമല്ലെന്നും സെബി ചൂണ്ടിക്കാട്ടി.

Also Read: ഗൗതം അദാനിക്കെതിരായ വാർത്തകൾ; കോടതിവിധിയെ ചോദ്യം ചെയ്ത് പ്രമുഖ മാധ്യമപ്രവർത്തകർ

ഗൗതം അദാനി, രാജേഷ് അദാനി, ജുഗേഷ്‌സിന്ദർ സിംഗ് (അദാനി ഗ്രൂപ്പിന്റെ സിഎഫ്ഒ) എന്നിവർക്കെതിരെ മനപ്പൂർവ്വമായ മറച്ചുവെക്കലോ തട്ടിപ്പോ നടത്തിയതിന് തെളിവുകളില്ലെന്ന് സെബി ഉത്തരവിൽ പറയുന്നു.

സെബിയുടെ മുഴുവൻ സമയ അംഗം കമലേഷ് വാർഷണി പുറത്തിറക്കിയ ഉത്തരവിൽ, നോട്ടീസികൾക്കെതിരായ ആരോപണങ്ങൾ സ്ഥാപിക്കാൻ സാധിക്കാത്തതിനാൽ കേസ് യാതൊരു നിർദ്ദേശങ്ങളുമില്ലാതെ തീർപ്പാക്കുകയാണെന്ന് വ്യക്തമാക്കി.

സെബിയുടെ കണ്ടെത്തലുകൾക്ക് ശേഷം അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എക്സ് പ്ലാറ്റ്‌ഫോമിൽ പ്രതികരണം രേഖപ്പെടുത്തി. ഹിദാൻബർഗ് ആരോപണങ്ങൾ “അടിസ്ഥാനരഹിതമാണ്” എന്ന് തങ്ങൾ തുടക്കം മുതൽ പറഞ്ഞിരുന്നത് സെബിയുടെ അന്വേഷണം സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു.

“ഈ തട്ടിപ്പും ലക്ഷ്യത്തോടുകൂടിയതുമായ റിപ്പോർട്ട് കാരണം പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ വേദന ഞങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നു. തെറ്റായ പ്രചാരണങ്ങൾ നടത്തിയവർ രാജ്യത്തോട് മാപ്പ് പറയണം,” അദാനി കൂട്ടിച്ചേർത്തു. അദാനി ഗ്രൂപ്പിന്റെ സുതാര്യതയും സത്യസന്ധതയും എപ്പോഴും നിലനിൽക്കുമെന്നും രാഷ്ട്രനിർമ്മാണത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

Also Read: അദാനിയുടെ രണ്ട് വൈദ്യുതി പദ്ധതികൾ ആന്ധ്രപ്രദേശ് ഉപേക്ഷിച്ചു, പ്രദേശിക പ്രശ്‌നങ്ങളാൽ പിന്മാറുന്നുവെന്ന് വിശദീകരണം

2023 ജനുവരി 24-ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഗ്രൂപ്പിൻ്റെ വിപണി മൂലധനം ഏകദേശം 150 ബില്യൺ ഡോളർ ഇടിയുകയും മുൻനിര സ്ഥാപനമായ അദാനി എൻ്റർപ്രൈസസിൻ്റെ ഓഹരി 70 ശതമാനത്തോളം ഇടിയുകയും ചെയ്തിരുന്നു. ഈ വർഷം ആദ്യം ഹിദാൻബർഗ് റിസർച്ച് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ തൻ്റെ സ്ഥാപനം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചിരുന്നു.

content summary: The Securities and Exchange Board of India (SEBI) has given a clean chit to the Adani Group, its key firms, and its promoters, including Gautam Adani and Rajesh Adani, dismissing all allegations of stock manipulation, fraud, and related-party transaction violations raised by U.S. short-seller Hindenburg Research.

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×