June 26, 2026 |
Share on

അഹമ്മദാബാദ് വിമാനദുരന്തം: പൈലറ്റിനെതിരെ എയർ ഇന്ത്യ റിപ്പോർട്ട്

മറ്റ് ബോയിംഗ് വിമാനങ്ങളിലെ ഇന്ധന സ്വിച്ചുകൾക്ക് തകരാറില്ല

എയർ ഇന്ത്യ അപകടത്തിന്റെ അന്വേഷണ റിപ്പോർട്ടുകൾക്ക് പിന്നാലെ, മറ്റ് ബോയിംഗ് വിമാനങ്ങളിലെ ഇന്ധന സ്വിച്ചുകളിൽ തരാറുകളിലെന്ന് വ്യക്തമാക്കി എയർ ഇന്ത്യ. കഴിഞ്ഞ മാസം 260 പേരുടെ മരണത്തിനിടയാക്കിയ അപകട കാരണം വിമാനത്തിലെ മുതിർന്ന പൈലറ്റിന്റെ പിഴവാകാമെന്ന് അന്വേഷകർ സംശയിക്കുന്നതായി ഒരു യുഎസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ, എൻജിനിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇത് എൻജിനുകളിൽ ഇന്ധനക്ഷാമമുണ്ടാക്കുകയും അവ ഓഫാകാൻ കാരണമാവുകയും ചെയ്തു. ഏതാനും നിമിഷങ്ങൾക്കകം വിമാനം തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരും പ്രദേശത്തെ കെട്ടിടത്തിലെ 19 പേരും മരിച്ചു.

ഇന്ത്യൻ വ്യോമയാന അതോറിറ്റിയുടെ പ്രാഥമിക റിപ്പോർട്ടിൽ, 787 ഡ്രീംലൈനർ നിർമ്മാതാക്കളായ ബോയിംഗിനെതിരെ ഒരു നടപടിയും ശുപാർശ ചെയ്തിട്ടില്ല. എന്നാൽ, റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം, മുൻകരുതൽ എന്ന നിലയിൽ തങ്ങളുടെ എല്ലാ ബോയിംഗ് വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനങ്ങൾ പരിശോധിക്കാൻ എയർ ഇന്ത്യ ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ഒരു പ്രശ്നവും കണ്ടെത്തിയില്ലെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

വാൾ സ്ട്രീറ്റ് ജേണലിന്റെ (WSJ) റിപ്പോർട്ട് പ്രകാരം, യുഎസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തലിൽ വിമാനത്തിന്റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പ്രവർത്തനങ്ങളിലാണ് അന്വേഷകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരിചയസമ്പന്നനായ പൈലറ്റാണ് ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന് അവർ പറയുന്നു.

ബ്ലാക്ക്-ബോക്സ് റെക്കോർഡിംഗ് അനുസരിച്ച്, വിമാനം പറന്നുയരുന്ന സമയത്ത് ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത് എന്തിനാണെന്ന് അദ്ദേഹം പൈലറ്റായ സുമീത് സബർവാളിനോട് ചോദിച്ചപ്പോൾ, താൻ അത് ചെയ്തിട്ടില്ലെന്ന് സബർവാൾ മറുപടിയും നൽകുന്നുണ്ട്.

അപകടം സംബന്ധിച്ച തെളിവുകൾ വിലയിരുത്തിയ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ട് ചെയ്തത് വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദർ പരിഭ്രാന്തനായി കാണപ്പെട്ടപ്പോൾ ക്യാപ്റ്റൻ സുമീത് സബർവാൾ ശാന്തനായിരുന്നു എന്നാണ്. ഇത് മനപ്പൂർവ്വമായിരുന്നോ അതോ ആകസ്മികമായി സംഭവിച്ചതാണോ എന്ന് WSJ ഉദ്ധരിച്ചവർക്ക് വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ക്രിമിനൽ അന്വേഷണവും വേണമെന്ന് യുഎസ് ഉദ്യോഗസ്ഥർ കരുതുന്നതായും റിപ്പോർട്ടിൽ പറയുന്നു.

അഭിമുഖം നടത്തിയവരുടെ പേര് വാൾ സ്ട്രീറ്റ് ജേണൽ (WSJ) പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ അധികാരികൾ അവരുടെ പ്രാഥമിക അന്വേഷണത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടുമില്ല. ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റും ഫസ്റ്റ് ഓഫീസറും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് സംഗ്രഹിച്ചിരുന്നുവെങ്കിലും, സംഭാഷണ ഭാഗങ്ങൾ അതേപടി ചേർത്തിരുന്നില്ല. റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ പൂർണ്ണമായ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഏതാനും സെക്കൻഡുകൾക്ക് ശേഷം ഇന്ധന സ്വിച്ചുകൾ തിരികെ ഓണാക്കി. ഇതോടെ ഒരു എഞ്ചിൻ വീണ്ടും പ്രവർത്തിച്ചെങ്കിലും വിമാനത്തിന്റെ വേഗത വീണ്ടെടുക്കാൻ അത് മതിയായിരുന്നില്ല. റൺവേ വിട്ട് 32 സെക്കൻഡിനുള്ളിൽ വിമാനം നിലംപതിക്കുന്നതിന് തൊട്ടുമുമ്പ്, എയർ ട്രാഫിക് കൺട്രോളിന് “മെയ്ഡേ, മെയ്ഡേ, മെയ്ഡേ” എന്ന അടിയന്തര സന്ദേശം ലഭിച്ചു. വാൾ സ്ട്രീറ്റ് ജേണലിന്റെ (WSJ) ഈ റിപ്പോർട്ടിനെ ഇന്ത്യൻ പൈലറ്റുമാരുടെ സംഘടന (ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്) ശക്തമായി വിമർശിച്ചു. ഇത് “അടിസ്ഥാനരഹിതം” ആണെന്നും, പൈലറ്റിനെ കുറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും അവർ ആരോപിച്ചു.

കഴിഞ്ഞയാഴ്ച റിപ്പോർട്ട് പുറത്തുവന്നതിനുശേഷം, ഇന്ത്യയിലെ പൈലറ്റുമാരുടെ ക്ഷേമം ചൂണ്ടിക്കാട്ടി, ആളുകൾ “തീരുമാനങ്ങളിലേക്ക് എടുത്തുചാടരുതെന്ന്” സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡു ആവശ്യപ്പെട്ടു. അപകടകാരണം പൈലറ്റിന്റെ പിഴവാണെന്നോ, മനഃപൂർവ്വമായ പ്രവൃത്തിയാകാമെന്നോ ഉള്ള വാദങ്ങളെ, പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന രണ്ട് സംഘടനകൾ “അശ്രദ്ധയും അടിസ്ഥാനരഹിതവുമായ സൂചന” എന്ന് വിശേഷിപ്പിച്ചു. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ യാന്ത്രികമായി ഓഫ് ആയതാണോ എന്ന് പരിശോധിക്കുന്നതിനായി, വിമാനത്തിന് മുമ്പ് സംഭവിച്ച സാങ്കേതിക തകരാറുകളും അന്വേഷകർ പരിശോധിച്ചുവരികയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഗാറ്റ്വിക്കിലേക്ക് പോയ വിമാനത്തിൽ മരിച്ച 241 യാത്രക്കാരുടെ ബന്ധുക്കൾ, പ്രാഥമിക റിപ്പോർട്ടിൽ തങ്ങളുടെ നിരാശ അറിയിച്ചു. റിപ്പോർട്ട് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതായി എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറയുന്നു. അന്വേഷണം പൂർത്തിയാകാത്തതിനാൽ പെട്ടെന്ന് ഒരു നിഗമനത്തിലെത്തരുതെന്ന് അദ്ദേഹം ജീവനക്കാരോട് നിർദേശിച്ചു.

content summary: Air India confirms no issues with fuel switches on other Boeing planes after crash.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×