നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരേ മതം പറഞ്ഞ് പി വി അന്‍വര്‍. ഷൗക്കത്ത് ഇസ്ലാം വിരുദ്ധനാണെന്ന് വരുത്തി തീര്‍ക്കുന്ന പ്രസ്താവനകളായിരുന്നു വാര്‍ത്തസമ്മേളനത്തില്‍ അന്‍വര്‍ നടത്തിയത്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നാണ് അന്‍വര്‍ ആവര്‍ത്തിക്കുന്നത്. പിണറായിസത്തെ അവസാനിപ്പിക്കാന്‍ ഷൗക്കത്തിനെ കൊണ്ട് കഴിയില്ലെന്നായിരുന്നു വാര്‍ത്ത സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞത്.
നിലമ്പൂരിലെ ജനങ്ങള്‍ക്ക് ഷൗക്കത്തിനോട് വിരോധമുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. ഷൗക്കത്തും പ്രകാശും എതിരാളികളായി വന്നപ്പോള്‍ തന്റെ ഭൂരിപക്ഷത്തില്‍ ഉണ്ടായ ഏറ്റക്കുറച്ചിലുകള്‍ ചൂണ്ടിക്കാട്ടിയാണ് അനവര്‍ ഇക്കാര്യം പറയുന്നത്. ഷൗക്കത്തിനെതിരായ ജനവികാരം ഇപ്പോഴും നിലമ്പൂര്‍ മണ്ഡലത്തിലുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. കഴിഞ്ഞ ഒമ്പത് കൊല്ലം കൊണ്ട് അത് കൂടുകയാണുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. തന്നെ തിരഞ്ഞെടുപ്പില്‍ സഹായിച്ച യുഡിഎഫ് അനുഭാവികളെയെല്ലാം ഷൗക്കത്ത് തിരഞ്ഞുപിടിച്ചു ദ്രോഹിക്കുകയാണെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. ഇക്കൂട്ടത്തില്‍ അവിടുത്തെ വ്യാപാരി വ്യവസായികളുമുണ്ട്. അതുകൊണ്ടാണ് നിലമ്പൂരില്‍ വ്യാപാരി വ്യവസായികള്‍ ആലോചിക്കുന്നത്. എല്ലാ വര്‍ഷവും ഷൗക്കത്ത് സംഘടിപ്പിക്കാറുള്ള നിലമ്പൂര്‍ പാട്ടിന്റെ മറവില്‍ കൊള്ളപ്പിരിവാണ് നടക്കുന്നത്. കോളറിന് പിടിച്ചാണ് കാശ് വാങ്ങുന്നത്. ഒരു വര്‍ഷം ആഘോഷമായി ജീവിക്കാനുള്ള പണം വ്യാപാരികളുടെ കോളറിന് പിടിച്ച് ഷൗക്കത്ത് വാങ്ങുമായിരുന്നു എന്നൊക്കെയാണ് അന്‍വറിന്റെ ആക്ഷേപം. ഈ അവസ്ഥ അവിടെ തുടരാതിരിക്കാന്‍ വ്യാപാരികള്‍ ഷൗക്കത്ത് ജയിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. ഷൗക്കത്ത് ജയിച്ചാല്‍ പഴയ അരാജകത്വത്തിലേക്ക് നിലമ്പൂര്‍ പോകുമെന്ന് വ്യാപാരികള്‍ ഭയപ്പെടുന്നു. അതുകൊണ്ട് വ്യാപാരി വ്യവസായി സമൂഹം ഷൗക്കത്തിന് എതിരാണെന്നാണ് അന്‍വറിന്റെ അഭിപ്രായം.
അന്‍വറിനെ കാണാന്‍ രാഹുല്‍ പോയത് സതീശന്‍ അടച്ച വാതില്‍ തുറന്ന്
ആര്യാടന്‍ ഷൗക്കത്ത് മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയാണെന്ന് ആരും അംഗീകരിക്കില്ലെന്നാണ് അന്‍വറിന്റെ അടുത്ത ആരോപണം. ഷൗക്കത്ത് പേരെടുത്തതും പ്രശസ്തിയുണ്ടാക്കിയതും കഥയെഴുതിയതുമെല്ലാം ഈയൊരു സമുദായത്തെ ഉപയോഗിച്ചാണ്. ഒരു മുസല്‍മാന്‍ മുസ്ലിം സമുദായത്തിനെതിരേ സംസാരിച്ചാല്‍ അതാരും വിട്ടുകൊടുക്കാന്‍ തയ്യാറാകില്ലെന്നാണ് അന്‍വര്‍ പറയുന്നത്. ഒരു വിശ്വാസി സമൂഹത്തെ അതിനകത്ത് നിന്നും ചോദ്യം ചെയ്താല്‍ അതാരും അംഗീകരിച്ചു കൊടുക്കില്ലെന്നാണ് അന്‍വറിന്റെ വാദം. മഞ്ചേരി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പി കെ സൈനബ സിപിഎമ്മിനു വേണ്ടി മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്കാരായ മുസ്ലിങ്ങള്‍ പോലും വോട്ട് ചെയ്തില്ലെന്നാണ് ഷൗക്കത്തിനുണ്ടാകുന്ന അനുഭവത്തെ ഓര്‍മിപ്പിച്ചുകൊണ്ട് അന്‍വര്‍ നടത്തുന്ന വെല്ലുവിളി. സൈനബയുടെ വേഷവിധാനങ്ങള്‍ പോലും ഇസ്ലാമിനെതിരായിരുന്നു, കമ്യൂണിസ്റ്റുകാരായ മുസ്ലിങ്ങള്‍ പോലും ആ മതനിഷേധിക്കെതിരേ വോട്ട് ചെയ്തു. അതേ കാര്യം തന്നെ നിലമ്പൂരും ആവര്‍ത്തിക്കപ്പെടുമെന്നാണ് അന്‍വറിന്റെ മുന്നറിയിപ്പ്.
സ്വന്തം പിതാവ് യുഡിഎഫ് മന്ത്രിയായിരിക്കെ തന്നെ എത്രയോ തവണ മലപ്പുറത്ത് വച്ച് യുഡിഎഫിനെതിരേ തന്നെ പ്രസംഗിച്ചിട്ടുള്ളയാളാണ് ഷൗക്കത്ത് എന്നാണ് അന്‍വറിന്റെ മറ്റൊരു ആരോപണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിന്നും ആര്യാടന്‍ ഷൗക്കത്ത് മാറ്റിനിര്‍ത്തപ്പെട്ടതോടെയാണ് മലപ്പുറത്ത് കോണ്‍ഗ്രസ്-ലീഗ് ബന്ധം സുഗമമായി പോകാന്‍ തുടങ്ങിയതെന്നാണ് അന്‍വര്‍ പറയുന്നത്. അതിതീവ്ര ആര്‍എസ്എസ്സുകാരോ ശശികല ടീച്ചറോ പോലും പാണക്കാട്ടെ തങ്ങമ്മാരെ കുറിച്ച് പറയാന്‍ തയ്യാറാകാത്ത കാര്യങ്ങളാണ് ഷൗക്കത്ത് പറഞ്ഞതെന്നാണ് അന്‍വറിന്റെ മറ്റൊരു ആക്ഷേപം. ഷിഹാബ് തങ്ങള്‍ മന്ത്രിച്ചൂതി പണം തട്ടുന്നവനാണെന്ന് പറഞ്ഞ് ഫാസിസ്റ്റുകളുടെ കൈയടി വാങ്ങിയവനാണ് ഷൗക്കത്ത് എന്നാണ് പരിഹാസം. ഷൗക്കത്തിനോടുള്ള വിരോധം ലീഗുകാര്‍ മറക്കില്ലെന്നാണ് അന്‍വര്‍ പറയുന്നത്.
ഷൗക്കത്തിനെ കുറ്റപ്പെടുത്താന്‍ മുസ്ലിം സമുദായത്തിനകത്ത് നടക്കുന്ന ശൈശവ വിഹാത്തെ വരെ അന്‍വര്‍ അനുകൂലിക്കുകയാണ്. പാഠം ഒന്ന് ഒരു വിലാപത്തിന് ഷൗക്കത്തിന് ദേശീയ അവാര്‍ഡ് കിട്ടിയത് സമുദായത്തെ മോശമാക്കി ചിത്രീകരിച്ചതുകൊണ്ടാണെന്നാണ് അന്‍വറിന്റെ വാദം. നാലും അഞ്ചും പെണ്‍കുട്ടികളുള്ള, പാവപ്പെട്ട മുസ്ലിം കുടുംബങ്ങള്‍, തങ്ങളുടെ നിവൃത്തികേടുകൊണ്ട് പെണ്‍മക്കളെ ആരെങ്കിലും വന്നു കെട്ടിക്കൊണ്ടു പോയെങ്കില്‍ എന്ന് ആഗ്രഹിക്കും. അങ്ങനെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമൊക്കെ വരുന്നവര്‍ക്ക് പെണ്‍മക്കളെ കൈപിടിച്ചു കൊടുക്കും. ആ വിഷയമെടുത്ത് കഥയാക്കി ഷൗക്കത്ത് അവാര്‍ഡ് വാങ്ങിയെന്നാണ് അന്‍വറിന്റെ കുറ്റപ്പെടുത്തല്‍. മൈസൂര്‍ കല്യാണം പോലെ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ ജീവിതം തകര്‍ക്കുന്ന ഏര്‍പ്പാടിനെയാണ് രാഷ്ട്രീയ വിരോധത്തിന്റെ മറവില്‍ അന്‍വര്‍ വെള്ളപൂശുന്നതും. Aryadan Shaukath is Anti-Islam will lose in Nilambur by-election; PV Anwar
Content Summary; Aryadan Shaukath is Anti-Islam will lose in Nilambur by-election; PV Anwar
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.