ഒരു വിഭാഗം ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തി വരുന്ന സമരം 39 ആം ദിവസത്തില്‍ നിരാഹര സമരത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ബുധനാഴ്ച്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിന്റെ രീതി മാറ്റിയത്. 38 ആം ദിവസത്തിലായിരുന്നു രണ്ട് ചര്‍ച്ചകള്‍ സമരത്തിന് നേതൃത്വം നല്‍കുന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷനുമായി നടന്നത്. ദേശീയ ഹെല്‍ത്ത് മിഷന്റെ(എന്‍എച്ച്എം) സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍ ഐഎഎസുമായിട്ടായിരുന്നു ആദ്യ ചര്‍ച്ച. അതേദിവസം തന്നെ ആരോഗ്യ മന്ത്രി വീണ ജോര്‍ജുമായി രണ്ടാമത്തെ ചര്‍ച്ച. ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം അനുവദിക്കുക എന്നതായിരുന്നു എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടറോടുള്ള സമരക്കാരുടെ പ്രധാന ആവശ്യം. സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥ പറഞ്ഞ് ഈ ആവശ്യങ്ങളോട് ബുദ്ധിമുട്ട് പറയുകയായിരുന്നു മിഷന്‍ ഡയറക്ടര്‍. ഓണറേറിയം വര്‍ദ്ധനവിനെ കുറിച്ച് മന്ത്രി പറയുന്നില്ലെന്ന കാരണത്താലായിരുന്നു വീണ ജോര്‍ജുമായുള്ള ചര്‍ച്ചയും സമരക്കാര്‍ അവസാനിപ്പിച്ചത്. മന്ത്രിയും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പറഞ്ഞ് ആവശ്യങ്ങളില്‍ നിന്നും പിന്മാറുകയാണെന്നായിരുന്നു സമരക്കാരുടെ പരാതി.
സമരക്കാര്‍ പറഞ്ഞത്
സമരം അവസാനിപ്പിക്കുക എന്ന ആവശ്യം മാത്രമായിരുന്നു മിഷന്‍ ഡയറക്ടര്‍ക്കും മന്ത്രിക്കും ഉണ്ടായിരുന്നതെന്നാണ് സമരക്കാര്‍ കുറ്റപ്പെടുത്തുന്നത്. എത്ര തുക കൂട്ടിത്തരാമെന്ന് ചോദിച്ചതിന് മന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നാണ് മന്ത്രി പറഞ്ഞത്. അവസ്ഥ നല്ലതാകുമ്പോള്‍ ഓണറേറിയം കൂട്ടിത്തരാമെന്നു പറയുന്നു. എന്നാല്‍ എത്ര വര്‍ദ്ധിപ്പിക്കാമെന്ന് ആരോഗ്യമന്ത്രി പറയുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ ഒന്നും പോലും പരിഗണിക്കാത്ത ചര്‍ച്ചയായിരുന്നു.
മന്ത്രി പറഞ്ഞത്
സമരക്കാരുടെ ആവശ്യം പരിഗണിക്കില്ലെന്നോ, നടക്കില്ലെന്നോ സര്‍ക്കാര്‍ പറയുന്നില്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. 2023-24 കാലത്ത് ആശമാരുടെ ഇന്‍സന്റീവ്-ഹോണറേറിയം നല്‍കുന്നതില്‍ കാലതാമസം വന്നിരുന്നു. കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട ഇന്‍സെന്റീവ് പൂര്‍ണമായി മുടങ്ങിപ്പോയ സഹാചര്യമായിരുന്നു അത്. കേന്ദ്രവിഹിതം മുടങ്ങിയിട്ടും സംസ്ഥാന ധനവകുപ്പിന്റെ സഹായം കിട്ടി. ഏപ്രില്‍-മേയ് മാസങ്ങളില്‍ കേന്ദ്രത്തില്‍ നിന്നും ഫണ്ട് വരാന്‍ താമസിക്കുമെന്നാണ് സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അറിയിച്ചിട്ടുള്ളത്. ജൂണ്‍ മുതല്‍ മാസാദ്യം തന്നെ ആശവര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്റീവും ഓണറേറിയവും കൊടുക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ജൂണ്‍ മാസം മുതല്‍ അഞ്ചാം തീയതിക്കും പത്താം തീയതിക്കും ഇടയില്‍ ആശമാര്‍ക്ക് പണം കൊടുക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേന്ദ്ര വിഹിതം കിട്ടാന്‍ വൈകുന്നതാണ് ഇതില്‍ നേരിടുന്ന പ്രധാന പ്രതിസന്ധി.
ഓണറേറിയം വര്‍ദ്ധനവ്
ഓണറേറിയം വര്‍ദ്ധനവ് മുന്‍പേ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നു. ഓണറേറിയം ഇനിയും ഉയര്‍ത്തണമെന്ന ആശമാരുടെ ആവശ്യത്തില്‍ സര്‍ക്കാരിനും അനുഭാവപൂര്‍ണമായ പ്രതികരണമാണുള്ളതെന്നാണ് മന്ത്രി അറിയിക്കുന്നത്. ഇക്കാര്യം മനസിലാക്കി സമരത്തില്‍ നിന്നും പിന്‍വാങ്ങണമെന്നായിരുന്നു ആരോഗ്യമന്ത്രി സമരക്കാരോട് അഭ്യര്‍ത്ഥിച്ചത്.
ഇപ്പോള്‍ ലഭിക്കുന്ന തുക മൂന്നിരട്ടിയായി(21,000) വര്‍ദ്ധിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സമയബന്ധിതമായി ആ കാര്യം ചെയ്യാന്‍ സര്‍ക്കാരിന് പരിമിതകളുണ്ട്. ഇക്കാര്യത്തില്‍ എന്തു ചെയ്യാമെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണ്, മന്ത്രി പറയുന്നു.
ആരോപണങ്ങളും മറുപടിയും
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഈ കാര്യം സമരക്കാരോട് ബുധനാഴ്ച്ച മന്ത്രി അറിയിച്ചിരുന്നതാണ്. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ സമരനേതാവ് ചോദിച്ചത്, ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാന്‍ 38 ദിവസം വേണമോയെന്നായിരുന്നു. എന്നാല്‍ മന്ത്രി പറയുന്നതനുസരിച്ച് ഇതേ കാര്യങ്ങള്‍ സമരക്കാരോട് അവരുടെ സമരം തുടങ്ങി നാലോ അഞ്ചോ ദിവസമായപ്പോള്‍ തന്നെ അറിയിച്ചിരുന്നതാണ്.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചില്ല എന്നാണ് സമരക്കാര്‍ ആവര്‍ത്തിക്കുന്നത്. നാലാം ദിവസം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സമരക്കാരോട് ചര്‍ച്ച നടത്തിയിരുന്നു. ഫെബ്രുവരി 15 തീയതി ആരോഗ്യമന്ത്രിയും ചര്‍ച്ച നടത്തി. അതുപോലെ സംസ്ഥാനം കഠിനമായ പല ഗൈഡ് ലൈനുകളും ആശമാര്‍ക്ക് വച്ചിട്ടുണ്ടെന്നാണ് സമരക്കാരുടെ ആരോപണം. പിഎച്ച്‌സി കേന്ദ്രീകരിച്ചുള്ള ആശമാര്‍ 25 ദിവസങ്ങള്‍ ഗൃഹസന്ദര്‍ശനത്തിന് ഉറപ്പായും പോകണമെന്നാണ് സമരക്കാര്‍ ആരോപണമായി പറയുന്നത്. എന്നാല്‍ സംസ്ഥാനം ഇത്തരത്തില്‍ യാതൊരു ഗൈഡ് ലൈനുകളും വച്ചിട്ടില്ലെന്നു മന്ത്രി പറയുന്നു. അത്തരം പരാതികള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ പരാതിപ്പെടാന്‍ പഞ്ചായത്ത്-ജില്ല-സംസ്ഥാന തലങ്ങളില്‍ സമിതികളുണ്ട്. ദേശീയ ഗൈഡ് ലൈന് വിരുദ്ധമായി ആശമാരെ അമിതഭാരം എടുപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മന്ത്രി ഉറപ്പിച്ചു പറയുന്നത്.
ആശ വര്‍ക്കര്‍മാര്‍ക്ക് 1000 രൂപയില്‍ കൂടുതല്‍ കിട്ടുന്നു എന്ന സര്‍ക്കാര്‍ വാദം നുണയാണെന്നായിരുന്നു സമര നേതാക്കളുടെ വാദം. എന്നാല്‍ മന്ത്രി തെളിയിക്കുന്നത്, ഒന്നോ രണ്ടോ ദിവസം ഫീല്‍ഡില്‍ പോകുന്ന ഒരു ആശ പ്രവര്‍ത്തകയ്ക്ക് 1000 രൂപ ഉറപ്പായ വേതനമാണെന്നാണ്. 7000 രൂപ ഓണറേറിയം, 3000 രൂപ ഫിക്‌സ്ഡ് ഇന്‍സെന്റീവ് എന്ന നിലയാണ് 1000 രൂപ സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. രേഖകള്‍ സഹിതമാണ് ഈ വിവരം മന്ത്രി മാധ്യമങ്ങളെ അറിയിച്ചത്. മന്ത്രിയുമായി സമര സമതിക്കുവേണ്ടി ചര്‍ച്ച നടത്തിയവരില്‍ തന്നെ നാല് പേര്‍ക്ക്, 11,000 നും 13,000 നും മുകളില്‍ ഓണറേറിയം കിട്ടയതിന്റെ തെളിവും പുറത്തു വന്നിട്ടുണ്ട്( കെ പി റോസമ്മ-11,735, വിനിത കുമാരി-13,040, ബീന എസ്-13,040, പത്മകുമാരി-13,290). ഇപ്പോള്‍ സമരം ചെയ്യുന്നവരില്‍ തന്നെ ഭൂരിഭാഗം പേര്‍ക്കും ഇതേ തുകകള്‍ കിട്ടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്.
ജെ പി നദ്ദയുടെ ഉറപ്പല്ലാത്ത ഉറപ്പുകള്‍
കേന്ദ്ര പദ്ധതിയായിട്ടും ആശ സമരത്തെ കേരളത്തിന്റെ പ്രശ്‌നമായാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ തുടക്കം മുതല്‍ കുറ്റപ്പെടുത്തുന്നത്. കേന്ദ്ര വിഹിതമായി കേരളത്തിന് കൊടുക്കാനുള്ളതെല്ലാം കേന്ദ്രം കൊടുത്തെന്നാണ് രാജ്യസഭയില്‍ മന്ത്രി അവകാശപ്പെട്ടത്. ഇത് കള്ളമാണെന്ന് സംസ്ഥാനം രേഖകള്‍ വച്ച് മറുപടി പറഞ്ഞിരുന്നു. നദ്ദയ്‌ക്കെതിരേ ഇടതുപക്ഷ എംപി സന്തോഷ്‌കുമാര്‍ അവകാശലംഘനത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസവും നദ്ദ പറഞ്ഞത്, ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സമതി ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ്. ഉയര്‍ന്ന ഇന്‍സെന്റീവ് ആശമാര്‍ക്ക് ഉറപ്പാക്കുമെന്നാണ് നദ്ദ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വാക്കു പറച്ചില്‍ അല്ലാതെ വേറൊന്നും ഇതുവരെ നടന്നിട്ടില്ല. മാത്രമല്ല, ഇന്‍സെന്റീവ് എപ്പോള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറയുന്നില്ല. അങ്ങനെയൊരു ഉറപ്പോ ഉത്തരവോ ഇറക്കിയാല്‍ ആശമാരുടെ സമരം അവസാനിപ്പിക്കാം. സമയബന്ധിതമായി പരിഗണിക്കാം എന്നു മാത്രമാണ് മന്ത്രി പറഞ്ഞൊഴിയുന്നത്. മോദി ഭരണകാലത്ത് നല്ല രീതിയില്‍ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് അവകാശവാദം.
കേന്ദ്രമല്ല, കേരളം കൂട്ടണം!
കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പരിഗണിക്കാമെന്നു മാത്രമാണ്. കേന്ദ്രം തീരുമാനം എടുത്താല്‍ മാത്രമാണ് സംസ്ഥനത്തിനും കൂടുതലായി എന്തെങ്കിലും ചെയ്യാന്‍ കഴിയുക. ഇക്കാര്യം സംസ്ഥാന മന്ത്രി പറുന്നത് അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുകയല്ല, കേരളം ഓണറേറിയം കൂട്ടുകയാണ് വേണ്ടതെന്നാണ് സമരക്കാര്‍ ഉയര്‍ത്തുന്ന വിചിത്രവാദം. ഈയൊരു നിബന്ധന സമരത്തിനു പിന്നിലുള്ള രാഷ്ട്രീയം വ്യക്തമാക്കുന്നതാണെന്നാണ് മന്ത്രി കുറ്റപ്പെടുത്തുന്നത്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ആശമാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുമെന്നത്, എന്നാല്‍ അതുണ്ടായിട്ടില്ലെന്നുമാണ് സമരക്കാര്‍ പറയുന്നത്. ഈയൊരു ആരോപണം അടിസ്ഥാനരഹിതമാണെന്നു മന്ത്രി പറയുന്നു. രണ്ടായിരം രൂപ ഈ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് മന്ത്രി അറിയിക്കുന്നത്. ഇനിയും ഓണറേറിയം ഉയര്‍ത്താന്‍ തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കേന്ദ്രമാണ് സഹായിക്കാത്തത്. കേന്ദ്ര സര്‍ക്കാര്‍ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കേണ്ട, കേരളം ഓണറേറിയം വര്‍ദ്ധിപ്പിച്ചാല്‍ മതിയെന്നു പറയുന്നത്, സമരത്തിനിടയിലൂടെ എസ്‌യുസിഐ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമാണെന്നാണ് വീണ ജോര്‍ജ് എടുത്തു പറയുന്നത്.
പരിശീലന ക്യാമ്പും പ്രകടന പത്രികയും
സംസ്ഥാനത്തെ ആശമാരുടെയെല്ലാം പിന്തുണയുണ്ടെന്ന സമരക്കാരുടെ വാദം സര്‍ക്കാര്‍ പൊളിക്കുന്നത്, ആശമാര്‍ക്കുള്ള പരിശീലന ക്യാമ്പിലെ ഹാജര്‍ നില കാണിച്ചാണ്. സമരം പൊളിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമായാണ് പരിശീല ക്യാമ്പിനെ സമരക്കാര്‍ ആക്ഷേപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നത്, 17 മുതല്‍ 21 വരെ അഞ്ചു ദിവസമായി നടത്തുന്ന ക്യാമ്പില്‍, ആദ്യത്തെ മൂന്നു ദിവസം പങ്കെടുക്കേണ്ടിയിരുന്ന 17129 ആശമാരില്‍ പ്രത്യേക കാരണങ്ങളാല്‍ ലീവ് അപേക്ഷിച്ചിരുന്നവരെ മാറ്റി നിര്‍ത്തി 16479 പേരും പങ്കെടുത്തുവെന്നാണ്. 650 പേരാണ് പങ്കെടുക്കാതിരുന്നത്. ഇവരില്‍ പകുതിയേലേറെ പേരും മെറ്റേണിറ്റി ലീവ് ഉള്‍പ്പെടെ മുന്‍കൂട്ടി അറിയിച്ചു മാറി നിന്നവരാണ്.
സമരക്കാര്‍ പറയുന്ന മറ്റൊരു ആരോപണം, എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ ആശ വര്‍ക്കര്‍മാരുടെ മിനിമം കൂലി 700 ആക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ്. ഇക്കാര്യത്തില്‍ വിശദീകരണം പലതവണ വന്നിട്ടും ഈ പ്രചാരണം സമരക്കാര്‍ ഇപ്പോഴും തുടരുന്നുണ്ട്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍, ഖണ്ഡിക 891 ല്‍ പായുന്നത്; ‘അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ തുടങ്ങിയ സ്‌കീം വര്‍ക്കേഴ്‌സിന്റെയും പഞ്ചായത്തുകളിലെ പാലിയേറ്റീവ് നേഴ്സുമാരുടെയും കുടുംബശ്രീ ജീവനക്കാരുടെയും സ്‌കൂളുകളിലെയും പഞ്ചായത്തുകളിലെയും കൗണ്‍സിലേഴ്സ്, റിസോഴ്‌സ് പേഴ്‌സണ്‍സ്, പ്രീ പ്രൈമറി ടീച്ചേഴ്സ് എന്നിവരുടെ ഓണറേറിയം ഇടതുപക്ഷ സര്‍ക്കാര്‍ ഗണ്യമായി ഉയര്‍ത്തുകയുണ്ടായി. ഈ സമീപനം ശക്തിപ്പെടുത്തും എന്നാണ്. മിനിമം വേജസ് ആക്ട് ബാധകമല്ലാത്തവരാണ് ആശാവര്‍ക്കര്‍, അംഗനവാടി അധ്യാപകര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍ തുടങ്ങിയ സ്‌കീം വര്‍ക്കേഴ്‌സ്. ഇവരുടെ ഓണേറിയം കാലോചിതമായി പരിഷ്‌ക്കരിക്കും എന്നാണ് എല്‍ഡിഎഫ് പറയുന്നത്. ആശ വര്‍ക്കര്‍മാരെ തൊഴിലാളികളാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്തു തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകും എന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറയുന്നതും. Asha Samararam; Allegations of the protesters and the arguments of the Kerala government
Content Summary; Asha Samararam; Allegations of the protesters and the arguments of the Kerala government
This post was last modified on March 21, 2025 7:02 am
Leave a Comment