ഔറംഗസേബ് ശവകുടീരം; നാഗ്പൂര്‍ കലാപഭീതിയില്‍, ‘കര്‍സേവ’ഭീഷണിയുമായി ഹിന്ദുത്വ വാദികള്‍,

തിങ്കളാഴ്ച്ച രാത്രിയില്‍ നാഗ്പൂരില്‍ സംഘര്‍ഷം ഉണ്ടായി

ഛത്രപതി സാംഭാജിനഗറിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകൂടീരം പൊളിച്ചു നീക്കണമെന്ന തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ ആവശ്യം നാഗ്പൂരിനെ കലാപസമാനമാക്കുന്നു. തിങ്കളാഴ്ച്ച രാത്രി രണ്ട് സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷം മഹാരാഷ്ട്രയുടെ മത-സാമുദായിക അന്തരീക്ഷത്തിന് ഭീഷണിയുയര്‍ത്തിയിരിക്കുകയാണ്. ഔറംഗസേബിന്റെ ശവകൂടുരം പൊളിക്കണമെന്ന് കുറച്ചു നാളുകളായി ക്യാമ്പയിന്‍ പോലെ കൊണ്ടു നടക്കുകയാണ് ഹിന്ദുത്വവാദികള്‍.

കല്ലേറും, വാഹനങ്ങള്‍ കത്തിച്ചതും, പൊതു,സ്വകാര്യ വസ്തുക്കള്‍ക്കെതിരേയുള്ള ആക്രണവും തിങ്കളാഴ്ച്ച രാത്രിയിലത്തെ സംഘര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലെ മഹല്‍ മേഖലയിലാണ് കൂടുതല്‍ അക്രമസംഭവങ്ങള്‍ നടന്നിരിക്കുന്നത്.സംഘര്‍ഷ മേഖലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഡസണ്ഡ കണക്കിന് ആളുകള്‍ സംഘര്‍ഷത്തിന്റെ ഭാഗമായി തടിച്ചുകൂടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പത്തോലം പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചിത്‌നീസ് അടക്കമുള്ള സ്ഥലങ്ങളിലേക്കും അക്രമം വ്യാപിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദ്രുതകര്‍മസേന, കലാപ നിയന്ത്രണ സേന, റിസര്‍വ് പൊലീസ് എന്നീ വിഭാഗങ്ങളെ അക്രമം തടയാനായി വിന്യസിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നത്. ‘തീര്‍ത്തും അനുചിതവും തെറ്റായതുമായ കാര്യങ്ങളാണ് നാഗ്പൂരില്‍ സംഭവിച്ചത്. നാഗ്പൂര്‍ സമാധാനപരമായ ഒരു നഗരമാണ്, സംസ്‌കാരത്തിന് പേരുകേട്ടതാണ്… ക്രമസമാധാന പാലനത്തിന് ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് കമ്മീഷണറോട് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും കലാപമുണ്ടാക്കുകയോ പോലീസിനെ കല്ലെറിയുകയോ സംഘര്‍ഷം സൃഷ്ടിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും’ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള ഫഡ്‌നാവിസ് അറിയിച്ചിട്ടുണ്ട്.

ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും അഭ്യര്‍ത്ഥിച്ചു. നാഗ്പൂരില്‍ നിന്നുള്ള ലോകസഭ പ്രതിനിധിയാണ് ഗഡ്കരി. ‘സമാധാനം നിലനിര്‍ത്താനും കിംവദന്തികളില്‍ വിശ്വസിക്കാതിരിക്കാനും ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ദയവായി ഭരണകൂടവുമായി സഹകരിക്കുക, സ്‌നേഹം വളര്‍ത്തുക, നഗരത്തില്‍ ഒരു നല്ല അന്തരീക്ഷം നിലനിര്‍ത്തുക’ ഗഡ്കരിയുടെ അഭ്യര്‍ത്ഥന.

‘ഛാവ’ക്ക് ഒറ്റ ലക്ഷ്യം മാത്രം: മുസ്ലീം വിരുദ്ധത

തിങ്കളാഴ്ച ശിവജയന്തി ദിനം ആഘോഷിച്ചതിന്റെ ഭാഗമായാണ് ഛത്രപതി സംഭാജിനഗറിലെ ഖുല്‍ദാബാദില്‍ നിന്ന് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെയും(വിഎച്ച്പി) ബജ്രംഗ്ദളിന്റെയും നേതൃത്വത്തില്‍ ഹിന്ദുത്വവാദികള്‍ പ്രക്ഷോഭം തുടങ്ങുകയായിരുന്നു. നൂറുകണക്കിന് ഹിന്ദുത്വപ്രവര്‍ത്തകര്‍ കളക്ടറുടെയും തഹസില്‍ദാറുടെയും ഓഫിസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്തി. സാംഭാജി നഗറിലും പുനെയിലും മുംബൈയുടെ നഗരപ്രാന്തങ്ങളിലുമെല്ലാം പ്രതിഷേധം സംഘടിപ്പിച്ചു. മുഗള്‍ ചക്രവര്‍ത്തിയുടെ കല്ലറ പൊളിക്കണമെന്നാവശ്യപ്പെടുന്ന ബാനറുകള്‍ ഉയര്‍ത്തിയും ഔറംഗസേബിന്റെ കോലം കത്തിച്ചുമെല്ലാം അന്തരീക്ഷം പ്രകോപനപരമാക്കുകയായിരുന്നു.

കല്ലറ പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ സമര്‍പ്പിച്ചിരിക്കുന്ന മെമ്മോറാണ്ടത്തില്‍ ഔറംഗസേബിന്റെ വിവാദപരമായ ചരിത്രം, പ്രത്യേകിച്ച് മറാത്തകളുമായുള്ള അദ്ദേഹത്തിന്റെ സംഘര്‍ഷങ്ങള്‍ എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. മുഗള്‍ ചക്രവര്‍ത്തിയുടെ ശവകുടീരം നീക്കം ചെയ്യുന്നതിനുള്ള ന്യായീകരണമായി അവര്‍ പറയുന്നത്, ‘വേദനയുടെയും അടിമത്തത്തിന്റെയും’ പ്രതീകമാണ് ആ ശവകുടീരം എന്നാണ്. മറാത്ത രാജാവ് ഛത്രപതി സംഭാജി മഹാരാജിന്റെ പീഡനത്തിനും കൊലപാതകത്തിനും, കാശി, മഥുര, സോമനാഥ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ തകര്‍ത്തതിനും ഔറംഗസേബ് ഉത്തരവാദിയാണെന്നാണ് മെമ്മോറാണ്ടത്തില്‍ കുറ്റപ്പെടുത്തുന്നത്.

‘സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍, കര്‍സേവയുമായി മുന്നോട്ട് പോകുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല’ എന്നാണ് വിഎച്ച്പി നേതാവ് കിഷോര്‍ ചവാന്‍ പറയുന്നത്. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മാതൃകയില്‍ കര്‍സേവ ആസൂത്രണം ചെയ്യുകയാണ് ഹിന്ദുത്വവാദികള്‍. ‘ഔറംഗസേബിന്റെ ശവകുടീരം ഭൂതകാലത്തിലെ അടിച്ചമര്‍ത്തലുകളുടെയും അതിക്രമങ്ങളുടെയും പ്രതീകമാണ്. സര്‍ക്കാര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കണം, അല്ലെങ്കില്‍ ഞങ്ങളുടെ മുന്നേറ്റം കൂടുതല്‍ ശക്തമാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും,’ എന്നാണ് വിഎച്ച്പി നേതാവിന്റെ മുന്നറിയിപ്പ്.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഔറംഗസേബിന്റെ ശവകുടീരത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിക്കുകയാണ്. സന്ദര്‍ശക രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. വിനോദസഞ്ചാരികളോട് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമായും ഹാജരാക്കണം. സംസ്ഥാന റിസര്‍വ് പോലീസ് സേനയുടെ (എസ്ആര്‍പിഎഫ്) ഒരു സംഘവും, ലോക്കല്‍ പോലീസും ഹോം ഗാര്‍ഡുകളും ശവകുടീരത്തിന് സംരക്ഷണം നല്‍കികൊണ്ട് വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ട്.  Aurangzeb’s Tomb; Right wing Hindu activists threaten Kar Seva, Nagpur tense about riots

Content Summary; Aurangzeb’s Tomb; Right wing Hindu activists threaten Kar Seva, Nagpur tense about riots

This post was last modified on March 18, 2025 8:03 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment