മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരത്തിന്റെ മഹത്വവൽക്കരണത്തെ വിമർശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഔറംഗസേബിന്റെ ശവകുടീരം സംബന്ധിച്ച തർക്കങ്ങൾ തുടരുന്നതിനിടെ, ഒസാമ ബിൻ ലാദന്റെ ശവകുടീരം അമേരിക്ക കൈകാര്യം ചെയ്ത രീതിയുമായി ഔറംഗസേബിനെ ഷിൻഡെ താരതമ്യം ചെയ്തു. യുഎസ് ഒസാമയെ സ്വന്തം മണ്ണിൽ സംസ്കരിക്കാൻ വിസമ്മതിച്ചിരുന്നതായും മരണത്തെ മഹത്വവൽക്കരിക്കാതിരിക്കാൻ കടലിൽ ഉപേക്ഷിച്ചതായും ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. നിയമസഭ കൗൺസിൽ ചർച്ചയ്ക്കിടെ ശിവ്സേനയുടെ എംഎൽസി അനിൽ പരാബുമായി ഉണ്ടായ സംവാദത്തിന് പിന്നാലെയായിരുന്നു ഈ പരാമർശം.
നാഗ്പൂർ കലാപത്തെക്കുറിച്ച് കൗൺസിലിനെ അഭിസംബോധന ചെയ്യുന്നതിനിടയിൽ എന്തിനാണ് ഔറംഗസേബിനെ മഹത്വവൽകരിക്കുന്നതെന്ന ചോദ്യവും ഏക്നാഥ് ഷിൻഡെ ഉന്നയിച്ചിരുന്നു. ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന വലതുപക്ഷ പാർട്ടികളുടെ ആവശ്യത്തെ മുൻനിർത്തിയായിരുന്നു ഈ ചോദ്യം. ആരാണ് ഔറംഗസേബ് ? എന്തിനാണ് നമ്മുടെ രാജ്യത്ത് അയാളെ മഹത്വവൽക്കരിക്കുന്നത്. നമ്മുടെ ചരിത്രത്തിൽ അയാളൊരു കളങ്കമാണെന്ന് ഏക്നാഥ് ഷിൻഡെ തന്റെ സമാപന പ്രസംഗത്തിൽ പറഞ്ഞു. മറാത്ത രാജാവായ ഛത്രപതി സംഭാജിരാജയെ ഔറംഗസേബ് ഇസ്ലാം മതം സ്വീകരിക്കുന്നതിന് നിർബന്ധിച്ചിരുന്നെന്നും. എന്നാൽ മതമാറ്റത്തിന് വിസമ്മതിച്ചതോടെ ക്രൂരമായ പീഡനമേറ്റാണ് സംഭാജിരാജ മരണപ്പെട്ടതെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. കേന്ദ്രത്തെ ഭയന്നാണ് താൻ ബിജെപിയിലേക്ക് മാറിയതെന്ന പരബിന്റെ വാദത്തിനും ഷിൻഡെ മറുപടി നൽകി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭരണത്തെ ഔറംഗസേബിന്റെ ഭരണത്തോട് ഉപമിച്ച കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കലിനെയും ഷിൻഡെ വിമർശിച്ചു. ഔറംഗസേബ് തന്റെ ശത്രുക്കളോട് പെരുമാറിയത് പോലെ മോശമായി ഫഡ്നാവിസ് പെരുമാറിയതായി താങ്കൾക്ക് അറിയാമോയെന്നും ഏക്നാഥ് ചോദിച്ചു.
ഛത്രപതി സംഭാജിനഗറിലെ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വലതുപക്ഷ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘർഷമാണ് കലാപത്തിന് വഴി വച്ചത്. പ്രതിഷേധത്തിനിടെ ന്യൂനപക്ഷ സമുദായത്തിന്റെ വിശുദ്ധ ഗ്രന്ഥം അപമാനിക്കപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു തിങ്കളാഴ്ച നാഗ്പൂരിലെ ചിറ്റ്നിസ് പാർക്ക് പ്രദേശത്ത് കലാപം പൊട്ടിപുറപ്പെട്ടത്. കലാപം പെട്ടെന്ന് രൂക്ഷമാവുകയും ജനക്കൂട്ടം പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് 34 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേസ് നൽകിയെങ്കിലും, പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നിലവിൽ നഗരത്തിലെ പ്രശ്ന സാധ്യത പ്രദേശങ്ങളിൽ കർഫ്യൂ തുടരുകയാണ്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ 2000ത്തിലധികം സായുധ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ
content summary: Nagpur violence, Eknath Shinde’s Osama bin Laden reference as he speaks on Aurangzeb tomb row