സന്തോഷ് പണ്ഡിറ്റ് ഒരു തരത്തിലും വിജയിച്ച സിനിമാക്കാരനല്ല. കലാപരമായോ സാങ്കേതികമായോ യാതൊരു പൂർണതയും ഇതുവരെ അദ്ദേഹം പുറത്തു വിട്ട ഒരു ദൃശ്യത്തിലുമില്ല. വളരെ പരാജയപ്പെട്ട നടനാണ്. മോശം ഗായകനും പാട്ടെഴുത്തുകാരനുമാണ്.
രംഗം: ശ്രീകണ്ഠൻ നായർ ഷോ
സദസ്: മിമിക്രി കലാകാരന്മാരും കാഴ്ചവസ്തുക്കളായ നൃത്തം ചെയ്ത് രംഗം കൊഴുപ്പിക്കാനും മാത്രം വന്ന കലാകാരികളും
സംഭവം: സന്തോഷ് പണ്ഡിറ്റിന് നേരെയുള്ള മോബോക്രസി
അദ്ദേഹത്തെ പറ്റി പറഞ്ഞ ചില വാചകങ്ങൾ ഇതാ;
വിരൂപനായ സൂപ്പർസ്റ്റാർ വരെ ഉണ്ടായി
ഈച്ച അഭിനയിച്ച സ്ഥിതിക്കു സന്തോഷിനും ചാൻസ് ഉണ്ട്
ആക്രമിക്കപ്പെടേണ്ടെങ്കിൽ ”എന്നിൽ ഔഷധഗുണമില്ല എന്ന പ്ലക്കാർഡ് പിടിച്ചു നടക്ക്
പാടാൻ ആവശ്യപ്പെട്ടു, പാടിയപ്പോൾ -പോയി മഴയത്തിറങ്ങി നിന്ന് പാടേടോ
കുറേ പെൺകുട്ടികളെ നൃത്തം ചെയ്യാൻ വിട്ട് അവളെ പിടിക്ക് മറ്റവളെ പിടിക്ക് എന്നൊക്കെയുള്ള അശ്ളീല ആക്രോശങ്ങൾ.
സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യൻ ആദ്യമായൊന്നുമല്ല ഇങ്ങനെ ആക്രമിക്കപ്പെടുന്നത്. മുൻപ് ഏഷ്യാനെറ്റിൽ ഇപ്പോൾ ദളിത് വിരുദ്ധതയുടെ ഇര വരെ എന്ന് വ്യഖ്യാനിക്കപ്പെട്ട ജോൺ ബ്രിട്ടാസ് ‘എടോ താൻ മിണ്ടല്ലേ’, ‘നീ അവിടിരിക്കെടോ’, ‘പോടോ’ എന്നൊക്കെയാണ് ഇയാളെ അഭിസംബോധന ചെയ്തിരുന്നത്. സഹ അതിഥികളെ താങ്കൾ എന്ന് പഞ്ചപുച്ഛമടക്കിയപ്പോൾ ആണിത് എന്നോര്‍ക്കണം. അവിടെയുണ്ടായിരുന്നവർ ഇത് കണ്ട് കൂട്ടമായി ചിരിച്ചു. മനോരമയിൽ നിയന്ത്രണ രേഖയിൽ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ തെറി വിളിക്കാൻ കിട്ടിയ ചാൻസ് ആണെന്ന് അഭിമാനത്തോടെ വന്നു പറഞ്ഞ ആൾക്കൂട്ടമുണ്ടായിരുന്നു.
തീർച്ചയായും സന്തോഷ് പണ്ഡിറ്റ് ഒരു തരത്തിലും വിജയിച്ച സിനിമാക്കാരനല്ല. കലാപരമായോ സാങ്കേതികമായോ യാതൊരു പൂർണതയും ഇതുവരെ അദ്ദേഹം പുറത്തു വിട്ട ഒരു ദൃശ്യത്തിലുമില്ല. വളരെ പരാജയപ്പെട്ട നടനാണ്. മോശം ഗായകനും പാട്ടെഴുത്തുകാരനുമാണ്. പെൺകുട്ടികൾക്കൊപ്പമുള്ള ഗാനരംഗങ്ങൾ രതി വൈകൃതം പോലെ തോന്നും. പക്ഷെ ഇതൊന്നും നിങ്ങൾക്ക് അയാളുടെ മേൽ ആക്രമിച്ചാധിപത്യം നേടാനുള്ള കാരണങ്ങൾ അല്ല. അയാളുടെ സിനിമകളെ കാണാതിരിക്കാം, അവഗണിക്കാം, കണ്ടിട്ട് വെറുക്കാം, പരിഹസിക്കാം, പരാതി നൽകാം തുടങ്ങി നിരവധി സാധ്യതകൾ ഉണ്ടെന്നിരിക്കെ അയാളെ വിളിച്ചു വരുത്തി സാഡിസ്റ്റിക് ആൾക്കൂട്ട ആക്രമണങ്ങൾ അഴിച്ചു വിട്ടു രസിക്കുന്നത് എന്ത് യുക്തിയാണ്?
അങ്ങനെ നോക്കിയാൽ മമ്മൂട്ടി അടുത്തിറങ്ങാൻ പോകുന്ന തോപ്പിൽ ജോപ്പനിൽ കവിയൂർ പൊന്നമ്മയെ അമ്മച്ചി എന്ന് വിളിക്കുന്നത് അശ്ലീലമല്ലേ? മോഹൻലാൽ സ്റ്റേജ് ഷോയിൽ ഒരു നടിയുടെ പിൻഭാഗത്തമർത്തിയടിച്ചു നൃത്തം ചെയ്യുന്നത് രതി വൈകൃതമല്ലേ? കാമാർത്തി നിറഞ്ഞ സംഭാഷണങ്ങൾ വിറ്റു ജീവിക്കുന്ന ദിലീപോ? പ്രതിഭയുടെ പരിചയത്തിന്റെ ഒക്കെ കുറവ് അല്ലെങ്കിൽ അഭാവം തന്നെയും ഒരാളെ ഇടിച്ചു താഴ്ത്തിക്കെട്ടാൻ ഉള്ള കാരണമേ അല്ല. നിങ്ങളുടെ ആത്മരതി ചൊരിയാനുള്ള ന്യായമേ അല്ല. ഒരു മനുഷ്യജീവി എന്ന രീതിയിൽ പരമ ദയനീയമായ വികാസക്കുറവ് പ്രകടമാക്കും പോലെയാണ് അതൊക്കെ കാണുമ്പോൾ അനുഭവപ്പെടുക. അയാളുടെ ‘വൈരൂപ്യം’ അന്ന് വലിയ ചർച്ചാ വിഷയമായി. അയാൾ കോട്ടിടുന്നത് അപഹാസ്യമായി. ഓരോ ഉടലളവുകൾക്കും നിശ്ചയിക്കപ്പെട്ട ഉടുപ്പുകൾ തീരുമാനിക്കുന്ന കാണുമ്പോൾ അയ്യോ തടിച്ചോ അയ്യോ മെലിഞ്ഞോ അയ്യോ കറുത്തോ എന്നൊക്കെ പരസ്പരം കുശലം ചോദിക്കുന്ന പ്രാകൃത രീതിയിൽ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാൻ.
ഇതൊക്കെ പറഞ്ഞാൽ അയാളെ വിഗ്രഹവത്കരിക്കുക ആണെന്ന ആരോപണം ഉണ്ടാവും, അയാൾ ചെയ്ത സംഭാവനകളുടെ ലിസ്റ്റ് കാണിച്ചു കൊടുക്കേണ്ടി വരും. വിഗ്രഹങ്ങളിൽ കുറഞ്ഞവരാരും മനുഷ്യരല്ലേ എന്ന ചോദ്യം ആയിരമാവർത്തി വായുവിൽ തട്ടി പ്രതിധ്വനിച്ചാലും ഉത്തരമൊന്നുമുണ്ടാവില്ല. കേവലാനന്ദങ്ങളുടെ രസച്ചരട് മുറിയുന്ന ചോദ്യങ്ങൾ ആൾക്കൂട്ടത്തിന്റെ തിരിഞ്ഞു നിന്നുള്ള ആക്രമണത്തിൽ ഇല്ലാതാവും.
സന്തോഷ് പണ്ഡിറ്റിനെ ആക്രമിക്കുന്ന അതെ മേലാള-കീഴാള യുക്തി കൂടി സ്വാംശീകരിച്ചാണ് സുഗതകുമാരി എന്ന ദേശീയ പ്രശസ്തിയുള്ള കവയിത്രി ”അന്യ സംസ്ഥാന” തൊഴിലാളികൾ വലിയ വിപത്താണെന്നു പറഞ്ഞത്. രൂപം കൊണ്ട്, സാമ്പത്തിക സുരക്ഷിതത്വം കൊണ്ട് ”സാംസ്കാരിക” നിലവാരം കൊണ്ട് ആ തൊഴിലാളികളേക്കാൾ ഉയർന്നവർ എന്ന മനോനില കൊണ്ട് മാത്രമേ ആ പരാമർശം നടത്താനാവൂ. അല്ലെങ്കിൽ അതും ഒരു പ്രധാന കാരണം എങ്കിലും ആണ്. അവർ ഇവിടെയുള്ള പെൺകുട്ടികളെ പ്രണയിക്കുന്നു, വിവാഹം ചെയ്യുന്നു എന്നതൊക്കെ അവരുടെ ആശങ്കൾ ആണ്. കുലീനത്വം കൊണ്ട് അവരിലും മേലെ നിൽക്കുന്നവരിലേക്കുള്ള കടന്നു കയറ്റ ഭയം മാത്രമാണ് അവരെ പോലെ ലിംഗ നീതി ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരാളെ കൊണ്ട് അത് പറയിക്കാൻ സാധ്യത. പ്രണയം പോലും സ്വകാര്യ തെരഞ്ഞെടുപ്പ് അല്ലാത്ത ഇടമാണിത്. നമുക്ക് കല്യാണം കഴിക്കാൻ പോലും ”കാഴ്ച പൊരുത്തം” വേണം, നൂറായിരം മറ്റു പൊരുത്തങ്ങൾ വേണം.
ഇനിയിപ്പോ ജിഷയെയും സൗമ്യയെയും കൊന്നത് ഇതര സംസ്ഥാന തൊഴിലാളികൾ ആണെന്നു കേട്ട ആശങ്ക കൊണ്ടാണെങ്കിൽ ആരാണ് ശാരിയെ കൊന്നത്, നഗ്നയെ കൊന്നത്, കൃഷ്ണപ്രിയയെ കൊന്നത്..? നമ്മുടെ ആശങ്കയെ അല്ലല്ലോ അത്? അത്തരം ആശങ്കകൾ ആവശ്യവുമില്ലല്ലോ..? നമുക്കു സന്തോഷ് പണ്ഡിറ്റിനെ വിരൂപൻ എന്ന് വിളിച്ചു സുന്ദരീ സുന്ദരന്മാരാവാം, ഇതര സംസ്ഥാന തൊഴിലാളികളെ കെട്ടിയിട്ടു കൊല്ലാം. അല്ലെങ്കിലും തെറി വിളിച്ചു മരിയ ഷറപ്പോവയെ നമ്മള്‍ അറിയിച്ചു സച്ചിൻ ആരാണെന്നു. ”പന്ന പുലയാടി മോളെ നിന്നെ ഞങ്ങൾ കളി പഠിപ്പിക്കാം” എന്നായിരുന്നു നമുക്കു പറയാനുണ്ടായത്. ”ആണും പെണ്ണും കെട്ട പാകിസ്ഥാൻ നായിന്റെ മക്കൾ” എന്നത് രാഷ്ട്രീയ പ്രതിബദ്ധത ഉള്ള മറ്റൊരിക്കൽ കേട്ട ഒന്ന്. മോബോക്രസിയുടെയും അധികാര സ്ഥാന മാനങ്ങൾ നോക്കി പെരുമാറുന്ന ഇരട്ടത്താപ്പിന്റെയും മലയാളി മുഖം മറ്റെവിടെയും കണ്ടിട്ടില്ല.
നിരോധിക്കപ്പെടേണ്ട കാലം എത്രയോ മുന്നേ കഴിഞ്ഞ പൊതുബോധങ്ങൾ വലിയ വിലയുള്ള സാംസ്കാരിക പ്രസ്താവനകളായും ‘നിർദോഷ’ തമാശകളായും പരസ്യമായി രംഗത്തിറങ്ങുന്നു. ഇതര സംസ്ഥാന തൊഴിലാളിയും സന്തോഷ് പണ്ഡിറ്റും അതുപോലെ മറ്റു പലരും ബഹിഷ്കൃതരായ ഭൂപടങ്ങൾ നീട്ടിവരക്കപ്പെടുന്നു. ഇത് കണ്ട് പേടിച്ചവരെ, രോഷം കൊണ്ടവരെ വിളിക്കാൻ തെറിയും പരിഹാസവും നിറച്ചു ഒരു വലിയ ആൾക്കൂട്ടം ഭൂരിപക്ഷവും സംസ്ക്കാര സമ്പന്നരുമാകുന്നു…
(2016 സെപ്തംബര്‍ 27നു പ്രസിദ്ധീകരിച്ചത്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)