February 14, 2025 |
Share on

‘ഫാമിലി ടൂറും, ഒറ്റയ്ക്കുള്ള പോക്കും വേണ്ട, ഗംഭീറിന്റെ മാനേജരുടെ ആളാകലും നിര്‍ത്തിച്ചു”

കര്‍ശന നടപടികളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിദേശ പര്യടനങ്ങളില്‍ ഉള്‍പ്പെടെ കുടുംബത്തെയും ഒപ്പം കൊണ്ടു പോകുന്നതില്‍ കടുത്ത നിയന്ത്രണവുമായി ബിസിസിഐ. ഭാര്യയും കുട്ടികളുമൊക്കെ കൂടെയുള്ളത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് ബോര്‍ഡ് പറയുന്നത്. ന്യൂസിലാന്‍ഡിനെതിരേ ഹോം സീരിസില്‍ 3-0 ന് തോറ്റതും, പിന്നാലെ ഓസ്‌ട്രേലിയയില്‍ പോയി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 1-3 ന് കീഴടങ്ങിയതിനും ശേഷം, ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം. അതുകൊണ്ട് തന്നെ കടുത്ത നടപടികളിലേക്കാണ് ക്രിക്കറ്റ് ബോര്‍ഡ് കടക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ തോല്‍വി വിലയിരുത്താന്‍ ശനിയാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും വന്നിട്ടുണ്ട്. കോച്ച് ഗൗതം ഗംഭീര്‍, മുഖ്യ സിലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരും ബിസിസിഐ ഉന്നതന്മാരും യോഗത്തില്‍ ഉണ്ടായിരുന്നു.

കുടുംബത്തെ കൂടെ കൊണ്ടു പോകുന്നതില്‍ മുമ്പും നിയന്ത്രണം ഉണ്ടായിരുന്നു. കോവിഡ് കാലത്തിനുശേഷമാണ് ഇത്തരം ഇളവുകള്‍ തുടങ്ങിയത്. ആ പഴയ നിയമം തിരികെ കൊണ്ടു വരാനാണ് ബോര്‍ഡ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പര്യടനങ്ങളില്‍ പൂര്‍ണ സമയം ഭാര്യയെയോ കുടുംബത്തെയോ താരങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ അനുവദിക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമം ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരങ്ങളുടെ സമയത്ത്, പ്രത്യേകിച്ച് വിദേശ പര്യടനങ്ങളില്‍ കുടുംബത്തിന്റെ സാന്നിധ്യം കളിക്കാരുടെ പ്രകടനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് ബിസിസിഐ കരുതുന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ സമയത്ത്, മിക്ക കളിക്കാരുടെയും ഭാര്യമാരോ കുടുംബാംഗങ്ങളോ പര്യടനകാലം മുഴുവന്‍ കളിക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

പുതിയ നിയമ പ്രകാരം, ഒരു പര്യടനമോ, ടൂര്‍ണമെന്റോ 45 ദിവസത്തിലധികം നീണ്ടു നില്‍ക്കുകയാണെങ്കില്‍, കളിക്കാര്‍ക്ക് അവരുടെ ഭാര്യയെയോ കുട്ടികളെയോ 14 ദിവസത്തേക്കു മാത്രമേ ഒപ്പം നിര്‍ത്താന്‍ കഴിയൂ. ഹ്രസ്വകാല പര്യടനങ്ങളില്‍ ഏഴ് ദിവസമായും ചുരുക്കിയിട്ടുണ്ട്.

ബിസിസിഐ കണിശമായി പറയുന്ന മറ്റൊരു കാര്യം, കളിക്കാര്‍ ഒരുമിച്ച് യാത്ര ചെയ്താല്‍ മതിയെന്നാണ്. ആരും ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടതില്ല. കഴിഞ്ഞ കുറച്ച കാലങ്ങളായി ഇങ്ങനെയൊരു പ്രവണതയുണ്ടെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. ടീം ബസില്‍ കയറാതെ ചില താര്യങ്ങള്‍ പ്രത്യേകമായി പോകുന്നു. ടീമിലെ ഐക്യം നിലനിര്‍ത്തേണ്ടതുണ്ട്, കളിക്കാരെല്ലാം ഒരേ ബസില്‍ തന്നെ പോവുകയും വരികയുമൊക്കെ ചെയ്യേണ്ടത് അതിന് അത്യാവശ്യമാണെന്നാണ് ബോര്‍ഡ് പറയുന്നത്. എത്ര വലിയ കളിക്കാരനാണെങ്കിലും, ടീം ബസില്‍ അല്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നു തന്നെയാണ് ബോര്‍ഡ് കട്ടായം പറഞ്ഞിരിക്കുന്നത്.

ഗംഭീറിന്റെ മാനേജര്‍ക്കെതിരേ നടപടി
ഗൗതം ഗംഭീറിന്റെ മാനേജര്‍ ഗൗരവ് ആറോറയ്‌ക്കെതിരേയും ക്രിക്കറ്റ് ബോര്‍ഡിന്റെ കര്‍ശന നടപടി വന്നിട്ടുണ്ട്. ഗംഭീര്‍ കോച്ചായശേഷം, ടീമിന്റെ പര്യടനങ്ങളിലെ സജീവ സാന്നിധ്യമാണ് ഗൗരവ്. കോച്ചിന്റെ മാനേജര്‍ ടീമിനൊപ്പം എല്ലായിടത്തും വരുന്നൊരു രീതി ഇന്ത്യന്‍ ക്രിക്കറ്റില്‍ മുമ്പ് ഉണ്ടായിരുന്നില്ല. ഇനിയുമത് വേണ്ടെന്നാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. താരങ്ങള്‍ തങ്ങുന്ന അതേ ഹോട്ടലില്‍ തന്നെയുള്ള ഗൗരവിന്റെ താമസം, മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിലെ വിഐപി ബോക്‌സിലെ ഇരുത്തം, ടീം ബസില്‍ കളിക്കാര്‍ക്കൊപ്പമുള്ള യാത്ര; എല്ലാം അവസാനിപ്പിച്ചേക്കാനാണ് ഗൗരവിനോട് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോശമായി കളിച്ചാല്‍ കാശ് കുറയും
ശനിയാഴ്ച്ചത്തെ യോഗത്തില്‍ വന്ന മറ്റൊരു പ്രധാന നിര്‍ദേശം, ടെസ്റ്റില്‍ കളിക്കാരുടെ പ്രകടനത്തിന് അനുസരിച്ച് ഇനി മുതല്‍ ശമ്പളം നിശ്ചയിക്കണമെന്നതാണ്. പ്രകടനം അടിസ്ഥാനമാക്കി ശമ്പള വ്യത്യാസം വരുത്തിയാല്‍ കളിക്കാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്ത ബോധം ഉണ്ടാകുമെന്നാണ് ബോര്‍ഡ് കണക്ക് കൂട്ടിയിരിക്കുന്നത്. കോര്‍പ്പറേറ്റ് ശൈലിയിലേക്ക് മാറാനാണ് തീരുമാനം. കോര്‍പ്പറേറ്റ് കമ്പനികള്‍, ഓരോ വര്‍ഷവും ജോലിക്കാരുടെ പ്രകടനം വിലയിരുത്താറുണ്ട്. അതനുസരിച്ചാണ് അവരുടെ ശമ്പളത്തിലും പ്രമോഷനിലുമൊക്കെ തീരുമാനം എടുക്കുന്നത്. ജോലി തുടരണോ എന്നതിലും പ്രകടനം അടിസ്ഥാനമാക്കും. ഇതേ രീതി ക്രിക്കറ്റിലും നടപ്പാക്കിയാലോ എന്നാലോചനയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.  BCCI bars wives and family accompanying players on tours, strict action taken against Gautam Gambhir manager 

Content Summary; BCCI bars wives and family accompanying players on tours, strict action taken against Gautam Gambhir manager

×