പ്രസിഡന്റ് ജോ ബൈഡന് ഓര്‍മക്കുറവുണ്ടോ? പ്രായാധിക്യം അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ ബാധിച്ചിട്ടുണ്ടോ? അമേരിക്കയില്‍ മാത്രമല്ല, ലോകത്ത് മൊത്തം ഇങ്ങനെയൊരു സംശയം വളര്‍ന്നിരിക്കുകയാണ്.
കൗതുകം അതല്ല, തനിക്ക് ഓര്‍മക്കുറവില്ലെന്ന് തെളിയിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ വാര്‍ത്ത സമ്മേളനം അദ്ദേഹത്തിന് ‘തിരിച്ചടി’യായി എന്നതാണ്.
വൈസ് പ്രസിഡന്റായിരുന്ന കാലത്ത് രഹസ്യരേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബൈഡന് പിഴവുപറ്റിയെന്ന് റിപ്പോര്‍ട്ടിലാണ് 81 കാരന്റെ ഓര്‍മക്കുറവിനെ പരാമര്‍ശിക്കുന്നത്. ഈ റിപ്പോര്‍ട്ട് ബൈഡനെ രോഷാകുലനാക്കി. തന്റെ ഓര്‍മയ്ക്ക് യാതൊരുവിധ തകരാറുമില്ലെന്നു തെളിയിക്കാന്‍ അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചു, പക്ഷേ, അവിടെയൊരു അബദ്ധം പിണഞ്ഞു.
ബരാക് ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന കാലയളവില്‍ സ്ഥാനത്തിന്റെ കാലാവധി കഴിഞ്ഞിട്ടും ചില രഹസ്യരേഖകള്‍ കൈവശം വച്ചതില്‍ ബൈഡന് തെറ്റുപറ്റിയെന്നായിരുന്നു നീതിന്യായ വകുപ്പ് സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് ഹറിന്റെ റിപ്പോര്‍ട്ട്. ഓര്‍മക്കുറവുള്ള പ്രായം കൂടിയ മനുഷ്യനായതിനാല്‍ ബൈഡനെതിരെ കുറ്റം ചുമത്തേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പ്രധാന സംഭവങ്ങളും വസ്തുതകളും ഓര്‍ത്തിരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്തുള്ള നീതിന്യായ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ മറികടക്കാനാണു ജോ ബൈഡന്‍ വ്യാഴാഴ്ച അവസാന പ്രതിരോധമെന്ന നിലയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്. ഈ വാര്‍ത്താസമ്മേളനത്തില്‍ മെക്സിക്കന്‍- ഈജിപ്ഷ്യന്‍ പ്രസിഡന്റുമാരുടെ പേരുകള്‍ മാറിപ്പറഞ്ഞത് ബൈഡന് നാണക്കേടായി.
എങ്കിലും, തനിക്ക് കാര്യമായ ഓര്‍മപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന സ്‌പെഷ്യല്‍ കോണ്‍സല്‍ റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായാണ് പ്രസിഡന്റ് പ്രതികരിച്ചത്(‘ക്ലാസിഫൈഡ് മെറ്റീരിയലുകള്‍’ എന്നത് ഗവണ്‍മെന്റ് സെന്‍സിറ്റീവ് ആയി നിയുക്തമാക്കിയിട്ടുള്ള വിവരങ്ങളെയോ രഹസ്യ രേഖകളെയോ പരാമര്‍ശിക്കുന്നു, പൊതു വെളിപ്പെടുത്തലിനുവേണ്ടിയല്ല. ദേശീയ സുരക്ഷാ രഹസ്യങ്ങള്‍, രഹസ്യാത്മക നയതന്ത്ര ആശയവിനിമയങ്ങള്‍ അല്ലെങ്കില്‍ സെന്‍സിറ്റീവ് ഇന്റലിജന്‍സ് വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടാം). ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന് ശേഷമുള്ള ദിവസങ്ങളില്‍, താന്‍ കടുത്ത ആശങ്കയിലായിരുന്നെന്നും ആ ദിവസങ്ങളില്‍ അഞ്ച് മണിക്കൂര്‍ അഭിമുഖത്തില്‍ താന്‍ പങ്കെടുത്തിരുന്നെന്നും ജോ ബൈഡന്‍ ഊന്നി പറഞ്ഞു. കൂടാതെ താനൊരു അന്താരാഷ്ട്ര പ്രതിസന്ധി നേരിടുന്ന തിരക്കിലായിരുന്നുവെന്നും ജോ ബൈഡന് തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് മണിക്കൂര്‍ നീണ്ട ഈ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ടില്‍ ബൈഡന്‍ ബോധപൂര്‍വം രേഖകള്‍ സൂക്ഷിച്ചുവെന്ന് ജൂറി വിശ്വസിച്ചിരുന്നില്ലെന്നാണ് പറയുന്നത്. അതേസമയം, 81-കാരന്റെ പരിമിതമായ ഓര്‍മക്കുറവ് പരിഗണിച്ചിട്ടുമുണ്ട്. ജോ ബൈഡന് തന്റെ മകന്‍ ബ്യൂ ഏത് വര്‍ഷമാണ് മരിച്ചത് എന്ന് ഓര്‍ക്കാനുള്ള ബുദ്ധിമുട്ടുള്‍പ്പടെ, പ്രത്യേക കൗണ്‍സിലര്‍ വ്യക്തമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ഫെബ്രുവരി എട്ട് വ്യാഴാഴ്ച വിര്‍ജീനിയയിലെ ലീസ്ബര്‍ഗില്‍ നടന്ന ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ഇഷ്യൂസ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ടും ജോ ബൈഡന്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. തന്റെ കേസും ഡോണള്‍ഡ് ട്രംപിന്റേതും തമ്മില്‍ അന്തരമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വ്യക്തമാക്കുന്നത് കണ്ടതില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ടെന്നും, ഈ വിഷയം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നുമെന്നാണ് ജോ ബൈഡന്‍ പറഞ്ഞത്.
അതേസമയം, വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ജോ ബൈഡന് വീണ്ടും അബദ്ധം സംഭവിച്ചതാണു പുതിയ വിവാദം. ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെ മെക്‌സിക്കോയുടെയും ഈജിപ്തിന്റെയും തലവന്മാരെ ബൈഡന് മാറിപ്പോയി. ഈജിപ്ഷ്യന്‍ നേതാവ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയെ മെക്‌സിക്കോ പ്രസിഡന്റ് എന്നാണ് ബൈഡന്‍ തെറ്റായി പരാമര്‍ശിച്ചത്.
‘എന്റെ മകന്‍ മരിച്ചതെപ്പോഴാണെന്ന് എന്നെ ആരും ഓര്‍മിപ്പിക്കേണ്ടതില്ല. അവര്‍ക്കെന്ത് ധൈര്യമുണ്ട് അങ്ങനെ ഒരു കാര്യം പറയാനെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരേ ബൈഡന്‍ പൊട്ടിത്തെറിച്ചത്. അങ്ങനെ ഒരു ചോദ്യം എന്തിന് എന്നോട് ചോദിക്കുന്നുവെന്നതായിരുന്നു അപ്പോഴത്തെ എന്റെ ചിന്തയെന്നും ബൈഡന്‍ പറഞ്ഞു.
എന്നാല്‍ നീതിന്യായ വകുപ്പിന്റെ ഈ റിപ്പോര്‍ട്ട് 2024-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ ഒരു ആയുധമാകാനിടയുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ളവര്‍ക്ക് ഇത് പ്രസിഡന്റിനെതിരെ ഉപയോഗിക്കാവുന്ന നല്ലൊരു അവസരമാണ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ രഹസ്യ രേഖകള്‍ തെറ്റായി കൈവശം വച്ചതിനെ പറ്റിയും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.
2009-ല്‍ ബരാക്ക് ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് അഫ്ഗാനിസ്താനുമായുള്ള വിദേശ, സൈനിക നയങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ ബൈഡന്‍ കൈവശംവെച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് നിയമിച്ച സ്‌പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട് ഹര്‍ അന്വേഷണം നടത്തിയത്. രഹസ്യരേഖകള്‍ ബൈഡന്‍ മനഃപൂര്‍വം സൂക്ഷിക്കുകയും പുറത്തുവിടുകയും ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ബൈഡനെതിരെ കുറ്റം ചുമത്തിയിട്ടില്ല. ‘ഓര്‍മപ്രശ്‌നങ്ങളുള്ള മുതിര്‍ന്ന പൗരനെ’ ജയിലിലടയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ബൈഡനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് കാര്യമായ പ്രശ്ങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. എപ്പോഴാണ് താന്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റായതെന്നോ, മകന്‍ മരിച്ചതെന്നോ ഓര്‍ത്തെടുക്കാന്‍ ബൈഡന് സാധിക്കുന്നില്ല. അഞ്ച് മണിക്കൂര്‍ നീണ്ട ഈ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. 345 പേജുള്ള റിപ്പോര്‍ട്ടാണ് കൗണ്‍സല്‍ പുറത്തുവിട്ടത്. പിന്നാലെ ഈ പരാമര്‍ശത്തെ വിമര്‍ശിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പ്രതികരണവുമായി ബൈഡനെത്തിയത്. 2022- 23 കാലഘട്ടത്തില്‍ ബൈഡന്റെ വീട്ടിലും സ്വകാര്യ ഓഫിസിലും വെച്ചാണ് രഹസ്യ രേഖകള്‍ പിടിച്ചെടുത്തത്. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനുശേഷമാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത.്