June 04, 2026 |
Share on

‘ചെറിയ വസ്ത്രങ്ങൾ ധരിക്കുന്ന പെൺകുട്ടികളെ ഇഷ്ടമല്ല, അത് ഭാരത സംസ്കാരത്തിനെതിരാണ്’; വീണ്ടും വിവാ​ദപരാമർശവുമായി ബിജെപി നേതാവ്

‘സ്ത്രീ ദേവതയാണ്. അങ്ങനെയുള്ള സ്ത്രീകൾ ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നത് എനിക്കിഷ്ടമല്ല’

ചെറിയ വസ്ത്രങ്ങൾ ധരിക്കുന്ന പെൺകുട്ടികൾ ഭാരത സംസ്കാരത്തിനെതിരാണ് ചെയ്യുന്നതെന്ന വിവാ​ദപരാമർശവുമായി മധ്യപ്രദേശ് മന്ത്രിയും മുൻ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ കൈലാഷ് വിജയവർ​ഗിയ. ചെറിയ വസ്ത്രങ്ങൾ ധരിക്കുന്ന പെൺകുട്ടികളെ തനിക്ക് ഇഷ്ടമല്ലെന്നും അത് ഭാരത സംസ്കാരത്തിന് ഉദകുന്നതല്ലെന്നും കൈലാഷ് വിജയവർ​ഗിയ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഇൻഡോറിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വിജയവർ​ഗിയ വിവാദ പരാമർശം നടത്തിയത്. വിദേശ രാജ്യങ്ങളിൽ ചെറിയ വസ്ത്രങ്ങൾ ധരിക്കുന്ന പെൺകുട്ടികളെ സുന്ദരികളായി കണക്കാക്കുന്നു. എന്നാൽ ഞാൻ അതിനോട് യോജിക്കുന്നില്ല. ഇന്ത്യയിലെ പെൺകുട്ടികൾ നന്നായി വസ്ത്രം ധരിക്കുകയും ആഭരണങ്ങൾ അണിഞ്ഞ് അവർ സ്വയം അലങ്കരിച്ച് നടക്കുമ്പോഴാണ് സുന്ദരിയാകുന്നത്. സ്ത്രീ ദേവതയാണ്. അങ്ങനെയുള്ള സ്ത്രീകൾ ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നത് എനിക്കിഷ്ടമല്ല, കൈലാഷ് വിജയവർ​ഗിയ പറഞ്ഞു.

ചിലസമയങ്ങളിൽ എന്റെയൊപ്പം നിന്ന് സെൽഫിയെടുക്കാൻ പെൺകുട്ടികൾ എത്താറുണ്ടെന്നും അടുത്ത തവണ നന്നായി വസ്ത്രം ധരിച്ച് വരൂയെന്നും, അപ്പോൾ ഫോട്ടെയെടുക്കാമെന്നാണ് ഞാൻ അവരോട് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല, പൊതുവേദികളിൽ വിജയവർ​ഗിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നത്.

2022ൽ ഇൻഡോറിൽ നടന്ന ഒരു ഹനുമാൻ ജയന്തി പരിപാടിയിൽ ഇന്നത്തെ പെൺകുട്ടികളുടേത് മോശമായ വസ്ത്രധാരണമാണെന്ന് വിജയവർ​ഗിയ പറഞ്ഞിരുന്നു. ദേവതകളായി കാണുന്ന സ്ത്രീകൾ ശൂർപ്പണഖയെ പോലെ വസ്ത്രം ധരിക്കുന്നുവെന്നും അവർക്ക് ഭം​ഗിയുള്ള ശരീരം നൽകിയിരിക്കുന്നത് മാന്യമായ വസ്ത്രം ധരിക്കാനാണെന്നും മന്ത്രി പറഞ്ഞിരുന്നു. കുട്ടികളെ നന്നായി വസ്ത്രം ധരിക്കാൻ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ആഹ്വാനവും ചെയ്തിരുന്നു.

വിവിധ വിഷയങ്ങളിൽ വിവാദ പ്രസ്താവനകൾ നടത്തിയതിന് നിരവധി തവണ കൈലാഷ് വിജയവർഗിയ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. 2022 ൽ മോദി സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ , ബിജെപി ഓഫീസിലേക്ക് സുരക്ഷാ ജീവനക്കാരെ നിയമിക്കുമ്പോൾ അഗ്നിവീറുകൾക്ക് മുൻഗണന നൽകുമെന്ന് വിജയവർഗിയ പറഞ്ഞിരുന്നു. 2020 ൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഇൻഡോറിൽ നടന്ന ഒരു സെമിനാറിൽ സംസാരിക്കവെ തന്റെ വീട്ടിലെ ചില തൊഴിലാളികൾ പോഹ കഴിക്കുന്നവരാണെന്നും അതിനാൽ അവർ ബംഗ്ലാദേശികളാകാമെന്നും മന്ത്രി പറഞ്ഞത് വിവദാമായിരുന്നു.

2023 ആഗസ്റ്റിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ നിരക്ക് കാരണം ഇന്ത്യ 30 വർഷത്തിനുള്ളിൽ ഒരു ആഭ്യന്തരയുദ്ധം നേരിടേണ്ടിവരുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഈ പ്രവണത തുടർന്നാൽ ഹിന്ദുക്കൾക്ക് രാജ്യത്ത് സുരക്ഷിതമായി ജീവിക്കാൻ കഴിയില്ലെന്ന് ഒരു വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വിജയവർഗിയ അന്ന് പറഞ്ഞിരുന്നു.

അതേസമയം, സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിജവർ​ഗിയയുടെ പരാമർശത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ബിജെപി നേതാക്കൾ പല പ്രഭാഷണങ്ങളും നടത്താറുണ്ടെന്നും അവരുടെ പ്രത്യയശാസ്ത്രം എനിക്ക് മനസിലാകുന്നില്ലെന്നും കോൺ​ഗ്രസ് വക്താവ് ആനന്ദ് ജാട്ട് വിമർശിച്ചു.

Content Summary: BJP leader Kailash Vijayvargiya sparked a new controversy with a sexist remark

Leave a Reply

Your email address will not be published. Required fields are marked *

×