ശക്തമായ ആര്‍ എസ് എസ് പശ്ചാത്തലം, ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള ബിജെപി നോമിനി; ആരാണ് സിപി രാധാകൃഷ്ണന്‍ ?

ദ​ക്ഷിണേന്ത്യയിലെ മികച്ച നേതാവെന്നും വിശേഷണം

മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നത്.

നേതൃത്വത്തിലും സംഘടനാ പ്രവർത്തനത്തിലും വർഷങ്ങളായുള്ള സി പി രാധാകൃഷ്ണന്റെ പ്രാവീണ്യം ​ഗുണം ചെയ്തേക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടി. മുൻ ജാർഖണ്ഡ് ​ഗവർണറായിരിക്കെ രാഷ്ട്രീയ ബന്ധങ്ങൾക്ക് അതീതമായിരിക്കണമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കിടയിൽ പക്ഷാഘാതപരമായി സി പി രാധാകൃഷ്ണൻ പ്രവർത്തിക്കാൻ സാധിച്ചിട്ടിണ്ടെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ. ജാർഖണ്ഡിലെ ആദിവാസി, പിന്നോക്ക സമുദായങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി സി പി രാധാകൃഷ്ണന്റെ ദീർഘകാല സഹപ്രവർത്തകനായ ഒരു മുതിർന്ന ആർഎസ്എസ് നേതാവ് പറഞ്ഞു.

2023 ഫെബ്രുവരിയിലാണ് ജാർഖണ്ഡ് ഗവർണറായി സി പി രാധാകൃഷ്ണനെ തിരഞ്ഞെടുക്കുന്നത്. അന്ന് തമിഴ്നാട്ടിലെ ഡിഎംകെയുടെ ഒരു മുതിർന്ന നേതാവ്, തെറ്റായ പാർട്ടിയിലെ ഒരു നല്ല മനുഷ്യനെന്ന് സി പി രാധാകൃഷ്ണനെ വിശേഷിപ്പിച്ചു. കൂടാതെ അദ്ദേഹത്തെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയോട് പോലും ഉപമിച്ചു.

തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കോയമ്പത്തൂരിൽ നിന്നാണ് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2020 മുതൽ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു. ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി പി രാധാകൃഷ്ണൻ 1957 ഒക്ടോബർ 20 ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. പതിനാറാം വയസ്സിൽ ആർഎസ്എസിലൂടെ വന്ന രാധാകൃഷ്ണൻ 1974 ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ ബിജെപിയുടെ തമിഴ്‌നാട് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണൻ നിയോ​ഗിതനായി.

2016ൽ രാധാകൃഷ്ണനെ കയർ ബോർഡിന്റെ ചെയർമാനായി നിയമിച്ചിരുന്നു. നാല് വർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. ഇക്കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള കയർ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 2532 കോടി രൂപയിലെത്തിയത് ശ്രദ്ധേയമായിരുന്നു. 2023 ഫെബ്രുവരി 18-ന് ശ്രീ രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണറായി നിയമിതനായി. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലങ്കാന ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിനും പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായും രാധാകൃഷ്ണൻ നിയോ​ഗിതനായിരുന്നു. പിന്നീട് 2024 ജൂലൈ 31 ന് മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു.

പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21നായിരുന്നു ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ്‌ ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. സെപ്റ്റംബർ 9 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്. ഓഗസ്റ്റ് 22 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

content summary: BJP picks Maharashtra Governor and ex-Tamil Nadu BJP chief C.P. Radhakrishnan as its Vice-President candidate

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment