UPDATES

ബ്ലോഗ്

എടപ്പാള്‍; ഹർത്താല്‍ ഭീകരതയ്ക്ക് കേരള ജനതയുടെ മാസ്സ് മറുപടി

സംഘപരിവാറിന്റെ ഓരോ ആക്ടിനും ഇന്ന് ജനങ്ങളുടെയും, രാഷ്ട്രീയകക്ഷികളുടെയും, പോലീസിന്റെയും റിയാക്ഷൻ ഉണ്ടായിട്ടുണ്ട്.

Avatar

ഗിരീഷ്‌ പി

                       

ബി ജെ പി ശബരിമല സ്ത്രീ പ്രവേശന വിധിയെ സമീപിച്ചത് തൊണ്ണൂറിലേറെ വർഷം നീളുന്ന ചരിത്രത്തിൽ ഇതുവരെ സാധിക്കാത്ത ഒരു കാര്യം നേടാം എന്ന വ്യാമോഹത്തോടെയാണ്. കേരളം എന്ന മതനിരപേക്ഷ ഭൂമിയിൽ വർഗീയതയുടെയും വിദ്വേഷത്തിന്റെയും കൃഷി നടത്തി വിളവുകൊയ്യാമെന്ന അതിമോഹമാണ് ശബരിമലയിലെ സുപ്രീം കോടതി വിധി മുതൽ സ്ത്രീ പ്രവേശനം വരെയുള്ള ദിവസങ്ങളിൽ അവരെ നയിച്ചത്. അതിനായി ഇന്ന് വരെ കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയല്ലാം അവർ സഞ്ചരിച്ചു.

തുലാമാസ പൂജയുടെ അഞ്ചുദിവസം ശബരിമല കലാപക്കളമാക്കാൻ കഴിയാത്തതിൽ അവർ നിരാശരാണ്. പൊലീസിന്റെ ജാഗ്രതയും സംയമനവും അക്രമികളെ കൃത്യമായ തെളിവുകളോടെ പിടികൂടുന്ന അനുഭവവും അവർക്ക‌് വല്ലാതെ അലോസരമുണ്ടാക്കുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനം നടന്നത് അക്ഷരത്തിൽ സംഘപരിവാറിനെ ആണ് അസ്വസ്ഥമാക്കിയത്, യഥാർത്ഥ വിശ്വാസികളെ സംബന്ധിച്ചു അതിൽ വലിയ പ്രശ്നം ഒന്നും ഇല്ല. പക്ഷെ ബി ജെ പിക്ക് നേരത്തെ പറഞ്ഞ സുവർണാവസരം ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെടുമോ എന്ന ഭയം ആരംഭിച്ചു. അത് തരണംചെയ്യാനുള്ള വെപ്രാളമാണ് ഒന്നര മാസത്തിനിടെ അഞ്ച് ഹർത്താലുകൾ പ്രഖ്യാപിച്ചു കൊണ്ട് അവർ ജനങ്ങളോട് നടത്തുന്ന വെല്ലുവിളി.

കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ചരിത്രം പരിശോധിക്കുന്നവർക്ക് ഒഴിവാക്കാനാകാത്ത ഒരു അധ്യായമാണ് 1971 – ലെ തലശേരി കലാപം. മേലൂട്ട് മടപ്പുരയിലെക്കുള്ള കലശഘോഷയാത്രയില്‍ ഹിന്ദുക്കള്‍ക്ക് നേരെ മുസ്‌ലിം ഉടമസ്ഥതയിലുള്ള നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്ന് ചെരിപ്പെറിഞ്ഞു എന്നായിരുന്നു കലാപത്തിന്റെ കാരണമായി ആസൂത്രകര്‍ ആയ സംഘപരിവാർ പ്രചരിപ്പിച്ചത്. സംഘപരിവാർ സംഘടനകളുടെ നെടുന്തൂണായ ആര്‍.എസ്.എസ് രൂപീകരിച്ച് രണ്ടാം വര്‍ഷം കഴിയുമ്പോള്‍ 1927ല്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച കലാപം എങ്ങിനെയായിരുന്നു എന്ന് മാത്രം ഒന്ന് പരിശോധിക്കുക. അതിന് തുടക്കമായിട്ട് ഇവര്‍ ചൂണ്ടിക്കാണിച്ചത് ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ വീട്ടിന് നേരെ മുസ്‌ലിങ്ങള്‍ കല്ലെറിഞ്ഞു എന്നായിരുന്നു. അത് നുണയാണെന്ന് പിന്നീട് തെളിഞ്ഞതുമാണ്.

മാറാട് കലാപം, തിരുവനന്തപുരത്തെ പൂന്തുറ കാലപം, പാലക്കാട് കലാപം തുടങ്ങിയ വര്‍ഗ്ഗീയ സംഭവങ്ങളിലെല്ലാം ആര്‍.എസ്.എസ്സിന് കുറ്റകരമായ പങ്കാണുള്ളത്. വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് വളര്‍ന്നു പന്തലിക്കുകയെന്ന ആര്‍.എസ്.എസ് ലക്ഷ്യം കേരളത്തില്‍ യഥാര്‍ഥ്യമാകാത്തത് കേരളത്തിലെ ഇതര രാഷ്ട്രീയ കക്ഷികളുടെയും, ജനങ്ങളുടെയും നിതാന്തമായ ജാഗ്രതയുടെ ഫലമാണ്.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ചു ഇന്ന് വീണ്ടും സംഘപരിവാർ സംഘടനകൾ ഹർത്താൽ നടത്തിയിരിക്കുകയാണ്. കലാപം ലക്‌ഷ്യം വെച്ചും, ജനങ്ങളുടെ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തുക എന്ന അജണ്ട മാത്രം മുൻ നിർത്തിയും സംസ്ഥാനത്തൊട്ടാകെ രാവിലെ മുതൽ ആക്രമം അഴിച്ചു വിട്ടു. പക്ഷെ ഇത്തവണയും സംഘപരിവാർ നേതാക്കളും അണികളും മറന്നു പോയ ഒരു കാര്യമുണ്ട്. ഇത് കേരളമാണ്. ഹർത്താലിനെ പല്ലും നഖവും ഉപയോഗിച്ച് നേരിടാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൻപ്രകാരം ഒരു പരിധിയിൽ കഴിഞ്ഞു നഗരവേദികളിൽ അഴിഞ്ഞാടാൻ ഹർത്താനുകൂലികളായ സംഘപരിവാർ പ്രവർത്തകർക്ക് കഴിഞ്ഞില്ല.

മലപ്പുറം ജില്ലയിലെ എടപ്പാളിൽ സംഘപരിവാര്‍ അക്രമകാരികളെ നാട്ടുകാര്‍ തല്ലിയോടിച്ചു. ബൈക്കുകളില്‍ അക്രമാന്തരീക്ഷം സൃഷ്ടിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ തല്ലിയോടിച്ചത്. ആര്‍.എസ്.എസ് കൊടിയുമേന്തി നിരവധി ബൈക്കുകളില്‍ നഗരത്തിലെത്തിയ അക്രമകാരികളെയാണ് നാട്ടുകാര്‍ തല്ലിയോടിച്ചത്. ഇതിന്റെ ചിത്രങ്ങളും, വീഡിയോയും ഇതിനോടകം നവമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മറ്റൊരിടത്ത് തൊഴിലുറപ്പു സ്ത്രീകളെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ച ഹർത്താൽ അനുകൂലികൾക്ക് ശക്തമായ താക്കീതും മറുപടിയും ആണ് ഉശിരുള്ള ആ സ്ത്രീകൾ നൽകിയത്.

ശബരിമല വിഷത്തിൽ ഇന്നും ഇന്നലെയുമായി ബിജെപി ശബരിമല കർമസമിതി പ്രവർത്തകർ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്കിടെ മാധ്യമപ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമത്തിലും വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു. ഇതിന്റെ ഭാഗമായി ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെയു, കെ സുരേന്ദ്രന്റെയും പത്ര സമ്മേളനങ്ങൾ ബഹിഷ്‌ക്കരിക്കാൻ കേരള പത്രപ്രവർത്തക യൂണിയൻ ആഹ്വാനം ചെയ്തു. കെപി ശശികലക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രസ് ക്ലബ് നല്‍കാനാവില്ലന്ന് കോട്ടയം പ്രസ് ക്ലബ് നിലപാടെടുത്തു.

കൊല്ലം നെടിയറയില്‍ കട അടയ്ക്കണമെന്ന ഭീഷണിയുമായെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പ്രതിരോധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍. കട അടപ്പിക്കല്‍ ഇവിടെ നടക്കില്ലെന്നായിരുന്നു കടയുടമകളുടേയും നാട്ടുകാരുടേയും മറുപടി. പ്രായം ചെന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിരോധിക്കാനെത്തി.

മഹാപ്രളയത്തിന്റെ കാലത്ത് ജാതി-മത ചിന്തകൾക്കതീതമായ സാഹോദര്യമാണ് കേരളം പ്രകടിപ്പിച്ചത്. മഹാദുരന്തത്തെ ഈ ജനത അതിജീവിച്ചത് ഈ സാഹോദര്യത്തിന്റെ കരുത്തുകൊണ്ടാണ്. അപ്പോഴാണ് കേരളത്തിന്റെ നന്മയെ തകർക്കാൻ, വർക്ഷീയ വിദ്വേഷം പടർത്താൻ ഒരു കൂട്ടർ ആസൂത്രിതനീക്കം നടത്തുന്നത്.

ജനകീയ ഇടപെടൽ മൂലം ഹർത്താൽ പരാജയപ്പെട്ടെന്നല്ല പറഞ്ഞുവരുന്നത്. മറിച്ച്, കഴിക്കുന്ന ആഹാരത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന, ആ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ തെരഞ്ഞു പിടിച്ചു കൊല്ലുന്ന ഹോളിവുഡ് ക്രൈം ത്രില്ലറുകളോട് കിടപിടിക്കുന്ന സംഘപരിവാർ ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളുള്ള അതേ രാജ്യത്തെ കേരളം എന്ന സംസ്ഥാനം വ്യത്യസ്തമാകുന്നത് ഇങ്ങനെയൊക്കെയാണ് എന്ന് ചൂണ്ടിക്കാണിക്കുകയാണ്.

സംഘപരിവാറിന്റെ ഓരോ ആക്ടിനും ഇന്ന് ജനങ്ങളുടെയും, രാഷ്ട്രീയകക്ഷികളുടെയും, പോലീസിന്റെയും റിയാക്ഷൻ ഉണ്ടായിട്ടുണ്ട്. മുന്നൂറിലധികം പേര് അറസ്റ്റ് ചെയ്യപ്പെട്ടു. മാധ്യമ പ്രവർത്തകരെ ആക്രമിച്ചപ്പോൾ സംസ്ഥാന അധ്യക്ഷന്റെ പത്രസമ്മേളനം ബഹിഷ്‌കരിച്ചു. ഇങ്ങനെ കൊച്ചു കൊച്ചു പ്രതിരോധങ്ങളിലൂടെ രാജ്യത്തെ ഏറ്റവും നൊട്ടോറിയസ് ആയ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തുകായാണ് കേരളം എന്ന കൊച്ചു സംസ്ഥാനം.

കാലം സഞ്ചരിക്കുന്നത് പുറകോട്ടല്ല, മുന്നോട്ടുമാത്രമാണ്. മുമ്പോട്ടു സഞ്ചരിക്കുന്ന ലോകത്ത് പുറകോട്ട് തിരിഞ്ഞു നടക്കുന്നവർ ചരിത്രത്തിൽ നിന്ന് തുടച്ചുനീക്കപ്പെടുകയേ ഉള്ളൂ. കാലത്തിന്റെ മാറ്റം എല്ലാവരും ഉൾക്കൊള്ളണം. അതിന് ഒരവസരമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കേരളത്തെ കീഴടക്കാനുള്ള സംഘപരിവാരിന്റെ കുടിലശ്രമങ്ങളെ കേരളം ഇനിയും അതിജീവിക്കുക തന്നെ ചെയ്യും.

Share on

മറ്റുവാര്‍ത്തകള്‍