ഓന്ത് നിറം മാറുന്നതുപോലെ നിറം മാറാന്‍ കഴിയുന്ന ചില രാഷ്ട്രീയക്കാര്‍ ഉണ്ട്. പൂഞ്ഞാര്‍ എംഎല്‍എ പ്ലാത്തോട്ടത്തില്‍ ചാക്കോച്ചന്‍ ജോര്‍ജ് എന്ന പി സി ജോര്‍ജ് ഇക്കൂട്ടത്തില്‍ പെടും. എത്ര വേഗത്തിലാണ് ജോര്‍ജ് അച്ചായന്‍ നിറം മാറുന്നതെന്നറിയാന്‍ ഇക്കഴിഞ്ഞ ദിവസം അദ്ദേഹം നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം എന്ന സംഘടന എടുത്ത തീരുമാനം നോക്കിയാല്‍ മതി. ഉടനെ നടക്കാനിരിക്കുന്ന ലോകസഭ തിരെഞ്ഞെടുപ്പില്‍ ഇടതിനോടും ബിജെപിയോടും സഖ്യം വേണ്ടെന്നും യുഡിഎഫുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നുമാണ് ജോര്‍ജ് അച്ചായനും അദ്ദഹത്തിന്റെ സംഘടനയും എടുത്തിട്ടുള്ള തീരുമാനം.
ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സ്വീകരിച്ചിട്ടുള്ള നിലപാടാണ് ശരിയെന്ന് പറഞ്ഞു കരിമുണ്ടുടുത്തു നിയമ സഭയിലെത്തി ബിജെപി അംഗം ഒ. രാജഗോപാലിനൊപ്പം ഒട്ടിയിരുന്ന പി സിയാണ് കഷ്ടി ഒരു മാസത്തിനിടയില്‍ നിലപാട് മാറ്റിയിരിക്കുന്നതെന്നോര്‍ക്കണം. സത്യത്തില്‍ പി സിയുടെ നിയമ സഭയിലെ അന്നത്തെ പ്രകടനം കണ്ടപ്പോള്‍ പെട്ടെന്നോര്‍മ വന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ഒരു കൂലിപ്പണിക്കാരന്റെ ചിരി’ എന്ന കവിതയിലെ ‘ഒരു ദിനം മാലയും/ കരിമുണ്ടുമായി നീ /ശരണം വിളിച്ചുകൊണ്ടെത്തി’ എന്ന വരികളാണ്. ശരണം വിളിച്ചില്ലെങ്കിലും ശരണം വിളിക്കുന്ന മട്ടും ഭാവവുമൊക്കെയുണ്ടായിരുന്നു പി സിക്ക്.
https://www.azhimukham.com/trending-ak-antonys-son-entering-kerala-politics/
നിയമസഭയില്‍ ഒറ്റക്കിരുന്നു മടുത്തുപോയ രാജേട്ടന്റെ മുഖത്ത് കൂട്ടിനൊരാളെ കിട്ടിയതിന്റെ ആശ്വാസവും സന്തോഷവുമൊക്കെ ഉണ്ടായിരുന്നു. മാണിയെ കിട്ടിയില്ലെങ്കിലെന്താ കേരളാ കോണ്‍ഗ്രസില്‍ നിന്നും ഒരു മല്ലനെ തന്നെ കിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു പുറത്തു ശ്രീധരന്‍ പിള്ളയും കൂട്ടരും. എന്നാല്‍ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ് കീഴ്മേല്‍ മറിഞ്ഞത്! ഇടയ്ക്കു ജലന്ധറില്‍ ഫ്രാങ്കോ ബിഷപ്പിനെ സുഖിപ്പിക്കാന്‍ പോയ കൂട്ടത്തില്‍ ഡല്‍ഹിയിലെത്തി സോണിയാജിയെ കാണാന്‍ ഒരു വിഫല ശ്രമം പി സി നടത്തിയപ്പോള്‍ തന്നെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എങ്കിലും യുഡിഎഫിലേക്കു ആരും ക്ഷണിച്ചിട്ടില്ലെന്നിരിക്കെ പി സി ഇങ്ങനെയൊരു തീരുമാനം ഇത്ര പെട്ടെന്ന് എടുക്കുമെന്ന് ആരും കരുതിക്കാണില്ല. രാഷ്ട്രീയക്കാരാകുമ്പോള്‍ ആരും ക്ഷണിച്ചില്ലെങ്കിലും ഏതു കല്യാണ വീട്ടിലും മരണ വീട്ടിലും കയറി ചെല്ലാമല്ലോ. ഇക്കാര്യത്തില്‍ പിഎച്ച്ഡി എടുത്ത ഒരു വിരുതന്‍ ഈ അടുത്ത കാലം വരെ കേരള നിയമസഭയില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരിനോടൊപ്പം കല്യാണം എന്നുകൂടി ചേര്‍ത്തായിരുന്നു നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നതും.
പൂഞ്ഞാര്‍ പുലിയെന്നും പുപ്പുലിയെന്നുമൊക്കെ നടിച്ചു നാട് വിറപ്പിച്ചു നടക്കുന്ന പി സിയുടെ ഈ നിറം മാറ്റവും നിലപാട് മാറ്റവുമൊന്നും ഒരു പുതിയ കാര്യമല്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ബദലായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നവര്‍ ചേര്‍ന്ന് രൂപീകരിച്ച കേരള കോണ്‍ഗ്രസ് ചെന്ന് ചെന്ന് നസ്രാണി കോണ്‍ഗ്രസ്സും മലയോര കോണ്‍ഗ്രസ്സും ഒക്കെയായി മാറിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ കെ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയെ വേണമെങ്കില്‍ നായര്‍ കോണ്‍ഗ്രസ് എന്നും വിളിക്കാം. അതൊക്കെ എന്തുമാവട്ടെ. തല്ക്കാലം പി സിയുടെ ഓന്ത് നിറം മാറുന്നതുപോലുള്ള നിറം മാറ്റത്തിലേക്കും നിലപാട് മാറ്റത്തിലേക്കും മടങ്ങാം.
കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ എസ് സി യിലൂടെയാണ് പി സി യുടെ കടന്നുവരവ്. ജില്ലാ നേതാവായും സംസ്ഥാന നേതാവായുമൊക്കെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച പി സിയുടെ പിന്നീടുള്ള രാഷ്ട്രീയ വളര്‍ച്ചയും തളര്‍ച്ചയുമൊക്കെ കെ എം മാണിയെന്ന വടവൃക്ഷത്തെ ആശ്രയിച്ചായിരുന്നു.
https://www.azhimukham.com/offbeat-pc-george-insulting-actress-government-should-take-action-or-media-question-him/
മാണി തന്നെ വളര്‍ത്തിയ കാര്യമൊന്നും പി സി സമ്മതിക്കില്ലെങ്കിലും തളര്‍ത്താന്‍ ശ്രമിച്ചതിനെക്കുറിച്ചു ഒരുപാട് പറഞ്ഞിട്ടുണ്ട്. മാണിയെ ഇകഴ്ത്തിയ അതേ നാവുകൊണ്ട് മാണിയെ പുകഴ്ത്തിയിട്ടുമുണ്ട്. അത് പക്ഷെ മഹാ ലയനം എന്നൊക്കെ പറഞ്ഞു മാണി പി ജെ ജോസഫിനെയും പി സിയേയുമൊക്കെ ഒപ്പം കൂടിയ കാലത്തായിരുന്നുവെന്ന് മാത്രം. മാണിയോട് ഏറെ ഒട്ടി നിന്നെങ്കിലും മന്ത്രിയാകാന്‍ പി സിക്കു യോഗമുണ്ടായില്ല. മന്ത്രിസ്ഥാനം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ സ്പീക്കറാവാനാണ് തനിക്കിഷ്ടമെന്നു കേരളമൊട്ടാകെ പത്രസമ്മേളനം നടത്തി പറഞ്ഞു നോക്കിയതാണ്. പക്ഷെ അതും നടക്കാതെ വന്നപ്പോഴാണ് കാബിനറ്റ് റാങ്കുള്ള വിപ്പ് സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടത്. വീണ്ടും മാണിക്കൊപ്പം ചേരുന്നതിന് മുന്‍പ് എല്‍ഡിഎഫിനൊപ്പവും യുഡിഎഫിനൊപ്പവും മാറി മാറി നിന്ന ചരിത്രവും പി സിക്കുണ്ട്.
ബിജെപിക്കൊപ്പം എന്ന് ഭീഷണി മുഴക്കി ഒടുവില്‍ യുഡിഎഫിനൊപ്പം എന്ന് പി സി പറയുമ്പോള്‍ അറിയേണ്ട കാര്യം മാണി ഉടക്ക് വെക്കുമോ എന്നത് തന്നെയാണ്. ആരും ക്ഷണിക്കാതെ തന്നെ യുഡിഎഫിനൊപ്പം എന്ന് പ്രഖ്യാപിക്കുന്ന പി സിയെ അംഗീകരിക്കാന്‍ യുഡിഎഫ് തയ്യാറാവുമോ എന്നും അറിയേണ്ടതുണ്ട്. പൂഞ്ഞാറില്‍ ഇക്കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി വിജയിച്ച ആളൊക്കെ തന്നെ പി സി. പക്ഷെ പൂഞ്ഞാറിന് വെളിയില്‍ പി സി വട്ട പൂജ്യമാണ് എന്ന കാര്യം യുഡിഎഫ് നേതൃത്വത്തെ ആരും പ്രത്യേകിച്ച് പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമൊന്നുമില്ല. അങ്ങനെ വരുമ്പോള്‍ ഇനിയിപ്പോള്‍ അറിയേണ്ടത് നിറം മാറിയും നിലപാട് മാറ്റിയും കേരള രാഷ്ട്രീയത്തില്‍ എടുക്കാത്ത നോട്ടായി മാറിക്കൊണ്ടിരിക്കുന്ന പി സിയെ യുഡിഎഫ് കൂടെ കൂട്ടുമോ എന്ന് മാത്രമാണ്.