കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പ്രണയത്തിന്റെയും വിരഹത്തിന്റെയും ശബ്ദമായിരുന്ന അരിജിത്തിന്റെ തീരുമാനത്തിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാലോകം. ബോളിവുഡ് സംഗീത ലോകത്തെ ഒരു സുപ്രധാന കാലഘട്ടത്തിന് വിരാമമിട്ടുകൊണ്ടാണ് പ്രശസ്ത ഗായകന്‍ അരിജിത് സിംഗ് പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറുന്നത്. ഇനി സ്വതന്ത്ര സംഗീതത്തിലേക്കും സംഗീത സംവിധാനത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അരിജിത്ത് തീരുമാനിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് 38-കാരനായ അരിജിത് ഈ വാര്‍ത്ത പങ്കുവെച്ചത്. ‘ഇതുവരെയുള്ള എല്ലാ സ്‌നേഹത്തിനും നന്ദി. ഇനിമുതല്‍ പുതിയ പിന്നണി ഗാന അവസരങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഇതൊരു മനോഹരമായ യാത്രയായിരുന്നു,’ അദ്ദേഹം കുറിച്ചു.
തുടക്കം മുതലേ സംഗീത സംവിധാനമായിരുന്നു അരിജിത്തിന്റെ ലക്ഷ്യം. 2013-ല്‍ ഇ ക്കാര്യം തങ്ങളോട് സൂചിപ്പിച്ചിരുന്നതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ ഉപദേശമാണ് അരിജിത്ത് പിന്തുടര്‍ന്നത്. ‘ആദ്യം ഒരു ഗായകനാകൂ, പിന്നീട് സംഗീത സംവിധായകനാകാം.’ എന്നായിരുന്നു ജാവേദ് അക്തറിന്റെ ഉപദേശം.
പ്രോഗ്രാമിംഗും മ്യൂസിക് പ്രൊഡക്ഷനുമാണ് താന്‍ യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്നതെന്നാണ് അരിജിത് തന്റെ ലക്ഷ്യമായി വ്യക്തമാക്കിയിരുന്നത്.
സോണി ടിവിയിലെ ‘ഫെയിം ഗുരുകുല്‍’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അരിജിത് ശ്രദ്ധിക്കപ്പെടുന്നത്. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും മുംബൈയില്‍ തുടരാനുള്ള അവസരം ആ ഷോ നല്‍കി.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ക്ലാസിക്കല്‍ സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന കുടുംബത്തിലാണ് അരിജിത്ത് വളര്‍ന്നത്. കുട്ടിക്കാലത്ത് ബോളിവുഡ് പാട്ടുകള്‍ കേള്‍ക്കുന്നതിന് വിലക്കുണ്ടായിരുന്നു.
രാജേന്ദ്ര പ്രസാദ് ഹസാരി എന്ന ഗുരുവിന് കീഴിലായിരുന്നു സംഗീത പഠനം. ശിഷ്യന്‍ ജീവിതകാലം മുഴുവന്‍ കുട്ടികളെ പാട്ട് പഠിപ്പിച്ചു കഴിയരുത് എന്നാഗ്രഹിച്ച അദ്ദേഹമാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അരിജിത്തിനെ പ്രേരിപ്പിച്ചത്.
മുംബൈയില്‍ ‘ടിപ്സ് മ്യൂസിക്’ ഗ്രൂപ്പിനായി ഒരു വര്‍ഷമെടുത്ത് റെക്കോര്‍ഡ് ചെയ്ത ആല്‍ബം പുറത്തിറങ്ങാതെ പോയത് അരിജിത്തിനെ തളര്‍ത്തി. നിരാശനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് 2010-ല്‍ പ്രീതത്തിന്റെ വിളിയെത്തുന്നത്.
പ്രീതത്തിന്റെ അസിസ്റ്റന്റായി ജോലി ചെയ്തത് അരിജിത്തിലെ മ്യൂസിക് പ്രോഗ്രാമറെ വളര്‍ത്തി. ‘ഫിര്‍ ലേ ആയാ ദില്‍’ പോലെയുള്ള പാട്ടുകള്‍ മറ്റ് ഗായകര്‍ക്ക് വേണ്ടി പാടിയ ട്രാക്കുകളായിരുന്നു. എന്നാല്‍ അരിജിത്തിന്റെ ശബ്ദത്തിലെ തീവ്രത കാരണം അവ തന്നെ ഫൈനല്‍ ട്രാക്കുകളായി നിലനിര്‍ത്തുകയായിരുന്നു.
‘തും ഹി ഹോ’, ‘കബീറ’, ‘ചന്ന മേരയ’, ‘കേസരിയ’ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തെ ജനപ്രിയനാക്കി. അടുത്തിടെ അന്താരാഷ്ട്ര പോപ്പ് താരം എഡ് ഷീരനുമായി ചേര്‍ന്നുള്ള ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നണി ഗാനരംഗം വിടാനുള്ള അരിജിത് സിംഗിന്റെ തീരുമാനം ബോളിവുഡ് സംഗീതത്തിലെ ഒരു പ്രധാന യുഗത്തിന്റെ അവസാനമാണ് കുറിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ഈ തീരുമാനം, ഒരു സംഗീത സംവിധായകനും മ്യൂസിക് പ്രൊഡ്യൂസറും ആകണമെന്ന തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ആരംഭവും.
Content Summary; Bollywood singer Arijit Singh retires from playback singing, he turn his focus to independent music and composition