June 26, 2026 |
Share on

കുപ്രസിദ്ധമായൊരു ലൈംഗിക കുറ്റകൃത്യത്തിലെ അതിജീവിത; വെര്‍ജീനിയ ജ്യുഫ്രെ ഒടുവില്‍ ജീവിതം അവസാനിപ്പിച്ചു

ജെഫ്രി എപ്‌സ്റ്റെയന്‍, ആന്‍ഡ്രൂ രാജകുമാരന്‍ എന്നിവര്‍ക്കെതിരേയുളള ജ്യൂഫ്രെയുടെ മൊഴികള്‍ ഞെട്ടിക്കുന്നതായിരുന്നു

ലോകത്തെ ഞെട്ടിച്ചൊരു ലൈംഗിക കുറ്റകൃത്യത്തിലെ പരാതിക്കാരില്‍ ഒരാളായ വെര്‍ജീനിയ ജ്യൂഫ്രെ ജീവനൊടുക്കി. യുഎസ് ബാങ്കറും ശതകോടീശ്വനുമായിരുന്ന ജെഫ്രി എപ്‌സ്റ്റെയന്‍ എന്ന ലൈംഗിക കുറ്റവാളിയുടെ(ജെഫ്രി എപ്‌സ്റ്റെയ്ന്‍ എന്ന കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും ലോകപ്രശസ്തരായ സുഹൃത്തുക്കളും) കൈകളില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടിയായിരുന്നു ജ്യൂഫ്രെ. 41 കാരിയായ അവര്‍ പശ്ചിമ ആഫ്രിക്കയിലെ തന്റെ ഫാം ഹൗസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജ്യൂഫ്രെ ആ ഫാം ഹൗസിലായിരുന്നു ജീവിച്ചിരുന്നത്. ജീവിതത്തിന്റെ ദീര്‍ഘമായൊരു കാലം പലരാല്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനം സഹിക്കേണ്ടി വന്നവളാണ്. ലോകത്തിലെ പല ഉന്നതന്മാരുടെയും മുഖം മൂടി വലിച്ചു കീറാനും എപ്‌സ്റ്റെയ്‌ന്റെ ജീവതം കാരാഗൃഹത്തില്‍ അവസാനിക്കാനും കാരണമായതും ജ്യൂഫ്രെയാണ്. പക്ഷേ താന്‍ അനുഭവച്ചിന്റെ ഭാരം താങ്ങിയാണ് ഇത്രകാലവും അവള്‍ക്ക് ജീവിക്കേണ്ടി വന്നത്. ആ ഭാരം ഇനിയും താങ്ങാന്‍ അവള്‍ക്കാകില്ലെന്ന് കണ്ടാണ് സ്വയം ഇല്ലാതാകാന്‍ തീരുമാനിച്ചതെന്നാണ് വെര്‍ജീനിയ ജ്യൂഫ്രെയുടെ മരണം സ്ഥിരീകരിച്ച് കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

എപ്‌സ്റ്റെയ്‌ന്റെ ‘ ഇരകളില്‍’ ഏറ്റവും കൂടുതല്‍ ദുരിതം പേറേണ്ടി വന്ന പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു വെര്‍ജീനിയ ജ്യൂഫ്രെ. കൗമര പ്രായത്തില്‍ തന്നെ അവളെ അയാള്‍ വലയില്‍ കുരുക്കിയിരുന്നു. എപ്‌സ്റ്റെയ്‌നും അയാളുടെ കാമുകി ഗിലെയ്ന്‍ മാക്‌സ്‌വെല്ലും ദീര്‍ഘകാലം ജ്യൂഫ്രെയെ ലൈംഗികമായി ദുര്യുപയോഗം ചെയ്തിരുന്നു. ബ്രിട്ടീഷ് സോഷ്യലിസ്റ്റ് ആയിരുന്ന ഗിലെയ്‌നെതിരേ ജ്യുഫ്ര നല്‍കിയ കേസിന്റെ കോടതി രേഖകള്‍ പുറത്തു വന്നിരുന്നു. ആ രേഖകളില്‍ പരാമര്‍ശിക്കപ്പെട്ട ചില പേരുകള്‍ ലോകത്തിലെ ഉന്നതന്മാരുടെതായിരുന്നു. ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍, ബില്‍ ക്ലിന്റണ്‍, മൈക്കിള്‍ ജാക്‌സണ്‍, ലോക പ്രശസ്ത മാന്ത്രികന്‍ ഡേവിഡ് കോപ്പര്‍ഫീല്‍ എന്നിവരൊക്കെ കൊച്ചു പെണ്‍കുട്ടികളെ തേടി ജെഫ്രി എപിസ്റ്റെയ്‌ന്റെ അതിഥികളായി എത്തിയിരുന്നുവെന്നാണ് രേഖകള്‍ പറയുന്നത്. (ക്ലിന്റണ്‍, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങിയവരുടെ സെക്‌സ് ടേപ്പുകള്‍ ജെഫ്രി എപ്‌സ്റ്റെയ്ന്‍ സൂക്ഷിച്ചിരുന്നു;  പുറത്തു വന്ന കോടതി രേഖകളിലെ സാക്ഷി മൊഴി)

virginia giuffre

വെര്‍ജീനിയ ജ്യൂഫ്രെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചതടക്കമുള്ള കേസുകളില്‍ ഗിലെയ്ന്‍ മാക്സ്വെല്‍ കുറ്റക്കാരിയെന്ന് 2021 ല്‍ കോടതി കണ്ടെത്തി. ഗിലെയ്ന്‍ ആയിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എപ്‌സ്റ്റെയ്‌ന് എത്തിച്ചു കൊടുത്തിരുന്നതെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. 2020 ജൂലൈയില്‍ പുറത്തുവന്ന കോടതി രേഖകളില്‍, കൗമാരക്കാരായ പെണ്‍കുട്ടികളുമേല്‍ ജെഫ്രി എപ്സ്റ്റെയ്ന്‍ നടത്തിയ ലൈംഗികാതിക്രമങ്ങളില്‍ മാക്സ്വെല്ലും പങ്കാളിയാണെന്നു വെര്‍ജീന ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഒരു പ്രൊഫഷണല്‍ മാസാജ് കേന്ദ്രത്തിലെ ജോലി എന്ന വ്യാജേനയാണ് മാക്സ്വെല്‍ തന്നെ ഒപ്പം കൂട്ടിയതെന്നും പിന്നീടവര്‍ തന്നെ ഒരു ലൈംഗിക അടിമയാക്കിയെന്നുമാണ് വെര്‍ജീനിയുടെ മൊഴിയില്‍ പറയുന്നത്.

2000ല്‍ ഫ്‌ളോറിഡയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ ലോക്കര്‍ റൂം അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ബ്രിട്ടീഷ് സോഷ്യലൈറ്റായ ഗിലെയ്ന്‍ മാക്‌സ്‌വെല്ലിനെ അമേരിക്കക്കാരിയായ വെര്‍ജീനിയ ജ്യൂഫ്രെ പരിചയപ്പെടുന്നത്. എപ്സ്റ്റീന്റെ മസാജ് തെറാപ്പിസ്റ്റായി ഗിലെയ്ന്‍ ജ്യുഫ്രെയ്ക്ക് ജോലി വാഗ്ദാനം ചെയ്തു. അതൊരു കുരുക്കായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ അതീവ തത്പരനായിരുന്ന എപ്സ്റ്റീന് പുതിയൊരു ഇരയെ കൊടുക്കുകയായിരുന്നു ഗിലെയ്ന്‍ ചെയ്തത്. എപ്‌സ്റ്റെയന്‍ സ്വയം ഉപയോഗിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്കായി അവളെ കാഴ്ച്ചവയ്ക്കുകയും ചെയ്തു. അയാളുടെ സുഹൃത്തുക്കള്‍ക്കും, ധനകാര്യ സ്ഥാപനത്തിന്റെ ക്ലയന്റുകള്‍ക്കും കൈമാറി. ഒരു തളികയിലെ പഴം പോലെ തന്നെ കൈമാറി എന്നാണ് ജ്യൂഫ്രെയുടെ പരാതിയില്‍ പറയുന്നത്.

Prince Andrew, Virginia Giuffre and Ghislaine Maxwell

ആന്‍ഡ്രൂ രാജകുമാരന്‍, വെര്‍ജീനിയ ജ്യൂഫ്രെ, ഗിലെയ്ന്‍ മാക്‌സ്‌വെല്‍

ആന്‍ഡ്രൂ രാജകുമാരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ ഗിലെയ്ന്‍ മാക്‌സ്‌വെല്ലും ജെഫ്രി എപ്‌സ്റ്റെയ്‌നും ചേര്‍ന്ന് 17 കാരിയായ തന്നെ നിര്‍ബന്ധിച്ചുവെന്ന് ജ്യൂഫ്രെ മൊഴി നല്‍കിയിരുന്നു. ജ്യൂഫ്രെ നുണ പറയുകയാണെന്ന ആന്‍ഡ്രൂ രാജകുമാരന്റെ ആരോപണത്തിനെതിരേ അവള്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആന്‍ഡ്രൂ രാജകുമാരനെതിരേ 2021-ല്‍ വെര്‍ജീനിയ ജ്യൂഫ്രെ ഫയല്‍ ചെയ്ത കേസ് 2022 ല്‍ അവസാനിപ്പിച്ചിരുന്നു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും രാജകുമാരന്‍ ആവര്‍ത്തിച്ചുവെച്ചെങ്കിലും, കേസ് വന്നതോടെ സൈനിക സ്ഥാനങ്ങളിലും നിന്നും രാജകീയ ചാരിറ്റി പ്രവര്‍ത്തികളില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. (ആന്‍ഡ്രൂ രാജകുമാരന്‍ എന്ന തലവേദന)  2022 ഫെബ്രുവരിയില്‍, കോടതിക്ക് പുറത്ത് ജ്യുഫ്രെയുമായുള്ള ലൈംഗികാതിക്രമ കേസ് ആന്‍ഡ്രൂ ഒത്തുതീര്‍പ്പാക്കി. നഷ്ടപരിഹാരമായി ജ്യൂഫ്രെയ്ക്ക് 6 മില്യണും 16 മില്യണും ഇടയില്‍ ഡോളര്‍ നഷ്ടപരിഹാരം രാജകുമാരന്‍ കൊടുക്കേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ആന്‍ഡ്രൂ ഇരകളുടെ ‘അവകാശ ചാരിറ്റി’യിലേക്കും വലിയ തുക സംഭാവന നല്‍കിയിരുന്നതായും പറയുന്നു. ഇക്കാര്യങ്ങളില്‍ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരേ നിലകൊണ്ട ധീരയായ പോരാളി എന്നാണ് വെര്‍ജീനിയ ്ജ്യൂഫ്രെയെ കുടുംബം വിശേഷിപ്പിക്കുന്നത്. നിരവധി അതിജീവിതകള്‍ക്ക് വെളിച്ചമാകാനും അവള്‍ക്ക് കഴിഞ്ഞതായി പ്രസ്താവനയില്‍ പറയുന്നുണ്ട്. മൂന്നു കുട്ടികളുടെ അമ്മ കൂടിയാണ് ജ്യൂഫ്രെ.

മരണത്തില്‍ അന്വേഷണം നടത്തുമെന്നും എന്നാല്‍ അസ്വഭാവികതയൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. അനക്കമില്ലാത്ത അവസ്ഥയിലാണ് ജ്യൂഫ്രെ കണ്ടെത്തുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.Virginia Giuffre, who accused Prince Andrew and Jeffrey Epstein of abuse, dies by suicide

Content Summary; Virginia Giuffre, who accused Prince Andrew and Jeffrey Epstein of abuse, dies by suicide

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×