കഴിഞ്ഞ മൂന്നു ദിവസമായി പാകിസ്താനുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വടക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്ര സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി. മേയ് 15 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.29 വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് വ്യോമയാന അധികൃതര്‍ വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച നോട്ടീസ് ടു എയര്‍മെന്‍(NOTAMs) മുഖാന്തിരം അറിയിച്ചിരിക്കുന്നതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.
ബുധനാഴ്ച പുലര്‍ച്ചെ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാനിലെ ഒമ്പത് സ്ഥലങ്ങളില്‍ നടത്തിയ പ്രിസിഷന്‍ സ്‌ട്രൈക്കിന് ശേഷം, ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ളതോ പ്രധാന ഇന്ത്യന്‍ വ്യോമസേനാ താവളങ്ങളില്‍ സ്ഥിതി ചെയ്യുന്നതോ ആയ ഏകദേശം 25 വിമാനത്താവളങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെ 5:29 വരെ അടച്ചിടാന്‍ നേരത്തെ തന്നെ ന്യൂഡല്‍ഹിയില്‍ നിന്നും നിര്‍ദേശം വന്നിരുന്നു. യാത്രക്കാരുടെ സുരക്ഷിത്വം പരിഗണിച്ചായിരുന്നു ഇങ്ങനെയൊരു തീരുമാനം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പാകിസ്താന്‍ ഭാഗത്ത് നിന്നും കൂടുതല്‍ പ്രകോപനം ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ട സമയം നീട്ടി, മേയ് 15 വരെ ആക്കുകയാണ് ചെയ്തിരിക്കുന്നത്. പാകിസ്താന്റെ ഭാഗത്ത് നിന്നും വലിയ തോതില്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് അവയെല്ലാം തന്നെ പ്രതിരോധിക്കാന്‍ കഴിയുന്നുണ്ടെങ്കിലും വിമാനത്താവളങ്ങള്‍ ലക്ഷ്യമാക്കിയുള്ള ശത്രുക്കളുടെ ആക്രമണം പ്രതീക്ഷിക്കേണ്ടതാണ്.
ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന വിമാനത്താവളങ്ങളില്‍ ഭൂരിപക്ഷവും പ്രതിരോധവവ്യോമ മേഖലകളില്‍ സ്ഥിതി ചെയ്യുന്നവയാണ്. ചില വിമാനത്താവളങ്ങളില്‍ വിരലില്‍ എണ്ണാവുന്ന വാണിജ്യ വിമാന സര്‍വീസികള്‍ മാത്രമാണ് നടക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സെന്‍സിറ്റീവ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളും, പ്രധാന ഇന്ത്യന്‍ വ്യോമസേനാ സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്ന ഡല്‍ഹിയുടെ വടക്കന്‍ ഭാഗങ്ങളിലെയും അതുപോലെ രാജസ്ഥാനിലെയും ഗുജറാത്തിലെയും മിക്ക ഭാഗങ്ങളിലും സിവിലിയന്‍ വിമാന സര്‍വീസുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നതെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.
ശ്രീനഗര്‍, ജമ്മു, ലേ, അമൃത്സര്‍, ചണ്ഡീഗഡ്, അംബാല, ലുധിയാന, ജോധ്പൂര്‍, ബിക്കാനീര്‍, ജയ്സാല്‍മീര്‍, ഉത്തര്‍ലായ്, രാജ്കോട്ട്, ഭുജ്, ജാംനഗര്‍, ധര്‍മശാല, ഭട്ടിണ്ട, പട്യാല, പഠാന്‍കോട്ട്, ഷിംല, കിഷന്‍ഗഡ്, ഹിന്‍ഡന്‍, പോര്‍ബന്തര്‍, മുന്ദ്ര, കണ്ട്‌ല തുടങ്ങിയ വിമാനത്താവളങ്ങളാണ് താത്കാലികമായി സിവില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.
‘ഈ കാലയളവില്‍ ഈ വിമാനത്താവളങ്ങളിലെ എല്ലാ സിവില്‍ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും. പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ ഡല്‍ഹി, മുംബൈ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയണുകള്‍ (എഫ്ഐആര്‍) ഉള്ളിലെ 25 സെഗ്മെന്റുകളുടെ എയര്‍ ട്രാഫിക് സര്‍വീസ് (എടിഎസ്) റൂട്ടുകള്‍ താല്‍ക്കാലികമായി അടച്ചിടുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നീട്ടിയിട്ടുണ്ട്,’ എന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം (എംഒസിഎ) വെള്ളിയാഴ്ച വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. നിലവിലെ വ്യോമ ഗതാഗത ഉപദേശങ്ങള്‍ക്കനുസൃതമായി ബദല്‍ റൂട്ടുകള്‍ ആസൂത്രണം ചെയ്യാനാണ് വ്യോമയാന അധികൃതര്‍ വിമാനക്കമ്പനികളോടും മറ്റ് വിമാന ഓപ്പറേറ്റര്‍മാരോടും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനും മറ്റ് തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി ബന്ധപ്പെട്ട എടിസി യൂണിറ്റുകളുമായി ഏകോപിപ്പിച്ചാണ് താല്‍ക്കാലികമായി സര്‍വീസുകള്‍ അവസാനിപ്പിച്ച സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് എംഒസിഎ അവരുടെ പ്രസ്താവനയില്‍ പറയുന്നത്.
നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ വടക്ക്-പടിഞ്ഞാറന്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ പ്രതിദിനം 400 ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കേണ്ടിവരുമെന്ന് വ്യോമ മേഖല വ്യവസായ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. Border Tension; Civil Flight operations at 32 airports in northern and western India have been suspended until May 15
Content Summary; Border Tension; Civil Flight operations at 32 airports in northern and western India have been suspended until May 15
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.