January 22, 2025 |

തലച്ചോര്‍ തിന്നും അമീബ കുട്ടികളില്‍ അതിവേഗമെത്തും, കാരണം അറിയാം

ചെവിയില്‍ പഴുപ്പുള്ള കുട്ടികളും ശ്രദ്ധിക്കണം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികള്‍ മരിച്ചതിന് പിന്നാലെ മറ്റൊരു കേസ് കൂടി കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്കായി ജര്‍മ്മനിയില്‍ നിന്ന് അടക്കം മരുന്നുകള്‍ എത്തിച്ചാണ് ചികില്‍സ നടക്കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കുട്ടിയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാളായ ഡോക്ടര്‍ അബ്ദുല്‍ റൗഫ് പറഞ്ഞു. കഴിഞ്ഞ ദിവസം മരണമടഞ്ഞ മൃദുലിനും ജര്‍മ്മനിയില്‍ നിന്നുള്ള മരുന്ന് നല്‍കിയെങ്കിലും അത് നല്‍കിയപ്പോഴെക്കും ഏറെ വൈകിപോയി എന്നാണ് അദ്ദേഹം പറയുന്നത്. ഫറോക്ക് സ്വദേശിയായ മൃദുലിന് പുറമേ, കണ്ണൂര്‍ സ്വദേശിയായ ദക്ഷിണ (13), മലപ്പുറം മുന്നിയൂര്‍ സ്വദേശി ഫദ്വ (5) എന്നിവരാണ് ഇതിനകം ഈ രോഗം വന്ന് മരണമടഞ്ഞത്.

വെള്ളം കലക്കരുത്, കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണം

വെള്ളത്തില്‍ നിന്നാണ് അപകടകാരിയായ അമീബ ശരീരത്തിലെത്തുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത് കലക്ക വെള്ളത്തെയാണ്. കുളത്തിലേയും ജലാശയങ്ങളുടെയും അടിത്തട്ടിലാണ് ഈ അമീബ കാണപ്പെടാറ്. വെള്ളം കലങ്ങി മറിയുമ്പോഴാണ് ഇവ പുറത്തേക്ക് വരിക. പ്രത്യേകിച്ച് ശക്തമായ മഴയൊക്കെ പെയ്ത് നില്‍ക്കുമ്പോള്‍ ഇത്തരം ഇടങ്ങളില്‍ പോയി കുളിക്കുന്നത് ഒഴിവാക്കണമെന്നും ഡോക്ടര്‍ പറയുന്നു.

മൂക്കിനകത്തേക്ക് വെള്ളം കയറുമ്പോള്‍ മൂക്കിലെ സ്തരം വഴിയാണ് ഇവ തലച്ചോറിലേക്ക് കയറുന്നത്. പിന്നാലെ തലച്ചോറിലെ കോശങ്ങളെ നശിപ്പിച്ച് തുടങ്ങും. ഈ സമയത്താണ് പനിയിലും തലവേദനയിലും തുടങ്ങിയ ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ച് കോമ സ്‌റ്റേജിലേക്ക് മാറുന്നത്. അല്ലെങ്കില്‍ അപസ്മാരമോ ബോധക്ഷയമോ പോലുള്ളവയും ഉണ്ടാവാം. മസ്തിഷ്‌ക ജ്വരം കണ്ടുപിടിക്കുന്നത് സെറിബ്രോ സ്‌പൈനല്‍ ഫ്‌ലൂയിഡ് കുത്തിയെടുത്ത് പരിശോധിച്ചാണ്. ആവശ്യമെങ്കില്‍ സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ പോലുള്ള പരിശോധനകളും നടത്തും. മരുന്നുകള്‍ ഉണ്ടെങ്കിലും രോഗനിര്‍ണയം വളരെ വൈകിയായിരിക്കും നടക്കുകയെന്നതിനാല്‍ പലരിലും മരുന്ന് ഫലിച്ചേക്കണമെന്നില്ല.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ മനോജ് പറയുന്നത് കുട്ടികളുടെ ശരീരത്തിലാണ് ഈ രോഗാണു അതിവേഗം കടക്കുന്നതെന്നാണ്. അമീബ തലച്ചോറിലേക്ക് എത്തുന്ന മൂക്കിലെ സ്തരമുണ്ട്. അതിന്റെ കട്ടി ചെറിയ പ്രായക്കാരില്‍ കുറവായിരിക്കും. ഇത് അതിവേഗം തലച്ചോറിലേക്ക് അമീബയെ എത്തിക്കും. കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയും അമീബ തലച്ചോറിലേക്ക് കടക്കാം, അതിനാല്‍
ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാന്‍ പാടില്ലെന്നതും ഓര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ ശേഷിയാണ് മറ്റൊരു ഘടകം. അതിലെ ഏറ്റകുറച്ചിലുകളും രോഗത്തിന്റെ ആഘാതം നിര്‍ണയിക്കും.അതുകൊണ്ട് തന്നെ നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ തന്നെ ഡോക്ടറെ സമീപിക്കുക. പനി ഉള്‍പ്പെടെ ഉണ്ടാകുന്ന സാഹചര്യത്തില്‍ സ്വയം ചികിത്സ നടത്താതിരിക്കുക. ശക്തമായ തലവേദന, പനി ഛര്‍ദ്ദി, തല കുനിക്കാനും നിവര്‍ത്താനും കഴിയാത്ത സാഹചര്യങ്ങളൊക്കെ ഉണ്ടാകുമ്പോള്‍ നിര്‍ബന്ധമായി ചികിത്സ തേടണം.

Post Thumbnail
വ്യായാമത്തിന് ശേഷം മധുരം കഴിക്കുന്നത് നല്ലതോ?വായിക്കുക

 

English Summary: brain-eating amoeba  Facts: Lesson for Kids

×