ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. ബില്‍ ഉടനെ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത. വരുന്ന ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഏറെ നാളായുള്ള ബിജെപിയുടെ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്. വിവിധ സംസ്ഥാനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകള്‍ മറികടന്നാണ് ഒറ്റ തിരഞ്ഞെടുപ്പിന് കേന്ദ്രം അംഗീകാരം നേടിയിരിക്കുന്നത്. cabinet approved one nation one election bill
ബില്ല് നടപ്പാക്കുന്നതിന് അഞ്ച് വകുപ്പുകള്‍ കൂടി ഭേദഗതി ചെയ്യേണ്ടിവരും. കൂടാതെ ആദ്യഘട്ടത്തില്‍ പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഏകീകരിക്കുന്നതെങ്കില്‍ അടുത്ത ഘട്ടത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പുകളും ഇതോടൊന്നിച്ച് നടത്തുവാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് കേന്ദ്രനിര്‍ദേശം. എന്നാല്‍ കേന്ദ്ര നിലപാടിനെ തുടക്കം മുതല്‍ കേരളം ശക്തമായി എതിര്‍ത്തിരുന്നു. എല്ലാ തിരഞ്ഞെടുപ്പുകളും ഒറ്റ ഘട്ടമാക്കുന്നത് തങ്ങളുടെ സര്‍ക്കാരുകളെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിനു മേലുള്ള വെല്ലുവിളിയാണെന്നാണ് കേരള നിയമസഭ പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്.
ബില്ല് പാസാക്കുന്നതിലൂടെ ലോക്‌സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തി ചിലവ് കുറയ്ക്കാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. പല സമയങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുമെന്നും വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒറ്റത്തവണ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ വ്യത്യസ്ത കാലയളവുകളില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നിയമ നിര്‍മാണ സഭകളുടെ കാലാവധി എങ്ങനെ ഒരുപോലെ അവസാനിപ്പിക്കുമെന്നതടക്കമുള്ള ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്. എന്നാല്‍ ചിലവ് കുറയ്ക്കല്‍ മാത്രമാണോ സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന ചോദ്യവും വളരെക്കാലമായി ഉയരുന്നതാണ്. “രാജ്യത്ത് പൊതുതിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. അതിനായി ബജറ്റില്‍ പ്രത്യേക തുകയും നീക്കിവയ്ക്കും. സര്‍ക്കാരിന് വരുന്ന ചെലവ് എന്നു പറയുന്നത് ഇതാണ്. ബാക്കി വരുന്ന ചെലവ് രാഷ്ട്രീയ പാര്‍ട്ടികളുടെതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കുന്ന കണക്ക് കാണിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ഭീമമായ ചെലവ് ആണെന്നു പറയുന്നതില്‍ എന്താണര്‍ത്ഥം? പാര്‍ട്ടികള്‍ അവരുടെ ചെലവ് കുറയ്ക്കുമെന്നിരിക്കട്ടെ, ആ പണം അവരെന്ത് ചെയ്യും? നാട്ടില്‍ റോഡുകളും ആശുപത്രികളും പാലങ്ങളുമൊക്കെ കെട്ടാന്‍ ഉപയോഗിക്കുമോ? ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ചെലവാക്കാനുള്ള പണം മാറ്റി വച്ച് നാട്ടില്‍ റോഡോ പാലമോ കെട്ടിയിട്ടില്ല. പിന്നെന്തിനാണ് തെരഞ്ഞെടുപ്പ് ചെലവ് എന്നു പറഞ്ഞ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്?” ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയം നേരത്തെ ചര്‍ച്ചയായിരുന്ന സമയത്ത് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി അഴിമുഖത്തോട് പറഞ്ഞിരുന്നു.
2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം നടപ്പാക്കുന്നത് ചര്‍ച്ചയായിരുന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ഇത് സംബന്ധിച്ച് പഠിക്കാന്‍ നിയമിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 15 പാര്‍ട്ടികള്‍ ഈ നിലപാടിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് മാതൃകയില്‍ തിരഞ്ഞെടുപ്പിന് രാജ്യം തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.
ഇന്ത്യ സ്വതന്ത്രമായതിന് ശേഷം 1967 വരെ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചായിരുന്നു നടന്നിരുന്നത്. എന്നാല്‍ പല നിയമസഭകളും കാലാവധി പൂര്‍ത്തിയാക്കാതെ നിലംപൊത്തിയതോടെ ഒറ്റ തിരഞ്ഞെടുപ്പ് നയത്തില്‍ മാറ്റവും വന്നു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന പുതിയ നീക്കത്തിലൂടെ തൂക്കുമന്ത്രിസഭയ്ക്കും കാലാവധി തീരും മുമ്പ് വീണുപോകുന്ന സര്‍ക്കാരിനും മുന്നില്‍ എന്താണ് പ്രതിവിധി എന്ന വലിയ ചോദ്യവും ബാക്കിയാണ്. കാലാവധി തീരുംമുമ്പേ അസ്ഥിരമാകുന്ന സര്‍ക്കാരുകള്‍ നിലംപൊത്തി രാഷ്ട്രപതി ഭരണം വന്നാല്‍ അവിടെ പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ പിടിവീഴുമെന്നതിലും തര്‍ക്കമില്ല. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് തന്നെ വെല്ലുവിളിയാണ്.
“ജനാധിപത്യ സമ്പ്രദായത്തിന് നല്ലത് ആനുകാലികമായി തിരഞ്ഞെടുപ്പ് നടത്തുന്നതാണ്. ഭരണകൂടത്തിനും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും അതാണ് നല്ലത്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. തിരഞ്ഞെടുപ്പിന് വേണ്ടിയാണ് അവര്‍ നില്‍ക്കുന്നത്. മറ്റൊരു അജണ്ടയും അവര്‍ക്കില്ല. ഇപ്പോഴത്തെ രീതിയില്‍ തിരഞ്ഞെടുപ്പുകള്‍ നടന്നാല്‍ മാത്രമേ സര്‍ക്കാരിന് കാറ്റ് ഏത് ദിശയിലാണ് വീശുന്നതെന്നും അത് മനസ്സിലാക്കി തിരുത്താനും സാധിക്കൂ”വെന്നും പിഡിപി ആചാരി അഴിമുഖത്തോട് വ്യക്തമാക്കിയിരുന്നു.
2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മറ്റ് തിരഞ്ഞെടുപ്പുകളും നടത്താനാണ് പദ്ധതിയെങ്കില്‍ നിയമസഭകളുടെ കാലാവധി സംബന്ധിച്ച് എന്ത് തീരുമാനമാകും ഉണ്ടാകുക എന്ന ചോദ്യവും ഏറെ പ്രസക്തമാണ്. ബില്ല് നിയമമായാല്‍ പാര്‍ലമെന്റിന്റെ സഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 83, രാഷ്ട്രപതി ലോക്സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 85, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 172, പിരിച്ചുവിടലുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 174 എന്നീ നിയമങ്ങളില്‍ ഭേദഗതികള്‍ നടത്തേണ്ടി വരും. “ഭരണഘടനാ ഭേദഗതി വരുത്തുക സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. 543 എംപിമാരുള്ള ലോക്സഭയില്‍ 362 എംപിമാരുടെ പിന്തുണയുണ്ടെങ്കിലാണ് ബില്‍ പാസാകുന്നത്. നിലവിലെ സാഹചര്യത്തില്‍ ഭരണകക്ഷിക്ക് ആ നമ്പറില്‍ എത്താന്‍ പ്രയാസമാണ്. പ്രതിപക്ഷം എതിരാണ്. രാജ്യസഭയില്‍ 245 പേരുണ്ട്. അവരെല്ലാം ഹാജരായാലും 162 പേരുടെ പിന്തുണ കിട്ടണം. അതുകൊണ്ട് ബില്‍ പാസാക്കിയെടുക്കുക എന്നത് പ്രായോഗികമായി നടപ്പാകുന്ന കാര്യമല്ലെന്നും” പിഡിടി ആചാരി പറയുന്നു.
ഭരണഘടനാ ഭേദഗതിയിലൂടെ ബില്ല് നടപ്പാക്കുക മോദി സര്‍ക്കാരിന് മുന്നിലെ വലിയ കടമ്പ തന്നെയാണ്. ബില്ല് പാസാക്കാന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും ആവശ്യമാണ്. എന്നാല്‍ മൂന്നാം മോദി സര്‍ക്കാരില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ തന്നെ ബില്ല് പാസാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഘടകകക്ഷികള്‍ കൂടി പിന്തുണയ്ക്കാതെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാസാക്കാന്‍ കഴിയില്ല എന്നതാണ് ബിജെപി ഗവണ്‍മെന്റിന്റെ വെല്ലുവിളി.cabinet approved one nation one election bill
Content Summary: cabinet approved one nation one election bill
union cabinet approved central governement BJP Kerala one nation one election parliament election commission latest news