17 വര്‍ഷം, അഞ്ച് കീരിടങ്ങള്‍; ഒടുവില്‍ സിഎസ്‌കെയും ഫ്‌ളെമിംഗും പിരിഞ്ഞു

ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട് ഫ്‌ളെമിംഗ്; ആദ്യം കളിക്കാരനായും തുടര്‍ന്ന് പരിശീലകനായും

Stephen Fleming leave CSK

17 വര്‍ഷം നീണ്ട ബന്ധത്തിന് അവസാനം കുറിച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗും ചെന്നൈ സൂപ്പര്‍ കിംഗ്‌സും വേര്‍ പിരിയുന്നു. പരസ്പര ധാരണയോടെയാണ് ഫ്‌ളെമിംഗ് സിഎസ്‌കെയില്‍ നിന്നും ഔദ്യോഗികമായി മാറുന്നത്. സിഎസ്‌കെയുടെ തുടക്കം മുതല്‍ ഫ്‌ളെമിംഗ് കൂടെയുണ്ട്. തിങ്കളാഴ്ച എക്‌സ് പ്ലാറ്റ്ഫോമിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ് ഈ വിവരം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരവും മാതൃകാപരവുമായ ഒരു പങ്കാളിത്തമാണ് ഫ്‌ളെമിംഗുമായി പങ്കുവെച്ചതെന്നും, അദ്ദേഹം കെട്ടിപ്പടുത്ത പാരമ്പര്യം ടീമിന് എപ്പോഴും പ്രചോദനമായിരിക്കുമെന്നും നന്ദി രേഖപ്പെടുത്തിക്കൊണ്ട് സിഎസ്‌കെ കുറിച്ചു.

മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റീഫന്‍ ഫ്‌ലെമിംഗ്, ഐപിഎല്ലിന്റെ ഉദ്ഘാടന സീസണായ 2008 മുതല്‍ ചെന്നൈ ടീമിന്റെ ഭാഗമാണ്. ആദ്യ സീസണില്‍ കളിക്കാരനായിരുന്ന അദ്ദേഹം തൊട്ടടുത്ത വര്‍ഷമായ 2009-ല്‍ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഫ്‌ളെമിംഗിന്റെ തന്ത്രങ്ങള്‍ക്ക് കീഴില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളുമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. 12 തവണ ടീമിനെ പ്ലേഓഫിലെത്തിക്കാനും 10 തവണ ഐപിഎല്‍ ഫൈനലില്‍ കളിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍, 2023-ലെ കിരീട നേട്ടത്തിന് ശേഷം കഴിഞ്ഞ കുറച്ച് സീസണുകളായി ചെന്നൈ സൂപ്പര്‍ കിങ്‌സ് തീര്‍ത്തും മങ്ങിയ പ്രകടനമാണ് നടത്തിയത്. 2023 ന് ശേഷം, കഴിഞ്ഞ മൂന്ന് സീസണുകളിലും ടീമിന് പ്ലേഓഫ് യോഗ്യത നേടാന്‍ പോലും സാധിച്ചില്ല. ഇതോടെ ഫ്‌ളെമിംഗിന്റെ പരിശീലന ശൈലിക്ക് നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ടീമിനൊപ്പനുള്ള യാത്ര നിര്‍ത്താന്‍ ഫെളെമിംഗും സിഎസ്‌കെയും തീരുമാനിച്ചത്.

ഫ്രാഞ്ചൈസിയുടെ വളര്‍ച്ചയില്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ് വഹിച്ച പങ്ക് വാക്കുകള്‍ക്ക് അതീതമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ രൂപ ഗുരുനാഥ് പ്രതികരിച്ചു. സിഎസ്‌കെയുടെ ഏതാണ്ട് മുഴുവന്‍ യാത്രയിലും തങ്ങളുടെ കോച്ചിംഗ് യൂണിറ്റിന്റെ ഹൃദയമിടിപ്പ് ഫ്‌ലെമിംഗ് ആയിരുന്നുവെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ടീമിന്റെ സ്വത്വവും കാഴ്ചപ്പാടും മികച്ച പ്രകടനങ്ങള്‍ക്കായുള്ള മുന്നേറ്റവും രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഫ്‌ളെമിംഗിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നേതൃപാടവത്തിനും സൂപ്പര്‍ കിങ്‌സ് കുടുംബത്തിന്റെ പേരിലുള്ള ആഴമായ നന്ദി അറിയിക്കുന്നതായും, മൈതാനത്തെ യാത്ര അവസാനിച്ചാലും അദ്ദേഹം എപ്പോഴും സിഎസ്‌കെയുടെ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്നും രൂപ ഗുരുനാഥ് കൂട്ടിച്ചേര്‍ത്തു.

Content Summary; Chennai Super Kings and head coach Stephen Fleming have mutually agreed to part ways, ending a legendary 17-year association in IPL history.

This post was last modified on July 13, 2026 1:46 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment