March 28, 2025 |
Share on

വിമർശകരെ അടിച്ചമർത്തുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈന

1,219 കേസുകൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്

നാടുകടത്തപ്പെട്ട വിമതരെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. 2014 നും 2024 നും ഇടയിൽ വിവിധ സർക്കാരുകൾ നടത്തിയ വിമർശകരെ അടിച്ചമർത്തുന്ന സംഭവങ്ങൾ സംബന്ധിച്ച് 1,219 കേസുകൾ നടന്നിട്ടുണ്ടെന്ന്
വാഷിംഗ്ടൺ ഡിസിയിലെ സംഘടനയായ ഫ്രീഡം ഹൗസ് അറിയിച്ചതായി ദ ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.103 രാജ്യങ്ങളിൽ നടന്ന സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്. 272 സംഭവങ്ങളാണ് നടന്നിരിക്കുന്നത്. റഷ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു.

2018 ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവം, 2006ൽ യുകെയിൽ വിമതനായ അലക്സാണ്ടർ ലിറ്റ്വിനെങ്കോയ്ക്ക് റഷ്യൻ സർക്കാർ വിഷം നൽകിയ സംഭവം, ബ്രിട്ടനിലെ നിരവധി റഷ്യക്കാരുടെ സംശയാസ്പദമായ മരണങ്ങൾ എന്നിവ ശ്രദ്ധേയമായ കേസുകളിൽ ഉൾപ്പെടുന്നു.

അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളും വിമർശകർക്കെതിരെയുള്ള അടിച്ചമർത്തലുകൾ നടത്തുന്നുണ്ടെന്ന് ഫ്രീഡം ഹൗസിലെ ഗവേഷണ ഡയറക്ടർ യാന ഗൊറോഖോവ്സ്കായ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ ഇറാനും ഒരു പ്രധാന കുറ്റവാളിയാണ്.

രാജ്യാന്തര അടിച്ചമർത്തലിന്റെ ഏറ്റവും വലിയ ഇരകൾ മുസ്ലീങ്ങളാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വടക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള മുസ്ലീം വംശീയ വിഭാഗമായ ഉയ്ഗൂറുകൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട വിഭാഗമാണ്. ഉയ്ഗൂറുകൾ ആക്ടിവിസ്റ്റുകളല്ലെങ്കിൽ പോലും, അവരുടെ വംശീയത കാരണം, നിരന്തരമായ ഭീഷണികൾ നേരിടുന്നു. വിദേശത്തുള്ള ചൈനീസ് വിദ്യാർത്ഥികളും നിരീക്ഷിക്കപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്വേച്ഛാധിപത്യ സർക്കാരുകൾ പലപ്പോഴും അന്തർദേശീയ അടിച്ചമർത്തലുകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ ഇല്ലാതാക്കാൻ ശ്രമിക്കാറുണ്ട്. 2014 മുതൽ, കുറഞ്ഞത് 26 സർക്കാരുകളെങ്കിലും നാടുകടത്തപ്പെട്ട പത്രപ്രവർത്തകർക്കെതിരെ 124 രാജ്യാന്തര അടിച്ചമർത്തൽ സംഭവങ്ങൾ നടത്തിയിട്ടുണ്ട്. ഇത് ലോകമെമ്പാടുമുള്ള പത്രസ്വാതന്ത്ര്യത്തിന് ഭീഷണിയാണ്.

മാധ്യമ റിപ്പോർട്ടുകൾ, എൻ‌ജി‌ഒ കണ്ടെത്തലുകൾ, യുഎൻ രേഖകൾ തുടങ്ങിയ പൊതു സ്രോതസ്സുകൾ ഉപയോഗിച്ചാണ് ഫ്രീഡം ഹൗസ് ഈ സംഭവങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പല കേസുകളും ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാതെ തുടരുന്നു. വിമർശനങ്ങളെ നിശബ്ദമാക്കുകയും ആളുകളെ ഭീഷണിപ്പെടുത്തി അവരുടെ പ്രവർത്തനങ്ങൾ നിർത്തലാക്കുകയുമാണ് രാജ്യാന്തര അടിച്ചമർത്തലിന്റെ ലക്ഷ്യമെന്ന് ഫ്രീഡം ഹൗസിലെ ഗവേഷണ ഡയറക്ടർ യാന ഗൊറോഖോവ്സ്കായ പറഞ്ഞതായി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

Content Summary: China leads the world in efforts to silence dissidents living in exile

Leave a Reply

Your email address will not be published. Required fields are marked *

×