തമിഴ്നാടിനെ നടുക്കിയ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടി പൊലീസ്. കോയമ്പത്തൂരിൽ 20 വയസുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്ന് പ്രതികളെയാണ് പോലീസ് പിടികൂടിയത്. പ്രതികളായ തവസി, കാർത്തിക്, കാളീശ്വരൻ എന്നിവർ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് പോലീസ് വെടിയുതിർത്തത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ തുടിയലൂരിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പോലീസിലെ പ്രത്യേക അന്വേഷണ സംഘം പ്രതികളെ വളഞ്ഞത്. ഇവിടെ വെച്ച് പ്രതികൾ പോലീസ് ഉദ്യോഗസ്ഥനായ ചന്ദ്രശേഖറിനെ കൈത്തണ്ടയിൽ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പോലീസ് സ്വയരക്ഷയ്ക്കും പ്രതികൾ രക്ഷപ്പെടാതിരിക്കുന്നതിനുമായാണ് അവരുടെ കാലുകളിലേക്ക് വെടിയുതിർത്തു. കറുപ്പസ്വാമിക്കും കാളീശ്വരനും ഇരുകാലുകളിലും വെടിയേറ്റപ്പോൾ തവസിക്ക് ഒരു കാലിലാണ് വെടിയേറ്റത്. വെടിയേറ്റ ഉടൻ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ പോലീസ് കോൺസ്റ്റബിളിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
60ൽ അധികം കുറ്റവാളികളുടെ ചിത്രങ്ങൾ കാണിച്ചിട്ടും ഇരയ്ക്ക് അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.പ്രദേശത്തെ സിസിടിവി കാമറകളിൽ വെളിച്ചം തട്ടിയതിനാൽ പ്രതികളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടില്ല. കേസ് അന്വേഷിക്കുന്നതിനും അറസ്റ്റിലായ പ്രതികളുടെ പങ്ക് സ്ഥിരീകരിക്കുന്നതിനുമായി ഏഴ് പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ എ. ശരവണ സുന്ദർ പറഞ്ഞു.
കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാർഥിനിയായ 19 വയസുകാരിയാണ് ഞായറാഴ്ച കൂട്ട ബലാത്സംഗത്തിന് ഇരയായത്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ള വൃന്ദാവൻ നഗറിൽ ആൺസുഹൃത്തുമായി കാറിൽ സംസാരിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
സംഘം ആദ്യം ഇരുവരെയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ഭീഷണിപ്പെടുത്തി. തുടർന്ന് അരിവാൾ ഉപയോഗിച്ച് കാറിന്റെ ചില്ല് തകർക്കുകയും വാതിൽ തുറക്കുകയും ചെയ്തു**. സുഹൃത്തിന്റെ തലയ്ക്ക് വെട്ടുകത്തികൊണ്ട് ആക്രമിച്ചതിനെത്തുടർന്ന് യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ബോധരഹിതനാവുകയും ചെയ്തു.
തുടർന്ന് വിദ്യാർത്ഥിനിയെ സമീപത്തെ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം തിരികെ ലഭിച്ച സുഹൃത്ത് ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്ന് വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബലാത്സംഗം നടന്ന സ്ഥലത്തുനിന്ന് പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുചക്ര വാഹനവും പോലീസ് കണ്ടെടുത്തു.
പ്രതികളെ കണ്ടെത്താനായി ഏഴ് പ്രത്യേക ടീമുകൾ രൂപീകരിച്ചിരുന്നു. വിപുലമായ അന്വേഷണത്തിനൊടുവിലാണ് തുടിയലൂരിൽ വെച്ച് പ്രതികളെ വലയിലാക്കിയത്. കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്.
content summary: Coimbatore gang rape case, Survivor unable to identify accused, will this affect the investigation?