February 19, 2025 |
Share on

അജയ് ദേവ്​ഗണുമായി ദൃശ്യം ഫ്രാഞ്ചൈസിൽ ഒരുമിക്കാൻ ആ​ഗ്രഹം; മോഹൻലാൽ

ദൃശ്യം 3 വലിയ വെല്ലുവിളിയാണ്, ഒരു മികച്ച സീക്വൽ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല

അജയ് ദേവ്​ഗണുമായി ദൃശ്യം ഫ്രാഞ്ചൈസിൽ ഒരുമിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി നടൻ മോഹൻലാൽ. ഇന്ത്യ ടുഡെ ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ദൃശ്യം സിനിമയുടെ മൂന്നാം ഭാ​ഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. Drishyam crossover with Ajay Devgn
അജയ് ദേവ്​ഗണിനൊപ്പം ദൃശ്യം ക്രോസ്ഓവർ പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിന് മോഹൻലാൽ മറുപടി നൽകിയത് ഇങ്ങനെയാണ്. എനിക്കതിനെക്കുറിച്ച് അറിയില്ല. അങ്ങനെ സംഭവിക്കട്ടെയെന്നാണ് ഞാനും ആ​ഗ്രഹിക്കുന്നത്. അതിന് വേണ്ടി പ്രാർത്ഥിക്കാം, മോഹൻലാൽ പറഞ്ഞു.

സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3യെക്കുറിച്ചും മോഹൻലാൽ അഭിമുഖത്തിൽ സംസാരിച്ചു. ദൃശ്യം 3യുടെ ജോലികൾ പുരോ​ഗമിക്കുകയാണെന്നും വലിയ വിജയം നേടിയ ഒരു ചിത്രത്തിന്റെ മികച്ച ഒരു സീക്വൽ പുറത്തിറക്കുകയെന്നത് അത്ര എളുപ്പമുള്ളതല്ലെന്നും മോഹൻലാൽ പറഞ്ഞു.

‘ഞങ്ങൾ അതിനായി പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. ദൃശ്യം പോലൊരു സിനിമയുടെ ഒരു മികച്ച സീക്വൽ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല. ചിത്രത്തിന്റെ മൂന്നാം ഭാഗം സംവിധായകനും ഞങ്ങൾക്കെല്ലാവർക്കും വലിയ വെല്ലുവിളിയാണ്. അതിന്റെ ജോലികൾ പുരോഗമിക്കുകയാണ്. ആ സിനിമ ഒരിക്കൽ സംഭവിക്കുക തന്നെ ചെയ്യും. അതിനായി ഞാനും പ്രാർത്ഥിക്കുന്നു’, മോഹൻലാൽ പറഞ്ഞു.

ദൃശ്യം സിനിമ മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ചും മോഹൻലാൽ പ്രതികരിച്ചു. ‘ദൃശ്യം മലയാള സിനിമയിൽ നല്ല രീതിയിലുള്ള മാറ്റത്തിനാണ് കാരണമായത്. മലയാള സിനിമയെ പലരും ചർച്ച ചെയ്യപ്പെടുന്ന ഉയരങ്ങളിലേക്ക് എത്തിക്കാൻ ദൃശ്യത്തിന് കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്താണ് ഞങ്ങൾ ആ സിനിമ ചെയ്തത്. ഇന്ത്യ മുഴുവൻ ആ ചിത്രം കണ്ടു. കേരളത്തിന് പുറത്തുള്ളവർ അങ്ങനെ കൂടുതൽ മലയാള സിനിമകൾ കാണാൻ തുടങ്ങി. അന്താരാഷ്ട്ര തലത്തിൽ വരെ ചിത്രം ചർച്ചാ വിഷയമായി. ഇതെല്ലാം സിനിമക്ക് ലഭിച്ച അം​ഗീകാരമാണ്’, മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലായിരുന്നു താരം. ഈ സന്ദർഭത്തിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3 നെക്കുറിച്ച് നൽകിയ വിവരങ്ങൾ വലിയ ആവേശമാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഫ്രാഞ്ചൈസ് മലയാളത്തിലും ഹിന്ദിയിലും വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ചൈനയിലും ചിത്രത്തിന് വളരെയധികം പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇന്ത്യയിൽ തന്നെ പല ഭാഷകളിൽ റീമേക്ക് ചെയ്ത സിനിമയാണ് ദൃശ്യം.

നവാ​ഗത സംവിധായകനായ അഭിഷേക് പഥക് ആണ് ദൃശ്യം 2 ഹിന്ദിയിൽ റീമേക്ക് ചെയ്തത്. അജയ് ദേവ്​ഗൺ, തബു, അക്ഷയ് ഖന്ന, ശ്രിയ ശരൺ, ഇഷിത ദത്ത എന്നിവരാണ് ദൃശ്യം 2 ഹിന്ദി റീമേക്കിൽ അഭിനയിച്ചിരിക്കുന്നത്. 2022ലാണ് ചിത്രം റിലീസ് ചെയ്തത്. 300 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ വലിയ വിജയമായിരുന്നു. Drishyam crossover with Ajay Devgn

Content summary: Desire to team up with Ajay Devgn in Drishyam franchise; Mohanlal
Mohanlal Ajay Devgn Drishyam franchise Drishyam2 

×