July 14, 2026 |
Share on

ധർമ്മസ്ഥല: പ്രത്യേക അന്വേഷണ സംഘം മുൻ ശുചീകരണ ജോലിക്കാരെ ചോദ്യം ചെയ്യുന്നു

അസ്വാഭാവിക മരണങ്ങളുടെയും കൊലപാതകങ്ങളുടെയും രേഖകളും എസ്.ഐ.റ്റി ഉദ്യോഗസ്ഥർ ശേഖരിച്ചു

ധർമ്മസ്ഥലയിൽ പലകാലങ്ങളിലായി കൂട്ടമായി മൃതദേഹങ്ങൾ കുഴിച്ചിട്ടുവെ കേസിൽ നടക്കുന്ന അന്വേഷണം വിലയിരുത്താനായി പ്രത്യേക അന്വേഷണ സംഘം തലവൻ പ്രോണബ് മൊഹന്തി ബുധനാഴ്ച ബെൽത്തങ്ങാടിയിലെ എസ്.ഐ.റ്റി ഓഫീസിലെത്തി. അന്വേഷണത്തിന്റെ ഭാഗമായി, ധർമ്മസ്ഥല ഗ്രാമപഞ്ചായത്തിൽ മുൻപ് ശുചീകരണ തൊഴിലാളികളായി ജോലി ചെയ്തിരുന്നവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി തിരിച്ചറിയാത്ത മൃതദേഹങ്ങൾ അനധികൃതമായി സംസ്‌കരിച്ചെന്ന ആരോപണങ്ങളെക്കുറിച്ച് അവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായി എസ്.ഐ.റ്റി വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ, കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിനിടെ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷനിലും (ധർമ്മസ്ഥല പോലീസ് ഔട്ട്പോസ്റ്റ് നേരത്തെ ഈ സ്റ്റേഷന്റെ പരിധിയിലായിരുന്നു) ധർമ്മസ്ഥല പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണങ്ങളുടെയും കൊലപാതകങ്ങളുടെയും രേഖകളും എസ്.ഐ.റ്റി ഉദ്യോഗസ്ഥർ ശേഖരിച്ചു. ഈ രേഖകൾ ഇപ്പോൾ വിശദമായി പരിശോധിച്ചു വരികയാണ്. പരാതിക്കാരനായ ദൃക്‌സാക്ഷി ചൂണ്ടിക്കാട്ടിയ വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിന്റെ രേഖകളും തയ്യാറാക്കി വരുന്നു.

ഇതിനിടെ, ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്നാരോപിച്ച് എസ്.ഐ.റ്റിക്ക് പരാതി നൽകിയ മഹേഷ് ഷെട്ടി തിമ്മറോഡി, ഗിരീഷ് മത്തേന്നവർ, പരാതിക്കാരനായ ജയന്ത് ടി എന്നിവരുൾപ്പെടെ ആറ്-ഏഴ് പേരെ ധർമ്മസ്ഥല പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഓഗസ്റ്റ് ആറിന് ധർമ്മസ്ഥലയിലെ പംഗള റോഡിന് സമീപം ചില യൂട്യൂബർമാർക്ക് നേരെ ആക്രമണമുണ്ടാവുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ കന്നഡ ചാനൽ റിപ്പോർട്ടറായ ഹരീഷ് ആർ നൽകിയ പരാതി അനുസരിച്ച്, ആശുപത്രിക്ക് സമീപം വെച്ച് ഗിരീഷ് മത്തേന്നവറിനോട് മൊഴി നൽകാൻ ആവശ്യപ്പെട്ടപ്പോൾ മഹേഷ് ഷെട്ടി തിമ്മറോഡിയും മറ്റുള്ളവരും അദ്ദേഹത്തെ ആക്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് ധർമ്മസ്ഥല പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. പംഗള റോഡിന് സമീപം നിയമവിരുദ്ധമായി സംഘം ചേർന്നതിനും ജയന്ത് ടി-ക്കെതിരെ ആരോപണമുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസം ധർമ്മസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിലെ മേധാവിയും ബി.ജെ.പി നേതാവും എം.പിയുമായ വീരേന്ദ്ര ഹെഗ്ഗഡെ, സൗജന്യ കേസിലെ ആരോപണങ്ങളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ധർമ്മസ്ഥലയിൽ നടന്നുവെന്ന് പറയപ്പെടുന്ന കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, മൃതദേഹങ്ങൾ കുഴിച്ചുമൂടൽ എന്നിവയെല്ലാം ‘അടിസ്ഥാനരഹിതവും തെറ്റുമാണ്’ എന്ന് പറഞ്ഞ് തള്ളി. ഈ വിഷയത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ശ്രീ ധർമ്മസ്ഥല മഞ്ജുനാഥേശ്വര കോളേജിലെ രണ്ടാം വർഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായിരുന്ന, പതിനേഴ് വയസ് മാത്രം പ്രായമുണ്ടായിരുന്ന, സൗജന്യയെ, 2012 ഒക്ടോബർ 9-ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഇപ്പോൾ വലിയ പ്രതിഷേധങ്ങൾ നടന്നുവരുന്നുണ്ട്.

content summary: Dharmasthala case, Former sanitation workers are being questioned by the special investigation team

Leave a Reply

Your email address will not be published. Required fields are marked *

×