കുടിയേറ്റക്കാരെ അനുവദിക്കില്ലെന്ന തീവ്ര ദേശീയത വാദമടക്കം തന്റെ വിവാദ നിലപാടുകള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കുമായുള്ള ‘ എക്‌സ്’ അഭിമുഖത്തിലാണ് ഡോണള്‍ഡ് ട്രംപ് തന്റെ തീവ്ര നിലപാടുകള്‍ വീണ്ടും അവതരിപ്പിച്ചത്.
എക്‌സ് ഉടമ കൂടിയായ മസ്‌ക് തന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായി നടത്തുന്ന അഭിമുഖം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ മസ്‌കിനും ട്രംപിനും ഒരുപോലെ നാണക്കേട് ഉണ്ടാക്കുന്നൊരു തുടക്കമായിരുന്നു സംഭവിച്ചത്. ലക്ഷക്കണക്കിന് പേര്‍ കാത്തിരുന്ന അഭിമുഖം, സാങ്കേതിക തകരാര്‍ മൂലം നിശ്ചിയിച്ച സമയത്തിനും വളരെ വൈകിയാണ് ആരംഭിക്കാനായത്. സൈബര്‍ ആക്രമണം എന്നാണ് മസ്‌ക് വാദിക്കുന്നത്. എന്നാല്‍ അതല്ല കാരണമെന്ന് വ്യക്തമായി. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്.
40 മിനിട്ട് വൈകി ആരംഭിച്ച അഭിമുഖത്തില്‍ പെന്‍സില്‍വാനിയയില്‍ വച്ച് നടന്ന കൊലപാതക ശ്രമത്തെ കുറിച്ചുള്ള മസ്‌കിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞാണ് ട്രംപ് തുടങ്ങിയത്. അന്ന് താന്‍ രക്ഷപ്പെട്ടതിനെ ‘ അത്ഭുതം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ‘ ഞാനെന്റെ തല വെട്ടിച്ചില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് മുമ്പില്‍ ഇരുന്ന് സംസാരിക്കാന്‍ ഇപ്പോള്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല” എന്നാണ് ട്രംപ് പറഞ്ഞത്.
തുടര്‍ന്നുള്ള സംസാരത്തില്‍ തന്റെ പ്രഖ്യാപിത കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ഊന്നിയുള്ള ആക്രോശങ്ങളായിരുന്നു ട്രംപില്‍ നിന്നുണ്ടായത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തി കടന്ന് കുഴപ്പക്കാരായ ആളുകള്‍ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്നാണ് ട്രംപിന്റെ ആരോപണം. ‘ ഇത്തരം ആളുകള്‍ അവരുടെ രാജ്യത്ത് കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ ചെയ്ത് ജയിലില്‍ കിടക്കുന്നവരാണ്, അവിടെ നിന്നും മോചിതരാകുന്നതിന് പിന്നാലെ നമ്മുടെ രാജ്യത്തേക്ക് പോരുകയാണ് എന്നാണ് റിപ്പബ്ലിക്കന്‍ നേതാവിന്റെ ആക്ഷേപം. ഉയര്‍ന്ന തോതിലുള്ള കുറ്റകൃത്യങ്ങള്‍ കുടിയേറ്റവുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നതെന്ന് പഠനങ്ങള്‍ സാക്ഷ്യം പറയുന്നുണ്ടെന്ന ആരോപണവും മുന്‍ പ്രസിഡന്റിനുണ്ട്.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെതിരേ ആക്ഷേപങ്ങള്‍ ചൊരിയാനും ട്രംപ് മറന്നില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ കമലയെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന ബോര്‍ഡര്‍ സര്‍( Border czar) എന്ന പ്രയോഗമാണ് ട്രംപ് ആവര്‍ത്തിച്ചത്. കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഡെമോക്രാറ്റിക് പ്രവര്‍ത്തകരും കുടിയേറ്റ വിദഗ്ധരും എതിര്‍ക്കുകയാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. പരിഷ്‌കരണവാദിയായ ഡെമോക്രാറ്റിക്’ എന്ന് പരിഹസിച്ചുകൊണ്ട് കമലയെ കുറിച്ച് ട്രംപ് നടത്തിയ ആക്ഷേപം, അവര്‍ അറ്റോര്‍ണി ജനറല്‍ എന്ന നിലയിലും സെനറ്റര്‍ എന്ന നിലയിലും കാലിഫോര്‍ണിയയെ നശിപ്പിച്ചു എന്നാണ്.
കമലയോടുള്ള പരിഹാസം തുടര്‍ന്ന ട്രംപ്, തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ വിചിത്രമായ രീതിയില്‍ ടൈംസ് മാഗസിന്റെ ‘സുന്ദരമായ’ കവര്‍ ചിത്രത്തിന്റെ പേരില്‍ അഭിനന്ദിക്കുകയും, കമലയെ തന്റെ ഭാര്യ മെലേനിയോട് ഉപമിക്കുകയും ചെയ്യുന്നുണ്ട്.
‘ ഇന്നുവരെയുള്ളതില്‍ വച്ച് ഏറ്റവും മനോഹരിയായ ഒരു അഭിനേത്രിയെ പോലെയണവര്‍, ശരിക്കും അതൊരു രേഖാ ചിത്രമായിരുന്നു, അവര്‍ക്കു ശരിക്കും പ്രഥമ വനിത മെലേനിയയോട് നല്ല സാമ്യമുണ്ട്’ ഇങ്ങനെയായിരുന്നു ട്രംപിന്റെ പരിഹാസം.
കഴിഞ്ഞ മാസം കമല പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണം ആരംഭിച്ചതു മുതല്‍ അവരാണ് ട്രംപിനെക്കാള്‍ ജനപ്രീതി നേടുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് മസ്‌കുമായുള്ള ട്രംപിന്റെ അഭിമുഖം വരുന്നത്. അഭിമുഖത്തിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി ഡെമോക്രാറ്റുകള്‍ രംഗത്തു വന്നിട്ടുണ്ട്. ട്രംപിന്റെ തീവ്രദേശീയതയുടെയും 2025 ലേക്ക് അയാള്‍ നിശ്ചയിച്ചിരിക്കുന്ന അപകടരമായ അജണ്ടയുടെയും ഉദ്ദാഹരണമാണ് ഈ അഭിമുഖം എന്നാണ് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തുന്നത്. ട്രംപിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത് മധ്യവര്‍ഗത്തെ വില്‍ക്കുന്നവരായ മസ്‌കിനെ പോലെയുള്ള സമ്പന്നരാണെന്നാണ് കമലയുടെ പ്രചാരണ വിഭാഗത്തിന്റെ വക്തവായ ജോസഫ് കോസ്‌റ്റെല്ലോ കുറ്റപ്പെടുത്തിയത്.
ഇപ്പോള്‍ പുറത്തു വരുന്ന സര്‍വേകള്‍ പ്രകാരം 0.3 ശതമാനത്തിന്റെ മുന്‍കൈ കമലയ്ക്ക് ട്രംപിനെക്കാള്‍ ഉണ്ട്. ബൈഡന്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന സമയത്ത്, അദ്ദേഹത്തെക്കാള്‍ 3.3 ശതമാനം പിന്തുണ നേടി നിന്നിരുന്നയാളായിരുന്നു ട്രംപ്. അവിടെ നിന്നാണ് കമലയ്ക്ക് പിന്നിലേക്ക് വീഴുന്നത്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമാകുന്ന മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ പ്രധാന സംസ്ഥാനങ്ങളിലും ട്രംപിനെ മറികടന്ന് കമലയാണ് മുന്നില്‍ നില്‍ക്കുന്നത്. ഈ മുന്നു സംസ്ഥാനങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം ട്രംപിനായിരുന്നു. ഇത്തവണ കമലയ്ക്ക് അത് മറി കടക്കാന്‍ കഴിഞ്ഞെന്നാണ് സര്‍വേകള്‍ പറയുന്നത്.
പുറത്തു വരുന്ന സര്‍വേകള്‍ ട്രംപിനെ അസ്വസ്ഥനാക്കുന്നുണ്ടെന്നതിന് തെളിവാണ് നിരന്തരമായി നുണകളും വ്യക്തിഹത്യകളും അദ്ദേഹം തുടരാന്‍ കാരണമായി പറയുന്നത്. നേരത്തെ ട്രംപ് പറഞ്ഞ നുണകളെ പ്രതിരോധിക്കാന്‍ ബൈഡന് കഴിയാതെ പോയതാണ്, അദ്ദേഹത്തെ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനാക്കിയത്. കമല വന്നതോടെ ട്രംപിന് കുറിക്കു കൊള്ളുന്ന മറുപടികള്‍ കിട്ടുന്നുണ്ട്. ഒപ്പം ഡെമോക്രാറ്റിക് ക്യാമ്പുകളും ഉഷാറായിരിക്കുകയാണ്. Donald trump elon musk x interview
Content Summary; Donald trump elon musk x interview