June 04, 2026 |
Share on

‘ഇനി ഇറാനില്‍ സമാധാനം വരും, അല്ലെങ്കില്‍ വലിയ ദുരന്തം’; യുഎസ് ആക്രമണത്തിന് പിന്നാലെ ട്രംപിന്റെ മുന്നറിയിപ്പ്

ഫോര്‍ഡോ ആണവ കേന്ദ്രവും ആക്രമിച്ചു, ഇതു പോലെ ചെയ്യാന്‍ ലോകത്ത് വേറെയാരുമില്ലെന്നും ട്രംപിന്റെ അവകാശവാദം

ഇറാതിരായ ഇസ്രയേല്‍ യുദ്ധത്തില്‍ പങ്കാളിയായി അമേരിക്കയും. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ശനിയാഴ്ച്ച രാത്രിയിലായിരുന്നു അമേരിക്കന്‍ ആക്രമണം. ഇറാനിലെ ഏറ്റവും പ്രധാന ആണവ കേന്ദ്രമായ ഫോര്‍ഡോയിലും ബോംബിട്ടു. ഇസ്രയേല്‍ അമരിക്കയുടെ സഹായം പ്രധാനമായും തേടിയിരുന്നത് ഫോര്‍ഡോ ആക്രമിക്കാനാണ്.

ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഞങ്ങള്‍ വളരെ വിജയകരമായി ആക്രമണം പൂര്‍ത്തിയാക്കി. ഇപ്പോള്‍ എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമാതിര്‍ത്തിക്ക് പുറത്താണ്. പ്രധാന ലക്ഷ്യമായ ഫോര്‍ഡോയില്‍ വലിയ ആക്രമണം നടത്തി. മുഴുവന്‍ ബോംബുകളും അവിടെ വര്‍ഷിച്ചു. ആക്രമണത്തിന് ശേഷം എല്ലാ വിമാനങ്ങളും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുകയാണ്’ എന്നാണ് വൈറ്റ് ഹൗസ് പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസരിച്ച പ്രസിഡന്റ് ആക്രമണം സ്ഥിരീകരിച്ചാണ് സംസാരിച്ചത്. ‘അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍(ഇറാന്‍ ആണവ പദ്ധതി നിര്‍ത്തിയില്ലെങ്കില്‍), ഭാവിയിലെ ആക്രമണങ്ങള്‍ വളരെ വലുതും വളരെ എളുപ്പവുമായിരിക്കും. 40 വര്‍ഷമായി ഇറാന്‍ അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്.’ ട്രംപിന്റെ വാക്കുകള്‍.

ഇറാന്‍ നമ്മുടെ ജനങ്ങളെ കൊല്ലുന്നു, റോഡരികിലെ ബോംബുകള്‍ ഉപയോഗിച്ച് അവരുടെ കാലുകള്‍ തകര്‍ക്കുന്നു, മിഡില്‍ ഈസ്റ്റിലും ലോകമെമ്പാടുമുള്ള ആയിരത്തിലധികം അമേരിക്കക്കാരും ലക്ഷക്കണക്കിന് ആളുകളും അവരുടെ വെറുപ്പിന്റെ നേരിട്ടുള്ള ഫലമായി മരിച്ചു’ എന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തല്‍.

ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രം തകര്‍ക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആക്രമണങ്ങള്‍ ഒരു അത്ഭുതകരമായ സൈനിക വിജയമായിരുന്നു, പ്രധാന സമ്പുഷ്ടീകരണ സൗകര്യങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു’ എന്നാണ് ട്രംപ് പറയുന്നത്.

‘ഒരുപക്ഷേ ഇതുവരെ ആരും ഒരുമിച്ചു ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ലാത്തതരത്തില്‍ ഒരു ടീമായി ഞങ്ങള്‍ പ്രവര്‍ത്തിച്ചു, ഇസ്രയേലിനുള്ള ഈ ഭയാനകമായ ഭീഷണി ഇല്ലാതാക്കുന്നതില്‍ വളരെ ദൂരം മുന്നോട്ട് പോയി എന്നുമാണ് നെതന്യാഹുവിന് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് രാജ്യത്തെ അറിയിച്ചത്.

‘കഴിഞ്ഞ എട്ട് ദിവസമായി നാം കണ്ടതിനേക്കാള്‍ വളരെ വലിയ സമാധാനമോ ദുരന്തമോ ഇറാനില്‍ ഉണ്ടാകും. ഓര്‍ക്കുക, ഇനിയും നിരവധി ലക്ഷ്യങ്ങള്‍ ബാക്കിയുണ്ട്. ഇന്നത്തെ രാത്രികള്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതായിരുന്നു. എന്നാല്‍ സമാധാനം വേഗത്തില്‍ വന്നില്ലെങ്കില്‍, കൃത്യമായ വേഗതയിലും വൈദഗ്ധ്യത്തിലും ഞങ്ങള്‍ മറ്റ് ലക്ഷ്യങ്ങളെ പിന്തുടരും. അവയില്‍ മിക്കതും മിനിറ്റുകള്‍ക്കുള്ളില്‍ ഇല്ലാതാക്കാന്‍ കഴിയും’

ഇസ്രയേല്‍ സൈന്യം ‘അത്ഭുതകരമായ ജോലി’ ചെയ്തുവെന്നാണ് ട്രംപ് പറഞ്ഞത്. കൂടാതെ അമേരിക്കന്‍ സൈന്യത്തെയും പ്രത്യേകിച്ച് ഇറാനില്‍ ആക്രമണം നടത്തിയ യുദ്ധ വിമാനങ്ങള്‍ പറത്തിയ പൈലറ്റുമാരെയും അമേരിക്കന്‍ പ്രസിഡന്റ് പ്രശംസിക്കുന്നുണ്ട്. ഇനി അവരുടെ സേനവം ഇക്കാര്യത്തില്‍ വേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കാം എന്നുകൂടി ട്രംപ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇന്ന് രാത്രി നമ്മള്‍ ചെയ്തത് ചെയ്യാന്‍ കഴിയുന്ന ഒരു സൈന്യവും ലോകത്തില്ല എന്ന അവകാശവാദവും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്.

മിഡില്‍ ഈസ്റ്റിലെ ഏറ്റുമുട്ടലില്‍ അമേരിക്ക ഇടപെടുമോയെന്ന് ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിപ്പിപ്പിച്ചാണ് ട്രംപിന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇറാന്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്, അമേരിക്ക ഇതില്‍ ഇടപെടരുതെന്നായിരുന്നു. സ്വന്തം രാജ്യത്തും അത്തരമൊരു നീക്കത്തിലേക്ക് പോകരുതെന്ന് ട്രംപിനെതിരേ സമ്മര്‍ദ്ദമുണ്ടായിരുന്നു. സമാധാന ചര്‍ച്ചയിലൂടെ സംഘര്‍ഷം ലഘൂകരിക്കാമെന്നായിരുന്നു ട്രംപ് ഭീഷണിക്കിടയിലും പറഞ്ഞു കൊണ്ടിരുന്നത്. രണ്ടാഴ്ച്ചയോളം സമയപരിധിയും മുന്നോട്ടു വച്ചിരുന്നു. അതെല്ലാം കാറ്റില്‍ പറത്തിയാണ് യുഎസ് യുദ്ധ വിമാനങ്ങള്‍ ഇറാന്‍ ആകാശത്തേക്ക് പറന്നത്.

നതാന്‍സിലും ഇസ്ഫഹാനിലെയും ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായി ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ അക്ബര്‍ സലേഹി സ്ഥിരീകരിക്കുന്നുണ്ട്. തങ്ങള്‍ പ്രത്യാക്രമണം നടത്തിയിരുന്നതായും സലേഹി പറയുന്നു. ഈ രണ്ട് കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടുള്ളതാണ്. ഫോര്‍ഡോയിലെ ആക്രമണത്തെ കുറിച്ച് പറയുന്നില്ല. ടെഹ്‌റാനില്‍ നിന്ന് ഏകദേശം 95 കിലോമീറ്റര്‍ (60 മൈല്‍) തെക്ക് പടിഞ്ഞാറായി കോം നഗരത്തിനടുത്താണ് ഇറാന്റെ ഫോര്‍ഡോ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ്. വ്യോമാക്രമണങ്ങളെയും ബങ്കര്‍ ബസ്റ്റര്‍ ആക്രമണങ്ങളെയും അതിജീവിക്കുന്നതിനായി 80-90 മീറ്റര്‍ (260300 അടി) വരെ താഴ്ച്ചയില്‍ ഭൂമിക്കടിയിലായി ഒരു പര്‍വതത്തിനോട് ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇറാന്റെ ഏറ്റവും സുപ്രധാന ആണവ കേന്ദ്രങ്ങളിലൊന്നായാണ് ഫോര്‍ഡോ കണക്കാക്കപ്പെടുന്നത്. ഈ ലക്ഷ്യം തകര്‍ക്കാന്‍ തക്ക ശേഷിയുള്ള ബോംബുകളോ അവയെ വഹിക്കാനുള്ള വിമാനങ്ങളോ ഇസ്രയേല്‍ കൈവശം ഇല്ലാത്തതുകൊണ്ടാണ് അവര്‍ അമേരിക്കയുടെ സഹായം തേടുന്നത്.

ഫോര്‍ഡോയില്‍, മാസീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (എംഒപി) പോലുള്ള വലിയ ബങ്കറുകള്‍ തകര്‍ക്കുന്ന ബോംബുകള്‍ അമേരിക്ക പ്രയോഗിക്കണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ആവശ്യപ്പെടുന്നത് (മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (എംഒപി) എന്നത് അമേരിക്കന്‍ വ്യോമസേന ഉപയോഗിക്കുന്ന വളരെ കൃത്യതയുള്ള, 30,000 പൗണ്ട് ഭാരമുള്ള ‘ബങ്കര്‍ ബസ്റ്റര്‍’ ബോംബാണ്. ഭൂഗര്‍ഭ ബങ്കറുകള്‍ അല്ലെങ്കില്‍ ആണവ സൗകര്യങ്ങള്‍ പോലെ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ സ്ഥാപിച്ചിരിക്കുന്ന ലക്ഷ്യങ്ങളെ നശിപ്പിക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്).

അമേരിക്ക ഇറാനെ ആക്രമിക്കുകയാണെങ്കില്‍ അവരുടെ പ്രധാന ലക്ഷ്യം ഫോര്‍ഡോ ആയിരിക്കുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ സൂചന പുറത്തു വന്നിരുന്നതാണ്. ഇറാനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയായിരിക്കും ഫോര്‍ഡോയില്‍ ബോംബ് വീണാല്‍ ഉണ്ടാവുക.

മറ്റൊരു ദീര്‍ഘമായ യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിടാതിരിക്കാന്‍ പ്രസിഡന്റ് ട്രംപ് നടപടികള്‍ സ്വീകരിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നതാണ്. ഇനിയിപ്പോള്‍ ഇറാന്റെ പ്രതികരണം ഉണ്ടാകും. അത് കൂടുതല്‍ നാശത്തിലേക്കായിരിക്കും മിഡില്‍ ഈസ്റ്റിനെ കൊണ്ടു പോകുക.

അമേരിക്കന്‍ ആക്രമണം നടന്ന രാത്രിയില്‍, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രാജ്യത്തുണ്ടായിരുന്നില്ല. അദ്ദേഹം തുര്‍ക്കിയിലായിരുന്നു, അവിടെ അദ്ദേഹം പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തി, ഞായറാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു അരാഗ്ചിയുടെ തീരുമാനം. ‘അമേരിക്ക യുദ്ധത്തില്‍ ഇടപെട്ടാല്‍, സ്ഥിതി വളരെ വളരെ അപകടകരമാകുമെന്ന്’ ആക്രമണത്തിന് മുമ്പായി ശനിയാഴ്ച അരരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്തായാലും ആക്രമണത്തിനുശേഷം അദ്ദേഹത്തില്‍ നിന്നും പരസ്യമായി അഭിപ്രായം വന്നിട്ടില്ല. Donald Trump says US has attacked nuclear sites in Iran including Fordow, Iran-Israel Conflict 

Content Summary; Donald Trump says US has attacked nuclear sites in Iran including Fordow, Iran-Israel Conflict

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×