നിപ; ആശങ്ക വേണ്ട, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ആരോഗ്യമേഖലയുടെ നേട്ടമെന്ന് ഡോ. അനൂപ് കുമാര്‍

വവ്വാലുകളില്‍ നിന്ന് വൈറസ് പുറത്തേക്ക് വരുന്ന സാഹചര്യം ഇപ്പോഴും അവ്യക്തം

സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം കഴിഞ്ഞ ദിവസം ആരോ​ഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്. സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ജനങ്ങൾക്കിടയിൽ ആശങ്ക ജനിപ്പിക്കാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ.

സമ്പർക്കപ്പട്ടിക കാണിക്കുന്നത് ആരോ​ഗ്യമേഖലയുടെ നേട്ടമാണെന്നും അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കോഴിക്കോട് നോർത്ത് കേരള ക്ലസ്റ്റർ ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ യൂണിറ്റ് ഡയറക്ടർ ഡോക്ടർ അനൂപ് കുമാർ എ.എസ് അഴിമുഖത്തോട് പറഞ്ഞു. കേരളത്തിൽ ആദ്യമായി നിപ്പ സ്ഥിരീകരിച്ചത് ഡോക്ടർ അനൂപ് കുമാറായിരുന്നു.

‘നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണവും രോ​ഗികളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ട്. സമ്പർക്കപ്പട്ടികയുടെ എണ്ണം നീളുന്നു എന്ന് പറയുന്നു എന്ന് പറയുന്നത് കേരളം വളരെ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നത് കൊണ്ടാണ്. അത്രയും പേരെ കണ്ടെത്തി അവരുടെ വിവരങ്ങൾ ശേഖരിക്കാനും തടയാനുള്ള മാർ​ഗങ്ങൾ സ്വീകരിക്കാനും കഴിഞ്ഞത് ആരോ​ഗ്യമേഖലയുടെ നേട്ടമാണ്. സമ്പർക്കപ്പട്ടികയിലുള്ളവർക്ക് ആർക്കെങ്കിലും രോ​ഗം വന്നാൽ മാത്രമാണ് ആശങ്കപ്പെടേണ്ടത്. നിലവിൽ ചികിത്സയിലുള്ളത് പെരിന്തൽമണ്ണ സ്വദേശിയാണ്.

നിപ വൈറസിന്റെ മൂല സ്രോതസ് വവ്വാലുകൾ തന്നെയാണ്. ഇന്ത്യയിലും പുറത്തുമുള്ള എല്ലായിടത്തും അത് തെളിയിക്കപ്പെട്ടതുമാണ്. മാത്രമല്ല, കേരളത്തിൽ എത്ര തവണ നിപ്പ് സ്ഥിരീകരിച്ചിട്ടുണ്ടോ അത്രയും തവണ അതേ ജനിതകഘടനയുടെ സാന്നിധ്യം മനസിലാക്കിയിട്ടുമുണ്ട്. വവ്വാലുകളിൽ നിന്നും ഏത് സാഹചര്യത്തിലാണ് വൈറസ് പുറത്തേക്ക് വരുന്നതെന്ന കാര്യമാണ് ഇപ്പോഴും മനസിലാകാത്തത്. സ്പിൽ ഓവർ എന്നാണ് ഇതിനെ വിളിക്കുന്നത്. പരിസ്ഥിതിയിലുള്ള വ്യത്യാസം, ആവാസവ്യവസ്ഥയിലുള്ള വ്യത്യാസം, എന്നിവ ഇതിനെ ബാധിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ​ഗവേഷണം നടക്കുകയാണ്. മനസിലാക്കുന്നതിന് അതിന്റേതായ പരിമിധികളുണ്ട്. വവ്വാലുകളുടെ സെക്രീഷൻസിലൂടെയും വിസർജത്തിലൂടെയുമാണ് പ്രധാനമായും വൈറസ് പുറത്തെത്തുന്നത്. അതേസമയം, വൈറസ് മനുഷ്യനിലേക്ക് എങ്ങനെ എത്തുന്നു എന്ന കാര്യത്തെക്കുറിച്ചും ഇപ്പോഴും കൃത്യമായ ഉത്തരം നൽകാൻ കഴിയില്ല.

ഓരോ തവണയും ഓരോ ഫലങ്ങളുടെ പേര് പറയുന്നുണ്ടെങ്കിലും, പഴങ്ങളിലേക്ക് വൈറസ് എത്തിയതായി അറിവില്ല. അതിലാണ് ഇനിയം കുറച്ച് കൂടി വ്യക്തത വരാനുള്ളത്. നിലവിലെ ജനിതകഘടനയിലുള്ള വൈറസ് മറ്റൊരു രീതിയിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. അതേസമയം, എപ്പോൾ വേണമെങ്കിലും വൈറസിന് ജനിതകവ്യത്യാസം വരുകയും അത് വലിയൊരു ഔട്ടബ്രേക്ക് ആയി മാറാനും സാധ്യതയുണ്ട്. കേരളം മാത്രമല്ല ലോകം മുഴുവൻ നിപ്പയെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. നിപ്പ വൈറസിന്റെ രൂപാന്തരമുള്ള ഒരു വൈറസ് ചൈനയിൽ കണ്ടെത്തിയതായി അടുത്തിടെ ഒരു റിപ്പോർട്ട് വന്നിരുന്നു. കോവിഡ് 19 പോലെ ഒരു മഹാമാരിയായി മാറുമെന്നുള്ള ഭയവും അവർക്കുണ്ട്. കോവിഡിൻ്റെ മരണനിരക്ക് രണ്ട് ശതമാനമാണെങ്കിൽ നിപ്പയുടേത് 70 ശതമാനമായിരിക്കും.

പേരാമ്പ്രയിലും പെരിന്തൽമണ്ണയിലുമാണ് നിപ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്. എന്തുകൊണ്ടാണ് തുടർച്ചയായി കുറച്ച് സ്ഥലങ്ങളിൽ നിപ കേസുകൾ വരുന്നത് എന്നതിനെക്കുറിച്ചും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രദേശങ്ങളിൽ വവ്വാലുകളുടെ എണ്ണം കൂടുതലാണോ, വവ്വാലുകളിൽ നിന്ന് പുറത്ത് വരുന്ന വൈറസ് ഏത് തരത്തിലുള്ളതാണ്, പ്രദേശത്തിന്റെ എന്തെങ്കിലും പ്രത്യേകതകൾ വൈറസ് സെക്രീഷനെ സ്വാധീനിക്കുന്നുണ്ടോ, ഇത്തരം സാഹചര്യങ്ങൾ പരിശോധിക്കുകയാണ്. വലിയൊരു സർവ്വേ നടത്തിയെങ്കിൽ മാത്രമേ നിപയുടെ ഹോട്ട്സ്പോട്ടുകൾ കണ്ടെത്താനാകൂ. എട്ടാം തവണയാണ് നിപ കേരളത്തിൽ വരുന്നതെന്നാണ് ഞാൻ തോന്നുന്നത്. വൈറസിനെക്കുറിച്ച് കൂടുതലായി പഠിക്കേണ്ടതും മനസിലാക്കേണ്ടതും അത്യാവശ്യമാണ്.

ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് അഡ്വാൻസ് വൈറോളജി എന്നൊരു ലാബ് ഉണ്ടെങ്കിലും സ്വീകൻസിങ്ങും മറ്റും ചെയ്യാനുള്ള സംവിധാനവും അനുവാദവുമില്ല എന്നുള്ളതാണ് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം,’ ഡോക്ടർ അനൂപ് കുമാർ എ.എസ് അഴിമുഖത്തോട് പറഞ്ഞു.

Content Summary: Dr. Anoop Kumar says there’s no need to worry about Nipah

This post was last modified on July 9, 2025 9:13 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment