ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. മൂന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. എന്‍ഡിപിഎസ് ആക്ടിലെ വകുപ്പ് 27 ഉം 29 ഉം പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ലഹരി മരുന്നിന്റെ ഉപയോഗം വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് സെക്ഷന്‍ 29 പ്രകാരവും കുറ്റകരമാണെന്ന് വ്യവസ്ഥ ചെയ്യുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഗൂഢാലോചന നടത്തിയതായാണ് കേസ്. സെക്ഷന്‍ 29 പ്രകാരം ആറ് മാസം തടവാണ് ശിക്ഷ.
വൈദ്യപരിശോധനയ്ക്കായി ഉടനെ നടനെ ആശുപത്രിയിലേക്ക് മാറ്റും. ഷൈനിന്റെ നഖവും രക്തവും മുടിയും പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിട്ടുള്ളത്.
ഷൈനിന്റെ ഫോണ്‍ കോളുകളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ചോദ്യം ചെയ്യലിനിടെ ഷൈനിന്റെ മൊഴികളില്‍ പോലീസിന് വൈരുധ്യം തോന്നിയിരുന്നു. മൂന്ന് ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് നടന്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഒരു ഫോണ്‍ മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യലില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നവരില്‍ ചിലരെ കുറിച്ചും ഷൈനിന് മറുപടി ഇല്ലായിരുന്നു.
നടനെതിരെ എഫ്‌ഐആര്‍ ഇടുമെന്നും ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാല്‍ വിവരങ്ങള്‍ ഔദ്യോഗികമായി കോടതിക്ക് മുന്നില്‍ ഹാജരാക്കാനുള്ള നീക്കത്തിലാണ് പോലീസ്. വാട്‌സ് ആപ് ചാറ്റുകളും ഗൂഗിള്‍ പേ ഇടപാടുകളും പരിശോധിച്ചതിലും ഷൈനിനെതിരെ തെളിവുകള്‍ ലഭിച്ചതായാണ് സൂചന.
ലഹരി ഇടപാട് നടത്തുന്ന സജീറിനെ തേടിയാണ് ഡാന്‍സാഫ് സംഘം ഇക്കഴിഞ്ഞ പതിനേഴാം തീയതി ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്. സജീറുമായി ബന്ധമുണ്ടെന്ന് ഷൈന്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കേസ് എടുക്കാന്‍ തീരുമാനമായത്. ഷൈനിനെ ഇന്നുതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലാണ് ഷൈന്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. രാസലഹരികള്‍ ഉപയോഗിക്കാറില്ലെന്നും പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇറങ്ങി ഓടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലി പ്രകാരമാണ് നോര്‍ത്ത് പോലീസ് നടനെ ചോദ്യം ചെയ്തത്.
എന്നാല്‍ ഡാന്‍സാഫ് സംഘം എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്ന് ഓടിയത് ഗുണ്ടകളാണെന്ന ഭയത്താലാണെന്നാണ് ഷൈന്‍ പോലീസിന് മൊഴി നല്‍കിയത്. അക്രമികള്‍ തന്നെ ആക്രമിക്കാന്‍ വന്നെന്ന് കരുതി പേടിച്ചോടിയതാണെന്നും പിറ്റേന്ന് രാവിലെയാണ് തന്നെ തേടിയെത്തിയത് പോലീസാണെന്ന് അറിഞ്ഞതെന്നുമായിരുന്നു ഷൈനിന്റെ മൊഴി. സുഹൃത്തുക്കള്‍ വിളിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നുമായിരുന്നു ഷൈന്‍ പോലീസിനോട് പറഞ്ഞത്.Drug case; actor shine tom chacko arrested
Content Summary: Drug case; actor shine tom chacko arrested