December 10, 2024 |
Share on

എക്‌സിറ്റ് പോളുകളിലെ കൃത്യത എത്രമാത്രം?

മുന്‍ പ്രവചനങ്ങളും യഥാര്‍ത്ഥ വിധികളും

ഏപ്രില്‍ 19 ലെ ഒന്നാംഘട്ട വോട്ടെടുപ്പോടെ തുടങ്ങിയ 2024 പൊതു തെരഞ്ഞെടുപ്പിന് ശനിയാഴ്ച്ച അവസാനം കുറിക്കുകയാണ്. 43 ദിവസം കൊണ്ടാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത്. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം. ജൂണ്‍ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പും കഴിയുന്നതോടെ ജൂണ്‍ നാലിലെ വോട്ടെണ്ണല്‍ വരെയുള്ള സമയം എക്‌സിറ്റ് പോളുകളുടെയാണ്. ചിലപ്പോള്‍ അപ്പാടെ പാളിപ്പോകുമെങ്കിലും എക്‌സിറ്റ് പോളുകള്‍ ജനവിധിയെന്താകുമെന്നതിന്റെ സൂചനയായി മാറുന്നതാണ് പൊതുവില്‍ കാണാറുള്ളത്.  exit polls general election 2024, how close they were in last three election

കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളില്‍ എക്‌സിറ്റ് പോളുകള്‍ എത്രമാത്രം കൃത്യത പാലിച്ചിരുന്നുവെന്ന് പരിശോധിക്കാം. 2014 രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ ഏഴിനും മേയ് 12 നും. മേയ് 16 ന് ഫലപ്രഖ്യാപനം നടന്നു. 2019 ഇലക്ഷന്‍ ഏപ്രില്‍ 11 നും മേയ് 19നുമായാണ് നടന്നത്. മേയ് 23 ന് ആയിരുന്നു വോട്ടെണ്ണല്‍.

നാലാം തീയതി എന്ത് സംഭവിക്കും, അഥവാ പ്രവചനങ്ങളുടെ ഉള്ളുകള്ളികള്‍

2014 ലെ എട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാണിച്ചത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 283 സീറ്റുകള്‍ നേടുമെന്നാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയ്ക്ക് പ്രവചിച്ചത് 105 സീറ്റുകളും. ഇന്ത്യയില്‍ ആദ്യമായി ‘ മോദി തരംഗം’ ആഞ്ഞടിച്ച വര്‍ഷമായിരുന്നു 2014. എക്‌സിറ്റ് പോള്‍ ഫലങ്ങളെയും മറികടന്ന് 336 സീറ്റുകളാണ്, മോദി പ്രഭാവത്തിലും, കൃത്യമായി നടത്തിയ പിആര്‍ വര്‍ക്കിലൂടെയും എന്‍ഡിഎ നേടിയത്. കോണ്‍ഗ്രസിന്റെയും യുപിഎയുടെയും അവസ്ഥ എക്‌സിറ്റ് പോളുകളില്‍ പറഞ്ഞതിനെക്കാള്‍ ദാരുണമായി. അവര്‍ വെറും 60 സീറ്റുകളില്‍ ഒതുങ്ങി. പാര്‍ട്ടികളുടെ കണക്ക് നോക്കിയാല്‍, ബിജെപി ഒറ്റയ്ക്ക് 282 സീറ്റുകള്‍ നേടിയപ്പോള്‍, കോണ്‍ഗ്രസിന് കിട്ടിയത് വെറും 44 സീറ്റുകളായിരുന്നു.

2014 ലെ ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെയായിരുന്നു;

ന്യൂസ് 24-ചാണക്യ-എന്‍ഡി-340, യുപിഎ-70

ഇന്ത്യ ടിവി-സി വോട്ടര്‍- എന്‍ഡിഎ-289, യുപിഎ-101

സിഎന്‍എന്‍ ഐബിഎന്‍-സിഎസ്ഡിഎസ്-എന്‍ഡിഎ-280, യുപിഎ-97

എന്‍ഡിടിവി-ഹന്‍സ റിസര്‍ച്ച്- എന്‍ഡിഎ-279, യുപിഎ-103

സിഎന്‍എന്‍ ഐബിഎന്‍-സിഎസ്ഡിഎസ് ലോക്‌നീതി- എന്‍ഡിഎ-276, യുപിഎ-97

എബിപി ന്യൂസ്-നീല്‍സണ്‍- എന്‍ഡിഎ-274, യുപിഎ-97

ഇന്ത്യ ടുഡെ-സിസെറോ- എന്‍ഡിഎ-272, യുപിഎ-115

ടൈംസ് നൗ-ഒആര്‍ജി- എന്‍ഡിഎ-249, യുപിഎ-148

എല്ലാ എക്‌സിറ്റ് പോളുകളും ശരാശരി 283 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിച്ചത്. യുപിഎയ്ക്ക് 105 ഉം. യഥാര്‍ത്ഥ ഫലത്തില്‍ 53 സീറ്റുകളുടെ വ്യത്യാസം എന്‍ഡിഎയുടെ കാര്യത്തതിലും 60 സീറ്റുകളുടെ വ്യത്യാസം യുപിഎയുടെ കാര്യത്തിലും ഉണ്ടായി.

2019 ല്‍ 13 ഓളം എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് 306 സീറ്റുകളായിരുന്നു പ്രവചിച്ചത്. യുപിഎയ്ക്ക് 120 ഉം. എന്നാല്‍ വീണ്ടും പ്രവചനങ്ങളില്‍ വ്യത്യാസം വന്നു. ആ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്വന്തമാക്കിയത് 353 സീറ്റുകളാണ് സ്വന്തമാക്കിയത്. ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകളാണ് നേടിയത്. യുപിഎയുടെ സീറ്റ് എണ്ണം 93 ല്‍ ഒതുങ്ങി. കോണ്‍ഗ്രസ് ആകട്ടെ മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ എട്ട് സീറ്റുകള്‍ കൂടി 52 ല്‍ എത്തി.

2019 ലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഇന്ത്യ ടുഡെ-ആക്‌സിസ്- എന്‍ഡിഎ- 352, യുപിഎ-93

ന്യൂസ് 24-ടുഡെയ്‌സ് ചാണക്യ- എന്‍ഡിഎ-350, യുപിഎ-95

ന്യൂസ് 18-ഐപിഎസ്ഒഎസ്- എന്‍ഡിഎ-336, യുപിഎ-82

വിഡിപി അസോസിയേറ്റ്‌സ്- എന്‍ഡിഎ-333, യുപിഎ-115

സുദര്‍ശന്‍ ന്യൂസ്-എന്‍ഡിഎ-313, യുപിഎ-121

ടൈംസ് നൗ-എംവിആര്‍-എന്‍ഡിഎ-306, യുപിഎ-132

സുവര്‍ണ ന്യൂസ്- 305, യുപിഎ-124

ഇന്ത്യ ടിവി-സിഎന്‍എക്‌സ്- എന്‍ഡിഎ-300, യുപിഎ-120

ഇന്ത്യ ന്യൂസ്-പോള്‍സ്റ്റാര്‍ട്ട്- എന്‍ഡിഎ-287, യുപിഎ-128

സിവോട്ടര്‍-എന്‍ഡിഎ- 287, യുപിഎ-128

ന്യൂസ് നേഷന്‍- എന്‍ഡിഎ-286, യുപിഎ-122

എബിപി-സിഎസ്ഡിഎസ്- എന്‍ഡിഎ-277, യുപിഎ-130

ന്യൂസ് എക്‌സ്- നെറ്റ- എന്‍ഡിഎ- 242, യുപിഎ-164

എക്‌സിറ്റ് പോള്‍ ഫല പ്രഖ്യാപനത്തില്‍ എന്‍ഡിഎയ്ക്ക് നല്‍കിയ ശരാശരി സീറ്റുകള്‍ 306 ഉം യുപിഎയ്ക്ക് നല്‍കിയത് 120 സീറ്റുകളുമായിരുന്നു. യഥാര്‍ത്ഥ റിസള്‍ട്ട് പ്രകാരം എന്‍ഡിഎ 353 സീറ്റുകള്‍ നേടിയപ്പോള്‍ യുപിഎ 93 ല്‍ ഒതുങ്ങി. എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയുടെ കാര്യത്തില്‍ 47 സീറ്റുകളുടെ വ്യത്യാസം വന്നു, യുപിഎയുടെ കാര്യത്തില്‍ 27 സീറ്റുകളുടെയും.

വിദ്വേഷത്തിന്റെ അണപൊട്ടലും അവസാനത്തിന്റെ ആരംഭവും

2009 ലെ എക്‌സിറ്റ് പോളുകളുടെ കാര്യം കൂടി ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നുണ്ട്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പായിരുന്നു അത്. വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും പ്രവചിക്കാതിരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളായിരുന്നു പുറത്തു വന്നത്. പ്രധാപ്പെട്ട നാല് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ യുപിഎയ്ക്ക് ശരാശരി 195 സീറ്റുകളും എന്‍ഡിഎയ്ക്ക് 185 സീറ്റുകളുമായിരുന്നു പ്രവചിച്ചത്. എന്നാല്‍ 262 സീറ്റുകള്‍ വിജയിച്ച് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ തുടര്‍ച്ച നേടി. എന്‍ഡിഎ ആകട്ടെ 158 സീറ്റുകളിലുമൊതുങ്ങി. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 206 സീറ്റുകള്‍ നേടിയപ്പോള്‍, ബിജെപിക്ക് കിട്ടിയത് 116 സീറ്റുകളായിരുന്നു.

2009 ലെ ചില പ്രവചനങ്ങള്‍ നോക്കാം

സ്റ്റാര്‍-നീല്‍സണ്‍- യുപിഎ-199, എന്‍ഡിഎ-196

സിഎന്‍എന്‍ ഐബിഎന്‍-ദൈനിക് ഭാസ്‌കര്‍- യുപിഎ-195, എന്‍ഡിഎ-175

ഇന്ത്യ ടിവി-സി വോട്ടര്‍- യുപിഎ-195, എന്‍ഡിഎ-189

ഹെഡ്‌ലൈന്‍സ് ടുഡെ- യുപിഎ 191, എന്‍ഡിഎ-180

പ്രവചനങ്ങള്‍ പ്രകാരം യുപിഎയ്ക്ക് ശരാശരി 195 സീറ്റുകള്‍ പറഞ്ഞപ്പോള്‍, യഥാര്‍ത്ഥ റിസള്‍ട്ടില്‍ അവര്‍ 262 സീറ്റുകള്‍ നേടി. 54 സീറ്റുകളുടെ വ്യത്യാസം. എന്‍ഡിഎയ്ക്ക് എക്‌സിറ്റ് പോളുകള്‍ ശരാശരി 185 സീറ്റുകള്‍ പ്രവചിച്ചപ്പോള്‍, യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് കിട്ടിയത് 158 മാത്രം. വ്യത്യാസം 22 സീറ്റുകള്‍.

ഇനി ഇത്തവണത്തെ പ്രവചനങ്ങളും, യഥാര്‍ത്ഥ ഫലവും കാത്തിരിക്കാം.

Content Summary; exit polls general election 2024, how close they were in last three election

×