July 11, 2026 |
Share on

മൂന്നു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന കേസ്; കുട്ടി പലതവണ പീഡനത്തിനിരയായി, അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റില്‍

കുട്ടിയുടെ അടുത്ത ബന്ധുവായ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും

മൂന്നു വയസുകാരിയെ പുഴയില്‍ എറിഞ്ഞുകൊന്ന കേസില്‍ അച്ഛന്റെ ബന്ധു അറസ്റ്റില്‍. ഇയാള്‍ കുറ്റം സമ്മതിച്ചുവെന്നാണ് വിവരം. ബുധനാഴ്ച്ച കസ്റ്റഡിയില്‍ എടുത്ത ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. കുട്ടിയുടെ അടുത്ത ബന്ധുവായ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. കുട്ടിയുടെ ശരീരത്തില്‍ ചില മുറിവുകളും പാടുകളും കണ്ടെത്തിയതാണ് സംശയത്തിന് കാരണം. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്ന സംശയം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതെക്കുറിച്ച് അന്വേഷിച്ചതോടെയാണ് ബന്ധു പിടിയിലാകുന്നത്. ഇയാളെ ഇന്നലെ രാവിലെ മുതല്‍ ചോദ്യം ചെയ്തു വരികയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കുട്ടിയുടെ മരണത്തില്‍ പോക്‌സോ കേസ് കൂടി ചേര്‍ത്തിരുന്നു. കൊലപാതക കേസിന് പുറമെ കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് വേറെ അന്വേഷിക്കുമെന്നാണ് വിവരം. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തില്‍ ഉണ്ടാകുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വിവരം പുറത്തു വന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ അമ്മയില്‍ നിന്നും ചോദിച്ചറിയാമെന്ന തീരുമാനത്തിലായിരുന്നു പൊലീസ്. ഇതിനായി അമ്മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ കൊടുക്കാനിരിക്കുകയാണ്. ഇന്ന് തന്നെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് വിവരം.

കുട്ടി അച്ഛന്റെ വീട്ടില്‍ നിന്നായിരുന്നു താമസിച്ചിരുന്നത്. ഇവിടെ അടുത്ത് തന്നെയാണ് ബന്ധുക്കളും താമസിക്കുന്നത്. വീട്ടില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അച്ഛന്റെ ബന്ധുക്കളില്‍ പലരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു.

മൂഴിക്കുളം പാലത്തില്‍ നിന്നാണ് ചാലക്കുടി പുഴയിലേക്ക് കുട്ടിയെ അമ്മ എറിഞ്ഞത്. ഇക്കാര്യം അമ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തിരുവാങ്കുളത്തുള്ള ഭര്‍തൃവീട്ടില്‍ നിന്നാണ് അമ്മ അങ്കണവാടിയില്‍ ചെന്ന് കുട്ടിയെ കൂട്ടി കൊണ്ടു പോയത്. ആലുവായിലുള്ള സ്വന്തം വീട്ടില്‍ അമ്മ എത്തുന്നത് കുട്ടിയില്ലാതെയാണ്. വീട്ടിലുള്ളവര്‍ തിരക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു പറഞ്ഞത്. പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമായതോടെ സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബസില്‍ വച്ച് കുട്ടിയെ കാണാതായി എന്നായിരുന്നു പൊലീസിനോ ആദ്യം പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കുട്ടി അമ്മയ്‌ക്കൊപ്പം മൂഴിക്കുളം എത്തുന്നതുവരെ കൂടെയുണ്ടായിരുന്നുവെന്ന് മനസിലായി. പിന്നീടാണ്, പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചെന്ന് അമ്മ പറയുന്നത്. ഇതേ തുടര്‍ന്ന് പാലത്തിന് പരിസരത്തും താഴെ പുഴയിലും തിരച്ചില്‍ നടത്തി. സ്‌കൂബ സംഘത്തെ നിയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ചാലക്കുടി പുഴയില്‍ നിന്നും കുട്ടിയുടെ മൃതശരീരം കണ്ടെടുക്കുന്നത്. Father’s close relative arrested in sexual abused for three years old child in thiruvankulam 

Content Summary: Father’s close relative arrested in sexual abused for three years old child in thiruvankulam

Leave a Reply

Your email address will not be published. Required fields are marked *

×