April 26, 2025 |
Share on

ട്രംപിന് ശരിക്കും വെടി കൊണ്ടോ?

എഫ്ബിഐ ഡയറക്ടറുടെതാണ് ചോദ്യം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഡൊണാള്‍ഡ് ട്രംപിന് ശരിക്കും വെടിയേറ്റിരുന്നോ? സംശയം ഉയര്‍ത്തിയിരിക്കുന്നത് എതിര്‍ പാര്‍ട്ടിക്കാരല്ല, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തലവനാണ്. ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ബുധനാഴ്ച്ച നല്‍കിയ മൊഴിയിലാണ് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ, തന്റെ സംശയം പ്രകടിപ്പിച്ചത്. കൊലയാളിയുടെ വെടിയുണ്ട നേരിട്ട് ട്രംപിന്റെ ചെവിയില്‍ കൊണ്ടതാണോ, അതോ മറ്റെവിടെയോ തട്ടിച്ചിതറിയ വെടിയുണ്ടയുടെ ചീളുകള്‍ തറച്ചതാണോ എന്നാണ് എഫ്ബിഐ ഡയറക്ടര്‍ ചോദിക്കുന്നത്.

ഈ മാസം ആദ്യമാണ് പെന്‍സില്‍വാനിയായിലെ ബട്‌ലറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെ ട്രംപിനെതിരേ വധശ്രമം ഉണ്ടായത്. തോമസ് മാത്യൂ ക്രൂക്‌സ് എന്ന ചെറുപ്പക്കാരനായിരുന്നു മുന്‍ പ്രസിഡന്റിനെ ഉന്നം വച്ചത്. തന്റെ വലത്ത ചെവിയുടെ മുകള്‍ ഭാഗത്ത് വെടിയേറ്റെന്നായിരുന്നു ട്രംപ് സംഭവസ്ഥലത്ത് വച്ച് തന്നെ പറഞ്ഞത്. ചോരയൊലിക്കുന്ന ചെവിയുമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തില്‍ മുഷ്ടി ചുരുട്ടി വേദിയില്‍ നിന്നും പുറത്തു പോകുന്ന ട്രംപ് ലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു.

വാഷിംഗ്ടണില്‍, യു എസ് പ്രതിനിധി സഭയിലെ സ്ഥിലം സമിതിയായ ഹൗസ് ജുഡീഷ്യറി സമിതിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കവെയാണ്, റേ തന്റെ സംശയം പ്രകടിപ്പിച്ചത്. ട്രംപിന് വെടിയേറ്റ കാര്യത്തില്‍ വ്യക്തത കുറവുണ്ടെന്നാണ് ഡയറക്ടര്‍ പറഞ്ഞത്. ട്രംപിന് വെടിയേറ്റതിന്റെ കാരണം കൃത്യമായി പറയാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം സമിതി അംഗങ്ങളോട് വ്യക്തമാക്കിയത്. വേദിയിലേക്കും സദസിലേക്കും ലക്ഷ്യം വയ്ക്കാവുന്ന ഒരു മേല്‍ക്കൂരയില്‍ കിടന്നായിരുന്നു കൊലയാളി വെടിയുതിര്‍ത്തത്. വെടിവയ്പ്പില്‍ ഒരു റിപ്പബ്ലിക്കന്‍ അനുയായി കൊല്ലപ്പെട്ടിരുന്നു. ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രൂക്‌സിനെ സ്ഥലത്ത് വച്ചു തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നിരുന്നു.

അദ്ദേഹത്തിന്റെ ചെവിയില്‍ തറച്ചത് വെടിയുണ്ടയാണോ, അതോ അതിന്റെ ചീളുകളാണോ എന്ന കാര്യത്തില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്’ ക്രിസ്റ്റഫര്‍ റേ തന്റെ മൊഴിയില്‍ പറയുന്നു. ‘ ഞാന്‍ ഇവിടെ ഇരിക്കുമ്പോഴും എനിക്കുറപ്പില്ലാത്ത കാര്യമാണ്, ആ വെടിയുണ്ടയാണോ മുറിവുണ്ടാക്കിയത്, അതോ വെടിയുണ്ട മറ്റെവിടെയെങ്കിലുമാണോ തറച്ചതെന്നത്’ മൊഴിയില്‍ പറയുന്നു.

എന്നാല്‍, വെടിവയ്പ്പ് നടന്നതിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രൂത്ത്് സോഷ്യലില്‍ ട്രംപ് കുറിച്ചത് തന്റെ വലത് ചെവിയുടെ മുകള്‍ ഭാഗത്ത് വെടിയേറ്റെന്നായിരുന്നു. അതുപോലെ, വെടി കൊണ്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയതിന്റെയും സുഖം പ്രാപിച്ചതിന്റെയും വിവരം നിലവിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയും ട്രംപിന്റെ കാലത്ത് വൈറ്റ് ഹൗസിലെ ഡോക്ടറുമായിരുന്ന റോണി ജാക്‌സന്‍ വഴിയാണ് പുറത്തു വിട്ടത്. തന്നെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തെ പരസ്യ പ്രതികരണത്തിന് ട്രംപ് അനുവദിച്ചിരുന്നില്ല.

എഫ് ബി ഐ ഡയറക്ടര്‍ നല്‍കിയ മൊഴി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ചൊടിപ്പിച്ചിട്ടുണ്ട്. നിരുത്തരവാദപരമായാണ് റേ മൊഴി നല്‍കിയിരിക്കുന്നതെന്നും, ഇതിനു പിന്നില്‍ ട്രംപിനെതിരായ രാഷ്ട്രീയ താത്പര്യമുണ്ടെന്നുമാണ് റോണി ജാക്‌സണ്‍, എക്‌സില്‍ എഴുതിയ കുറിപ്പില്‍ ആരോപിച്ചത്. ഇത്തരമൊരു മൊഴി നല്‍കിയതിലൂടെ റേയില്‍ അല്‍പ്പമെങ്കിലും അവശേഷിച്ചിരുന്ന വിശ്വാസ്യത കൂടി നഷ്ടപ്പെട്ടെന്നാണ് ജാക്‌സണ്‍ പരിഹസിച്ചത്. ട്രംപിന് കൊണ്ടത് വെടിയുണ്ട തന്നെയായിരുന്നുവെന്ന് ജാക്‌സണ്‍ തറപ്പിച്ചു പറയുന്നുമുണ്ട്.  whether trump was hit by bullet or shrapnel fbi director question pennsylvania shooting incident

Content Summary; whether trump was hit by bullet or shrapnel fbi director question pennsylvania shooting incident

Leave a Reply

Your email address will not be published. Required fields are marked *

×